Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടോഗോയിൽ ജയിലിൽ കഴിഞ്ഞ അഞ്ചു മലയാളികളുടെ മോചനം സാധ്യമാക്കി സുഷമാ സ്വരാജ്; ഇവരെ രക്ഷപ്പെടുത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ച കേന്ദ്രമന്ത്രിക്ക് അഭിനന്ദന പ്രവാഹം; മൂന്നുവർഷത്തെ നരകജീവിതം കഴിഞ്ഞ് നാട്ടിലേക്കെത്താൻ ആഹ്ലാദത്തോടെ കൊച്ചി സ്വദേശികൾ എയർപോർട്ടിൽ

ടോഗോയിൽ ജയിലിൽ കഴിഞ്ഞ അഞ്ചു മലയാളികളുടെ മോചനം സാധ്യമാക്കി സുഷമാ സ്വരാജ്; ഇവരെ രക്ഷപ്പെടുത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ച കേന്ദ്രമന്ത്രിക്ക് അഭിനന്ദന പ്രവാഹം; മൂന്നുവർഷത്തെ നരകജീവിതം കഴിഞ്ഞ് നാട്ടിലേക്കെത്താൻ ആഹ്ലാദത്തോടെ കൊച്ചി സ്വദേശികൾ എയർപോർട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കടൽക്കൊള്ളക്കാർ എന്ന് ആരോപിച്ച് ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ തടവിൽ കഴിയുന്ന മലയാളികളുടെ മോചനം കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലോടെ സാധ്യമായി. ഇവരുടെ മോചനത്തിനുള്ള ശ്രമങ്ങൾ വിജയിച്ചതായും ഉടൻ മോചനം ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായും കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ഇന്നലെ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ മോചിതരായ ദൃശ്യങ്ങളും പുറത്തുവന്നു.

മൂന്നുവർഷത്തിലേറെയായി ഇവരുടെ മോചനത്തിനായി ശ്രമം തുടരുന്ന നാട്ടിലെ ബന്ധുക്കൾക്ക് സന്തോഷകരമായ വാർത്തയാണ് സുഷമ ഇന്നലെ പങ്കുവച്ചത്. ഇതിന് പിന്നാലെ ഇവർ ജയിലിൽ നിന്ന് പുറത്തെത്തിയതായ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതോടെ പ്രവാസികാര്യത്തിൽ സമർത്ഥമായി ഇടപെടുന്ന കേന്ദ്രമന്ത്രിയെ പ്രകീർത്തിച്ച് സന്ദേശങ്ങളും എത്തുന്നു.

ടോഗോ ജയിലിലുള്ള അഞ്ച് മലയാളികളുടെ മോചനം സാധ്യമായെന്നാണ് സുഷമ ട്വിറ്ററിൽ കുറിച്ചത്. ഇതിനായി പ്രവർത്തിച്ച ടോഗോയിലെ ഇന്ത്്യൻ കോൺസുലേറ്റിനെ സുഷമ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അഞ്ചുപേരും ജയിൽ മോചിതരായി പുറത്തുവന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ജയിൽ മോചിതരായി എയർപോർട്ടിൽ എത്തിയെന്നും ഉടൻ ഇവരെ സ്വദേശത്തെത്തിക്കുമെന്നുമാണ് അറിയുന്നത്.

കൊച്ചി പൂക്കാട്ടുപടി സ്വദേശി ഷാജി, കലൂർ കീർത്തിനഗർ സ്വദേശികളായ തരുൺ ബാബു, നിധിൻ ബാബു, ചേരാനെല്ലൂർ ഗോഡ്‌വിൻ ആന്റണി എന്നിവരാണ് 2003 ജൂലായ് മുതൽ ടോഗോ സെൻട്രൽ ജയിലിൽ നരകജീവിതം തള്ളിനീക്കുന്നത്. ഇതൊടൊപ്പം മറ്റൊരു മലയാളിയുടെ കൂടി മോചനം സാധ്യമായിട്ടുണ്ടെന്നാണ് സുഷമയുടെ ട്വീറ്റിൽ നിന്ന് വ്യക്തമാകുന്നത്. ഇതേകുറ്റം ആരോപിക്കപ്പെട്ട് ടോഗോയിൽ ജയിലിലായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ജയിംസിനെ നേരത്തെ തന്നെ മോചിപ്പിക്കാൻ കഴിഞ്ഞിരുന്നു.

ഇദ്ദേഹത്തിന്റെ മോചനം സാധ്യമായത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ടതോടെയാണ്. എന്നാൽ സുനിൽ മോചിപ്പിക്കപ്പെട്ടപ്പോഴും ഇത്തരത്തിൽ നാലുപേർ കൂടി ജയിലിൽ അകപ്പെട്ടതായി വീട്ടുകാർക്കുപോലും ആദ്യം വിവരം ലഭിച്ചിരുന്നില്ല. പിന്നീട് ഇവർ അയച്ച വാട്‌സ് ആപ് സന്ദേശത്തിലൂടെയാണ് നാലുപേരും ജയിലിലാണെന്ന വിവരം അറിയുന്നത്.

എയ്ഡ്‌സ് ഉൾപ്പെടെ ബാധിച്ച തടവുകാർക്കൊപ്പം ഇടുങ്ങിയ തടവുമുറികളിലാണെന്ന് ഇവർ അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു ഇത്തരത്തിൽ മാരകരോഗങ്ങൾ വരാതിരിക്കാനായി മാസംതോറും വാക്‌സിനേഷനും സ്റ്റിറോയിഡ് ഇൻജക്ഷനുകളും എടുക്കാറുണ്ടെന്നും ഇവർ വ്യക്തമാക്കിയപ്പോഴാണ് പുറംലോകം അറിയുന്നത്.

ഈ ചെലവ് തടവുകാർ തന്നെ അടയ്ക്കണം. ഇതിനുവേണ്ടി മാത്രം നാലുപേർക്കും മാസം പതിനയ്യായിരം രൂപയോളം ചെലവുവരുന്നതായി ഗോഡ് വിൻ വാട്‌സ് ആപ് സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതെല്ലാം വീട്ടിൽ നിന്ന് വരുത്തുന്ന പണംകൊണ്ടാണ് നിർവഹിച്ചിരുന്നത്. ഇക്കാര്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തതോടെയാണ് ഇവരുടെ ദുരന്തജീവിതം പുറത്തറിയുന്നത്.

ഉറങ്ങാൻ പോലും കഴിയാറില്ലെന്നും കാശുകൊടുത്താലെ ഉറങ്ങാൻ സ്ഥലം പോലും തരൂ എന്നും ജയിലിലെ ദുരന്തജീവിതം ഇവർ വിവരിച്ചിരുന്നു. മുകളിൽ നിന്ന് കെട്ടിത്തൂങ്ങിയ കയറിൽ പിടിച്ച് ഇടുങ്ങിയ മുറിയിൽ നിൽക്കേണ്ടിവരും. ഇടയ്ക്ക് ഗുണ്ടകളുടെ മർദ്ദനവും നേരിടുന്നുവെന്നും പലപ്പോഴായി അയച്ച സന്ദേശങ്ങളിൽ ഇവർ പറഞ്ഞിരുന്നു. കാശുകൊടുത്താലും നിവർന്നു കിടക്കരുത്. ചരിഞ്ഞുകിടക്കണം.

ഇടയ്ക്കിടെ തല്ലുമുണ്ടാകും. ഇത്തരത്തിൽ കൊടിയ പീഡനമാണ് അനുഭവിക്കുന്നതെന്നും ആകെ ഭ്രാന്തുപിടിച്ച അവസ്ഥയാണെന്നും ഇവർ പറഞ്ഞിരുന്നു. ഉടനെ പ്രശ്‌നം തീരുമെന്നും വൈകാതെ നാട്ടിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇവർ ഓരോദിവസവും തള്ളിനീക്കുന്നതെന്നും ഇവരയക്കുന്ന സന്ദേശങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.

തേവര സ്വദേശിയായ അരുൺ ചന്ദ്രനും എന്നയാളാണ് നാലുപേരേയും ക്രോസ് വേൾഡ് മറൈൻ സർവീസ് എന്ന കമ്പനിയിലെ ജോലിക്കാരായി ടോഗോയിൽ എത്തിച്ചത്. അവിടെവച്ച് പൊലീസ് കടൽക്കൊള്ളക്കാർ എന്നാരോപിച്ച് അറസ്റ്റുചെയ്തു. എന്നാൽ എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഈ യുവാക്കൾക്കും അറിയില്ല.

ഇതിനിടെ ഇവർക്കൊപ്പം അറസ്റ്റിലായ ക്യാപ്റ്റൻ അരുൺ ചന്ദ്രനും ഇയാളുടെ ബന്ധുവായ നവീൻ ഗോപിയും ജയിൽചാടി. ഇതോടെ ഈ നാല് യുവാക്കളുടേയും മോചനം അനിശ്ചിതത്വത്തിൽ ആവുകയായിരുന്നു. ഭക്ഷണത്തിനും താമസത്തിനും മരുന്നിനും മാത്രമല്ല, കക്കൂസ് ഉപയോഗിക്കുന്നതിന് പോലും ജയിലിൽ പണമടയ്ക്കണം. ഇതിനായി മാസം 30,000 രൂപവീതം ഇവരുടെ കുടുംബങ്ങൾ അയച്ചുകൊടുക്കുകയാണിപ്പോഴെന്ന് ഷാജിയുടെ അച്ഛൻ അബ്ദുള്ളക്കുട്ടി പറയുന്നു.

ഒന്നരമാസത്തേക്ക് എന്നു പറഞ്ഞാണ് ഇവരെ ജോലിക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ പോയി രണ്ടുമാസത്തിലേറെ കഴിഞ്ഞിട്ടും വിളിച്ചില്ല. പിന്നെ വിളിച്ചപ്പോൾ ആകെ കരച്ചിലാണ് . എന്താണ് സംഭവിച്ചതെന്ന് അവർ തുറന്നു പറഞ്ഞില്ല. ഷാജിയുടെ കുടുംബം ജയിലിലെ ചെലവിനും കേസിനും മറ്റുചെലവുകൾക്കുമായി ഇതിനകം ലക്ഷങ്ങൾ ചെലവിട്ടുകഴിഞ്ഞു. ഇക്കാര്യം ഉന്നയിച്ച് ഇവർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമീപിച്ചതോടെ വിഷയത്തിൽ അദ്ദേഹം ഇടപെട്ടിരുന്നു. 2015 അവസാനകാലത്ത് ഇവരുടെ മോചനത്തിനായി നടപടികൾ വേണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ഒന്നും നടന്നില്ല.

തുടർന്ന് കഴിഞ്ഞവർഷം ആദ്യം ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുഷമാ സ്വരാജിന് നിവേദനം നൽകുകയും ചെയ്തു. ഇവർക്ക് നിയമസഹായം നൽകാനായി സംസ്ഥാന സർക്കാർ അഭിഭാഷകനെ ടോഗോയിലേക്ക് നിയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ടോഗോയിലെ എംബസിയുമായി ബന്ധപ്പെട്ട് ഇവരുടെ മോചനത്തിന് നടപടിയെടുക്കുമെന്ന് ഉറപ്പും ലഭിച്ചെങ്കിലും നിയമ നടപടികൾ മൂലം ശ്രമം നീണ്ടുപോയി. എന്നാൽ വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ട് കേന്ദ്രമന്ത്രാലയം മോചനം സാധ്യമാക്കിയിരിക്കുകയാണിപ്പോൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP