Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവർത്തിക്കാൻ ഇതുവരെ ഘടകമില്ല; ഒറ്റ പാർട്ടി പരിപാടിയിലും പങ്കെടുപ്പിക്കുന്നില്ല; നിരന്തരമായി ഏഷണിയും കുറ്റം പറച്ചിലുമായി മനസ്സ് മടുപ്പിക്കുന്നു; ഔദ്യോഗിക പരിപാടിയിലും നിവർത്തിയുണ്ടെങ്കിൽ ഒഴിവാക്കുന്നു; മന്ത്രി സുധാകരനുമായി ഇടഞ്ഞ പ്രതിഭാ ഹരി എംഎൽഎയ്ക്ക് രാഷ്ട്രീയം മടുത്തു

പ്രവർത്തിക്കാൻ ഇതുവരെ ഘടകമില്ല; ഒറ്റ പാർട്ടി പരിപാടിയിലും പങ്കെടുപ്പിക്കുന്നില്ല; നിരന്തരമായി ഏഷണിയും കുറ്റം പറച്ചിലുമായി മനസ്സ് മടുപ്പിക്കുന്നു; ഔദ്യോഗിക പരിപാടിയിലും നിവർത്തിയുണ്ടെങ്കിൽ ഒഴിവാക്കുന്നു; മന്ത്രി സുധാകരനുമായി ഇടഞ്ഞ പ്രതിഭാ ഹരി എംഎൽഎയ്ക്ക് രാഷ്ട്രീയം മടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മന്ത്രി ജി സുധാകരൻ വിചാരിക്കും പോലെയാണ് ആലപ്പുഴ സിപിഎമ്മിലെ കാര്യങ്ങൾ നീങ്ങുന്നത്. മന്ത്രിയുമായി ആരു തെറ്റിയാലും അവർക്ക് നിവർത്തിയില്ല. പ്രോട്ടോകോൾ അനുവദിച്ച് മന്ത്രിമാരിൽ സുധാകരന് മുന്നിലുള്ള സിപിഐ(എം) കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക് പോലും കരുതലോടെയാണ് ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങളിൽ ഇടപെടുന്നത്. തനിക്ക് ഇഷ്ടമില്ലാത്ത ആരേയും ആലപ്പുഴയിൽ അടുപ്പിക്കില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി സുധാകരന്റെ പക്ഷം. അതുകൊണ്ട് തന്നെ കായംകുളം എംഎൽഎയായ പ്രതിഭാ ഹരിക്ക് രാഷ്ട്രീയം മടുക്കുകയാണ്. എല്ലാ അർത്ഥത്തിലും എംഎൽഎയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ് സിപിഐ(എം) നേതൃത്വം തന്നെ.

സിപിഐ(എം) സംസ്ഥാന നേതൃത്വത്തിനും ഇക്കാര്യം അറിയാം. പിണറായി വിജയൻ പങ്കെടുത്ത വേദിയിൽ പോലും അവഗണന നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിൽ എങ്കിലും എല്ലാം നേരയാകുമെന്ന് കരുതി. എന്നാൽ അവഗണന കൂടുകയാണ്. കായംകുളത്തെ പ്രവർത്തനങ്ങൾക്ക് പാർട്ടി അണികളുടെ സഹായമോ സേവനമോ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ പൊതു പ്രവർത്തകയെന്ന ഇടപെടൽ നടക്കുന്നുമില്ല. ഇങ്ങനെ തുടരുന്നതിൽ എന്താണ് അർത്ഥമെന്നാണ് പ്രതിഭാ ഹരിയുടെ ചോദ്യം. രാഷ്ട്രീയം നിർത്തുന്നതിനെ കുറിച്ചു പോലും പ്രതിബാ ഹരി ആലോചിക്കുന്നുണ്ടെന്നാണ് മറുനാടൻ ലഭിച്ച സൂചന. ജി സുധാകരന്റെ ഒറ്റപ്പെടുത്തൽ രാഷ്ട്രീയത്തിന് അതിനപ്പുറം ഒരു മറുപടി നൽകാനില്ല. സിപിഎമ്മുകാരിയായ തനിക്ക് പ്രവർത്തിക്കാൻ പാർട്ടി ഘടകമില്ലാത്ത അവസ്ഥയുണ്ടെന്ന് സംസ്ഥാന നേതൃത്വത്തിനും അറിയാം. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ കടുത്ത തീരുമാനം എന്ന നിലയിലേക്കാണ് എംഎൽഎയുടെ പോക്ക്.

എന്തു സംഭവിച്ചാലും പ്രതിഭയെ അവഗണിക്കാൻ തന്നെയാണ് സിപിഐ(എം) ജില്ലാ നേതൃത്വത്തിന് സുധാകരൻ നൽകിയ നിർദ്ദേശമെന്നാണ് സൂചന. മംഗളം പ്ത്രത്തിൽ പേരു വയ്ക്കാതെ പ്രതിഭാ ഹരിക്കെതിരെ വാർത്ത വന്നിരുന്നു. വ്യക്തിഹത്യയുടെ പരിധിയിലേക്ക് കാര്യമെത്തിയപ്പോൾ പ്രതിഭാ ഹരി ഒരു പോസ്റ്റിട്ടു. സൂരി നമ്പൂതിരിയെന്ന കഥാപാത്രത്തെ കൂട്ടുപിടിച്ചായിരുന്നു വിശദീകരിച്ചത്. സൂരി നമ്പൂതിരി എന്നു വിശേഷിപ്പിക്കുന്നയാളെ കുറിച്ച് പ്രതിഭ നൽകുന്ന സൂചന ഇവയൊക്കെയാണ്. കാമകഴുതകൾ കരഞ്ഞു കൊണ്ടു ജീവിക്കും. ആ കരച്ചിലിനെ ചിലർ കവിതയെന്നും കരുതും. കാലക്രമത്തിൽ അവർക്കു നീളം കുറഞ്ഞെന്നു മാത്രമെന്നായിരുന്നു വിമർശനം. സൂരി നമ്പൂതിരിയായി പ്രതിഭ വരച്ചു കാട്ടിയത് സുധാകരനെയാണോ എന്ന സംശയവും ഉണ്ടായി. ഇതോടെ പ്രതിഭയോട് സുധാകരന് ദേഷ്യം ഇരട്ടിച്ചു. ഇത് കൂടുതൽ സമ്മർദ്ദത്തിലേക്ക് കാര്യങ്ങളെത്തിച്ചു.

കായംകുളം മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽ പ്രോട്ടോകോൾ പ്രകാരം എംഎൽഎ വിളിക്കണം. അതിൽ നിന്നു പോലും പ്രതിഭയെ ഒഴിവാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായാണ് ആരോപണം. ജില്ലാ തലത്തിലെ പ്രധാന പരിപാടികളിൽ വിളിച്ചാലും അവഗണനയാണ്. സ്വന്തമായി കായംകുളത്ത് പരിപാടികൾ വച്ചാൽ ആളുകൾ എത്തുന്നതിനെ പാർട്ടിക്കാർ തന്നെ തടയുകയാമെന്ന സൂചനയും ഉണ്ട്. പ്രതിഭാഹരിക്ക് പാർട്ടി പരിപാടികളിൽ സിപിഎമ്മിന്റെ അപ്രഖ്യാപിത വിലക്കുണ്ടെന്ന് ജില്ലാ നേതാക്കൾ തന്നെ പറയുന്നു. ജില്ലയിലെ പാർട്ടി പരിപാടികളിൽ അവർക്ക് ഇപ്പോൾ ക്ഷണമില്ല. അവരെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ടവർക്ക് ജില്ലാനേതൃത്വം വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.

അതുകൊണ്് തന്നെ ജില്ലയിൽ പാർട്ടിയുടെയോ പോഷക സംഘടനകളുടെയോ പരിപാടികളിൽ പ്രതിഭാഹരിയെ കാണാറില്ല. നോട്ടു പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നടത്തിയ മനുഷ്യച്ചങ്ങലയിൽ ഇവർ കണ്ണിയായതാണ് ഇതിനപവാദം. കായംകുളത്ത് ശനിയാഴ്ച ആരംഭിച്ച കെ.എസ്.ടി.എയുടെ ജില്ലാ സമ്മേളനത്തിലും അവർ ഒഴിവാക്കപ്പെട്ടു. എംഎ‍ൽഎ. ആയി അധികമാകും മുമ്പുതന്നെ പ്രതിഭയെ ഏരിയാകമ്മിറ്റി അംഗത്വത്തിൽ നിന്നു ഒഴിവാക്കിയിരുന്നു. കായംകുളം എംഎ‍ൽഎ.ആയതോടെ പ്രവർത്തനം അവിടേക്കുമാറിയതിനാലാണ് മാറ്റുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

എന്നാൽ ഇതേവരെയും അവർക്കു പ്രവർത്തിക്കേണ്ട ഘടകം പാർട്ടി നിശ്ചയിച്ചിട്ടില്ല. അതിനിടെ മുഖ്യമന്ത്രി പങ്കെടുത്ത ആലപ്പുഴ മെഡിക്കൽ കോളേജിലെ പരിപാടിയിൽ ഇവരുടെ പെരുമാറ്റം പാർട്ടി നേതാവിനു ചേരുന്നതായില്ലെന്നും ആക്ഷേപമുമായും സുധാകര പക്ഷം രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ പ്രതിഭ വിസമ്മതിച്ചതാണ് നേതൃത്വം ഗൗരവമായി കാണുന്നത്. പ്രോട്ടോകോൾ വിഷയത്തിലുള്ള എതിർപ്പിന്റെ ഭാഗമായിരുന്നുവത്രേ ഇത്.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായ പ്രതിഭാ ഹരി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ായിരുന്നു. 2005ൽ തകഴി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ തുടങ്ങിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. നിയമപഠനം കഴിഞ്ഞ് അമ്പലപ്പുഴ കോടതിയിൽ അഭിഭാഷകവൃത്തി തുടങ്ങിയ കാലം. രാഷ്ട്രീയത്തിൽ ഒരു പരിചയവുമില്ലാത്ത പ്രതിഭ സിപിഐ(എം) കാരനായ അച്ഛന്റെ നിർബന്ധത്തിൽ സ്ഥാനാർത്ഥിയാവുകയായിരുന്നെന്നു. 2005ൽ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 2010 ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നി അങ്കം ജയിച്ചു.

വനിതാ സംവരണമായപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. കഴിഞ്ഞ അഞ്ച് വർഷം ജില്ലയിൽ നിറഞ്ഞു നിന്ന പ്രവർത്തനം. ഇത് തിരിച്ചറിഞ്ഞാണ് കായംകുളത്തേക്ക് പ്രതിഭയെ നിയോഗിക്കുന്നത്. വി എസ് പക്ഷത്തെ സികെ സദാശിവനായിരുന്നു കായംകുളത്തെ സിറ്റിങ് എംഎൽഎ. സദാശിവനോട് താൽപ്പര്യമില്ലാത്ത സുധാകരനാണ് തന്ത്രപൂർവ്വം കായംകുളത്ത് പ്രതിഭാ ഹരിയെ സ്ഥാനാർത്ഥിയാക്കിയത്. കോൺഗ്രസ് നേതാവ് എം ലിജുവിനെ വാശിയേറിയ പോരാട്ടത്തിൽ പ്രതിഭാ ഹരി തോൽപ്പിച്ചു. ഇതോടെ പ്രതിഭ താരമായി. ഇത് സുധാകരന് പിടിച്ചില്ല. തുടർന്നുണ്ടായ വ്യക്തിപരമായ പ്രശ്‌നങ്ങളും സുധാകരനുമായി പ്രതിഭാ ഹരിയെ പൂർണ്ണമായും അകറ്റി.

തോമസ് ഐസക്കിന് പോലും ഈ വിഷയത്തിൽ പ്രതിഭാ ഹരിക്ക് നീതി കൊടുക്കാനായില്ല. മംഗളം വാർത്തയും സൂരി നമ്പൂതിരി പോസ്റ്റും കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഇതുണ്ടാക്കിയ സമ്മർദ്ദമാണ് പ്രതിഭാ ഹരിയെ രാഷ്ട്രീയത്തിൽ നിന്ന് ബ്രേക്ക് എടുക്കാൻ ആലോചിക്കുന്നത്. എന്നാൽ ഇതും പാർട്ടിയുടെ അനുമതിയോടെ ചെയ്യാനാണ് പ്രതിഭ ആലോചിക്കുന്നത്. തന്നെ വളർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തോട് നീതികേട് കാട്ടില്ലെന്ന നിലപാടിലാണ് അവർ. പുരഷ സുഹൃത്തുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾക്ക് സിപിഐ(എം) നേതാക്കൾ തന്നെ നേതൃത്വം നൽകുന്നതും പ്രതിഭയെ വേദനിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP