Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കടലാസ് സംഘടനയുമായി എരുമേലിയിൽ വിമാനത്താവളം തുടങ്ങാൻ പണപ്പിരിവ് നടത്തുന്ന രാജീവ് ജോസഫിന്റെ റിപ്പോർട്ട് തള്ളി സർക്കാർ; വിമാനത്താവളം തുടങ്ങാനുള്ള സാധ്യതാ റിപ്പോർട്ട് നൽകാൻ കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തി മന്ത്രിസഭാ തീരുമാനം

കടലാസ് സംഘടനയുമായി എരുമേലിയിൽ വിമാനത്താവളം തുടങ്ങാൻ പണപ്പിരിവ് നടത്തുന്ന രാജീവ് ജോസഫിന്റെ റിപ്പോർട്ട് തള്ളി സർക്കാർ; വിമാനത്താവളം തുടങ്ങാനുള്ള സാധ്യതാ റിപ്പോർട്ട് നൽകാൻ കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തി മന്ത്രിസഭാ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ആരംഭിക്കുന്ന ഗ്രീൻഫീൾഡ് വിമാനത്താവളം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാകുമെന്ന് ഉറപ്പായി. വിമാനത്താവളത്തിന് അംഗീകാരം നൽകിയ മന്ത്രിസഭാ യോഗം വിമാനത്താവളം  സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്തി. ഇതോടെ  ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ എയ്‌റോപോളിസ് എന്ന കടലാസുകമ്പനിയുടെ പേരിൽ എരുമേലി വിമാനത്താവളത്തെ കുറിച്ചുള്ള പ്രചരണങ്ങൾ പൊള്ളയാണെന്നും വ്യക്തമായി. എരുമേലി വിമാനത്താവളവുമായി സർക്കാർ മുന്നോട്ട് പോകുമെന്നും ഓഹരി പിരിവ് ഉൾപ്പെടെ സർക്കാർ നേരിട്ട് നടത്തുമെന്ന സൂചനയാണ് മറുനാടൻ മലയാളിക്ക് മന്ത്രിസഭാ യോഗത്തിന് ശേഷം ലഭിച്ചത്.

എരുമേലിയിൽ തന്നെയാകും വിമാനത്താവളം. ഇതിൽ വ്യക്തത വരാൻ ഇനിയും ദിവസങ്ങളെടുക്കും. ഈ സാഹചര്യത്തിൽ ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ആരംഭിക്കുന്ന ഗ്രീൻഫീൾഡ് വിമാനത്താവളത്തിന്റെ സ്ഥലത്തെ കുറിച്ച് ഔദ്യോഗികമായി സർക്കാർ പ്രതികരിക്കാത്തത്. ചെറുവള്ളി-ളാഹ എസ്റ്റേറ്റുകൾ ഏറ്റെടുത്ത് വിമാനത്താവളം യാഥാർത്ഥ്യമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് കെ എസ് ഐ ഡി സിയെ പഠനത്തിന് നിയോഗിക്കുന്നത്. ഈ പഠന റിപ്പോർട്ട് കിട്ടിയ ശേഷമാകും അന്തിമ തീരുമാനങ്ങൾ എടുക്കുക. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റ് പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മുതിർന്ന മന്ത്രിസഭാ അംഗം മറുനാടൻ മലയാളിയോട് പറഞ്ഞു.

പ്രതിവർഷം മൂന്നു കോടിയിലധികം തീർത്ഥാടകർ സന്ദർശിക്കുന്ന ശബരിമലയിലേയ്ക്ക്  നിലവിൽ റോഡുഗതാഗതമാർഗ്ഗം മാത്രമാണുള്ളത്. ചെങ്ങന്നൂർ/ തിരുവല്ല റയിൽവേസ്റ്റേഷനുകളിൽ നിന്നും റോഡുമാർഗ്ഗമോ, എം.സി. റോഡ്/ എൻ.എച്ച് 47 എന്നിവയിലെ ഉപറോഡുകളോ ആണ് ഇവിടെ എത്തിച്ചേരാനുള്ള മാർഗ്ഗം.  അങ്കമാലി-ശബരി റയിൽപാത നിർമ്മാണം സർക്കാരിന്റെ പരിഗണനയിലാണെങ്കിലും ഫണ്ടിന്റെ ലഭ്യത, കേന്ദ്രസർക്കാരിന്റെ അംഗീകാരം എന്നിവയിലുണ്ടാകുന്ന കാലതാമസം ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് തടസ്സമായി നിൽക്കുന്നുണ്ട്. സീസൺ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പുതിയ വിമാനത്താവളം സഹായകകരമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. അടുത്ത തീർത്ഥാടനകാലത്തിന് മുമ്പ് വിമാനത്താവളത്തിന്റെ പണി തുടങ്ങാനാണ് ആലോചന. ളാഹ, ചെറുവള്ളി എസ്‌റ്റേറ്റുകൾക്ക് അപ്പുറമുള്ള സ്ഥലങ്ങളും പഠനത്തിൽ പരിഗണിക്കും.

ബിലിവേഴ്‌സ് ചർച്ചിന്റെ കെപി യോഹന്നാന്റെ ചെറുവള്ളി എസ്‌റ്റേറ്റാണ് വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമെന്ന് സർക്കാരും വിലയിരുത്തുന്നുണ്ട്. എന്നാൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളുണ്ട്. യോഹന്നാന്റേത് കൈയേറ്റ ഭൂമിയാണെന്നാണ് രാജമാണിക്യത്തിന്റെ റിപ്പോർട്ട്. ഇത് അംഗീകരിച്ച് ഭൂമി ഏറ്റെടുത്ത് വിമാനത്താവളം യാഥാർത്ഥ്യമാക്കാം. പണം നൽകിയാൽ ഭൂമി വിട്ടു നൽകാമെന്നാണ് യോഹന്നാന്റെ പക്ഷം. എന്നാൽ ഓഹരിയോ കാശോ യോഹന്നാന് കൊടുക്കുന്നത് വലിയ വിവാദമാകും. ഭൂമി ഏറ്റെടുത്താൽ യോഹന്നാൻ നിയമപോരാട്ടത്തിന് പോകും. ഇത് വിമാനത്താവള പദ്ധതിയെ പോലും വൈകിപ്പിക്കും. ഈ സാഹചര്യത്തിൽ നിയമനിർമ്മാണത്തിലൂടെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കണമെന്ന വാദവും സജീവമാണ്. എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കണ്ണ് വയ്ക്കുന്ന ഇടതുപക്ഷ സർക്കാർ യോഹന്നാനെ പിണക്കാതെ മുന്നോട്ട് പോകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഈ മേഖലയിലെ മറ്റ് ഭൂമികളും വിമാനത്താവള പദ്ധതിക്കായി പരിഗണിക്കും.

പത്തനംതിട്ട ജില്ലയിൽ എവിടെയാണ് അനുയോജ്യമായ ഭൂമിയുള്ളതെന്ന പഠനമാകും കെ എസ് ഐ ഡി സി പ്രധാനമായും നടത്തുക. വിമാനത്താവളം ലാഭകരമാകുമെന്ന സൂചനയിലാണ് ആറന്മുളയിൽ കെജിഎസ് മുന്നോട്ട് പോയത്. ആറന്മുള അപ്രസക്തമായതു കൊണ്ട് ശബരിമല വിമാനത്താവളം വലിയ ലാഭമുണ്ടാക്കും. നെടുമ്പാശ്ശേരി മാതൃക തന്നെയാകും ശബരമില വിമാനത്താവളത്തിലും സ്വീകരിക്കുക. അതിനപ്പുറത്തേക്ക് പോയാൽ അത് വിവാദമുണ്ടാക്കും. കണ്ണൂർ വിമാനത്താവളം പോലെ നിർമ്മാണം നീണ്ടു പോകാതിരിക്കാനും ശ്രദ്ധിക്കും. ഇതിനുള്ള നിർദ്ദേശവും സാധ്യതാ പഠനം മുന്നോട്ട് വയ്ക്കും. അതുകൊണ്ട് തന്നെ സ്വകാര്യ വ്യക്തികൾ നടത്തുന്ന പണപ്പിരിവിൽ ആരും വഞ്ചിതരാകരുതെന്ന നിലപാടാണ് മുതിർന്ന മന്ത്രിസഭാ അംഗങ്ങൾക്കുമുള്ളത്. കേരളത്തിലെ പരിതസ്ഥിതിയിൽ അഴിമതിക്ക് ഇടനൽകാത്ത പദ്ധതികൾ മാത്രമേ ഇടത് സർക്കാർ യാഥാർത്ഥ്യമാക്കൂവെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇതോടെ പ്രവാസികൾ ഏറെയുള്ള പത്തനംതിട്ട ജില്ലയിലേക്ക് ഒഴുകിയെത്തുന്ന പ്രവാസി പണം കണ്ടു തന്നെയായിരുന്നു ഈ ചരടുവലികൾ വെറുതെയാവുകയാണ്.

എരുമേലി വിമാനത്താവളത്തിന്റെ പേരിൽ പിരിവിന് നേതൃത്വം നൽകിയത് രാജീവ് ജോസഫിന്റെ കടലാസു സംഘടന തന്നെയായിരുന്നു. ആറന്മുള അടഞ്ഞ അധ്യായം ആയതോടെ എരുമേലിയിലെ വിമാനത്താവള ചർച്ചകൾ കൂടുതൽ സജീവമാക്കിയായിരുന്നു ഇത്. സർക്കാർ തലത്തിൽ ഒരു തീരുമാനം വരുന്നതിന് മുമ്പായി തന്നെ രാജീവ് ജോസഫും സംഘവും പണപ്പിരിവ് തുടങ്ങി. പത്തനംതിട്ടയിലെ ചെറുവള്ളി, ളാഹ എസ്റ്റേറ്റുകൾ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് പഠനം നടത്തിയെന്ന് അവകാശപ്പെട്ട് സ്വയം മുന്നോട്ടുവന്ന കമ്പനി അടുത്തിടെ സർക്കാരിന് ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇത്തരത്തിലൊരു റിപ്പോർട്ട് സർക്കാർ മുഖവിലയ്ക്ക് എടുത്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് കെ എസ് ഐ ഡി സിയെ സാധ്യതാ പഠനത്തിന് സർക്കാർ ചുമതലപ്പെടുത്തിയത്.

ഡിസംബർ അവസാനവാരം കൈരളി ടിവി റാന്നിയിൽ നടത്തിയ റാന്നിഫെസ്റ്റിൽ മുഖ്യ സ്‌പോൺസർമാരായി എത്തിയ കമ്പനി ഫെസ്റ്റിവൽ വേദിയിൽവച്ച് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും അതിലൂടെ കമ്പനിയുടെ ഷെയർ എടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചുതുടങ്ങുകയും ചെയ്യുകയാണ് ചെയ്തത്. പിന്നീട് കൈരളി ടിവിയിൽ പരസ്യം നൽകി. ഇതിനിടെ ചില അവാർഡുകളും നേടി.  സർക്കാർ തലത്തിൽ ആലോചന വരുന്നതിന് മുമ്പുതന്നെ വിമാനത്താവളത്തിന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് എന്നു പേരുമിട്ടുവെന്നതാണ് മറ്റൊരു വസ്തുത. വിമാനത്താവളം എരുമേലിയിൽ നിർമ്മിക്കുന്നതിന് പഠനം നടത്താൻ എയ്‌റോപോളിസ് കമ്പനിയെ ആരു ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ഇന്നത്തെ മന്ത്രിസഭാ തീരുമാനത്തോടെ വ്യക്തമാവുകയാണ്. ആർക്കൊക്കെ എത്രശതമാനം ഓഹരി നൽകും എന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത് സർക്കാർ ആണ്. എന്നാൽ, ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ഇപ്പോൾ രാജീവ് ജോസഫും കൂട്ടതും പണപ്പിരിവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

സർക്കാർ സ്ഥലം നൽകിയാൽ മതിയെന്നും 2500 കോടി രൂപ സ്വരൂപിച്ച് വിമാനത്താവളം നിർമ്മിക്കാൻ തയ്യാറാണെന്നും കാട്ടിയാണ് എയ്‌റോപോളിസ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇത് അനുസരിച്ചാണ് ഇപ്പോഴത്തെ പണപ്പിരിവ് ഊർജ്ജിതമാക്കിയിരിക്കുന്നത്. വെബ്‌സൈറ്റ് വഴിയാണ് ഈ ശ്രമങ്ങൾ ഊർജ്ജിതമായത്. സർക്കാരിന് 51 ശതമാനം ഓഹരി നൽകാമെന്നാണ് കമ്പനി പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു പ്രവർത്തനവും നടത്താതെ പത്തനംതിട്ടയിലെ വിലാസംവച്ച് കഴിഞ്ഞവർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കമ്പനിയെ സർക്കാർ വിമാനത്താവളത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാക്കില്ലെന്ന സൂചനയാണ് മറുനാടന് ഈ ഘട്ടത്തിൽ ലഭിക്കുന്നത്. നെടുമ്പാശ്ശേരി മാതൃകയിലാകും എല്ലാം നടക്കുക.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ബിഎസ്‌പിയുടെ സ്ഥാനാർത്ഥിയായിരുന്നു രാജീവ് ജോസഫ്. ഇതിനുശേഷം കോൺഗ്രസ്സുകാരനായി പ്രവർത്തിച്ചുവെന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ സി ജോസഫിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജീവ് ജോസഫ് മത്സരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP