Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തീഗോളം ഉയരുന്നത് കണ്ട് ഞെട്ടിയുണർന്ന ഹുസൈൻ അടുത്ത മുറിയിലുള്ളവരെ വിളിച്ചുണർത്തി രക്ഷപ്പെടാൻ ആവശ്യപ്പെട്ടു; തീ ആളിപ്പടരുന്നത് മുതലാളിയെ അറിയിക്കുകയും ചെയ്തു; ഹുസൈന്റെ ജീവനെടുത്തത് മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

തീഗോളം ഉയരുന്നത് കണ്ട് ഞെട്ടിയുണർന്ന ഹുസൈൻ അടുത്ത മുറിയിലുള്ളവരെ വിളിച്ചുണർത്തി രക്ഷപ്പെടാൻ ആവശ്യപ്പെട്ടു; തീ ആളിപ്പടരുന്നത് മുതലാളിയെ അറിയിക്കുകയും ചെയ്തു; ഹുസൈന്റെ ജീവനെടുത്തത് മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: യുഎഇയിലെ ഫുജൈറയിൽ ഫർണിച്ചർ ഗോഡൗണിനു തീപിടിച്ച് ആദ്യമറിഞ്ഞത് പുത്തനത്താണി സ്വദേശി ഹുസൈനായിരുന്നു. കൂടെയുള്ളവരെ രക്ഷിക്കാനായിരുന്നു ഹുസൈന്റെ ശ്രമം. ഇതിനിടെയിൽ സ്വന്തം ജീവൻ തീ നാളത്തിൽ ഹോമിക്കുകയും ചെയ്തു. തീ പിടിച്ചത് കടയുടമയെ അറിയിച്ചതും ഹുസൈനായിരുന്നു. ദുരന്തത്തിൽ ഹുസൈൻ അടക്കം മൂന്നു മലയാളികൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി ഷിഹാബുദ്ദീൻ (26), വളാഞ്ചേരി സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് മറ്റ് രണ്ട് പേർ. മരിച്ച മൂന്നുപേരും കുടുംബങ്ങളുടെ ഏകാശ്രയമായിരുന്നു.

ഫുജൈറയ്ക്കടുത്തുള്ള വ്യവസായ മേഖലയിൽ കൽബയിലെ ഗോഡൗണിൽ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഗോഡൗണിന്റെ പിന്നിലായിരുന്നു ഇവരുടെ താമസം. അഞ്ചുമുറികളിലായി 11 പേരാണുണ്ടായിരുന്നത്. ബാക്കിയുള്ളവർ എസി ഇളക്കിമാറ്റി അതുവഴി രക്ഷപ്പെട്ടു. ഹുസൈന്റെ സമയോചിതമായ ഇടപെടലായിരുന്നു ഇതിന് കാരണം. തീപിടിച്ചത് ഷാഫിയെ വിളിച്ചറിയിച്ചു ഹുസൈനായിരുന്നു. ഇതോടെ വിൻഡോ എസി ഇളക്കിമാറ്റി അതുവഴി കഷ്ടിച്ചു രക്ഷപ്പെട്ട ഷാഫിയും കൂടെയുള്ളവരും വാതിൽ തുറക്കാൻ ഹുസൈനോടു വിളിച്ചുപറഞ്ഞെങ്കിലും മറുപടിയുണ്ടായില്ല. അപ്പോഴേക്കു തീയും പുകയും ഗോഡൗണിനെയാകെ വിഴുങ്ങിയിരുന്നു.

തീ ആളിപ്പടരുന്നത് ആദ്യമറിഞ്ഞ ഹൂസൈൻ കൽബ ടൗണിൽ താമസിച്ചിരുന്ന സ്ഥാപനയുടമ അബ്ദുൽ മജീദിനെ ഈ വിവരം ഫോണിൽ അറിയിക്കുകയും ചെയ്തിരുന്നു. എട്ടുമണിയോടെയായിരുന്നു അതെന്ന് മജീദിന്റെ ഫോണിലെ കോൾലിസ്റ്റിലുണ്ട്. മജീദ് ഉടൻ പൊലീസിനെ വിവരമറിയിച്ചശേഷം അപകടസ്ഥലത്തേക്കു പാഞ്ഞു. ഇവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. പരമാവധി രക്ഷാപ്രവർത്തനം നടത്താനുള്ള ഹുസൈന്റെ ശ്രമമാണ് മരണം മൂന്ന് പേരിലേക്ക് ചുരുക്കിയത്. ഇതിനിടെയിൽ സ്വന്തം ജീവൻ നഷ്ടമായി.

പതിവുപോലെ വ്യാഴാഴ്ച രാത്രി ഏറെ വൈകിയാണ് എല്ലാവരും ഉറങ്ങാൻ കിടന്നത്. ഏഴുപേർ മൂന്നു മുറികളിലായി കിടക്കുകയായിരുന്നു. മരിച്ച ഹുസൈൻ, ഷിഹാബുദീൻ, നിസാമുദീൻ എന്നിവരായിരുന്നു ഒരു മുറിയിൽ. ഷാഫി, അബ്ദുൽ കരീം, നൂറുദ്ദീൻ, അബ്ദുൽ മജീദ് എന്നിവർ മറ്റു രണ്ടു മുറികളിലും. പുലർച്ചെ നിസ്‌കാരത്തിന് എഴുന്നേറ്റശേഷം എല്ലാവരും വീണ്ടും കിടന്നു. സാധാരണ എട്ടുമണിയാകുമ്പോഴേക്ക് എണീക്കാറുണ്ടെങ്കിലും ഇന്നലെ അവധിദിവസമായതിനാൽ നന്നായി ഉറങ്ങി. ഹുസൈൻ ശക്തമായി കതകിൽ മുട്ടിവിളിക്കുന്നതുകേട്ടാണ് ഉണർന്നതെന്നു തിരുനാവായ സ്വദേശി ഷാഫി പറഞ്ഞു.

കെട്ടിടത്തിനു തീപിടിച്ചെന്നും രക്ഷപ്പെടാനും വിളിച്ചുപറഞ്ഞു. അപ്പോഴേക്കു മേൽക്കൂര വിണ്ടുകീറുകയും മുറി ചുട്ടുപഴുക്കുകയും ചെയ്തിരുന്നു. കതകുതുറന്നതും കനത്ത പുക അകത്തേക്ക് അടിച്ചുകയറി. ഒപ്പം പൊള്ളുന്ന ചൂടും. ഒന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പുക കയറാതെ പെട്ടെന്നു കതകുചാരി പുറത്തിറങ്ങാനുള്ള വഴിതേടി. എസി ഇളക്കിമാറ്റുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. കൂടെയുള്ളവരെ വിളിച്ചുണർത്തി ഏറെ പണിപ്പെട്ട് എസി തള്ളി താഴെയിട്ടു പുറത്തേക്കു ചാടി. അപ്പോഴേക്കു ചുട്ടുപഴുത്ത അലുമിനിയം ഷീറ്റിന്റെ ഭാഗങ്ങളും കമ്പിയുമെല്ലാം ദേഹത്തേക്കു വീണു. അടുത്ത മുറിയിലുണ്ടായിരുന്ന നൂറുദീനും മജീദും ഇതുവഴിയാണു രക്ഷപ്പെട്ടത്. ഹുസൈനെയും കൂടെയുണ്ടായിരുന്നവരെയും കണ്ടില്ല. ഇവരുടെ മുറിയിൽ തട്ടിവിളിച്ചു കതകുതുറക്കാൻ പറഞ്ഞെങ്കിലും മറുപടി ഉണ്ടായില്ല.-ഷാഫി പറയുന്നു.

കെട്ടിടം തീഗോളമായതോടെ അടുക്കാനായില്ല. പുറത്തു നിർത്തിയിട്ടിരുന്ന വാനിലേക്കും തീ പടർന്നു. കൽബയിൽനിന്നു പൊലീസും ഫുജൈറയിൽ സിവിൽഡിഫൻസ് യൂണിറ്റുകളും എത്തി രക്ഷപ്രവർത്തനം നടത്തി. ശക്തമായ കാറ്റുണ്ടായിരുന്നതു തീ ആളിപ്പടരാനിടയാക്കി. ഒരുവർഷം മുൻപാണ് എല്ലാവരും നാട്ടിൽ പോയി വന്നത്. തിരൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് തീപിടിച്ച ഗോഡൗൺ. ഫുജൈറയിൽനിന്ന് ഏഴു കിലോമീറ്റർ അകലെ കൽബ വ്യവസായ മേഖലയിലാണ് അൽവഹ്ദ ഫർണിച്ചർ ഗോഡൗൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP