Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിയുടെ മരുമകന്റെ ക്ലൗഡ് 9ഉം മൂന്നാർ വുഡ്‌സും നൽകിയ ഫോട്ടോസ്റ്റാറ്റ് പരിശോധിച്ചുള്ള വിധി അംഗീകരിക്കില്ല; ഏലഭൂമിയെ റിസോർട്ടാക്കിയത് എങ്ങനെയെന്ന സുപ്രീം കോടതിയുടെ ചോദ്യം പ്രസക്തം; മൂന്നാറിലെ 'പൂച്ചകളെ' പുലിക്കുട്ടികളാകുമെന്ന പ്രതീക്ഷ സജീവം; വി എസിന്റെ ജെസിബി വിപ്ലവത്തെ സുപ്രീം കോടതി വിജയത്തിലെത്തിക്കുമോ?

മാണിയുടെ മരുമകന്റെ ക്ലൗഡ് 9ഉം മൂന്നാർ വുഡ്‌സും നൽകിയ ഫോട്ടോസ്റ്റാറ്റ് പരിശോധിച്ചുള്ള വിധി അംഗീകരിക്കില്ല; ഏലഭൂമിയെ റിസോർട്ടാക്കിയത് എങ്ങനെയെന്ന സുപ്രീം കോടതിയുടെ ചോദ്യം പ്രസക്തം; മൂന്നാറിലെ 'പൂച്ചകളെ' പുലിക്കുട്ടികളാകുമെന്ന പ്രതീക്ഷ സജീവം; വി എസിന്റെ ജെസിബി വിപ്ലവത്തെ സുപ്രീം കോടതി വിജയത്തിലെത്തിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മൂന്നാർ കൈയേറ്റത്തിൽ വീണ്ടും ശുഭപ്രതീക്ഷയാവുകയാണ് റിസോർട്ടുകളെ പ്രതിരോധത്തിലാക്കുന്ന സുപ്രീം കോടതി പരാമർശം. കൃഷിക്കായി നൽകിയ ഭൂമിയിൽ എങ്ങനെയാണ് റിസോർട്ട് പണിതതെന്ന് കോടതി ചോദിച്ചു. വമ്പന്മാർക്ക് വേണ്ടി ഹൈക്കോടതിയിൽ നടന്ന ഒത്തുകളി സുപ്രീം കോടതി പൊളിക്കുമെന്ന ധാരണയാണ് ഇതോടെ ഉയരുന്നത്. വി എസ് അച്യുതാനന്ദന്റെ കാലത്ത് മൂന്നാറിൽ നടന്ന 'പൂച്ചകളുടെ' ഓപ്പറേഷൻ ഫലം കാണുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. വലത് സർക്കാരിന്റെ കാലത്താണ് ഹൈക്കോടതിയിൽ നിന്ന് റിസോർട്ടുകൾക്ക് അനുകൂല വിധിയുണ്ടാകുന്നത്. ഇപ്പോൾ ഇടത് സർക്കാർ. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിൽ നിന്നുണ്ടാകുന്ന വിധി മൂന്നാറിന്റെ സൗന്ദര്യവും പ്രകൃതിയും വീണ്ടെടുക്കാൻ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.

വിഷയത്തിൽ സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഏലം കൃഷിക്കായാണ് ഭൂമി വിട്ടുനൽകിയതെന്നും അവിടെ റിസോർട്ട് ഉണ്ടായത് എങ്ങനെയാണെന്നും കോടതി ആരാഞ്ഞു. ഉടമസ്ഥാവകാശത്തിന്റെ ഒരു ഫോട്ടോ കോപ്പി മാത്രം പരിഗണിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പരിശോധിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഇവിടെയാണ് പ്രതീക്ഷകൾ ഏറുന്നത്. മൂന്നാർ വുഡ്‌സ്, ക്ലൗഡ് 9 എന്നീ റിസോർട്ടുകൾക്ക് എതിരെയാണ് കോടതി പരാമർശം. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. ഇതിൽ ക്ലൗഡ 9ന്റെ ഉടമ കെഎം മാണിയുടെ മരുമകനാണ്. കെ എസ് ഇ ബിയിൽ ചീഫ് എഞ്ചിനിയറായിരുന്ന കെ രാധാകൃഷ്ണന്റേതാണ് മൂന്നാർ വുഡ്സ്. ചില രാഷ്ട്രീയ നേതാക്കൾക്ക് ഇതുമായി ബന്ധമുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനാലാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായതെന്നായിരുന്നു വിമർശനം. ഇതിന് ബലമേകുന്നതാണ് ഇന്നത്തെ സുപ്രീംകോടതി നിരീക്ഷണം.

മൂന്നാർ വുഡ്സ്, കൗഡ് 9 തുടങ്ങിയ റിസോർട്ടുകൾക്ക് ഉടമസ്ഥാവകാശം പതിച്ചു നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീലിലാണ് സുപീംകോടതിയുടെ നിരീക്ഷണം. ഉടമസ്ഥാവകാശത്തിന്റെ ഫോട്ടോകോപ്പി നോക്കിയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സംസ്ഥാനസർക്കാരിന്റെ വാദം. ഇങ്ങനെയാണ് കോടതിവിധിയെങ്കിൽ അത് പുനഃപരിശോധിക്കേണ്ടി വരുമെന്ന് സൂപ്രിംകോടതി വ്യക്തമാക്കി. അനുവദിച്ച ആവശ്യങ്ങൾക്കല്ല റിസോർട്ട് ഉടമകൾ ഭൂമി ഉപയോഗിക്കുന്നത്. ഏല കൃഷിക്കാണ് ഭൂമി നൽകിയത്. ഇവിടെ എങ്ങനെ റിസോർട്ട് നിർമ്മിക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു. തുടർന്നാണ് സംസ്ഥാനസർക്കാരിന്റെ അപ്പീലിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചത്. മൂന്നാർ ദൗത്യവുമായി ബന്ധപ്പെട്ടാണ് റിസോർട്ടുകൾക്കെതിരെ സംസ്ഥാനസർക്കാർ നടപടി എടുത്തത്. ഇതിനെ ചോദ്യം ചെയ്ത് റിസോർട്ടുടമകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മൂന്നാറിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ രാംകുമാറിനും റിസോർട്ടുണ്ട്. ധന്യശ്രീയെന്നാണ് ഈ റിസോർട്ടിന്റെ പേര്. രവീന്ദ്രൻ പട്ടയം വഴി രാംകുമാറിന് മറ്റൊരാൾ വിറ്റതായിരുന്നു ഈ റിസോർട്ട്. ഈ റിസോർട്ടിനെ ലക്ഷ്യമിട്ട് മൂന്നാർ ദൗത്യ സേന എത്തിയപ്പോഴായിരുന്നു എല്ലാം ദൗത്യവും കോടതി ഇടപെടലിലൂടെ അവസാനിച്ചത്. പിന്നീട് ഹൈക്കോടതി എല്ലാം റിസോർട്ട് മാഫിയയ്ക്ക് അനുകൂലമാകുന്ന തരത്തിൽ വിധിക്കുകയും ചെയ്തു. ലാൻഡ് അസൈന്മെന്റ് റൂൾ നിലവിൽ വന്നതിനുശേഷം മൂന്നാറിലെ തിരുവിതാംകൂർ ഏലപ്പാട്ട കരാറിന് നിയമസാധുത ഇല്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി റിസോർട്ട് ഉടമകൾക്ക് വേണ്ടി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഈ നിരീക്ഷണം തന്നെയാണ് നേരത്തെ സിംഗിൾ ബഞ്ച് നടത്തിയതും.

പട്ടയം റദ്ദാക്കാൻ കളക്ടർക്ക് അധികാരമില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് കൂട്ടിച്ചേർത്തിരുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന മഞ്ജുള ചെല്ലൂരിനെ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി നിയമിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ട്രാൻസ്ഫർ ഉത്തരവ് രാഷ്ട്രപതിയുടെ ആംഗീകാരം നേടി മഞ്ജുള ചെല്ലൂർ കൈപ്പറ്റിയിരുന്നു. ചീഫ് ജസ്റ്റീസിന് ഫുൾകോർട്ട് റഫറൻസ് നൽകാനും തീരുമാനിച്ചു. ഇതുപോലെ ട്രാൻസ്ഫർ കിട്ടിയ ജസ്റ്റീസ് കെ. എം ജോസഫ് ഉത്തരവ് കിട്ടിയ പിറ്റേദിവസം തന്നെ സിറ്റിങ് അവസാനിപ്പിച്ചിരുന്നു. എന്നാൽ മഞ്ജുള ചെല്ലൂർ ചെയ്ത് മറ്റൊന്നായിരുന്നു. മുന്നാർ കേസിൽ അനുകൂല വിധി വിധിച്ച ശേഷമാണ് സ്ഥാനം ഒഴിഞ്ഞത്. ഇതിന് പിന്നിൽ ഒത്തുകളി ആരോപിച്ചവരാണ് സുപ്രീംകോടതി വിധിയിൽ സന്തോഷിക്കുന്നത്.

പിടിച്ചെടുത്ത ഭൂമി വിട്ടുകൊടുക്കാനും ഇടിച്ചു നിരത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്കു നഷ്ടപരിഹാരം നൽകാനുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഭൂമി പിടിച്ചെടുക്കാൻ മുൻ സർക്കാർ രൂപീകരിച്ച ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമായിരുന്നു. ഭൂമി പിടിച്ചെടുക്കാൻ തിടുക്കംകാട്ടിയ സർക്കാർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലുരും ജസ്റ്റിസ് എ.എം. ഷഫീഖുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മൂന്നാറിലെ പള്ളിവാസൽ വില്ലെജിൽ സ്ഥിതിചെയ്യുന്ന മൂന്നാർ വുഡ്സ്, ചിന്നക്കനാലിലെ ക്ലൗഡ്-9, ആനവിരട്ടി വില്ലേജിലെ അബാദ് റിസോർട്സ് എന്നിവയുടെ ഉടമകൾ നൽകിയ അപ്പീലുകൾ അനുവദിച്ചാണ് കോടതി ഉത്തരവ്. ഏറ്റെടുത്ത ഭൂമി ഒരുമാസത്തിനകം വിട്ടുകൊടുക്കണമെന്നു നിർദേശിച്ച കോടതി മൂന്നാർ വുഡ്സിന് 15,000 രൂപയും ക്ലൗഡ്-9ന് 10 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ഈ കോടതി ഉത്തരവോടെ മൂന്നാർ ദൗത്യത്തിന്റെ പ്രസക്തിയും ഇല്ലാതെയാി.

റിസോർട്ടുകൾ ഏറ്റെടുത്ത് പൊളിക്കുന്നതിൽ സംഘം അനാവശ്യതിടുക്കം കാട്ടി. ഇത്തരം പ്രവർത്തനങ്ങളിൽ ഹർജിക്കാർക്ക് നോട്ടീസ് അയക്കുകയോ അവരുടെ വാദം കേൾക്കുകയോ ചെയ്തില്ല. 1935-ലെ കുത്തക ഏലപ്പാട്ട നിയമം കാലഹരണപ്പെട്ടെന്നും അതിനാൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ തടസമില്ലെന്നും കോടതി നിരീക്ഷിച്ചു. വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയമിച്ചത്. സുരേഷ്‌കുമാർ, രാജു നാരായണ സാമി, ഋഷിരാജ് സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം നിരവധി കൈയേറ്റഭൂമികൾ പിടിച്ചെടുക്കുകയും അതിലുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കുകയും ചെയ്തിരുന്നു.

മൂന്നാറിലെ പള്ളിവാസലിൽ മൂന്നാർ വുഡ്സിന്റെ ഉടമസ്ഥതയിലുള്ള 2.84 ഏക്കർ ഭൂമിയിലുള്ള റിസോർട്ടാണ് ജില്ലാകലക്റ്ററുടെ ഉത്തരവുപ്രകാരം ദൗത്യസംഘം പൊളിച്ചത്. കലക്റ്റർ നോട്ടീസിട്ടെങ്കിലും അതിനുള്ള മറുപടി നൽകുന്നതിനുമുമ്പായി സ്ഥലം കൈയേറി കെട്ടിടം പൊളിച്ചു. ചിന്നക്കനാലിലുള്ള ക്ലൗഡ് 9ന്റെ മൂന്നര ഏക്കർ സ്ഥലവും കെട്ടിടവും ദൗത്യസംഘം ഏറ്റെടുത്ത് പൊളിച്ചു. കുത്തക ഏലപ്പാട്ടനിയമം കാലഹരണപ്പെട്ടതിനാൽ അതിലെ വ്യവസ്ഥകൾപ്രകാരം ഏറ്റെുടക്കലിന് നിയമസാധ്യതയില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ദൗത്യസംഘത്തിന്റെ അനാവശ്യമായ ധൃതിമൂലം നടപടിക്രമങ്ങൾപോലും പാലിക്കാൻ സർക്കാർ കൂട്ടാക്കിയില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഹർജിക്കാരുടെ വാദം കേട്ട കോടതി പട്ടയം റദ്ദാക്കാനും ഭൂമി ഒഴിവാക്കിക്കിട്ടാനും മുൻകൂർ നോട്ടീസ് നൽകേണ്ടിയിരുന്നുവെന്ന് നിരീക്ഷിച്ചു.

ഇതോടെ 2007 മെയ് 13. മൂന്നാറിൽ ജെസിബിയെ എത്തിച്ച വിഎസിന്റെ തീരുമാനത്തിനും ഫലമില്ലാതെയായി. ജൂൺ ഏഴ് വരെ ജെസിബി തച്ചുടച്ചത് 90 കെട്ടിടങ്ങൾ. മൂന്നാറിന്റെ മണ്ണ് കൈപ്പിടിയിലൊതുക്കി കെട്ടിപ്പൊക്കിയ അനധികൃത റിസോർട്ടുകളെ ഇടിച്ചു നിരത്തി വി എസ് അച്യുതാനന്ദൻ കൈയേറ്റമൊഴിപ്പിക്കലിന്റെ പുതിയൊരു പാത വെട്ടിയൊരുക്കുകയായിരുന്നു. പൊളിച്ചുമാറ്റലിന്റെ തൽസമയ കാഴ്ചകൾ ചാനലുകൾ കാട്ടിയത് ആവേശമുയർത്തി. വി എസ് കൂടുതൽ ജനകീയനായി. അനധികൃത കെട്ടിട്ടങ്ങൾ പിടിച്ചെടുക്കുക മാത്രമല്ല, 17,500 ഏക്കർ ഭൂമി കൈയേറ്റക്കാരിൽ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്തു വി എസ് നിയോഗിച്ച മൂന്നാർ ദൗത്യസേന. മൂന്നാർ മേഖലയിലെ തന്നെ പത്തോളം റിസോർട്ടുകൾ, പെരിയകനാലിലെ ക്ലൗഡ് നയൻ, ലക്ഷ്മിയിലെ അബാദ്, രണ്ടാം മൈലിലെ മൂന്നാർ വുഡ്‌സ് എന്നിവ പൊളിഞ്ഞു വീണു. ഈ ഘട്ടത്തിലൊക്കെ പാർട്ടിയും വി എസ്സിനെ പിന്തുണച്ചു.

എന്നാൽ അന്തരീക്ഷം മാറിയത് പെട്ടെന്നായിരുന്നു. മൂന്നാറിലെ സിപിഐയുടെ പാർട്ടി ഓഫിസിനെ തൊട്ടപ്പോൾ മുതൽ. അതുവരെ കൂടെയുണ്ടായിരുന്ന റവന്യൂ മന്ത്രി കെ പി രാജേന്ദ്രൻ അടക്കം കലാപമുയർത്തി. അതു പിന്നെ പലരും ഏറ്റെടുത്തു. സ്വന്തം പാർട്ടിയും വി എസ്സിനു എതിരായി. അതിവിശ്വസ്തനായ എംഎം മണി പിണറായി പക്ഷത്തേക്ക് കൂടുമാറി. സിപിഐ(എം) വിഭാഗീയതയിൽ വി എസ് ഒറ്റയ്ക്കാകുന്നതും ഇവിടെ മുതലാണ്. അതിനൊപ്പം പെരിയകനാലിലെ ക്ലൗഡ് നയൻ, അബാദ്, മൂന്നാർ വുഡ്‌സ് എന്നീ റിസോർട്ടുകൾ തങ്ങളുടെ ഭൂമിയേറ്റെടുത്ത ദൗത്യസംഘത്തിന്റെ നപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ അടങ്ങിയ ഡിവിഷൻ ബഞ്ച് വിധി പറഞ്ഞിരിക്കുന്നത് റിസോർട്ട് ഉടമകൾക്ക് അനുകൂലമായി അയിരുന്നു. ഇത് വിഎസിന് കൂടുതൽ ക്ഷീണമായി. ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ചു നൽകാനാണ് കോടതി ഉത്തരവ്. കൂടാതെ ക്ലൗഡ് നയൻ റിസോർട്ട് പൊളിച്ചതിന് താൽക്കാലിക നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകുകയും വേണം. സിംഗിൾ ബഞ്ച് ഉത്തരവ് ശരിവച്ചുകൊണ്ട് ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാണിച്ചത് മൂന്നാറിൽ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നാണ്.

അമ്പതിനായിരം ഏക്കർ ഭൂമി മൂന്നാറിൽ ടാറ്റ കൈയേറി എന്ന പരാതിയിലാണ് മൂന്നാർ ഓപ്പറേഷൻ ആരംഭിക്കുന്നത്. എന്നാൽ ആദ്യ ദിനം ഡോക്യുമെന്റുകൾ പരിശോധിച്ചതിൽ നിന്ന് ദൗത്യസംഘം മനസില്ലാക്കിയിരുന്നു ഇത്രവലിയൊരു കൈയേറ്റം ടാറ്റ നടത്തിയിട്ടില്ലെന്ന്. ആകെയുള്ള 1,23,000 ഏക്കർ ഭൂമിയിൽ 75,000 ഏക്കർ ഭൂമി സർക്കാരിന്റെ കൈവശമാണ്. രണ്ട് നാഷണൽ പാർക്കുകൾ പ്രഖ്യാപിക്കുകയും ബാക്കി ഭൂമി സർക്കാർ തന്നെ കസ്റ്റഡിയിൽ വച്ചിരിക്കുകയുമാണ്. 53,000 ഏക്കർ ടാറ്റ കൃഷിക്ക് ഉപയോഗിക്കുകയാണ്. പിന്നെയും ടാറ്റ 50,000 ഏക്കർ കൈയേറിയെന്ന് പറയുമ്പോൾ അത് അരിത്തമാറ്റിക്കൽ ബ്ലണ്ടർ ആണ്. എന്നാൽ മൂന്നാറിൽ വ്യാപകമായ കൈയേറ്റം നടക്കുന്നുണ്ടെന്നത് ദൗത്യസംഘത്തിന് സ്പഷ്ടമായിരുന്നു. അനധികൃതമായി നിരവധി നിർമ്മാണ പ്രവർത്തികൾ കൃഷിഭൂമിയുടെ മറവിൽ നടക്കുന്നുവെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൂന്നാർ ഓപ്പറേഷൻ ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP