Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അശ്ലീല തമാശകൾ പറഞ്ഞ് തുടക്കം; സൗന്ദര്യം ആസ്വദിക്കാനുള്ളതാണെന്ന് പറഞ്ഞ് പീഡനം തുടങ്ങി; വീട്ടിലേക്ക് വിളിച്ച് ബലാൽസംഗം ചെയ്തു; സുപ്രീംകോടതിയും കൈവിട്ടത് ഒരു പാവം വിദ്യാർത്ഥിനിയെ പിച്ചി ചീന്തിയ ഒരു സംഘം കോളേജ് അദ്ധ്യാപകരെ

അശ്ലീല തമാശകൾ പറഞ്ഞ് തുടക്കം; സൗന്ദര്യം ആസ്വദിക്കാനുള്ളതാണെന്ന് പറഞ്ഞ് പീഡനം തുടങ്ങി; വീട്ടിലേക്ക് വിളിച്ച് ബലാൽസംഗം ചെയ്തു; സുപ്രീംകോടതിയും കൈവിട്ടത് ഒരു പാവം വിദ്യാർത്ഥിനിയെ പിച്ചി ചീന്തിയ ഒരു സംഘം കോളേജ് അദ്ധ്യാപകരെ

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: 1997ലാണ് കേസിനാസ്പദമായ സംഭവം. പന്തളം എൻ എസ് എസ് കോളേജിലെ മലയാളം മൂന്നാം വർഷ വിദ്യാർത്ഥിനിയായ യുവതിയോട് അദ്ധ്യാപകരായ രാധാകൃഷ്ണനും വേണുഗോപാലും രവീന്ദ്രനാഥൻ പിള്ളയും സി.എം. പ്രകാശും 1996 മുതൽ അടുപ്പം കാണിച്ചു തുടങ്ങിയത്. അത് പിന്നീട് പീഡനത്തിലും ബലാൽസംഗത്തിലുമെത്തി. എല്ലാം അതിരു വിട്ടപ്പോൾ നിയമ പോരാട്ടത്തിലേക്ക് കടന്ന യുവതിക്കൊപ്പം ജ്യൂഡീഷറിയും നിലയുറപ്പിച്ചു. ഇതോടെ പീഡക വീരന്മാരായ അദ്ധ്യാപകരും സുഹൃത്തുക്കളും അഴിക്കുള്ളിലായി. സുപ്രീം കോടതിയും കീഴ്‌ക്കോടതി വിധികളെ ശരിവയ്ക്കുമ്പോൾ നീതിയാണ് വിജയിക്കുന്നത്.

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ശിക്ഷയിളവു തേടി അദ്ധ്യാപകർ ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതോടെ പ്രതികൾ അഴിക്കുള്ളിൽ കിടക്കുമെന്നും ഉറപ്പായി. പന്തളം എൻഎസ്എസ് കോളജിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പ്രഫ.കെ.വേണുഗോപാൽ രണ്ടാം പ്രതിയും കോൺട്രാക്ടറുമായ വേണുഗോപാൽ, അഞ്ചാം പ്രതി ജ്യോതിഷ് കുമാർ എന്നിവരുടെ ഹർജിയാണു തള്ളിയത്. ഇവർക്കു 11 വർഷത്തെ തടവു വിധിച്ച ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, മൂന്നാം പ്രതി പ്രഫ.സി.എം.പ്രകാശ്, ആറാം പ്രതി മനോജ് കുമാർ, ഏഴാം പ്രതി അറുനൂറ്റിമംഗലം ഷാ ജോർജ് എന്നിവർക്കു ഹൈക്കോടതി നൽകിയ ഏഴുവർഷം തടവുശിക്ഷ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് അഞ്ചുവർഷമായി കുറച്ചു.

ബിരുദവിദ്യാർത്ഥിനിയെ 1997 ജൂലൈ മുതൽ ഒക്ടോബർ വരെ എട്ടുതവണ കോളജിലെ നാല് അദ്ധ്യാപകരും അവരുടെ സുഹൃത്തുക്കളും പീഡിപ്പിച്ചുവെന്നതാണു കേസ്. പെൺകുട്ടി പ്രിൻസിപ്പലിനു നൽകിയ പരാതി പൊലീസിനു വിടുകയായിരുന്നു. കോട്ടയം അഡീഷനൽ സെഷൻസ് കോടതി 2002 ജനുവരിയിൽ പ്രതികൾക്കു നൽകിയ ശിക്ഷ പിന്നീടു കേരള ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരെയാണു പ്രതികൾ സുപ്രീം കോടതിയിലെത്തിയത്. പെൺകുട്ടിയുടെ മൊഴി സ്വാഭാവികവും വിശ്വസനീയവും ശക്തവുമാണെന്നു കീഴ്‌ക്കോടതിയും ഹൈക്കോടതിയും കണ്ടെത്തിയതു സുപ്രീം കോടതിയും ശരിവച്ചു.

തന്ത്രപരമായിട്ടായിരുന്നു വിദ്യാർത്ഥിനിയെ അദ്ധ്യാപകർ ചതിക്കുഴിയിൽ വീഴ്‌ത്തിയത്. അറ്റൻഡറെ കൊണ്ട് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ വിളിച്ചുവരുത്തിച്ച് അശ്ലീലം കലർന്ന തമാശകൾ പറഞ്ഞു. പിന്നീട് സൗന്ദര്യം ആസ്വദിക്കാനുള്ളതാണ് എന്നും മറ്റും പറഞ്ഞ് വിദ്യാർത്ഥിനിയെ പ്രകോപിപ്പിക്കാൻ തുടങ്ങി. പെൺകുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഓഫീസിലേക്ക് വിളിപ്പിച്ച് ആളില്ലാത്ത സമയങ്ങളിൽ അപമര്യാദയായി ശരീരത്തിൽ തൊട്ടു. കുട്ടിയുടെ ലോക്കൽ ഗാർഡിയൻ എന്ന നിലയിലാണ് അച്ഛൻ അദ്ധ്യാപകനായ രാധാകൃഷ്ണനെ കണക്കാക്കിയിരുന്നത്. എന്നിട്ടും അച്ഛന്റെ രോഗ വിവരം പറയാൻ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ അദ്ധ്യാപകൻ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു.

ഭാര്യ വീട്ടിലുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിളിച്ചത്. അടുത്ത വീട്ടിൽ പോയ ഭാര്യയെ വിളിച്ചു കൊണ്ടുവരാമെന്നു പറഞ്ഞ് അദ്ധ്യാപകൻ വീട് പൂട്ടി പുറത്തിറങ്ങി. അപ്പോൾ അടുത്ത മുറിയിലുണ്ടായിരുന്ന രവീന്ദ്രനാഥൻ പിള്ള വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു. എതിർത്തെങ്കിലും വായ് പൊത്തിപ്പിടിച്ചതോടെ തളർന്ന വിദ്യാർത്ഥിനിയെ അയാൾ ബലാത്സംഗം ചെയ്തു. മേലിൽ ആവർത്തിക്കില്ലെന്നും പുറത്തുപറയരുതെന്നും വിദ്യാർത്ഥിനിയോട് പറഞ്ഞു. വീട്ടിലെത്തിയ വിദ്യാർത്ഥിനി വിവരം അമ്മയോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് വിദ്യാർത്ഥിനി കോളേജിൽ പോയപ്പോൾ രാധാകൃഷ്ണൻ വീണ്ടും ഡിപ്പാർട്ട്‌മെന്റ് ഓഫീസിലേക്ക് വിളിപ്പിച്ചു. മറ്റു മൂന്ന് അദ്ധ്യാപകരും ആ സമയത്ത് അവിടെയുണ്ടായിരുന്നു.

അവരെല്ലാം വിവരം അറിഞ്ഞെന്നും പുറത്തുപറഞ്ഞാൽ മലയാളം വകുപ്പുതലവനെ അറിയിച്ച് കോളേജിൽ നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഭീഷണി മുഴക്കി പല സ്ഥലങ്ങളിൽ പീഡനം തുടർന്നു. അദ്ധ്യാപകരുടെ സുഹൃത്തുക്കളായ ബിസിനസ്സുകാരും ഇതിൽ ഉൾപ്പെട്ടു. എട്ടു സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നാണ് തെളിഞ്ഞിട്ടുള്ളത്. 1997-ൽ കോളേജ് കൗൺസിൽ യോഗത്തിൽ ഒരു അദ്ധ്യാപകൻ ഈ പ്രശ്‌നം ഉന്നയിച്ചെങ്കിലും പ്രിൻസിപ്പൽ അതേക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സംഘടനകൾ അദ്ധ്യാപകരുടെ ഈ പ്രവൃത്തിക്കെതിരെ ശബ്ദമുയർത്തി. അദ്ധ്യാപകർക്കെതിരെ ചുവരെഴുത്തുകളുമുണ്ടായി. ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടും പെൺകുട്ടി കോളേജിൽ വരാതായതിനു ശേഷമാണ് പ്രിൻസിപ്പൽ വിദ്യാർത്ഥിനിയുടെ അച്ഛനെ വിളിപ്പിച്ച് വിവരം അന്വേഷിച്ചത്.

1997 നവംബറിൽ അച്ഛൻ നൽകിയ പരാതി പ്രിൻസിപ്പൽ പൊലീസിന് കൈമാറുകയായിരുന്നു. 2002 ജനവരി മൂന്നിലെ കീഴ്‌ക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലുകളും ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ റിവിഷൻ ഹർജിയുമാണ് കോടതി പരിഗണിച്ചത്. ഹൈക്കോടതിയിലെ അപ്പീലിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.ഐ. അബ്ദുൾ റഷീദും യുവതിക്കു വേണ്ടി അഡ്വ. എം.കെ. ദാമോദരനും ഹാജരായി. ദാമോദരന്റെ വാദങ്ങൾ പ്രതികളുടെ പ്രതീക്ഷകൾ തകർത്തു. അങ്ങനെ കീഴ്‌ക്കോടതി വിധി അംഗീകരിക്കപ്പെട്ടു.

കോളേജിലെ മലയാളം ഡിപ്പാർട്ട്‌മെന്റ് അദ്ധ്യാപകനായ രാധാകൃഷ്ണൻ കേസ് നടക്കുമ്പോൾ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു അദ്ധ്യാപകനും രണ്ടാം പ്രതിയുമായ ബി. രവീന്ദ്രനാഥൻ പിള്ള ഹൈക്കോടതിയിൽ അപ്പീൽ പരിഗണിക്കവേ മരിച്ചിരുന്നു. ശേഷിച്ച ആറ് പേരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. ഇതാണ് സുപ്രീംകോടതിയും അംഗീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP