Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലണ്ടനിൽ മരിച്ച ഹോട്ടൽ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം വൈകുന്നു; ശിവപ്രസാദ് ദിവസങ്ങൾക്കു മുന്നേ മരിച്ചിരുന്നതായി സൂചന; വിവരങ്ങൾ അറിയാൻ കഴിയാതെ വേദനിച്ച് ഭാര്യയടക്കം കുടുംബാംഗങ്ങൾ; കൊച്ചച്ചന് എന്തുപറ്റിയെന്ന ചോദ്യവുമായി ജ്യേഷ്ഠന്റെ മകൾ സോഷ്യൽ മീഡിയയിൽ

ലണ്ടനിൽ മരിച്ച ഹോട്ടൽ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം വൈകുന്നു; ശിവപ്രസാദ് ദിവസങ്ങൾക്കു മുന്നേ മരിച്ചിരുന്നതായി സൂചന; വിവരങ്ങൾ അറിയാൻ കഴിയാതെ വേദനിച്ച് ഭാര്യയടക്കം കുടുംബാംഗങ്ങൾ; കൊച്ചച്ചന് എന്തുപറ്റിയെന്ന ചോദ്യവുമായി ജ്യേഷ്ഠന്റെ മകൾ സോഷ്യൽ മീഡിയയിൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലണ്ടനിൽ റേഞ്ച് ഹോട്ടലിൽ ഇന്ത്യൻ പാചക വിദഗ്ധൻ ആയി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ശിവപ്രസാദ് നായർ ആരുമറിയാതെ മരണത്തിന് കീഴടങ്ങിയ വാർത്ത ലണ്ടനിലെ മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ് കഴിയുന്നത്. അതിനാൽ തന്നെ മരണം നടന്നത് ആരും അറിയാതെ പോയി. ഏതാനും ദിവസമായി നാട്ടിലേക്കു ഫോൺ വിളി എത്താതിരുന്നതിനെ തുടർന്ന് ഭാര്യ യുകെയിലുള്ള ഏതാനും സുഹൃത്തുക്കളെ ബന്ധപ്പെട്ട ശേഷം മുറിയിൽ അന്വേഷണം നടത്താൻ എത്തിയവരാണ് മരിച്ചു കിടക്കുന്ന നിലയിൽ ശിവപ്രസാദിന്റെ കണ്ടെത്തുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ 18 വരെ ശിവ പ്രസാദ് ജോലിക്കെത്തിയിരുന്നതായി ഹോട്ടൽ മാനേജർ വ്യക്തമക്കിയിരുന്നു. പിറ്റേന്ന് നാട്ടിലേക്കു വിളിച്ചു സംസാരിച്ചതായി ശിവയുടെ പത്‌നി ശാലു ശിവപ്രസാദും അറിയിച്ചു. അതിനു ശേഷമാണു ശിവയെ കുറിച്ചുള്ള വിവരങ്ങൾ നഷ്ടമാകുന്നത്. ഈ ദിവസങ്ങൾക്കിടയിൽ എപ്പോഴോ മരണം സംഭവിച്ചു എന്ന് ഊഹിക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ.

അതിനിടെ ശിവ ജോലി ചെയ്തിരുന്ന ലണ്ടൻ ടവർ ബ്രിജ് ഹോട്ടൽ മാനേജർ മുഹമ്മദ് രാംസി പറയുന്ന വിവരങ്ങൾ മാത്രമാണ് കുടുംബത്തിനുള്ളത്. മെട്രോപൊളിറ്റൻ പൊലീസിൽ നിന്നുള്ള സന്ദേശം ഇതുവരെ കുടുംബത്തെ തേടി എത്തിയിട്ടില്ല. പലയിടത്തു നിന്നായി പല തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നത് മൂലം ഏറെ വിഷമാവസ്ഥയിലാണ് ശിവയുടെ കുടുംബ അംഗങ്ങൾ. ഇന്നലെ അദ്ദേഹത്തിന്റെ ഭാര്യ സഹോദരൻ ലണ്ടനിൽ നിന്നുള്ള വിവരങ്ങൾ തേടുകയാണ്.

എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു കുടുംബത്തിൽ നിന്നും ആവശ്യമായ രേഖകൾ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കു ശിവയുടെ ഭാര്യ സഹോദരൻ സിജുവാണ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. അസ്വാഭാവിക മരണം എന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ പൊലീസ് വിട്ടു നൽകൂ എന്നതിനാൽ പോസ്റ്റ് മോർട്ടം സംബന്ധിച്ച നടപടിക്രമങ്ങൾക്ക് സാധാരണയിൽ കവിഞ്ഞ താമസം നേരിട്ടേക്കും എന്നാണ് കരുതപ്പെടുന്നത്. എങ്കിലും 10, 12 ദിവസത്തിനകം ശിവയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ കഴിയും എന്നാണ് കരുതപ്പെടുന്നത്.

എന്നാൽ വിവരങ്ങൾ അറിയാൻ വെമ്പൽ കൊള്ളുന്ന ശിവയുടെ കുടുംബത്തിൽ നിന്നും പൊള്ളൽ അനുഭവപ്പെടുന്ന ഒരു ചോദ്യവും ആയാണ് ശിവയുടെ സഹോദര പുത്രി ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ശിവയുടെ ഫേസ്‌ബുക്കിൽ എത്തി കൊച്ചച്ഛ, ഞാൻ പാറുവാണ്, കൊച്ചച്ഛന് എന്ത് പറ്റി? എന്ന ചോദ്യം കരൾ നുറുക്കും വേദനയോടെ മാത്രമേ വായിച്ചു പോകാൻ കഴിയൂ. ശിവപ്രസാദിന്റെ മരണം സൃഷ്ടിച്ച ശൂന്യതയും കൃത്യമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യവും ആ കുടുംബത്തെ എത്രമാത്രം വേദനയുടെ കാണാക്കയത്തിൽ തള്ളിയിട്ടിരിക്കുന്നു എന്ന് കൂടിയാണ് ശിവ സ്‌നേഹപൂർവ്വം പാറൂ എന്ന് വിളിക്കുന്ന സ്വന്തം വീട്ടിലെ പെൺകുട്ടി ചോദിച്ചിരിക്കുന്നത്.

അതേ സമയം ഭാര്യയും ശിവയുടെ അച്ഛനും അടക്കമുള്ള ഉറ്റ ബന്ധുക്കൾ മരണം അറിഞ്ഞിട്ടുണ്ട് താനും. എന്നാൽ ജോലിക്കു എത്താതിരുന്ന ശിവയെ കുറിച്ച് ഹോട്ടൽ അധികൃതർ അന്വേഷണം നടത്തിയിരുന്നോ എന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഒറ്റയ്ക്ക് താമസിച്ചിരുന്നതും മരണം മറ്റാരും അറിയാതെ പോകാൻ കാരണമായി എന്ന് കരുതപ്പെടുന്നു.

പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പൊലീസ് അധികൃതർ ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ഹോട്ടൽ അധികൃതർക്ക് വിവരങ്ങൾ കൈമാറാൻ സമയം അനുവദിച്ചിരിക്കുന്നത്. ഇതിനു ശേഷം മാത്രമേ മരണം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കൂ. ഇന്നലെ അർദ്ധ രാത്രിയും ശിവയുടെ മരണം സംബന്ധിച്ച വിവരങ്ങൾ തേടി കേരളത്തിൽ നിന്നും ഫോൺകോളുകൾ എത്തിയിരുന്നു. ശിവയുടെ കുടുംബം അദ്ദേഹത്തിന്റെ മരണത്തിൽ എത്രമാത്രം ആകുലത അനുഭവിക്കുന്നു എന്ന് കൂടിയാണ് നിരന്തരമുള്ള ഫോൺ വിളികൾ തെളിയിക്കുന്നത്.

എന്നാൽ ആർക്കോ സംഭവിച്ച ഒരു മരണം എന്ന മട്ടിൽ നിസ്സംഗമായ യുകെ മലയാളി സമൂഹത്തിന്റെ നിർവികാരത ഭയപ്പെടുത്തുന്നതാണ്. സാധാരണയായി മരണം പോലുള്ള ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഒന്നിക്കാൻ വെമ്പൽ കൊള്ളുന്ന മലയാളി സമൂഹം വ്യക്തമായ വിവരങ്ങൾ അറിയാത്തതിനാലും സൗഹൃദ ബന്ധങ്ങളുടെ കുറവും മൂലമാകും ഈ നിർവികാരത പ്രകടിപ്പിക്കുന്നതെന്നു കരുതപ്പെടുന്നു.

ശിവയോടൊപ്പം മുൻപ് ജോലി ചെയ്തിരുന്ന ലീഡ്‌സിലെ മലയാളിയും ശിവയുടെ ഫേസ്‌ബുക്ക് സുഹൃത്ത് മുഖേനെ സഹായ വാഗ്ദാനവും ആയി രംഗത്ത് വന്ന ന്യൂകാസിൽ മലയാളി രാജേഷുമാണ് ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങാൻ സന്നദ്ധത കാണിച്ചത്. മൃതദേഹം ഏറ്റെടുക്കുന്നത് ഉൾപ്പെടെ എന്താവശ്യത്തിനും ലണ്ടനിൽ എത്താൻ താൻ തയ്യാറെന്നു രാജേഷ് അറിയിച്ചിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോഗ്രസീവ് മലയാളി സൊസൈറ്റി പ്രവർത്തകരും ആവശ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേ സമയം ശിവപ്രസാദ് ജോലിക്കു ചെല്ലാതിരുന്നതിനെ തുടർന്ന് ഹോട്ടലിൽ നിന്നും അന്വേഷണം ഉണ്ടായോ എന്ന കാര്യം വ്യക്തമല്ല. അഥവാ, ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ലീവ് വിളിച്ചിരുന്നെങ്കിൽ ആരും തുടർ അന്വേഷണം നടത്താതെ പോയതാകും മരണം നടന്ന വിവരം പുറം ലോകം അറിയാതെ പോകാൻ കാരണം എന്നും കരുതപ്പെടുന്നു. ശിവപ്രസാദിന് മലയാളി സമൂഹവുമായി അധികം അടുപ്പമുണ്ടായിരുന്നില്ല.

ലണ്ടനിലെ ഏറ്റവും തിരക്കുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ശൃംഖലയാണ് റേഞ്ച് ഹോട്ടലുകൾ. നഗരത്തിൽ മൂന്നു ഹോട്ടലുകൾ ഉള്ളതിൽ ശിവപ്രസാദ് ഏതിലായിരുന്നു എന്നതും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നേരത്തെ മാരിയറ്റ് ഹോട്ടലിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കുക്കറിൽ ബിരുദം നേടിയ ശിവ പ്രസാദ് തൊഴിൽ രംഗത്ത് ഏറെ പ്രാഗൽഭ്യം തെളിയിച്ചിരുന്നു എന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം. ശാലു ശിവപ്രസാദാണ് ഭാര്യ. രണ്ടു കുഞ്ഞുങ്ങളുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP