Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടിയേറ്റകാലത്തെ ഓർമിപ്പിച്ച് കട്ടപ്പന വെട്ടിക്കുഴക്കവലയിലെ ജനങ്ങൾ ആഴികൂട്ടി രാത്രി കാവലിരിക്കുന്നത് കാട്ടുമൃഗങ്ങളെ തുരത്താനല്ല, വിദേശമദ്യശാല വരാതിരിക്കാൻ; സമാധാന സമരത്തിനിടയിൽ നാട്ടുകാർക്കെതിരെ കള്ളക്കേസുണ്ടാക്കാൻ ശ്രമമുണ്ടായതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ സമരഭൂമിയിൽ; കാർഷികഗ്രാമം ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധം ഫലം കാണുമോ ?

കുടിയേറ്റകാലത്തെ ഓർമിപ്പിച്ച് കട്ടപ്പന വെട്ടിക്കുഴക്കവലയിലെ ജനങ്ങൾ ആഴികൂട്ടി രാത്രി കാവലിരിക്കുന്നത് കാട്ടുമൃഗങ്ങളെ തുരത്താനല്ല, വിദേശമദ്യശാല വരാതിരിക്കാൻ; സമാധാന സമരത്തിനിടയിൽ നാട്ടുകാർക്കെതിരെ കള്ളക്കേസുണ്ടാക്കാൻ ശ്രമമുണ്ടായതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ സമരഭൂമിയിൽ; കാർഷികഗ്രാമം ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധം ഫലം കാണുമോ ?

ഇടുക്കി: രാത്രി മുഴുവൻ ഉറക്കമിളച്ച് റോഡിൽ കാവലിരിക്കുകയാണ് കട്ടപ്പനക്കടുത്ത് വെട്ടിക്കുഴക്കവലയെന്ന കാർഷിക ഗ്രാമത്തിലെ ജനങ്ങൾ. കട്ടപ്പന ടൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് മദ്യശാല വെട്ടിക്കുഴക്കവലയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തെ ചൊറുത്തു തോൽപിക്കാനാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാർ നിതാന്തജാഗ്രതയോടെ റോഡരുകിൽ കുത്തിയിരിക്കുന്നത്. കനത്ത മഞ്ഞും ശക്തമായ കിഴക്കൻ കാറ്റും അന്തരീക്ഷത്ത് മരം കോച്ചുന്ന തണുപ്പിന് വഴിയൊരുക്കുമ്പോഴും കുടിയേറ്റ ഭൂമിയിലെ ജനങ്ങൾ അതൊന്നും കാര്യമാക്കാതെയാണ് മദ്യശാല വരാനിരിക്കുന്ന കെട്ടിടത്തിനടുത്ത് ആഴികൂട്ടി കാവലിലേർപ്പെട്ടിരിക്കുന്നത്. ആനയെയും കാട്ടുമൃഗങ്ങളെയും അകറ്റാൻ തീകൂട്ടി രാത്രി കഴിച്ചുകൂട്ടിയ കുടിയേറ്റ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ചെറുത്തു നിൽപ്.

മദ്യശാലകൾ ദേശീയ-സംസ്ഥാന പാതയോരത്തുനിന്നു മാറ്റണമെന്ന സുപ്രീം കോടതി വിധിയെ തുടർന്നാണ് ശാന്തമായ വെട്ടിക്കുഴക്കവലയിൽ സമരഭൂമിയായും സംഘർഷ വേദിയായും പരിണമിച്ചിരിക്കുന്നത്. വെട്ടിക്കുഴക്കവലയിൽനിന്നും നാല് കിലോമീറ്ററോളം അകലെ ഇരട്ടയാറിൽ താമസമാക്കിയ ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ഇവിടെ പെട്ടെന്ന് പണി പൂർത്തീകരിച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്നിന് മുമ്പ് മദ്യശാലകൾ മാറ്റണമെന്നാണ് കോടതി നിർദ്ദേശം. അതിനാലാണ് കെട്ടിടത്തിന്റെ പണി പെട്ടെന്ന് മുഴുമിപ്പിച്ചതെന്നു നാട്ടുകാർ പറയുന്നു. ഇതോടെ ജനങ്ങളുടെ പരാതി വ്യാപവും രൂക്ഷവുമായി. പരാതിക്കൊപ്പം മുൻകരുതലെന്ന നിലയിലാണ് കെട്ടിടത്തിനു മുമ്പിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങൾ ഒത്തുകൂടി മാറി മാറി കാവലിരിക്കുന്നത്. ഇതിനിടെ സമരം പൊളിക്കാൻ കെട്ടിടമുടമ പൊലിസിൽ വ്യാജപരാതി നൽകിയെന്ന ആക്ഷേപവുമുയർന്നു. നാട്ടുകാർക്കെതിരെ ജനറേറ്റർ മോഷണക്കുറ്റമാണ് ഇയാൾ ആരോപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചതോടെ ജനങ്ങളുടെ പ്രതിഷേധം കനക്കുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. മദ്യശാല ഇവിടെ വരില്ലെന്നു ഉറപ്പാക്കുംവരെ രാവും പകലും ജാഗരൂകരായി കാവൽ തുടരാനാണ് നാട്ടുകാരുടെ തീരുമാനം. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ നിമിഷങ്ങൾക്കകം പ്രദേശത്തെ മുഴുവൻ ജനങ്ങളും സ്ഥലത്ത് പാഞ്ഞെത്താൻ കഴിയും വിധമുള്ള മുന്നറിയിപ്പ് സംവിധാനം വരെ ഒരുക്കിയാണ് പ്രതിരോധം തുടരുന്നത്.

ജനസാന്ദ്രമായ പ്രദേശമാണ് വെട്ടിക്കുഴക്കവല. നിർദിഷ്ട കെട്ടിടത്തിനോട് ചേർന്നുള്ള ചെറിയ ജംഗ്ഷനാണ് വെട്ടിക്കുഴക്കവല. കട്ടപ്പനയിൽനിന്നും രണ്ട് കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. നിർദിഷ്ട കെട്ടിടത്തിന്റെ സമീപത്തായി ഏതാണ്ട് അരകിലോമീറ്ററോളം ഏറെക്കുറെ വിജനമായ റോഡും കൃഷിയിടങ്ങളുമാണ്. നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കാൽനടയായി സഞ്ചരിക്കുന്ന വഴിയാണിത്. ഇവിടെ മദ്യശാല ആരംഭിച്ചാൽ പ്രദേശമാകെ മദ്യപരുടെ അഴിഞ്ഞാട്ടമുണ്ടാകുമെന്ന നിലപാടാണ് ജനങ്ങൾക്കുള്ളത്. അപായഭീഷണി ഉയർത്തുന്ന വീതി കുറഞ്ഞ കൊടും വളവിലാണ് കെട്ടിടം പണിതിരിക്കുന്നത്. ജനത്തിരക്കും വാഹനങ്ങളുടെ പാർക്കിങ്ങുമുണ്ടായാൽ ഗതാഗതക്കുരുക്കും അപകടവുമായിരിക്കും ഫലമെന്നും തദ്ദേശവാസികൾ പറയുന്നു. കുടിയേറ്റകാലത്തോളം തന്നെ പഴക്കമുണ്ട് ഈ ഗ്രാമത്തിനും. ജനസാന്ദ്രമായ പ്രദേശമായതിനാലും ഭൂരിഭാഗവും കർഷക കുടുംബങ്ങളായതിനാലും ഇവിടേക്ക് മദ്യശാല പറിച്ചു നടുന്നത് സമാധാന ഭംഗം വരുത്തുമെന്ന ഉറച്ച നിലപാടിലാണ് വീട്ടമ്മമാരടക്കമുള്ളവർ. മദ്യശാലക്കെതിരെയുള്ള പരാതികൾ അധികൃതർ ഗൗരവമായി എടുക്കുന്നില്ലെന്നു വ്യക്തമായതോടെയാണ് നിർദിഷ്ട കെട്ടിടത്തിനു മുമ്പിൽതന്നെ കാവലിരിക്കാൻ ജനങ്ങൾ നിർബന്ധിതരായത്.

30 മുതൽ 50 വരെ ആളുകൾ അടങ്ങിയ സംഘങ്ങളാണ് ഓരോ ദിവസവും മദ്യശാലക്കെതിരെ പ്രതിരോധം തീർത്ത് രാത്രികാവൽ നടത്തുന്നത്. കിഴക്കൻ കാറ്റും മഞ്ഞുമാണ് സമരത്തിന് തടസമായുള്ളത്. സമീപവീടുകളിൽനിന്നും കൊണ്ടുവരുന്ന വിറകുകൾ കൂട്ടിയിട്ട് കത്തിച്ചാണ് സമരാഗ്നി ജ്വലിപ്പിച്ച് തണുപ്പകറ്റുന്നത്. രാത്രിയിൽ വീടുകളിൽനിന്ന് കട്ടൻകാപ്പിയും ചെറുകടികളുമൊക്കെയായി നിരവധി പേർ സഹായഹസ്തം സമരക്കാർക്കു നേരെ നീട്ടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്‌തെങ്കിലും അതൊന്നും കുടിയേറ്റ ജനതയുടെ പുതുതലമുറയുടെ സമരവീര്യത്തെ ഒട്ടും തണുപ്പിച്ചിട്ടില്ല. ഇതിനിടെ സമരക്കാരെ പ്രകോപിപ്പിക്കാനും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതും രൂക്ഷമായ പ്രതിഷേധമുയർത്തി. റോഡരുകിൽ കാവലിരിക്കുന്നവരുടെയടുത്ത് വാഹനങ്ങളിലെത്തി അസഭ്യവർഷം ചൊരിയാൻ ചിലർ ശ്രമിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷകാരണവുമായി. മിക്ക ദിവസവും സ്ഥലത്ത് പൊലിസും എത്താറുണ്ട്. മദ്യശാല മാറ്റുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ലെന്നാണ് ബിവറേജസ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കെട്ടിടം പരിശോധിച്ചതും ദൂരപരിധി അളന്നതും മദ്യശാല മാറ്റുന്നതിനു മുന്നോടിയാണെന്നു നാട്ടുകാർ വിലയിരുത്തുന്നു. നെടുങ്കണ്ടത്തെ മദ്യശാല പച്ചടി, മാവടി തുടങ്ങിയ സ്ഥലങ്ങളിലെവിടെയെങ്കിലും മാറ്റിസ്ഥാപിക്കുമെന്നു പ്രചരിപ്പിച്ചശേഷം പെട്ടെന്നൊരു സുപ്രഭാതത്തിൽ തൂക്കുപാലത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടതിൽ ജനകീയ സമിതി പരാതികളുമായി അധികാരികളെ സമീപിച്ചെങ്കിലും നടപടികളുമായി മുമ്പോട്ടുപോയതോടെ ജനങ്ങൾ പ്രത്യക്ഷ സമരങ്ങൾ ആരംഭിക്കുകയും കെട്ടിടത്തിനു സമീപം കാവൽ ഏർപ്പെടുത്തുകയുമായിരുന്നു.

കട്ടപ്പന ഇടുക്കിക്കവലയിലെ ബൈപാസ് റോഡിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്റെ മദ്യശാലയാണ് വെട്ടിക്കുഴ കവലയിലേക്ക് മാറ്റാൻ നീക്കം നടക്കുന്നത്. ബഹുജനങ്ങൾ ഒപ്പുശേഖരണം നടത്തി അധികൃതർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഗാന്ധിജി രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ വിവിധ സാമുദായിക സംഘടനകളെയും രാഷ്ടീയ കക്ഷികളേയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ഇടുക്കി രൂപത മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ ഉപവാസവും മദ്യവിരുദ്ധ സമ്മേളനവും നടത്തി. കട്ടപ്പനിലേക്ക് മദ്യവിരുദ്ധ റാലിയും നടത്തി.

ഇതിനിടെയാണ് തന്റെ കെട്ടിടത്തിൽനിന്ന് രണ്ട് ജനറേറ്റർ മോഷണം പോയെന്നു പരാതിപ്പെട്ടാണ് കെട്ടിടമുടമ പൊലിസിനെ സമീപിച്ചത്. ഇത് നാട്ടുകാരിൽ രോഷമുയർത്തി. സമാധാനപരമായ സമരം തുടരുമ്പോൾ കള്ളക്കേസുണ്ടാക്കി നാട്ടുകാരെ കുടുക്കാനുള്ള ശ്രമം ഉണ്ടായതോടെ കൂടുതൽ പ്രദേശവാസികൾ സമരരംഗത്തേക്കിറങ്ങുകയും ചെയ്തു. പ്രദേശവാസികളുടെ സ്വൈരജീവിതം തടസപ്പെടുത്തി ഇവിടെ മദ്യശാല സ്ഥാപിക്കാനുള്ള ശ്രമത്തെ ഏതു വിധത്തിലും പരാജയപ്പടുത്തുമെന്നു സമരത്തിനു നേതൃത്വം നൽകുന്ന വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു. സമരത്തിനൊപ്പം നിയമപരമായ നടപടികൾ സ്വീകരിക്കാൻ നാട്ടുകാരുടെ യോഗം തീരുമാനിച്ചിരിക്കുകയാണ്. മദ്യശാലയ്ക്ക് പുതിയ ഇടം കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം സ്ഥാപനം പൂട്ടുകയാണ് വേണ്ടതെന്നു നാട്ടുകാർ പറയുന്നു. കാട്ടാനയോടും മലമ്പാമ്പിനോടും പ്രകൃതിയുടെ താണ്ഡവങ്ങളോടും പടപൊരുതി കന്നിമണ്ണിൽ കാർഷിക സംസ്‌കാരം കെട്ടിയുയർത്തിയ കുടിയേറ്റ കർകരുടെ പിന്മുറക്കാരുടെ പ്രതിരോധത്തിനു ഫലം കാണുമോയെന്നു കാത്തിരുന്നു കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP