Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യയെ വിജയടീമാക്കി മാറ്റി; ടെസ്റ്റിലും ഏകദിനത്തിലും ഒന്നാമതെത്തിച്ചു; പൊൻതൂവലായി മൂന്ന് ഐസിസി കിരീടങ്ങളും; കൂസലില്ലാതെ വെടിക്കെട്ട് ബാറ്റിങ് നടത്തി ആരാധകഹൃദയങ്ങളിലിടം പിടിച്ച ക്യാപ്റ്റൻ കൂൾ നായകവേഷം അഴിച്ചുവയ്ക്കുമ്പോൾ

ഇന്ത്യയെ വിജയടീമാക്കി മാറ്റി; ടെസ്റ്റിലും ഏകദിനത്തിലും ഒന്നാമതെത്തിച്ചു; പൊൻതൂവലായി മൂന്ന് ഐസിസി കിരീടങ്ങളും; കൂസലില്ലാതെ വെടിക്കെട്ട് ബാറ്റിങ് നടത്തി ആരാധകഹൃദയങ്ങളിലിടം പിടിച്ച ക്യാപ്റ്റൻ കൂൾ നായകവേഷം അഴിച്ചുവയ്ക്കുമ്പോൾ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയിക്കുന്ന ടീമായി മാറിയത് എം.എസ്. ധോണിയെന്ന ജാർഖണ്ഡുകാരൻ നായകപദവിയിലേറിയശേഷമാണ്. വിക്കറ്റിനു പിന്നിലെ കരുതൽ ടീമിനെ ജയിപ്പിക്കുന്നതിലും ധോണി പുറത്തെടുത്തപ്പോൾ 40 വർഷത്തിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരേ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ടീമായി ഇന്ത്യ മാറി. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ ലോകറാങ്കിങ്ങിൽ ഒന്നാമതെത്തിച്ച ഈ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മൂന്ന് ഐസിസി കിരീടങ്ങളും സ്വന്തമാക്കിയ ഏക നായകൻ കൂടിയാണ്. 2007ൽ ടിട്വന്റിയിലും 2011ൽ ഏകദിനത്തിലും ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയ ധോനിയുടെ നേതൃത്വത്തിലാണ് 2013ൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലും കിരീടമണിഞ്ഞത്.

ദ്രാവിഡിനെപ്പോലുള്ള താരങ്ങളെയൊക്കെ വിക്കറ്റിന് പിന്നിൽ പരീക്ഷിച്ച് മടുത്ത ടീം ഇന്ത്യയ്ക്ക് വർഷങ്ങൾക്കുശേഷം ലഭിച്ച ലക്ഷണമൊത്ത ഒരു കീപ്പറായിരുന്നു ധോണി. പലതവണ അതിവേഗ സ്റ്റംപിങ്ങിലൂടെ ആരാധകരെ ഞെട്ടിക്കാൻ ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. കൊണ്ടുവരുന്ന വിജയങ്ങളെക്കാളുപരി ധോണിയെ ഇഷ്ടപ്പെടാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഏറെയൊന്നും ഘടകങ്ങൾ ആ അഞ്ചടി ഒൻപതിഞ്ചുകാരനിൽ ഇല്ലെന്നതാണു വാസ്തവം. ഇന്ത്യൻ ക്രിക്കറ്റ് ടീമിലിടം പിടിക്കുന്ന മറ്റു താരങ്ങൾക്കൊന്നുമില്ലാത്ത പ്രത്യേകത അദ്ദേഹത്തിനുണ്ടായിരുന്നു. ജാർഖണ്ഡ് എന്ന പിന്നോക്ക സംസ്ഥാനത്തുനിന്നു ഇന്ത്യൻ ടീമിലിടം പിടിച്ച ഒരു സാധാരണക്കാരനായിരുന്നു ധോണി. വൻനഗരങ്ങളിലെ എലീറ്റ് സൊസൈറ്റിക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ഇന്ത്യൻ ക്രിക്കറ്റിൽ ഇടംപിടിച്ച നാട്ടിൻപുറത്തുകാരൻ. പ്രായമായവരോട് അനാവശ്യ വിധേയത്തം കാട്ടിയില്ല, അവരെ എതിർക്കാനും പോയില്ല. ക്രിക്കറ്റ് എന്ന കളിയിലൂടെ മാത്രമേ ധോണി ആരാധകരുമായി സംവദിച്ചുള്ളു. സ്വകാര്യത അടിമുടി നിറച്ചുവച്ചു. എന്നാൽ ക്രിക്കറ്റ് ബിഗ് ബിസിനസായി മാറിയ കാലഘട്ടത്തിൽ അതിലൂടെ കൈവന്ന സൗഭാഗ്യങ്ങളൊന്നും വേണ്ടെന്നു വച്ചില്ല. ധോണിയുടെ മനസിന്റെ വാതിൽവരെയേ ആരാധകർക്കു പ്രവേശനമുണ്ടായിരുന്നുള്ളു. അതിനുള്ളിലേക്കു കടന്നത് പരസ്യക്കാരും, ടീമിലെ തന്നെ ചിലരും പിന്നെ സാക്ഷിയും മാത്രം.

സ്‌കൂൾ തലത്തിൽ ഫുട്‌ബോൾ ഗോൾകീപ്പറായിരുന്ന ധോണിയുടെ ഡൈവിങ് മികവു കണ്ടറിഞ്ഞ കോച്ച് അദ്ദേഹത്തെ ക്രിക്കറ്റിലേക്കു വഴിതിരിച്ചു വിടുകയായിരുന്നു. സ്‌കൂൾ തലത്തിൽ റാഞ്ചിയുടെ ഗ്രൗണ്ടുകളെ അമിട്ട് മട്ടിലുള്ള ഷോട്ടുകൾ കൊണ്ടു തീപിടിപ്പിച്ച ധോണി പിന്നീട് കൊൽക്കത്ത ക്ലബ് ക്രിക്കറ്റിൽ ശ്രദ്ധയൂന്നി. റയിൽവേയിൽ ജോലിയും. പക്ഷേ, നെയ്‌റോബിയിൽ ഇന്ത്യ എയ്ക്കു വേണ്ടി ത്രിരാഷ്ട്ര ടൂർണമന്റിൽ തുടർച്ചയായി രണ്ടു സെഞ്ചുറി നേടിയതു ജീവിതത്തിന്റെ ഗതിമാറ്റി. ഇന്ത്യൻ ടീമിലേക്കു വഴിതുറന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ഗതിയിൽ മാറ്റം വരുത്തിയ സാന്നിധ്യം. ടെസ്റ്റിൽ ഒന്നാം നമ്പർ, ഏകദിന ട്വന്റി20 ലോകകപ്പുകളിൽ കിരീടം; ഏതൊരു നായകനും കൊതിച്ചു പോകുന്ന സ്വപ്നതുല്യ നേട്ടങ്ങളാണു ധോണി ഇന്ത്യയുടെ പേരിൽ കുറിച്ചത്.

2004ൽ വിശാഖപട്ടണത്തു പാക്കിസ്ഥാനെതിരെ ആണു ധോണി ലോകക്രിക്കറ്റിൽ തന്റെ ആദ്യ സാന്നിധ്യമറിയിച്ചത്. വെറും രണ്ടു റൺസിനു സച്ചിൻ തെൻഡുൽക്കർ പുറത്തായതിനു പിന്നാലെ നാലാം ഓവറിൽ ക്രീസിലെത്തിയ നീളൻ മുടിക്കാരൻ പിന്നെ കളം നിറഞ്ഞങ്ങു വാഴുകയായിരുന്നു. 123 പന്തുകളിൽ 15 എണ്ണം മൺപറ്റി പുറത്തേക്കും നാലെണ്ണം ആകാശം തൊട്ടു പുറത്തേക്കും പാഞ്ഞപ്പോൾ സ്വന്തം പേരിൽ ധോണി കുറിച്ചത് 148 റൺസ്. ഇന്ത്യ കുറിച്ചത് 356 റൺസ്. വിജയം 58 റൺസിന്. പിന്നീട്, എത്രയോ ഇന്നിങ്‌സുകൾ. 2005ൽ ശ്രീലങ്കയ്‌ക്കെതിരെ ജയ്പൂരിലും വീണ്ടുമൊരു കണ്ണഞ്ചിക്കുന്ന പ്രകടനം ധോണിയിൽനിന്നുണ്ടായി. 299 ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ആദ്യ ഓവറിൽത്തന്നെ സച്ചിനെ നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയ ധോണി 40 പന്തുകളിൽ 50 റൺസിലെത്തി. 85 പന്തുകളിൽ 100 റൺസിൽ, 145 പന്തുകളിൽ 183 റൺസ്. ടീം വിജയത്തിലേക്ക്. കരുത്തിന്റെ മുദ്ര കൊത്തിവച്ച 15 ബൗണ്ടറിയും 10 പടുകൂറ്റൻ സിക്‌സറുകളും.

പാക്കിസ്ഥാനെതിരെ 2012ൽ ചെന്നൈയിൽ നേടിയ 113 റൺസ്, കിങ്സ്റ്റണിൽ 2009ൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 95 റൺസ് തുടങ്ങി ഇപ്പോഴും ഒന്നിനു പിന്നാലെ ഒന്ന് എന്ന കണക്കിൽ പറയാൻ ഇന്നിങ്‌സുകൾ ഒട്ടേറെയുണ്ട് ധോണിയുടെ പേരിൽ. എങ്കിലും ശ്രീലങ്കയ്‌ക്കെതിരെ 2011 ലോകകപ്പിൽ കിരീടം നേടിത്തന്ന ഇന്നിങ്‌സ് വേറിട്ടു നിൽക്കുന്നു. ഇന്ത്യയ്ക്ക് ലക്ഷ്യം 275. 22ാം ഓവറിൽ മൂന്നിന് 114ൽ നിൽക്കുമ്പോൾ ധോണി ക്രീസിലെത്തുന്നു. അസാമാന്യ ഫോമിലുള്ള യുവരാജിനെ മറികടന്നാണ് ധോണിയുടെ വരവ്. നാലാം വിക്കറ്റിൽ ധോണി ഗംഭീർ സഖ്യം 109 റൺസ് കൂട്ടിച്ചേർത്തു. 79 പന്തുകളിൽ 91 റൺസുമായി ധോണി വിജയംവരെ ക്രീസിൽ നിന്നു. നേടിയ രണ്ടു സിക്‌സറുകളിൽ ഒരെണ്ണം വിജയ റൺ കുറിച്ചുള്ളതായിരുന്നു.

കൂസലില്ലായ്മയും സമർദത്തെ അതിജീവിക്കലുമാണ് ധോണിയുടെ ബാറ്റിംഗിന്റെയും മൊത്തത്തിലുള്ള കളിയുടെയും പ്രത്യേകത. അദ്ദേഹം ബാറ്റു വീശുന്നതുതന്നെ ഇതുവരെ കണ്ടു പരിച്ച രീതിയിലായിരുന്നില്ല. ധോണിയുടെ ഒരു ഷോട്ടും ക്രിക്കറ്റ് വിശാരദന്മാരുടെ സൗന്ദര്യ സങ്കൽപ്പത്തിനൊത്തതായിരുന്നില്ല. അസാമാന്യ പ്രഹരശേഷിയോടെയാണ് അദ്ദേഹം ബോളർമാരെ നേരിട്ടിരുന്നത്. ഇന്നിങ്‌സ് കെട്ടിപ്പടുക്കാനും ഗതിവേഗം കൂട്ടാനും വിജയത്തിലേക്കു കുതിക്കാനും കഴിവുള്ള ഏറെ ബാറ്റ്‌സ്മാൻ ധോണിയെപ്പോലെ ഇല്ലെന്നതാണ് വാസ്തവം. അവസാന നിമിഷംവരെ ക്ഷമയോടെനിന്ന് ടീമിനെ വിജയത്തിലേക്കു നയിക്കാൻ അദ്ദേഹം കാണിച്ചിരുന്ന ആർജവവും പാടവവും മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാൻ കഴിയുന്നതായിരുന്നു. കളിയുടെ അന്ത്യ നിമിഷങ്ങളിൽ എത്ര കടുത്ത സമ്മർദത്തെ അതിജീവിച്ചും ഉചിതമായ തീരുമാനം എടുക്കുന്നതിലും ധോണി മിടുക്കു കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP