Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടനിൽ വിസ കിട്ടാൻ ചാവക്കാട്ടുകാരൻ അഞ്ചുവയസ്സ് പ്രായക്കൂടുതലുള്ള യുവതിയെ കെട്ടി; മുങ്ങിയ ഭർത്താവിനെ തേടിപ്പിടിച്ച് യുവതി കേരളത്തിൽ എത്തിയപ്പോൾ ഇവിടെനിന്നും കടന്നു; പാക് ചാരയെന്നും വേശ്യയെന്നും മുദ്രകുത്തി ഭർതൃവീട്ടുകാരുടേയും അധിക്ഷേപം; വിവാഹമോചനവും ജീവനാംശവും നേടിയ മറിയത്തിന്റെ പോരാട്ട കഥ

ബ്രിട്ടനിൽ വിസ കിട്ടാൻ ചാവക്കാട്ടുകാരൻ അഞ്ചുവയസ്സ് പ്രായക്കൂടുതലുള്ള യുവതിയെ കെട്ടി; മുങ്ങിയ ഭർത്താവിനെ തേടിപ്പിടിച്ച് യുവതി കേരളത്തിൽ എത്തിയപ്പോൾ ഇവിടെനിന്നും കടന്നു; പാക് ചാരയെന്നും വേശ്യയെന്നും മുദ്രകുത്തി ഭർതൃവീട്ടുകാരുടേയും അധിക്ഷേപം; വിവാഹമോചനവും ജീവനാംശവും നേടിയ മറിയത്തിന്റെ പോരാട്ട കഥ

എം പി റാഫി

മലപ്പുറം : ലണ്ടനിൽ നിന്നും യുവതിയെ വിവാഹം കഴിച്ച് കേരളത്തിലേക്കു മുങ്ങിയ മലയാളി യുവാവിനെതിരെ മധുരപ്രതികാരം നടത്തി ബ്രിട്ടീഷ് യുവതി. പ്രണയിച്ച് വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ച ചാവക്കാട് അകലാട് ബദർപള്ളി സ്വദേശി നൗഷാദ് ഹുസൈനെതിരെ നിയമപോരാട്ടം നടത്തി ജീവനാംശം നേടിയെടുക്കുകയായിരുന്നു പാക് വംശജയും ബ്രിട്ടീഷുകാരിയായ മറിയം ഖാലിഖ്.

തന്നെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ച നൗഷാദിൽ നിന്ന് മറിയം ഖാലിഖ് എന്ന 34 കാരി വിവാഹ മോചനത്തിനും ജീവനാംശത്തിനും വേണ്ടി വലിയ നിയമ പോരാട്ടം തന്നെയാണ് നടത്തിയത്. പ്രവാസജീവിതത്തിനിടയിൽ പ്രണയിച്ചു വിവാഹം കഴിക്കുകയും പിന്നീട് മടങ്ങിവരാമെന്ന ഉറപ്പു നൽകി പ്രണയിനിയെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്ത നൗഷാദിനെ കണ്ടെത്താൻ മറിയം നടത്തിയ സാഹസികതയുടേയും ഏറ്റവും ഒടുവിൽ തിരിച്ചറിഞ്ഞ വഞ്ചനയുടേയും കഥയാണിത്.

വിവാഹം കഴിച്ചശേഷം വഞ്ചിച്ച് കടന്നുകളഞ്ഞ ചാവക്കാട് സ്വദേശി കുന്നുമ്പുറത്ത് നൗഷാദ് ഹുസൈനെത്തേടിയാണ് മറിയം ഖാലിഖ എത്തിയത്. ഒരുവർഷം അലഞ്ഞിട്ടും ബ്രിട്ടീഷ് പൗരത്വമുള്ള പാക് വംശജയ്ക്ക് ഭർത്താവിനെ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ഏറെ പരിശ്രമിച്ച് കണ്ടെത്തിയപ്പോഴാകട്ടെ ജീവൻ നൽകി സ്‌നേഹിച്ചവൻ മറ്റൊരാളുടേതാകാൻ തയ്യാറായി കഴിഞ്ഞു.

പഠനത്തിനായാണ് നൗഷാദ് ഹുസൈൻ യുകെയിൽ എത്തിയത്. 2011 ആഗസ്റ്റിൽ ഫേസ്‌ബുക്ക് വഴിയായിരുന്നു മറിയം ഖലിഖ് നൗഷാദിലേക്ക് എത്തിയത്. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി. ഇത് വിവാഹത്തിലേക്കും നീണ്ടു. 2013 ഏപ്രിലിൽ ഇവർ അവിടെവച്ചു തന്നെ വിവാഹിതരായി.

ഒരു വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം വീട്ടുകാരെ സമ്മതിപ്പിച്ച് നാട്ടിലേക്ക് കൊണ്ടുവരാനായി വരാമെന്ന് പറഞ്ഞ് നൗഷാദ് 2014 ഏപ്രിലിൽ നാട്ടിലേക്ക് മടങ്ങി.പിന്നീട് നൗഷാദിന്റെ ഒരു വിവരവും മറിയത്തിന് കിട്ടിയില്ല. വിളിച്ചാൽ ഫോണെടുക്കില്ല. സന്ദേശങ്ങൾക്ക് മറുപടിയില്ല. വാട്‌സ് ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങി സാമൂഹ്യസൈറ്റുകളിലും നൗഷാദിനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. പിന്നീട് സോഷ്യൽ മീഡിയകളിൽ മറിയം ഖലിഖയെ നൗഷാദ് ബ്ലോക്ക് ചെയ്തു.

ഇതോടെ മറിയം ചതിക്കുഴി മണത്തു തുടങ്ങി. പിന്നീടാണ് ഭർത്താവിനെ കണ്ടെത്താൻ മറിയം പ്രിയതമന്റെ നാട്ടിലേക്ക് വണ്ടികയറിയത്. ആദ്യമെത്തിയത് 2015ൽ. ഒട്ടേറെ ശ്രമങ്ങൾക്കും സുമനസ്സുകളായ മലയാളികളുടെ സഹകരണവും സഹായവും കൊണ്ട് ഒടുവിൽ മറഞ്ഞിരുന്ന പ്രിയതമനെ അവർ കണ്ടുപിടിക്കുക തന്നെ ചെയ്തു. പക്ഷേ കഠിനഹൃദയത്തോടെ അയാൾ തീരെ ദയയില്ലാതെ പെരുമാറിക്കളഞ്ഞതായി മറിയം പറയുന്നു. നൗഷാദ് ഹുസൈനെ കാണാനായി മറിയം ആദ്യമെത്തിയത് തൃശൂരിൽ ആയിരുന്നു.

എന്നാൽ നൗഷാദ് ഹുസൈൻ അപ്പോഴേക്കും അജ്മാനിലേക്ക് കടന്നിരുന്നു. പക്ഷേ, തന്റെ ശ്രമം ഉപേക്ഷിക്കാൻ മറിയം തയ്യാറായിരുന്നില്ല. അവൾ നൗഷാദിന്റെ വീട്ടുകാരെ ബന്ധപ്പെട്ടു. അവർ പരുഷമായി പെരുമാറി. അവർ തന്നെ വേശ്യയെന്ന് വിളിച്ചുവെന്നും വളരെ മോശമായി അധിക്ഷേപിച്ചുവെന്നും മറിയം പറയുന്നു. കേണപേക്ഷിച്ചിട്ടും സംസാരിക്കാൻ ബന്ധുക്കൾ തയ്യാറായില്ലെന്നും മറിയം ഖാലിഖ് പറയുന്നു. പിന്നീട് ചില സ്ത്രീപക്ഷ സംഘടനകളുടെ സഹായത്തോടെ മറിയം മറഞ്ഞിരുന്ന നൗഷാദിനെ കണ്ടുപിടിക്കുക തന്നെ ചെയ്തു.

നൗഷാദ് തന്നെ കണ്ടാൽ എല്ലാം ശരിയാകും എന്നായിരുന്നു മറിയത്തിന്റെ പ്രതീക്ഷ. എന്നാൽ സംഭവിച്ചത് മറ്റൊന്ന്. സമ്മർദ്ദം ഏറിയപ്പോൾ മറിയവുമായി സംസാരിക്കാൻ നൗഷാദ് തയ്യാറായി. പക്ഷേ നൗഷാദിന്റെ മറുപടികേട്ട മറിയം ബോധം കെട്ടുവീണു. റസ്റ്റോറന്റുകളിൽ ഒരുമിച്ച് കണ്ടു എന്നതിനപ്പുറത്ത് മറിയം തനിക്കൊരു സുഹൃത്ത് പോലുമല്ലെന്നായിരുന്നു അയാളുടെ പ്രതികരണമെന്ന് മറിയം പറയുന്നു. വിവാഹക്കാര്യം ആദ്യം സമ്മതിക്കാതിരുന്ന നൗഷാദ് പിന്നീട് സമ്മതിച്ചു. ബ്രിട്ടനിൽ സ്ഥിരംവിസ കിട്ടാനാണ് മറിയത്തെ വിവാഹം കഴിച്ചതെന്നായിരുന്നു വാദം.

മറിയത്തേക്കാൾ അഞ്ച് വയസിന് ഇളയതായതിനാൽ മറിയത്തോടൊപ്പം ജീവിക്കാൻ കഴിയില്ലെന്നും അറിയിച്ചു. ബ്രിട്ടനിലേക്ക് തിരിച്ചുപോയ മറിയം പിന്നീട് എത്തിയത് കോടതിവിധിയും കൊണ്ടായിരുന്നു ബ്രിട്ടനിൽ വച്ച് നടത്തിയ വിവാഹം നിയമപരമായി നിലനിൽക്കുന്നതാണെന്ന മറിയത്തിന്റെ വാദം കുന്നംകുളം മജിസ്്‌ട്രേറ്റ് കോടതി അംഗീകരിച്ചു. നൗഷാദിന്റെ കുടുംബത്തിനൊപ്പം ജീവിക്കാൻ മറിയത്തിന് അവകാശമുണ്ടെന്നും കോടതി വിധിച്ചു.

മറിയത്തിന് സംരക്ഷണ ഉത്തരവ് നൽകാൻ ചാവക്കാട് പൊലീസിന് കോടതി നിർദ്ദേശവും നൽകി. കോടതി ഉത്തരവുമായി ഒക്ടോബർ 16ന് എത്തിയെങ്കിലും വീട്ടിനുള്ളിൽ കയറാൻ നൗഷാദിന്റെ വീട്ടുകാർ മറിയത്തെ അനുവദിച്ചില്ല. തുടർന്ന് നൗഷാദിന്റെ വീടിന് മുന്നിൽ മറിയം കുത്തിയിരുപ്പ് സമരം തുടങ്ങി. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് മറിയം നടത്തുന്നതെന്ന രൂപത്തിൽ വാട്‌സ് ആപ്പിൽ സന്ദേശങ്ങൾ പ്രചരിച്ചു തുടങ്ങി.

മറിയത്തെ മോശമായി ചിത്രീകരിക്കുന്നത് കൂടിയായിരുന്നു സന്ദേശങ്ങൾ. പാക് വംശജയായതിനാൽ പാക്കിസ്ഥാൻ ചാരയാണ് മറിയം എന്നുവരെ പ്രചരണം നടത്തി. ഇതിനിടയിൽ ആലപ്പുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച നൗഷാദ് അജ്മാനിൽ സ്ഥിരതാമസമാക്കി. ഇതിനിടയിൽ പ്രശ്‌നം ഒത്തുതീർക്കാനും ലണ്ടനിലേക്ക് മടങ്ങാനും എട്ട് ലക്ഷം രൂപ നൽകാമെന്ന് നൗഷാദിന്റെ വീട്ടുകാർ വാഗ്ദാനം നൽകി.

എന്നാൽ നഷ്ടപരിഹാരം താൻ കാര്യമാക്കുന്നില്ലെന്നാണ് മറിയം പറയുന്നത്. മടങ്ങിപ്പോയ ശേഷം ആറ് മാസത്തിനുള്ളിൽ തിരിച്ചുവരും. നിയമയുദ്ധം തുടരും. നൗഷാദ് ഹുസൈനിൽനിന്ന് തനിക്ക് നേരിട്ട വഞ്ചന ഇനിയൊരു സ്ത്രീയ്ക്കും വരരുതെന്നും മറിയം ഖാലിഖ് പറയുന്നു. നൗഷാദ് ദുബൈയിൽ നേരത്തെ ഉപയോഗിച്ചിരുന്ന ഫോൺ പിൻതുടർന്നാണ് ഇവർ കേരളത്തിൽ അന്വേഷിച്ചെത്തിയത്. ഈ ഫോൺ നമ്പർ ഉപയോഗിച്ചാണ് നൗഷാദിന്റെ വീടും മാതാപിതാക്കളെയും കണ്ടെത്തിയത്. നൗഷാദിന്റെ സ്‌നേഹം കാപട്യമാണെന്ന് മറിയം ഇപ്പോഴും വിശ്വസിക്കുന്നില്ല. ആർക്കൊക്കെയോ വേണ്ടി നൗഷാദ് തന്നെ സ്വയം മറക്കുകയായിരുന്നെന്നാണ് ഇവർ പറയുന്നത്.

ഒരു സ്ത്രീക്കും ഈ ഒരു ഗതിവരരുതെന്നും സത്രീ വഞ്ചിക്കപ്പെടാനുള്ളവളല്ലെന്ന് ബോധ്യപ്പെടുത്തുകയുമായിരുന്നു മറിയം. നൗഷാദിനെതിരെയുള്ള നിയമ പോരാട്ടും തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ നിയമത്തിന്റെ സഹായത്തിൽ തന്നെ മറിയം നൗഷാദിൽ നിന്നും വിവാഹ മോചനം തേടി. ലണ്ടനിലെ കോടതിയിൽ നിന്നും വിവാഹബന്ധം വേർപ്പെടുത്തിയെന്ന കരാറുമായി കേരളത്തിൽ എത്തിയ മറിയം ജീവാംശവും വാങ്ങിയെടുത്തു. യു.കെയിലെ ജീവിതരീതിക്ക് അനുപാതമായ തരത്തിൽ ഒറ്റത്തവണ ജീവനാംശം നൽകണമെന്ന മറിയത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP