Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ മൂന്ന് വർഷവും ഇറങ്ങിയത് ഒരേ വാചകങ്ങൾ ഉള്ള ഉത്തരവുകൾ; ആകെ മാറ്റം ഒപ്പിട്ട സെക്രട്ടറിക്കും വർഷത്തിനും മാത്രം; എന്നിട്ടും സുധീരൻ പറയുന്നു പിണറായി സർക്കാർ രക്തസാക്ഷി ദിനത്തിൽ നിന്നും ഗാന്ധിജിയെ കുടിയിറക്കിയെന്ന്; മനോരമ കൊണ്ടു വന്ന മറ്റൊരു വിവാദം കൂടി ചീറ്റിയത് ഇങ്ങനെ

കഴിഞ്ഞ മൂന്ന് വർഷവും ഇറങ്ങിയത് ഒരേ വാചകങ്ങൾ ഉള്ള ഉത്തരവുകൾ; ആകെ മാറ്റം ഒപ്പിട്ട സെക്രട്ടറിക്കും വർഷത്തിനും മാത്രം; എന്നിട്ടും സുധീരൻ പറയുന്നു പിണറായി സർക്കാർ രക്തസാക്ഷി ദിനത്തിൽ നിന്നും ഗാന്ധിജിയെ കുടിയിറക്കിയെന്ന്; മനോരമ കൊണ്ടു വന്ന മറ്റൊരു വിവാദം കൂടി ചീറ്റിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചർക്കയിൽ നൂൽ നൂൽക്കുന്ന പ്രധാനമന്ത്രി. ഖാദി ബോർഡിന്റെ കലണ്ടറിലെ മോദി ചിത്രം വിവാദങ്ങൾക്ക് തുടക്കമിട്ടു. ഇതോടെ ഗാന്ധി നിന്ദയിലേക്ക് ചർച്ചയെത്തി. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പ്രതിരോധത്തിലായി. പ്രധാനമന്ത്രി അറിയാതെയാണ് ഇത് സംഭവിച്ചതെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിച്ചു. ഇതോടെ ഈ ചർച്ചയുടെ സാധ്യത കേരളത്തിലും പലരും തേടി. അങ്ങനെ ഇരിക്കെ ഒരു ഉത്തരവ് കിട്ടി. അത് വിവാദമാക്കി മനോരമയിൽ വാർത്ത വന്നു. ഇതിന് പിന്നാലെ നിയമസഭാ ജൂബിലെ ആഘോഷത്തിന്റെ നോട്ടീസും വിവാദത്തിലായി. ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ രംഗത്തു വന്നു. വലിയ ചർച്ചയുമായി.

അടുത്ത 30ന് എല്ലാ സർക്കാർ ഓഫിസുകളിലും രാവിലെ 11നു രണ്ടു മിനിറ്റ് മൗനം ആചരിച്ചു രക്തസാക്ഷി ദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ, അന്നു ഗാന്ധിജിയുടെ ചരമ ദിനമാണെന്ന പരാമർശം ഇല്ലാതിരുന്നതാണ് മനോരമ വിവാദമാക്കിയത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ ബലി കഴിച്ചവരുടെ സ്മരണയ്ക്കായി മൗനം ആചരിക്കണമെന്നു മാത്രമേ ഉത്തരവിലുള്ളൂവെന്നും മനോരമ വിശദീകരിച്ചു. അധികാരത്തിലെത്തിയ പിണറായി സർക്കാർ ഗാന്ധിജിയെ മനപ്പൂർവ്വം മറന്നതാണെന്ന വിലയിരുത്തലാണ് മനോരമ ചർച്ചയാക്കിയത്. ഇതിനൊപ്പം നിയമസഭാ നോട്ടീസ് കൂടിയായപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയി. ഗാന്ധിജിയുടെ കാര്യത്തിൽ പിണറായി സർക്കാർ മോദിയുടെ പാതയിലാണു സഞ്ചരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗാന്ധിജിയെ ഒഴിവാക്കുന്നതു ഗൂഢ ലക്ഷ്യത്തോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ ഗാന്ധിജി രക്തസാക്ഷി ദിനത്തിലെ പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ ഗാന്ധിജിയുടെ ചരമ ദിനമാണെന്ന പരാമർശം ഇല്ലാതിരിക്കുന്നത് ഇത് ആദ്യമല്ല. 2016ലും 2015ലും ഗാന്ധിജിയുടെ ചരമ ദിനമെന്ന് സർക്കാർ ഉത്തരവിലുണ്ടായിരുന്നില്ല. അതായത് ജനവരി 30ൽ നിന്നും ഗാന്ധിയുടെ ചരമ ദിനം അപ്രത്യക്ഷമായത് ഇടത് സർക്കാരിന്റെ കാലത്ത് അല്ല. മറിച്ച് യുഡിഎഫ് സർക്കാരിന്റെ കാലത്തും ഇതു തന്നെയായിരുന്നു ഉത്തരവിലെ വാചകങ്ങൾ. ഏറെ കാലമായി രക്തസാക്ഷി ദിനത്തിലെ മൗനാചരണത്തിന് ഉപയോഗിക്കുന്ന അതേ വാചകമാണ് പിണറായിയുടെ ഭരണകാലത്തും പൊതു ഭരണ വകുപ്പ് പുറത്തിറക്കിയത്. 2017ലേയും 2016ലേയും 2015ലേയും ഉത്തരവ് പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഇത് മൂന്നും മറുനാടന് ലഭിച്ചു. ഒരു പക്ഷേ 2015ന് മുമ്പും ഇതേ വാചകങ്ങൾ തന്നെയാകും ഉപയോഗിച്ചിരുന്നതെന്ന് കരുതുന്നവരുമുണ്ട്.

ഗാന്ധിജിയുടെ ചരമ ദിനത്തെ രക്തസാക്ഷി ദിനമായാണ് ആചരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻ ബലി കഴിച്ചവരുടെ സ്മരാണാർത്ഥം 2017 ജനുവരി 30ന് രാവിലെ 11.00 മണിമുതൽ രണ്ട് മിനിറ്റ് എല്ലാ സർക്കാർ ഓഫീസുകളിലും മൗനം ആചരിക്കണമെന്ന ഉത്തരവ് ജനുവരി 4നാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഷീലാ തോമസ് ഇറക്കിയത്. ഇത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് പിണറായി സർക്കാരിന്റെ ഗാന്ധിനിന്ദ പ്രചരിപ്പിച്ചത്. ഇതിനിടെ നിയനസഭാ ജൂബിലി വിഷയവും കിട്ടി. നിയമസഭാ മന്ദിരത്തിന്റെ ചിത്രം ഇഎംഎസിനെ ഫോക്കസ് ചെയ്തായിരുന്നു നോട്ടീസ് ഇറക്കിയത്. അതിൽ നിന്ന് ഗാന്ധിജിയെ ഒഴിവാക്കിയിരുന്നില്ല.

ഈ വിവാദം കത്തുന്നതിനിടെയാണ് 2015 ഡിസംബർ 30ന് കെ ആർ ജ്യോതിലാൽ ഐഎഎസ് പുറത്തിറക്കിയ ഉത്തരവ് മറുനാടന് ലഭിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ഇറങ്ങിയ ഈ ഉത്തരവിലും ഷീലാ തോമസിറക്കിയ ഉത്തരവിലെ അതേ വാചകങ്ങളാണുള്ളത്. 2014 ഡിസംബറിൽ അഡീഷണൽ സെക്രട്ടറി ശൈലജാ ദേവി ഇറക്കിയ ഉത്തരവും സമാന സ്വഭാവത്തിലുള്ളത്. എല്ലാം പൊതുഭരണ വകുപ്പിന്റെ ഉത്തരവുകൾ. തീയതിയും ഒപ്പിട്ട ആളും മാത്രമേ മാറുന്നുള്ളൂ. എന്നിട്ടും പിണറായി സർക്കാരിനെ മോദി മാതൃകയിൽ കളിയാക്കാൻ വിവാദം ഉണ്ടാക്കിയെടുക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഖാദി കലണ്ടറിൽ നിന്ന് ഗാന്ധിയുടെ ചിത്രം ഒഴിവാക്കിയ ബിജെപിയുടെ അതേ നയമാണ് സിപിഎമ്മിന്റേതെന്ന വിമർശനവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി. ഗാന്ധിജിയെ അപമാനിക്കുന്നതിൽ പിണറായി സർക്കാർ മോദിയുടെ പാതയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. സർക്കുലറിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടി വേണമെന്ന ആവശ്യവും ശക്തമായി.

ഗാന്ധിരക്തസാക്ഷിത്വ ദിന ചടങ്ങ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഗാന്ധിജിയുടെ പേര് പറയാതെ സംസ്ഥാന സർക്കാർ ഇറക്കിയ സർക്കുലർ പിൻവലിച്ച് ജനത്തോട് മാപ്പ് പറയണമെന്ന് സുധീരൻ ആവശ്യപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവൻവെടിഞ്ഞവരുടെ സ്മരണക്ക് എന്നാണ് സർക്കുലറിൽ പറയുന്നത്. ജനുവരി 30 കാലങ്ങളായി ലോകമാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായാണ് ആചരിക്കുന്നത്. എന്നാൽ പൊതുഭരണ വകുപ്പ് ഇറക്കിയ സർക്കുലറിൽ ഗാന്ധിജിയെന്ന ഒരു പേരേയില്ല. ഗാന്ധി നിന്ദയുടെയും അസഹിഷ്ണുതയുടെയും കാര്യത്തിൽ സിപിഐ(എം) ബിജെപിക്ക് ഒപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സർക്കുലറെന്ന് സുധീരൻ ആരോപിച്ചു

പൊതുഭരണ വകുപ്പിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പേർ കാണുകയും ഹൈക്കോടതിക്കുൾപ്പെടെ അയക്കുകയും ചെയ്യുന്ന സർക്കുലർ രാജ്യത്തിന് അപമാനമാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം പ്രത്യേകം പരാമർശിച്ച് പുതിയ സർക്കുലർ പുറപ്പെടുവിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയിലെ പൊള്ളത്തരമാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഉത്തരവ് പുറത്തുവന്നതിലൂടെ വ്യക്തമാകുന്നത്. ഇതിന് ശേഷം സുധീരൻ പ്രതികരിച്ചിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP