Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ട് കോടി അഞ്ച് കൊല്ലം കൊണ്ട് 66 കോടിയായി; സുബ്രഹ്മണ്യം സ്വാമി പണികൊടുത്തപ്പോൾ കേസ് നീണ്ടത് 23 കൊല്ലം; ജയലളിതയെ മുഖ്യമന്ത്രി കസേരയിൽ നിന്നിറക്കിയ കേസ് ശശികല മുഖ്യമന്ത്രി പദവിയിൽ എത്തുന്നതും തടഞ്ഞു; വീണു കിട്ടിയ അവസരം സമർത്ഥമായി ഉപയോഗിക്കാൻ ഒപിഎസ്

രണ്ട് കോടി അഞ്ച് കൊല്ലം കൊണ്ട് 66 കോടിയായി; സുബ്രഹ്മണ്യം സ്വാമി പണികൊടുത്തപ്പോൾ കേസ് നീണ്ടത് 23 കൊല്ലം; ജയലളിതയെ മുഖ്യമന്ത്രി കസേരയിൽ നിന്നിറക്കിയ കേസ് ശശികല മുഖ്യമന്ത്രി പദവിയിൽ എത്തുന്നതും തടഞ്ഞു; വീണു കിട്ടിയ അവസരം സമർത്ഥമായി ഉപയോഗിക്കാൻ ഒപിഎസ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: എംജിആറിന്റെ പിൻഗാമിയായി തമിഴക രാഷ്ട്രീയത്തിലെത്തിയ ജയലളിത നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു അനധികൃത സ്വത്ത് സമ്പാദനക്കേസ്. 26 ദിവസം പുരട്ചി തലൈവിയെ ജയിലിലാക്കിയ കേസ്. ഒടുവിൽ അവർ കുറ്റവിമുക്തയായി. അസാധാരണ വാദങ്ങളുമായി കർണ്ണാടക ഹൈക്കോടതി ജയലളിതയെ വെറുതെ വിട്ടപ്പോൾ അനന്ദ നൃത്തം ചവിട്ടയിത് ജയലളിതയെന്ന അമ്മയെ സ്നേഹിക്കുന്ന വലിയൊരു ജനതയായിരുന്നു. വീണ്ടും അവരെ അധികാരത്തിലെത്തിച്ച ഈ ജനതയ്ക്ക് താങ്ങാനാവാത്ത ആഘാതമായിരുന്നു അമ്മയുടെ വിയോഗം.

ഇതോടെ സ്വത്ത് സമ്പാദനക്കേസ് വിസ്മൃതിയിലായതു പോലെയായി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ജയലളിതയുടെ മരണത്തോടെ തോഴിയായ ശശികല പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. എഐഎഡിഎംകെയെ പിടിച്ചെടുത്ത ശശികല പതുക്കെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് നീങ്ങി. നാടകീയ നീക്കത്തിലൂടെ പനീർശെൽവത്തെ മാറ്റി മുഖ്യമന്ത്രി പദത്തിന് തൊട്ടടുത്ത് എത്തി. ഏവരേയും ഞെട്ടിച്ച് ആദ്യമായി പനീർശെൽവം പ്രതികരിച്ചു. ഇതോടെ ശശികല പ്രതിസന്ധിയിലായി. ഇതിനിടെ സ്വത്ത് കേസിൽ വിധി വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വീണ്ടും തമിഴ്‌നാട് ഈ കേസിലെ വിധിക്കായി കാതോർത്തു. ഒന്നാം പ്രതിയായ ജയലളിതയുടെ വിയോഗത്തിൽ ശശികലയേയും കൂട്ടരേയും കോടതി വെറുതെ വിടുന്നില്ല. സുപ്രീംകോടതി വിധിയോടെ പത്തുകൊല്ലത്തേക്ക് ശശികലയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലെത്താനാകില്ലെന്ന് ഉറപ്പാവുകയാണ്. അങ്ങനെ ജയലളിതയക്ക് മുഖ്യമന്ത്രി പദം നഷ്ടമാക്കിയ കേസ് ശശികലയുടെ രാഷ്ട്രീയ മോഹത്തെ തകർക്കുകയാണ്.

1991ലാണ് ജയലളിതയ്ക്കെതിരായ അഴിമതിക്കേസിന്റെ തുടക്കം. ആദ്യമായി ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതും ആ വർഷമാണ്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ജയലളിതയ്ക്ക് ഉണ്ടായിരുന്ന രണ്ടുകോടിയുടെ സ്വത്ത് അഞ്ചുവർഷം കൊണ്ട് 66 കോടിയിലെത്തി. അത്ഭുതകരമായ വളർച്ച. എന്നാൽ ഇത് ചോദ്യം ചെയ്യാൻ ആരും മുതിർന്നില്ല. പക്ഷേ, ജനതാപാർട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമിക്ക് കൈയും കെട്ടി നോക്കിനിൽക്കാൻ ആകുമായിരുന്നില്ല. അനധികൃതമായി സ്വത്തുസമ്പാദിച്ച തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരെ 1996ൽ സുബ്രഹ്മണ്യം സ്വാമി പരാതി നൽകി. കരുണാനിധിയുടെ നേതൃത്വത്തിൽ ഡിഎംകെ അധികാരത്തിൽ എത്തിയതോടെ സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി. കേസിൽ അന്വേഷണം തുടങ്ങാൻ 1997ൽ ജില്ലാകോടതി ഉത്തരവായി.

അന്വേഷണം മുന്നോട്ട് പോകവേ 2001ൽ കുറച്ചു ദിവസം ജയലളിതയ്ക്ക് ജയിൽവാസവും അനുഭവിക്കേണ്ടിയും വന്നു ജയലളിതയ്ക്ക്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ ചെന്നൈ കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ സ്വാധീനിക്കപ്പെടുമെന്ന ഡിഎംകെ നേതാവ് അൻപഴകന്റെ പരാതിയെ തുടർന്നാണ്, കേസ് ബാംഗ്ലൂരിലേക്ക് മാറ്റിയത്. കേസിന്റെ വിചാരണാ വേളയിൽ ജയലളിതയുടെ സാരികളും ചെരുപ്പുകളുടെയം സ്വർണ്ണശേഖരവുമൊക്കെ കോടതിയിൽ തെളിവുകളായി എത്തി. 28 കിലോ സ്വർണം, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകൾ, 10,500 സാരികൾ എന്നിവയടക്കമാണ് 66 കോടി രൂപയുടെ അനധികൃത സ്വത്ത് ജയലളിത സമ്പാദിച്ചത്. ജയലളിത, തോഴി ശശികല, ദത്തു പുത്രനായിരുന്ന വി എൻ സുധാകരൻ, ശശികലയുടെ സഹോദര ഭാര്യ ഇളവരശി എന്നിവർക്കെതിരായാണ് ആരോപണം ഉയർന്നത്.

വിചാരണാ വേളയിൽ 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ജയലളിത തള്ളിയിരുന്നു. തന്റെ പക്കലുള്ള സ്വർണവും വജ്രവുമെല്ലാം 1991ൽ താൻ ആദ്യമായി മുഖ്യമന്ത്രിയാവുന്നതിന് മുൻപ് വാങ്ങിയതാണെന്ന് ജയലളിത വിചാരണ കോടതിയെ അറിയിച്ചു. സാരികളുടേയും ചെരിപ്പുകളുടേയും വൻ ശേഖരത്തെ കുറിച്ചുള്ള ചോദ്യത്തിന് അതൊന്നും തന്റേതല്ലെന്നായിരുന്നു ജയലളിതയുടെ മറുപടി നൽകിയിരുന്നത്. 2003ൽ ഡിഎംകെ സെക്രട്ടറി കെ അൻപഴകൻ നൽകിയ ഹർജിയിന്മേൽ സുപ്രീംകോടതിയാണ് കേസിന്റെ വിചാരണ ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ ചെന്നൈ കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ സ്വാധീനിക്കപ്പെടുമെന്ന പരാതിയായിരുന്നു കാരണം.

കേസിനായി ആയിരത്തിലേറെ ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി തന്നെ കോടതി തയ്യാറാക്കിയിരുന്നു. 23 വർഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂർത്തിയായത്. കുറ്റക്കാരിയാണെന്ന് ബംഗളൂരു കോടതി കണ്ടെത്തിയതോടെ പുരട്ചി തലൈവിക്ക് വീണ്ടും ജയിലിലേക്ക് പോകേണ്ടി വന്നു. രാം ജത്മലാനി അടക്കമുള്ളവർ ജയലളിതയ്ക്കായി വാദിക്കാൻ എത്തിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഒടുവിൽ കേസ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിൽ എത്തുകയായിരുന്നു. ഏറ്റവുമൊടുവിലായി ജയലളിതയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി വിധി വന്നപ്പോൾ ആഹ്ലാദാരവങ്ങളോടെയാണ് തമിഴ് ജനത സ്വീകരിച്ചത്. ഒടുവിൽ 2015 മെയ് 11ന് വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി. ഇതോടെ വീണ്ടും ജയലളിത മുഖ്യമന്ത്രിയായി.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ അമ്മ തന്നെ എഐഎഡിഎംകെയെ നയിച്ചു. ചരിത്ര വിജയവുമായി വീണ്ടും അധികാരത്തിലേക്ക്. പക്ഷേ ആരോഗ്യം ജയലളിതയെ കൈവിട്ടു. ജയിലിൽ കിടക്കുമ്പോൾ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ പലതും അനുഭവിച്ചിരുന്നു. ഇതാണ് ജയലളിതയെ ശാരീരികമായി തകർത്തത്. ജയിലിൽ നിന്ന് മടങ്ങിയെത്തിയ ജയലളിത പിന്നീട് ഭൂരിഭാഗം സമയവും വീട്ടിലേക്ക് ഒതുങ്ങി കഴിഞ്ഞു. അത്യപൂർവ്വമായി മാത്രമേ സെക്രട്ടറിയേറ്റിലേക്കും ജയലളിത എത്തിയിരുന്നുള്ളൂ. അതിനിടെ അപ്രതീക്ഷിതമായാണ് അമ്മ അപ്പോളോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വിവരം തമിഴ് ജനത അറിഞ്ഞത്. പ്രാർത്ഥനയോടെ അവർ കാത്തിരുന്നു. പക്ഷേ ജയിലിലടയ്ക്കപ്പെട്ടതിനേക്കാൾ വലിയ വേദനയിൽ ആരാധകരെ തള്ളി വിട്ടുകൊണ്ടാണ് പുരട്ചി തലൈവി കളമൊഴിയുന്നത്.

അതിന് ശേഷം ശശികലയിലേക്ക് അധികാരം എത്തി. പനീർശെൽവത്തെ മുന്നിൽ നിർത്തി പിൻസീറ്റ് ഡ്രൈവിംഗിനായിരുന്നു ശ്രമം. പക്ഷേ വഴങ്ങാൻ പനീർശെൽവം തയ്യാറായില്ല. ഇതോടെ പനീർശെൽവത്തെ മാറ്റി മുഖ്യമന്ത്രിയാകാൻ ശശികല ശ്രമിച്ചു. ഇതിന് കോടതി തടയിടുന്നു. അങ്ങനെ അനധികൃത സ്വത്ത് സമ്പാദനക്കേസ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും വഴിത്തിരവാകുന്നു. ശശികല അകത്താകുന്നതോടെ പനീർശെൽവത്തിന് അതിന്റെ ഗുണം കിട്ടുമോ എന്നതാണ് പ്രധാനം.

കേസിന്റെ നാൾ വഴികൾ

1996 ജൂൺ 14: ചെന്നൈയിലെ ജില്ലാ കോടതിയിൽ ജയലളിതയ്ക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി കേസ് കൊടുത്തു.
ജൂൺ 18: എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ അന്നത്തെ ഡി.എം.കെ. സർക്കാർ വിജിലൻസ് വിഭാഗത്തോട് നിർദ്ദേശിച്ചു.
ജൂൺ 21: അന്വേഷണം നടത്താൻ പൊലീസിനോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് നിർദ്ദേശിച്ചു.
ഡിസംബർ 7 : ജയലളിത അറസ്റ്റിലായി. ആഴ്ചകൾ കഴിഞ്ഞ് മോചനം
1997: ചെന്നൈയിലെ അഡീഷണൽ സെഷൻസ് കോടതിയിൽ ജയലളിതയ്ക്കും മറ്റു മൂന്നു പേർക്കുമെതിരെ കേസ് നടപടികൾ തുടങ്ങി.
ജൂൺ 4: ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളും അഴിമതിനിരോധനനിയമവും പ്രകാരം കുറ്റപത്രം നൽകി.
ഒക്ടോബർ 1: തന്നെ പ്രോസിക്യൂട്ടി ചെയ്യാൻ അന്നത്തെ ഗവർണർ എം.ഫാത്തിമ ബീവി അനുമതി കൊടുത്തതിനെ ചോദ്യം ചെയ്ത് ജയലളിത സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
2000 ഓഗസ്റ്റ് : ഇതിനകം 250 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു.
2001 മെയ്: നിയമസഭാതിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ.യ്ക്കും ഭൂരിപക്ഷം. ജയലളിത വീണ്ടും മുഖ്യമന്ത്രിയായി.
2001 സപ്തംബർ: ചെറുകിട വ്യവസായ കോർപ്പറേഷനുമായി (താൻസി) ബന്ധപ്പെട്ട കേസിൽ കുറ്റം ചുമത്തപ്പെട്ടിരുന്നതിനാൽ മുഖ്യമന്ത്രിയായുള്ള നിയമനം സുപ്രീം കോടതി അസാധുവാക്കി.
2002 ഫെബ്രുവരി: താൻസി കേസിൽ കുറ്റമുക്തയായ ജയലളിത ആണ്ടിപ്പട്ടി ഉപതിരഞ്ഞെടുപ്പിൽ ജയിച്ചു. വീണ്ടും മുഖ്യമന്ത്രിയായി.
പിന്നീട് മൂന്നു പബ്ലിക് പ്രോസിക്യൂട്ടർമാരും സീനിയർ കൗൺസലും രാജിവച്ചു. പ്രോസിക്യൂഷൻ സാക്ഷികളിൽ പലരും കൂറിമാറി.
2001 ഫെബ്രുവരി 28: സ്വത്തു കേസ് വിചാരണ ചെന്നൈയിൽ നിന്നു മാറ്റണമെന്നഭ്യർത്ഥിച്ച് ഡി.എം.കെ.നേതാവ് കെ.അൻപഴകൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു
നവംബർ 18: സ്വത്തുകേസ് ബെംഗളൂരിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു.
2005 ഫെബ്രുവരി 19: മുൻ അഡ്വക്കേറ്റ് ജനറൽ ബി.വി.ആചാര്യയെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി കർണാടകസർക്കാർ നിയോഗിച്ചു.
2006 മെയ് 11: തമിഴ്‌നാട്ടിൽ ഡി.എം.കെ. അധികാരത്തിൽ തിരിച്ചെത്തി.
2006 ജനവരി 22: കേസിൽ വിചാരണയ്ക്കു സുപ്രീം കോടതിയുടെ അനുമതി. വിചാരണ തുടങ്ങുന്നു.
2010 ഡിസംബർ 2011 ഫെബ്രുവരി : സാക്ഷികളെ പ്രോസിക്യൂഷൻ വീണ്ടും വിസ്തരിക്കുന്നു.
2011 മെയ് 16: ജയലളിത വീണ്ടും മുഖ്യമന്ത്രിയായി.
2011 ഒക്ടോബർ 20,21,നവംബർ 22,23 : ജയലളിത ബെംഗളൂരിലെ പ്രത്യേക കോടതിയിൽ നേരിട്ടു ഹാജരായി ചോദ്യങ്ങൾക്കു മറുപടി നൽകി.
2012 ഓഗസ്റ്റ് 12: ആചാര്യ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനമൊഴിയാൻ താത്പര്യം പ്രകടിപ്പിച്ചു.
2013 ഫെബ്രുവരി: ജി.ഭവാനി സിംഗിനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചു.
2013 ഓഗസ്റ്റ് 23: ഭവാനി സിംഗിന്റെ നിയമനത്തെ ചോദ്യം ചെയ്ത് അൻപഴകൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
2013 ഓഗസ്റ്റ് 26: കാരണം കാണിക്കാതെയും കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആലോചിക്കാതെയും പ്രത്യേക പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നും ഭവാനി സിംഗിനെ കർണാടക സർക്കാർ മാറ്റി.
2013 സപ്തംബർ 30: ഭവാനി സിങ് സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീം കോടതി, അദ്ദേഹത്തെ മാറ്റിയ നടപടി റദ്ദാക്കി.
2013 സപ്തംബർ 30: പ്രത്യേക കോടതി ജഡ്ജി ബാലകൃഷ്ണ വിരമിച്ചു. ജയലളിതയ്ക്ക് നാല് വർഷം തടവും 100 കോടി രൂപ പിഴയും. കൂട്ടുപ്രതികൾക്ക് നാല് വർഷം തടവും 10 കോടി രൂപ വീതം പിഴയും
2013 ഒക്ടോബർ 29: പ്രത്യേക കോടതി ജഡ്ജിയായി ജോൺ മൈക്കിൾ ഡികുൻഹയെ ഹൈക്കോടതി നിയോഗിച്ചു.
2014 ഓഗസ്റ്റ് 28: വിചാരണതീർന്നു. വിധി സപ്തംബർ 20 ന് പ്രഖ്യാപിക്കാൻ കോടതി നിശ്ചയിച്ചു. സുരക്ഷാ കാരണത്താൽ വിധി പ്രഖ്യാപനസ്ഥലം മാറ്റണമെന്നു ജയലളിത സുപ്രീം കോടതിയിൽ അഭ്യർത്ഥിച്ചു.
2014 സപ്തംബർ 16: വിധി പ്രഖ്യാപനത്തിനായി പരപ്പന അഗ്രഹാര ജയിൽ പരിസരത്തു പ്രത്യേക കോടതി പ്രവർത്തിക്കാമെന്നു സുപ്രീംകോടതി നിർദ്ദേശം. വിധി സപ്തംബർ 27 ന് പ്രഖ്യാപിക്കാൻ തീരുമാനം.
2014 സപ്തംബർ 27 ജയലളിത അടക്കം നാല് പേർ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു.
2014 സപ്തംബർ 29 - ജയലളിത കർണാടക ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി
2014 ഒക്ടോബർ ഏഴ് - കർണാടക ഹൈക്കോടതി ജാമ്യം ഹർജി തള്ളി
2014 ഒക്ടോബർ 17 - സുപ്രീംകോടതി ജയലളിതയ്ക്ക് ജാമ്യം നൽകി
2015 മെയ്‌ 11: സ്വത്ത് സാമ്പാദനകേസിൽ ജയലളിതയ്ക്ക് സുപ്രീംകോടതി ജാമ്യം
2016 ഡിസംബർ അഞ്ച്: ജയലളിത അന്തരിച്ചു
2017 ജനുവരി 14: ജയലളിതയെയും ശശികലയെയും വെറുതെ വിട്ട ഹൈക്കോടതി് വിധി സുപ്രീംകോടതി റദ്ദാക്കി. വിചാരണ കോടതി വിധി നിലനിൽക്കുമെന്ന് സുപ്രീംകോടതി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP