Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ കാണുന്ന കരയൊക്കെ ഒരുകാലത്ത് കായലായിരുന്നു! മണ്ണ് നിറച്ച ചാക്കുകളിറക്കി കൈയേറ്റത്തിന്റെ കഠിനംകുളം മാതൃക; എല്ലാം കണ്ടിട്ടും നടപടിയെടുക്കാതെ അധികൃതരും; പരിസ്ഥിതി സംരക്ഷകരെ വിരട്ടി മാഫിയ വാഴുന്നത് ഇങ്ങനെ

ഈ കാണുന്ന കരയൊക്കെ ഒരുകാലത്ത് കായലായിരുന്നു! മണ്ണ് നിറച്ച ചാക്കുകളിറക്കി കൈയേറ്റത്തിന്റെ കഠിനംകുളം മാതൃക; എല്ലാം കണ്ടിട്ടും നടപടിയെടുക്കാതെ അധികൃതരും; പരിസ്ഥിതി സംരക്ഷകരെ വിരട്ടി മാഫിയ വാഴുന്നത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: കായൽ സംരക്ഷണവും ജല സംരക്ഷണവുമെല്ലാം സർക്കാരിനും അധികൃതർക്കും വാക്കിൽ മാത്രമാണ്. അതിന് തെളിവാണ് തലസ്ഥാനത്തെ കഠിനംകുളം കായലിന്റെ ദുരവസ്ഥ. കായൽ പേരിനു മാത്രമായി ചുരുങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. അധികൃതരുടെ ഒത്താശയോടെ ആയിരകണക്കിനേക്കർ കായലാണ് ഭൂമാഫിയയും സ്വകാര്യ വ്യക്തികളും നികത്തി സ്വന്തമാക്കി മാറ്റുന്നത്. നടപടി സ്വീകരിക്കേണ്ടവർ തന്നെ ഒത്താശ ചെയ്യുന്നതോടെ ഇപ്പോൾ കയ്യേറ്റത്തിന്റെ വേഗം റോക്കറ്റ് വേഗത്തിൽ കുതിക്കുകയാണ്.

കായൽകയ്യേറ്റത്തിന്റെ വാർത്ത റിപ്പോർട് ചെയ്യാനെത്തിയ ഞങ്ങൾക്ക് കയ്യേറ്റത്തിന്റെ തെളിവുകളും കാണാനായി. വൻ തോതിൽ ചാക്കിൽ മണ്ണ് നിറച്ച് കായലിന്റെ കയ്യേറിയ ഭാഗത്ത് നിരത്തിയിരിക്കുകയാണ്. ദിനം പ്രതി ഇത്രയുമളവിൽ കായൽകയ്യേറ്റം നടക്കുന്നുവെന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാനായത്. കയ്യേറ്റം ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് കായൽതീരത്ത് നിക്ഷേപിച്ചിരിക്കുന്ന മണ്ണ്. കയ്യേറ്റ ഭൂമിയിലൂടെ ഞങ്ങൾ സഞ്ചരിച്ച ശേഷം പുറത്ത് വന്നപ്പോൾ അവിടെയുണ്ടായിരുന്ന പ്രായമേറിയ ഒരാൾ ദൂരേക്ക് കൈചൂണ്ടിയ ശേഷം പറഞ്ഞത് ഈ കാണുന്ന കരയൊക്കെ ഒരുകാലത്ത് കായലായിരുന്നുവെന്നാണ്.

കായൽ ദിനപ്രതി മെലിയുന്നതും അതിന്റെ കാരണങ്ങളും ചൂണ്ടിക്കാട്ടി നാട്ടുകാരും വിവിധ സംരക്ഷണ സമിതികളും പരാതി നൽകിയിട്ടും അധികാരികൾ കണ്ണുതുറക്കുന്നില്ല. തണ്ണീർതടങ്ങളും കണ്ടൽക്കാടുകളുമെല്ലാംകൊണ്ട് തന്നെ പ്രകൃതി രമണീയമായ ഈ പ്രദേശം സ്വകാര്യ വ്യക്തികൾ 1978 മുതൽ കയ്യേറിവരികയാണ്. അധികൃതർ ഇനിയും ഈ അനങ്ങാപ്പാറ നയം അവസാനിപ്പിച്ചില്ലെങ്കിൽ ഭാവി തലമുറയ്ക്ക് പണ്ട് ഇവിടെ ഒരു കായൽ ഉണ്ടായിരുന്നുവെന്ന അറിവ് മാത്രമേ പങ്ക് വയ്ക്കാൻ അവശേഷിക്കുകയുള്ളു.

വിശാലമായ കഠിനംകുളം കായൽ തീരത്തെ ഭൂരിഭാഗം സ്ഥലങ്ങളും തെങ്ങിൻ പറമ്പുകളാണ്. പെരുമാതുറ പാലം വന്നതോടെയാണ് കഠിനംകുളത്ത് കായൽ ടൂറിസത്തിന്റെ സാധ്യതകൾ ഉയർന്നുവന്നിട്ടുള്ളത്. ജില്ലാ ടൂറിസം പ്രാമോഷൻ കൗൺസിലും ടൂറിസംവകുപ്പും ജില്ലാ പഞ്ചായത്തുമെല്ലാം വിനോദസഞ്ചാര സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഇതിനിടയിലാണ് റിയൽ എസ്റ്റേറ്റ് മാഫിയ സംഘങ്ങൾ രംഗത്തെത്തിയിട്ടുള്ളത്. ഭൂമി വാങ്ങി കായലിലേക്കിറക്കി കയ്യേറി കരിങ്കൽ കെട്ടി വിൽക്കുകയാണ് ചെയ്യുന്നത്. കായൽ മാത്രമല്ല, കായൽ തീരത്ത് പതിറ്റാണ്ടുകൾക്ക് മുമ്പേ ഉണ്ടായിരുന്ന പൊതുവഴിയും ഇവർ കെട്ടിയടയ്ക്കുകയാണെന്നും നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

പെരുമാതുറപ്പാലം വന്നതോടെയാണ് വൻ ടൂറിസം സാധ്യത പ്രദേശത്തുണ്ടെന്ന് മനസ്സിലാക്കി ഭൂമാഫിയ ഇവിടെ തമ്പടിച്ച് തുടങ്ങിയത്. കഠിനം കുളത്തിന്റേയും തലസ്ഥാനത്തിന്റേയും ആദ്യകാല സംസ്‌കാരവും മറ്റും കായലിനോടും അതിനോടനുബന്ദമായ പ്രകൃതിയോടും ഇണങ്ങിചേർന്ന് കിടക്കുന്നതാണ്. വൻ തോതിൽ നടത്തുന്ന കയ്യേറ്റം പ്രകൃതിയേയും ഒരു സംസ്‌കാരത്തേയും ഒരുപോലെ ചൂഷണം ചെയ്യുന്നു.കായൽ കയ്യേറ്റം തുടരുന്ന പക്ഷം വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഭാവിയിൽ സംഭവിക്കാൻ പോകുന്നത്.രാഷ്ട്രീയപാർട്ടികൾ കയ്യേറ്റക്കാരുടെ പ്രവർത്തികൾക്ക് നേരെ കണ്ണടച്ച മട്ടാണെന്നും നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

പരമ്പരാഗത കയർ വ്യവസായ മേഖലയായ കഠിനംകുളത്തെ കയ്യേറ്റം 1970 മുതലുള്ള ആദ്യത്തെ മൂന്ന് പതിറ്റാണ്ട് കാലത്തോളം ചെറിയ അളവിലാണ് നടന്നിരുന്നത്. കയർ വ്യവസായത്തിന്റെ ഭാഗമായി ഭൂ ഉടമകൾ തങ്ങളുടെ പുരയിടങ്ങളുടെ അതേ വീതിയിൽ 50 മീറ്റർ അളവ് വരെ കായൽ വളഞ്ഞ് പിടിക്കുകയും അവിടെ കയർ നിർമ്മാണത്തിനായി തൊണ്ട് അഴുകാനിടും. കായലിൽ കമ്പ് നാട്ടി ഓലകൊണ്ട് മറച്ചാണ് തൊണ്ട് അഴുകാനായി വളഞ്ഞ് പിടിച്ചപോന്നത്. കാലക്രമേണ ഈ പ്രദേശങ്ങളിൽ ചകിരിച്ചോറും കയർ നിർമ്മാണത്തിന്റെ അവശിഷ്ടങ്ങളും ഓലയും ചെളിയുനമെല്ലാം നിറച്ച് മണ്ണ് ഉറക്കുന്ന മുറയ്ക്ക് തെങ്ങിൻ തൈകൾ വച്ച് പിടിപ്പിച്ച് ആപ്രദേശത്തെ കരയാക്കി മാറ്റുന്നതായിരുന്നുപതിവ്. 2 സെന്റും 3 സെന്റുമെല്ലാം സ്വന്തമായി ഉണ്ടായിരുന്നവർ ഇപ്രകാരം കാലക്രമേണ നൂഖറുകണക്കിന് സെന്റെ കായലിനെ കരയാക്കി മാറ്റുകയായിരുന്നു.

2000 2001 കാലഘട്ടം മുതൽ ടിപ്പർ ലോറികളും ആധുനിക സംവിധാനങ്ങളുമപയോഗിച്ച് കായൽ നികത്താൻ തുടങ്ങി. വലിയ അളവിൽ കായൽ നികത്തിതുടങ്ങിയതോടെയാണ് നാട്ടുകാർക്കും സംശയം തോന്നി തുടങ്ങിയത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തോളമായി വൻ ഭൂമാഫിയ സ്ഥലത്ത് തമ്പടിച്ചതോടെയാണ് പ്രശ്നങ്ങളിൽ നാട്ടുകാർ ഇടപെട്ട് തുടങ്ങിയത്. കായലിന്റെ അതിർത്തിയായി കിടക്കുന്ന ഭൂപ്രദേശത്തിനെ പുറമ്പോക്കായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഠിനംകുളം പഞ്ചായത്തിലും വില്ലേജിലുമായിട്ടാണ് കായൽ പ്രദേശം സ്ഥിതിചെയ്യുന്നത്. സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലാണ് കായൽ. കായൽ ഇത്രയുമളവിൽ കയ്യേറിയിട്ടും നടപടിയില്ലാത്തത് എന്തുകൊണ്ടാണെന്ന അന്വേഷിച്ചപ്പോൾ റവന്യൂ വകുപ്പിൽ നിന്നും കായൽ തീരം സ്ഥിതി ചെയ്യുന്ന സ്ഥലം സർവ്വേ ചെയ്ത് നൽകിയിട്ടില്ലെന്നതാണ് വിശദീകരണം

കഠിനംകുളം കായൽ കയ്യേറ്റത്തിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് രംഗത്തെത്തിയവർക്ക് ഭൂ മാഫിയയുടേയും കൊട്ടേഷൻ സംഘങ്ങളുടേയും ഭീഷണിയും നേരിടേണ്ടവന്നു. ആദ്യം വിലയ്ക്കെടുക്കാനായി വിവിധ പ്രലോഭനങ്ങളുമായി രംഗതെത്തിയിട്ടും വഴങ്ങാതെ വന്നതോടെയാണ് ഭീഷണിയുടെ സ്വരത്തിലേക്ക് കടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP