Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതിഭയുടെ വിമർശനം ഗൗരവമായി എടുത്ത് സിപിഐ(എം) നേതൃത്വം; സുധാകരനെതിരായ പരാതികൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു; കായംകുളം എൽഎഎയ്ക്ക് ഉറച്ച പിന്തുണ നൽകി മന്ത്രി തോമസ് ഐസക്കും; സുധാകരന്റെ പരസ്യ അവഹേളനത്തിൽ മനംനൊന്ത് പാർട്ടി വിട്ട ഉഷയുടെ അനുഭവം ആർത്തിക്കാതിരിക്കാൻ ത്വരിത നടപടി വരുന്നു

പ്രതിഭയുടെ വിമർശനം ഗൗരവമായി എടുത്ത് സിപിഐ(എം) നേതൃത്വം; സുധാകരനെതിരായ പരാതികൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു; കായംകുളം എൽഎഎയ്ക്ക് ഉറച്ച പിന്തുണ നൽകി മന്ത്രി തോമസ് ഐസക്കും; സുധാകരന്റെ പരസ്യ അവഹേളനത്തിൽ മനംനൊന്ത് പാർട്ടി വിട്ട ഉഷയുടെ അനുഭവം ആർത്തിക്കാതിരിക്കാൻ ത്വരിത നടപടി വരുന്നു

ആലപ്പുഴ : നേതാക്കന്മാർ പരസ്പരം പഴിചാരുന്ന ഏർപ്പാട് നിർത്താൻ സി പി എം ജില്ലാ കമ്മിറ്റിയിൽ കർശന നിർദ്ദേശം. ജില്ലയിൽ വനിതാ എം എൽ എ പ്രതിഭാ ഹരിയും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതാണു പാർട്ടിയെ അടിയന്തര തീരുമാനത്തിന് പ്രേരിപ്പിച്ചത്. ദിനംതോറും പ്രതിഭാ ഹരി വാർത്തകൾ ഇടംപിടിക്കുന്നത് പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്.

സംസ്ഥാന - ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലാണ് പാർട്ടി യോഗം ചേർന്നത്. പണം വാങ്ങി റൂട്ട് മാറ്റിപ്പിടിക്കാൻ തന്നെ ചില നേതാക്കൾ പ്രേരിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മണ്ഡലത്തിൽ നടന്ന പരിപാടിയിൽ പ്രതിഭ തുറന്നടിച്ചിരുന്നു. നേതാക്കന്മാർ ആഡംബര പ്രിയരാകുന്നതും മുന്തിയ വാഹനത്തിൽ കയറുന്നതിന്റെ പൊരുളും പൊതുവേദിയിൽ പ്രതിഭ തുറന്നടിച്ചത് പാർട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്ന വാർത്ത സി പി എം നേതൃത്വത്തെ ഇതോടെ വെട്ടിലാക്കി. പ്രതിഭ- സുധാകരൻ വിഷയം ഒത്തുതീർപ്പാക്കാൻ വേണ്ടി മാത്രം വിളിച്ച യോഗമായിരുന്നു ഇന്നലത്തെത്. അതുകൊണ്ടു തന്നെ പ്രതിഭയുമായുള്ള പ്രശ്‌നം പ്രദേശിക തലത്തിൽ തീർക്കാതെ സംസ്ഥാന നേതൃത്വത്തിലുള്ള ആരുടെയെങ്കിലും സാന്നിധ്യത്തിൽ ചർച്ച ചെയ്യാനാണ് തീരുമാനം.

അധികാരം ലഭിച്ചശേഷം പ്രശ്‌നങ്ങൾ തലപൊക്കി തുടങ്ങിയ ആദ്യ ജില്ലയാണ് ആലപ്പുഴ. അണികളെയും നേതാക്കളെയും തന്റെ പരിധിക്കുള്ളിൽ നിർത്താനുള്ള ജി. സുധാകരന്റെ പിടിവാശിയാണ് പ്രശ്‌നങ്ങൾ വഷളാക്കിയത്. ഒപ്പം നിന്നില്ലെങ്കിൽ ആരെയും തെറിവിളിക്കുന്ന സുധാകരന്റെ പതിവുശൈലിയാണ് ഇക്കുറിയും വിനയായത്. നേരത്തെ തന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന വനിതാ നേതാവ് ഉഷ സാലിയെ പരസ്യമായി പൊതുവേദിയിൽ അപമാനിച്ചിരുന്നു. ഇതിനെതിരെ ഉഷ വനിതാ കമ്മീഷനെ സമീപിച്ച് പരാതിയും അമ്പലപ്പുഴ പൊലീസിനെ കൊണ്ട് കേസും എടുപ്പിച്ചിട്ടുണ്. സുധാകരന്റെ കോപത്തിനിരയായ ഉഷ ഇപ്പോൾ പാർട്ടിവിട്ട് സിപിഐയിൽ ചേർന്നു പ്രവർത്തിക്കുകയാണ്. അതുപോലെതന്നെയാണ് പ്രതിഭയെ ലക്ഷ്യമിട്ട് വനിതാ എം എൽ എ പുരുഷ സുഹൃത്തുമായി ചുറ്റിയടിക്കുന്നുവെന്ന തലക്കെട്ടിൽ പത്രങ്ങളിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്.

ഇതിനു പിന്നിൽ സുധാകരനാണെന്നാണ് പ്രതിഭ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഭയും സുധാകരനും നേർക്കുനേർ കൊമ്പുകോർത്തത്. സൂരി നമ്പൂതിരി പ്രയോഗവും പ്രോട്ടോക്കോൾ തരംതാഴ്‌ത്തലും പുരുഷ - വനിതാ നേതാക്കളുടെ പോരിൽനിന്നും ഉരുത്തിരിഞ്ഞ സംഭവങ്ങളാണ്. ഇത് തെരുവിലെത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ സി പി എമ്മിലെ ഗ്രൂപ്പൂകൾ തന്നെ രംഗത്തെത്തി. പ്രതിഭയെ തുണച്ചു കൊണ്ട് വി എസ് - ഐസക്ക് വിഭാഗം രംഗത്തെത്തിയതോടെ കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു. സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ സജീവമായിട്ടുള്ള ഐസക്കും പ്രതിഭയും കാര്യങ്ങൾ കൂടുതൽ കടുപ്പിച്ചു. സുധാകരനെതിരെ പ്രതിഭ വാർത്ത പ്രചരിപ്പിച്ചതും ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടാണ്.

ഗ്രൂപ്പിന് ശക്തി പകർന്ന് ഒരാളെ കൂടെ കിട്ടിയതോടെ ഐസക്ക് പ്രതിഭയ്ക്ക് പരിപൂർണ പിന്തുണയാണ് നൽകുന്നത്. മുക്കിനും മൂലയിലും ഫ്‌ളക്‌സ് ബോർഡുകൾ നിറച്ച് ഉദ്ഘാടനം കൊണ്ടാടുന്ന മന്ത്രി ഐസക്ക് കഴിഞ്ഞദിവസം സി പി എമ്മിന്റെ ഏറ്റവും വലിയ ജീവകാരുണ്യ വേദിയായ പാലിയേറ്റിവിന്റെ ഉദ്ഘാടനം ഒഴിഞ്ഞു കൊടുത്താണ് മണ്ണഞ്ചേരിയിൽ പ്രതിഭയക്ക് അവസരം ഒരുക്കിയത്. വേദികളിൽനിന്നും വേദികളിലേക്ക് പ്രചരണം ശക്തമാക്കാൻ പ്രതിഭ തന്നെയാണ് യോഗ്യ എന്ന തിരിച്ചറിവിലാണ് തോമസ് ഐസക് പ്രതിഭയെ മുൻനിർത്തി കളിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇത് മനസിലാക്കിയ നേതൃത്വമാണ് പ്രതിഭ- സുധാകരൻ പ്രശ്‌നം എത്രയും പെട്ടെന്ന് ഒത്തുതീർപ്പാക്കാൻ അടിയന്തര യോഗം വിളിക്കാൻ തീരുമാനമെടുത്തത്. സംസ്ഥാന നേതൃത്വം അതീവ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ഇക്കാര്യത്തിൽ ഉടൻ തിരുത്തൽ നടപടിയും വരും.

മന്ത്രി ജി സുധാകരൻ വിചാരിക്കും പോലെയാണ് ആലപ്പുഴ സിപിഎമ്മിലെ കാര്യങ്ങൾ നീങ്ങുന്നത്. പിണറായി വിജയൻ പങ്കെടുത്ത വേദിയിൽ പോലും പ്രതിഭാ ഹരിക്ക് അവഗണന നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിൽ എങ്കിലും എല്ലാം നേരയാകുമെന്ന് കരുതി. എന്നാൽ അവഗണന കൂടുകയാണ്. കായംകുളത്തെ പ്രവർത്തനങ്ങൾക്ക് പാർട്ടി അണികളുടെ സഹായമോ സേവനമോ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ പൊതു പ്രവർത്തകയെന്ന ഇടപെടൽ നടക്കുന്നുമില്ല. ഇങ്ങനെ തുടരുന്നതിൽ എന്താണ് അർത്ഥമെന്നാണ് പ്രതിഭാ ഹരിയുടെ ചോദ്യം. രാഷ്ട്രീയം നിർത്തുന്നതിനെ കുറിച്ചു പോലും പ്രതിഭാ ഹരി ആലോചിക്കുന്നുണ്ടെന്ന് വാർത്തകളെത്തി. ഇതോടെയാണ് വിഷയത്തിൽ സിപിഐ(എം) സംസ്ഥാന നേതൃത്വം ഇടപെടൽ സജീവമാമാക്കിയത്.

ഇതേവരെയും പ്രതിഭയ്ക്ക് പ്രവർത്തിക്കേണ്ട ഘടകം സിപിഐ(എം) നിശ്ചയിച്ചിട്ടില്ല. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായ പ്രതിഭാ ഹരി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ായിരുന്നു. 2005ൽ തകഴി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ തുടങ്ങിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. നിയമപഠനം കഴിഞ്ഞ് അമ്പലപ്പുഴ കോടതിയിൽ അഭിഭാഷകവൃത്തി തുടങ്ങിയ കാലം. രാഷ്ട്രീയത്തിൽ ഒരു പരിചയവുമില്ലാത്ത പ്രതിഭ സിപിഐ(എം) കാരനായ അച്ഛന്റെ നിർബന്ധത്തിൽ സ്ഥാനാർത്ഥിയാവുകയായിരുന്നെന്നു. 2005ൽ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 2010 ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നി അങ്കം ജയിച്ചു.

വനിതാ സംവരണമായപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. കഴിഞ്ഞ അഞ്ച് വർഷം ജില്ലയിൽ നിറഞ്ഞു നിന്ന പ്രവർത്തനം. ഇത് തിരിച്ചറിഞ്ഞാണ് കായംകുളത്തേക്ക് പ്രതിഭയെ നിയോഗിക്കുന്നത്. വി എസ് പക്ഷത്തെ സികെ സദാശിവനായിരുന്നു കായംകുളത്തെ സിറ്റിങ് എംഎൽഎ. സദാശിവനോട് താൽപ്പര്യമില്ലാത്ത സുധാകരനാണ് തന്ത്രപൂർവ്വം കായംകുളത്ത് പ്രതിഭാ ഹരിയെ സ്ഥാനാർത്ഥിയാക്കിയത്. കോൺഗ്രസ് നേതാവ് എം ലിജുവിനെ വാശിയേറിയ പോരാട്ടത്തിൽ പ്രതിഭാ ഹരി തോൽപ്പിച്ചു. ഇതോടെ പ്രതിഭ താരമായി. ഇത് സുധാകരന് പിടിച്ചില്ല. തുടർന്നുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങളും സുധാകരനുമായി പ്രതിഭാ ഹരിയെ പൂർണ്ണമായും അകറ്റി.

മംഗളം വാർത്തയും സൂരി നമ്പൂതിരി പോസ്റ്റും കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഇതുണ്ടാക്കിയ സമ്മർദ്ദമാണ് പ്രതിഭാ ഹരിയെ രാഷ്ട്രീയത്തിൽ നിന്ന് ബ്രേക്ക് എടുക്കാൻ ചിന്തിച്ചത്. ഈ വാർത്ത പുറത്തയതോടെയാണ് സിപിഐ(എം) സംസ്ഥാന നേതൃത്വം പരാതികൾക്ക് പരിഹാരമുണ്ടാക്കാൻ തയ്യാറാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP