Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഭയുടെ കോളേജിന്റെ ഫൈൻകൊള്ളയ്‌ക്കെതിരെ മാത്രം പ്രതികരിച്ചില്ലെങ്കിൽ അത് ക്ഷീണമാകുമെന്ന കണ്ട് ഒടുവിൽ കുട്ടിസഖാക്കളെ സമരത്തിനയച്ച് സിപിഐ(എം); ചെമ്പേരി വിമൽജ്യോതിയിലേക്ക് മാർച്ച് നടത്തിയ എസ്എഫ്‌ഐ ഗേറ്റിൽ കൊടിനാട്ടി സമരം തുടങ്ങി; പൊലീസിന്റെയും ഗുണ്ടകളുടേയും തല്ലുകൊണ്ട് നേടിയ സമരവിജയം എസ്എഫ്‌ഐ ഹൈജാക്ക് ചെയ്യുമോയെന്ന ആശങ്കയിൽ എംഎസ്എഫും

സഭയുടെ കോളേജിന്റെ ഫൈൻകൊള്ളയ്‌ക്കെതിരെ മാത്രം പ്രതികരിച്ചില്ലെങ്കിൽ അത് ക്ഷീണമാകുമെന്ന കണ്ട് ഒടുവിൽ കുട്ടിസഖാക്കളെ സമരത്തിനയച്ച് സിപിഐ(എം); ചെമ്പേരി വിമൽജ്യോതിയിലേക്ക് മാർച്ച് നടത്തിയ എസ്എഫ്‌ഐ ഗേറ്റിൽ കൊടിനാട്ടി സമരം തുടങ്ങി; പൊലീസിന്റെയും ഗുണ്ടകളുടേയും തല്ലുകൊണ്ട് നേടിയ സമരവിജയം എസ്എഫ്‌ഐ ഹൈജാക്ക് ചെയ്യുമോയെന്ന ആശങ്കയിൽ എംഎസ്എഫും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഒടുവിൽ കത്തോലിക്ക സഭയിലെ വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന ചെമ്പേരിയിലെ വിമൽജ്യോതി കോളേജിലെ ഫൈൻകൊള്ള ഉൾപ്പെടെയുള്ള പീഡനങ്ങൾക്കെതിരെ എസ്എഫ്‌ഐയും സമരരംഗത്ത്. ഇന്ന് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ കോളേജിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകർ കോളേജ് ഗേറ്റിന് മുന്നിൽ കയറി പാർട്ടി പതാകയും ഉയർത്തി.

സംസ്ഥാനത്തൊട്ടാകെ സ്വാശ്രയപീഡനങ്ങൾക്കെതിരെ സമരരംഗത്തുള്ള എസ്എഫ്‌ഐ കണ്ണൂർ ചെമ്പേരിയിലെ വിമൽജ്യോതിയിലെ ഫൈൻകൊള്ളയ്‌ക്കെതിരെ എന്തുകൊണ്ട് രംഗത്തിറങ്ങുന്നില്ലെന്ന ചോദ്യം കഴിഞ്ഞ കുറച്ചുദിവസമായി സജീവ ചർച്ചയായിരുന്നു. പാമ്പാടിയിൽ നെഹ്‌റു കോളേജും കോട്ടയത്ത് മറ്റക്കര ടോംസ് കോളേജും അടിച്ചുതകർക്കാൻ മുന്നിൽ നിന്ന എസ്എഫ്‌ഐ കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരിയിലെ വിമൽ ജ്യോതി എൻജിനീയറിങ് കോളേജിനെതിരെ ഫൈൻകൊള്ളയുൾപ്പെടെ വൻ ആരോപണങ്ങൾ ഉയർന്നിട്ടും സമരത്തിനിറങ്ങാതിരുന്നത് കോളേജ് നടത്തുന്ന കത്തോലിക്ക സഭ മാനേജ്‌മെന്റിനെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന ആക്ഷേപം ശക്തമായിരുന്നു.

സഭയുടെ കോളേജുകൾക്കെതിരെ ചെറുവിരലനക്കരുതെന്ന് പാർട്ടിയിലെ ഉന്നതർതന്നെ എസ്എഫ്‌ഐയേയും ഡിവൈഎഫ്‌ഐയേയും വിലക്കിയതായുള്ള വിവരം മറുനാടൻ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല, മുസ്‌ളീം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എംഎസ്എഫ് വിമൽജ്യോതി കോളേജിലേക്ക് നടത്തിയ മാർച്ചിനെ പൊലീസും കോളേജിന്റെ ആൾക്കാരായി നിലകൊണ്ട് ഗുണ്ടകളും ചേർന്ന് അതിക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്ത സംഭവവുമുണ്ടായി.

പാമ്പാടിയിലും മറ്റക്കരയിലും മാർച്ച് നടത്തിയ എസ്എഫ്‌ഐ പ്രവർത്തകർ കോളേജ് തകർക്കുന്ന സംഭവം വരെ ഉണ്ടായെങ്കിലും അവിടെല്ലാം കാഴ്ചക്കാരെ പോലെ നിലകൊണ്ട പൊലീസ് വിമൽജ്യോതിയിലേക്ക് മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ നേരിട്ടത് മറ്റൊരു രീതിയിലാണെന്നതും സംശയകരമായി. ഇവിടെ സമരം ചെയ്യാതെ എസ്എഫ്‌ഐ മൗനം പാലിച്ചതും എംഎസ്എഫ് സമരത്തെ പൊലീസ് നേരിട്ടതുമെല്ലാം സിപിഐ(എം) സഭയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതാണെന്ന വിമർശനം ശക്തമാക്കി. ഇതോടെയാണ് ഇപ്പോൾ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വിമൽജ്യോതിയിലേക്ക് സമരം നടത്താൻ പാർട്ടി നിർബന്ധിതമായതെന്നാണ് സൂചനകൾ.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ നടത്തുന്ന സ്വാശ്രയ കോളേജുകളിലും വിദ്യാഭ്യാസ കച്ചവടം നടക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയ ദിവസം തന്നെയാണ് എസ്എഫ്‌ഐ വിമൽജ്യോതിയിലേക്കും മാർച്ച് നടത്തിയതെന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസത്തിന് പണക്കൊഴുപ്പ് മാനദണ്ഡമാകരുതെന്നും ആദ്യകാലങ്ങളിൽ വിദ്യാഭ്യാസ കച്ചവടത്തോട് പുറംതിരിഞ്ഞ് നിന്നിരുന്ന ക്രിസ്ത്യൻ മാനേജ്‌മെന്റുകളെയും പുതിയ കാലത്തെ പ്രവണതകൾ ബാധിച്ചിട്ടുണ്ടെന്നും ഇപ്പോൾ അവരും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണെന്നുമായിരുന്നു പിണറായി ഇന്ന് പ്രസ്താവിച്ചത്. അപൂർവം ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ മാത്രമാണ് നല്ലരീതിയിൽ പ്രവർത്തിക്കുന്നതെന്നാണ് അദ്ദേഹം വിലയിരുത്തിയത്.

അതേസമയം, കോളേജിലേക്ക് കഴിഞ്ഞയാഴ്ച മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ കോൺഗ്രസ് ഗുണ്ടകൾ ഉൾപ്പെടെയാണ് കൈകാര്യം ചെയ്തത്. മാനേജ്‌മെന്റിന്റെ ആൾക്കാരെന്ന നിലയിൽ ഇവരെത്തിയതിന് പിന്നിൽ കെസി ജോസഫിനും പങ്കുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. കെഎസ് യു കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ മാനേജ്‌മെന്റിന്റെ മൂടുതാങ്ങികളായി നിൽക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇത്തരത്തിൽ കോൺഗ്രസും സിപിഎമ്മും വിമൽജ്യോതിയിലെ മാനേജ്‌മെന്റിന്റെ തോന്ന്യാസങ്ങൾക്ക് കുടചൂടുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന പരാതി ശക്തമായതിനിടെയാണ് ഇന്ന് എസ്എഫ്‌ഐ സമരവുമായി രംഗത്തെത്തിയത്.

കഴിഞ്ഞദിവസം കോളേജിലേക്ക് മാർച്ച് നടത്തിയ എംഎസ്എഫ് പ്രവർത്തകരെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്‌തെങ്കിൽ എസ്എഫ്‌ഐയുടെ സമരക്കാർ കോളേജ് ഗേറ്റിൽ കയറി കൊടികെട്ടിയിട്ടും പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നതും ശ്രദ്ധേയമായി. എന്നാൽ കോളേജിലെ പ്രശ്‌നം വിജയിച്ചുവെന്നും തങ്ങൾ പുതു സമരചരിത്രം തീർത്തുവെന്നും എംഎസ്എഫ് അവകാശപ്പെടുന്നതിന് പിന്നാലെയാണ് ഇന്ന് എസ്എഫ്‌ഐ സമരവുമായി എത്തിയിട്ടുള്ളത്.
വിമൽജ്യോതി കോളേജിലെ അന്യായമായ ഫീസ് വർധനവ് പിൻവലിച്ചതായും പണിഷ്‌മെന്റിന്റെ ഭാഗമായി ഫൈൻ ഈടാക്കുന്നത് പൂർണമായും പിൻവലിച്ചെന്നും എംഎസ്എഫ് അവകാശപ്പെടുന്ന പോസ്റ്റുകൾ ഫേസ്‌ബുക്കിൽ രണ്ടുദിവസമായി എംഎസ്എഫ് പ്രവർത്തർ പോസ്റ്റ് ചെയ്യുന്നുണ്ട്.

പോസ്റ്റിൽ നൽകിയ തീരുമാനങ്ങൾ ഇപ്രകാരമാണ്:
1 പണിഷ്‌മെന്റിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന ഫൈൻ പൂർണ്ണമായും പിൻവലിച്ചു.
2 വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രിൻസിപ്പാളും രക്ഷിതാക്കളുടേയും വിദ്യാത്ഥികളുടേയും മാനേജ്‌മെന്റിന്റെയും പ്രതിനിധികളും ഉൾപ്പെട്ട ഗ്രീവൻസ് സെൽ രൂപീകരിക്കും.
3 സമരത്തിന് വന്ന പ്രവർത്തകരെ ഗുണ്ടകൾ അക്രമിച്ച നടപടിയെ യോഗം അപലപിച്ചു. അക്രമികൾക്കെതിരെ കേസുമായ് മുന്നോട്ട് പോവാനും തീരുമാനിച്ചു.
4 കോളേജ് മാനേജ്‌മെന്റ് എംഎസ്എഫ് സമരഭടർക്കെതിരെ കൊടുത്ത കേസ് പിൻവലിക്കാനും തീരുമാനിച്ചു.
5 സെക്യൂരിറ്റി അടക്കമുള്ള നോൺ ടീച്ചിങ്ങ് സ്റ്റാഫുകളുടെ വിദ്യാർത്ഥികളുടെ മേലുള്ള ഇടപെടലുകൾ അവസാനിപ്പിക്കും.
6 ഹോസ്റ്റൽ റസിഡന്റ് ട്യൂട്ടർമാരെ വാർഡന്മാരെ നിർബന്ധമാക്കാൻ തീരുമാനിച്ചു.
മധ്യസ്ഥ ചർച്ചയ്ക്ക് റെവറന്റ് ചാലിൽ അച്ചനും ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മൂസാൻ കുട്ടി നടുവിലും നേതൃത്വം നൽകിയെന്ന് വ്യക്തമാക്കി യോഗത്തിന്റെ ചിത്രവും പോസ്റ്റിനൊപ്പം നൽകിയിണ്ട്.

ഇത്തരത്തിൽ വിമൽജ്യോതിയിലെ പ്രശ്‌നങ്ങൾ രണ്ടുദിവസം മുമ്പുതന്നെ ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടുവെന്നും വിദ്യാർത്ഥികൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായെന്നും എംഎസ്എഫ് വ്യക്തമാക്കുമ്പോൾ ഇതിനെല്ലാം ശേഷം ഇന്ന് എസ്എഫ്‌ഐ കോളേജിലേക്ക് മാർച്ച് നടത്തിയത് എന്തിനെന്ന ചോദ്യവും ഉയരുന്നു. ഇക്കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. എംഎസ്എഫിന്റെ സമരംകൊണ്ട് വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടായാൽ അത് എസ്എഫ്‌ഐക്ക് ക്ഷീണമാകുമെന്ന നിലയിലാണ് ഇന്ന് അവർ സമരവുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന ആക്ഷേപം ഉയരുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP