Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ലോ അക്കാദമിയിൽ വാർഷിക ക്വാട്ട; ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ കൈപ്പറ്റിയതു സിപിഐ; പാർട്ടി ഓഫീസിൽനിന്നും വർഷം തോറും കൊടുത്തയച്ചിരുന്നത് 25 പേരുടെ ലിസ്റ്റ്; അർഹതയില്ലാതെ സഹായം കൈപ്പറ്റിയവരുടെ ലിസ്റ്റ് ലക്ഷ്മി നായർ പുറത്തുവിട്ടാൽ എല്ലാ പാർട്ടികൾക്കും തലയിൽ മുണ്ടിട്ടു നടക്കേണ്ടിവരും

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ലോ അക്കാദമിയിൽ വാർഷിക ക്വാട്ട; ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ കൈപ്പറ്റിയതു സിപിഐ; പാർട്ടി ഓഫീസിൽനിന്നും വർഷം തോറും കൊടുത്തയച്ചിരുന്നത് 25 പേരുടെ ലിസ്റ്റ്; അർഹതയില്ലാതെ സഹായം കൈപ്പറ്റിയവരുടെ ലിസ്റ്റ് ലക്ഷ്മി നായർ പുറത്തുവിട്ടാൽ എല്ലാ പാർട്ടികൾക്കും തലയിൽ മുണ്ടിട്ടു നടക്കേണ്ടിവരും

തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമിയിൽ സമരം തുടരുന്ന സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന്റേത് ഇരട്ടത്താപ്പോ? വർഷാവർഷം ഈ കോളജിൽനിന്ന് പഠിച്ചിറങ്ങുന്ന എഐഎസ്എഫുകാരുടെ എണ്ണം പരിശിധോക്കുമ്പോൾ ഇങ്ങനെയാണു തോന്നുക. പഠനത്തിൽ വളരെ പിറകിൽ നിൽക്കുന്ന ഒട്ടേറെ എഐഎസ്എഫുകാരാണ് ലോ അക്കാദമിയിൽനിന്നു നിയമ ബിരുദം സ്വന്തമാക്കിയിട്ടുള്ളത്. പാർട്ടി നല്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് കോളജ് മാനേജ്‌മെന്റ് പ്രവേശനം നല്കിയിരുന്നത്. മാനേജ്‌മെന്റ് സീറ്റുകളിൽ സർക്കാർ നിയന്ത്രണം കർശനമാക്കിയതോടെ കോളജ് അധികൃതർക്ക് പഴയപോലെ അഡ്‌മിഷൻ നല്കാൻ പറ്റാത്തതാണ് സിപിഐഎയുടെയും എഐഎസ്എഫിന്റെയും എതിർപ്പ് രൂക്ഷമാകാൻ കാരണം.

സിപിഐ നേതാവ് എം.എൻ. ഗോവിന്ദൻ നായർ ലോ അക്കാദമിക്ക് ഭൂമി നല്കാൻ സഹായിച്ചതിന്റെ പ്രത്യുപാകരമായിട്ടാണ് മാനദണ്ഡങ്ങൾ കണക്കിലെടുക്കാതെ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്. കഴിഞ്ഞ അമ്പതു വർഷമായി ലഭിച്ചിരുന്ന സൗജന്യ ആനുകൂല്യം നിഷേധിക്കപ്പെട്ടതിലുള്ള അമർഷമാണ് സിപിഐയും എഐഎസ്എഫും ലോ അക്കാദമിക്കെതിരേ നിലപാട് കർശനമാക്കാൻ കാരണം.

സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ലോ അക്കാദമിയെ ചൂഷണം ചെയ്തിരുന്നു. പാർട്ടി നേതാക്കൾക്ക് പേരിനു മുന്നിൽ അഡ്വക്കേറ്റ് എന്നു ചേർക്കണമെങ്കിൽ ഏക ആശ്രയം ലോ അക്കാദമിയായിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന പല നേതാക്കൾക്കും മറ്റു ലോ കോളജുകളിൽ പ്രവേശനം ലഭിച്ചിരുന്നില്ല. എന്നാൽ എല്ലാ പാർട്ടികളും നിർദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്ന ഉദാര നിലപാടാണ് ലോ അക്കാദമി ഡയറക്ടർ നാരായണൻ നായർ കൈക്കൊണ്ടിരുന്നത്. ഇതിൽത്തന്നെ ഏറ്റവും കൂടുതൽ ആനുകൂല്യം കൈപ്പറ്റിയിരുന്നത് സിപിഐ ആയിരുന്നു. കോളജിന് ഭൂമി അനുവദിച്ചു തന്ന പാർട്ടിയോടുള്ള ഉപകാര സ്മരണ ആയിട്ടായിരുന്നു ഇത്.

കഴിഞ്ഞ അര നൂറ്റാണ്ടായി ഓരോ ബാച്ചിലും 25 എഐഎസ്എഫ് വിദ്യാർത്ഥികൾക്കാണ് ലോ അക്കാദമിയിൽ പ്രവേശനം ലഭിച്ചിരുന്നത്. ഇവരെ കോളജിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ ഔദ്യോഗിക ലെറ്റർപാഡിലായിരുന്നു സിപിഐ ശിപാർശ നല്കിയിരുന്നത്. സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽനിന്ന് ഓരോ വർഷവും ഇങ്ങനെ ലിസ്റ്റ് ലോ അക്കാദമിക്കു ലഭിച്ചിരുന്നു.

വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള ശിപാർശ മൂന്നു തരം പട്ടികകളായി തിരിച്ചാണ് സിപിഐ നല്കിയിരുന്നത്. ആദ്യ പട്ടികയിൽ 15 പേരുകൾ ഉണ്ടാകും. യൂണിവേഴ്സിറ്റി അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ മാർക്ക് നേടിയിട്ടുണ്ടെങ്കിൽ ഈ 15 പേർക്കും നാരായണൻ നായർ അഡ്‌മിഷൻ നൽകും. കാരണം പാർട്ടിയുടേയോ പാർട്ടിയുടെ ബഹുജന സംഘടനയുടെയോ സംസ്ഥാന -ജില്ലാ നേതാക്കളാകും ഇവരിൽ അധികവും.

രണ്ടാമത്തെ ലിസ്റ്റിൽ 10 പേരുണ്ടാകും. ഇവരെ എടുക്കണമെന്ന് നിർബന്ധമില്ല. വിവിധ മേഖലകളിൽ നിന്നും പാർട്ടിയിലെ പാമരന്മാർ അവരുടെ മക്കൾക്കായി പാർട്ടിയെ സമീപിക്കുമ്പോൾ നിവർത്തികേട് കൊണ്ട് വഴിപാടു നടത്തുന്ന ലിസ്റ്റ് ആണിത്. അതെ സമയം ചില സാഹചര്യങ്ങൾ വിലയിരുത്തി ഇവരിൽ ചിലർക്കും നാരായണൻ നായർ അഡ്‌മിഷൻ നൽകും.

മൂന്നാമത്തെ പട്ടികയിൽ അഞ്ചു പേരുകളാകും ഉണ്ടാകുക. ഇത് പക്ഷെ ലെറ്റർപാഡിൽ അല്ല. മിക്കവാറും ഒരു വെള്ള പേപ്പറിൽ നൽകുന്ന പേരുകളാണ് അത്. പാർട്ടിയെ സാമ്പത്തികമായി സഹായിക്കുന്നവർ ആവശ്യപ്പെടുന്ന പേരുകളാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുക. അഞ്ചെന്ന എണ്ണം പലപ്പോഴും ഫോണിൽ വിളിച്ചു ഉറപ്പിക്കുന്നതനുസരിച്ച് മാറുകയും ചെയ്യും.

നാരായണൻ നായർ കനിഞ്ഞു അനുഗ്രഹിച്ച് അക്കാദമിയുടെ പടികടന്ന് പോയ സിപിഐ കുഞ്ഞുങ്ങളിൽ സംസ്ഥാനത്തെ മന്ത്രിയും എംഎൽഎമാരും വലിയ നേതാക്കളുടെ മക്കളും ഒക്കെയുണ്ട്. വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ പോലും ഇക്കൂട്ടരിൽ പലരും ക്ലാസ്സിൽ പോലും കയറില്ല. പരീക്ഷയുടെ ഭാഗമായുള്ള മൂട് കോർട്ടും അസൈന്മെന്റും ഇവർ തയ്യാറാക്കി നൽകിയിട്ടില്ല. എന്നിട്ടും കടമ്പ കടന്നവരുടെ കൂടി കമ്മിറ്റികളാണ് സമരത്തെ പിന്തുണയ്ക്കുന്നത്.

മന്ത്രി വി എസ്. സുനിൽകുമാർ, എംഎൽഎമാരായ കെ. രാജൻ, വി.ആർ. സുനിൽകുമാർ, ബിജി മോൾ, മുൻ എംഎൽഎമാരായ എൻ.രാജൻ, പി.എസ്. സുപാൽ തുടങ്ങിയ പ്രമുഖരെല്ലാം പേരൂർക്കട ലോ അക്കാദമിയിൽനിന്നു നിയമ ബിരുദം സ്വന്തമാക്കിയവരാണ്.

സന്തോഷ് കുമാർ, വേണുഗോപാൽ, സാം കെ. ഡാനിയൽ, മനോജ് ചരളേൽ, കെ.പി. ജയചന്ദ്രൻ, രാധാകൃഷ്ണൻ പെരുമ്പള, സന്തോഷ് കേശവ്, ചിത്ര ഭാനു, കല്ലമ്പലം രാജീവ് തുടങ്ങിയ സിപിഐ, എഐഎസ്എഫ് നേതാക്കളും ലോ അക്കാദമിയിലെ വിദ്യാർത്ഥികളായിരുന്നു. പ്രമുഖ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, എസ്. കുമാർ, പി.കെ.വി, മീനാക്ഷി തമ്പാൻ, ഇ. ചന്ദ്രശേഖരൻ നായർ, കാനം രാജേന്ദ്രൻ തുടങ്ങിയവരുടെ മക്കളോ ബന്ധുക്കളോ ഒക്കെ ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു പട്ടിക എടുക്കാൻ തുടങ്ങിയാൽ അവസാനം ഉണ്ടാകില്ല.

ഇങ്ങനെ സൗജന്യ അഡ്‌മിഷൻ ലഭിക്കുന്നവരിൽ ചിൽ ചിലർ പഠിക്കാൻ സമർത്ഥരും കേരളത്തിലെ പ്രമുഖ അഭിഭാഷകരുമാണ്. എന്നാൽ പേരിനു മുന്നിൽ അഡ്വക്കേറ്റ് എന്ന് പ്രയോഗിക്കാൻ വേണ്ടി മാത്രം എൽഎ ബി എടുത്തവരാണ് ഭൂരിഭാഗവും. ഇപ്പോൾ സർക്കാർ നിയന്ത്രണങ്ങൾ വന്നതോടെ പഴയതു പോലെ അഡ്‌മിഷനുകൾ നൽകാൻ നാരായണൻ നായർക്ക് കഴിയുന്നില്ല. അതോടെ നിയമപഠന മോഹം ഉപേക്ഷിക്കേണ്ടി വന്ന പുതിയ സിപിഐ, എഐഎസ്എഫ്, എഐവൈഎഫ് നേതാക്കളാണ് ഇപ്പോൾ സമരം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP