Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോർ സ്റ്റാർ പൂട്ടുന്നത് സ്വാഭാവിക നീതിക്ക് എതിരെന്ന് ഹൈക്കോടതി; ടു സ്റ്റാർ-ത്രീ സ്റ്റാർ ബാറുകൾക്ക് നാളെ താഴ് വീഴും: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിന് കോടതിയുടെ ഭാഗിക അംഗീകാരം; കാറ്റഗറി മാറ്റത്തിലൂടെ ത്രീസ്റ്റാർ ബാറുകൾ തുറന്നേക്കും

ഫോർ സ്റ്റാർ പൂട്ടുന്നത് സ്വാഭാവിക നീതിക്ക് എതിരെന്ന് ഹൈക്കോടതി; ടു സ്റ്റാർ-ത്രീ സ്റ്റാർ ബാറുകൾക്ക് നാളെ താഴ് വീഴും: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിന് കോടതിയുടെ ഭാഗിക അംഗീകാരം; കാറ്റഗറി മാറ്റത്തിലൂടെ ത്രീസ്റ്റാർ ബാറുകൾ തുറന്നേക്കും

കൊച്ചി: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിന് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഭാഗിക അംഗീകാരം. ഫോർ സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയാണ് കോടതി മദ്യനയത്തെ അംഗീകരിച്ചത്. ഇതോടെ 21 ഫൈവ് സ്റ്റാർ ബാറിനൊപ്പം 34 ഫോർ സ്റ്റാർ ബാറിനും പ്രവർത്തിക്കാം. ഇതിനൊപ്പം 278 ത്രീ സ്റ്റാർ ബാറുകളും അടച്ചുപൂട്ടാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് കെ സുരേന്ദ്രമോഹനാണ് സുപ്രധാനവിധി പുറപ്പെടുവിച്ചത്.

അതായത് പ്രവർത്തിക്കുന്ന 312 ബാറുകളിൽ ഫോർ സ്റ്റാറുകളായ 34 എണ്ണം അടയ്‌ക്കേണ്ടതില്ല. ബാക്കിയുള്ള 278 ത്രീ സ്റ്റാർബാറുകളും വിധിയോടെ അടച്ചു പൂട്ടണം. പണി പൂർത്തിയായ ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് തുറന്ന് പ്രവർത്തിക്കാമെന്നും വ്യക്തമാക്കി. ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ മാനദണ്ഡമാണ് ഫോർ സ്റ്റാറിനും ഉള്ളത്. ഇത് ചൂണ്ടിയാണ് ഫോർ സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകുന്നത്. ഈ സാഹചര്യത്തിൽ ഫൈവ് സ്റ്റാറുകൾക്ക് അനുവദിച്ച നീതി ഫോർസ്റ്റാറിന് അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഫൈവ് സ്റ്റാർ ബാറുകൾക്കും ഹെറിറ്റേജ് ബാറുകൾക്കും ബാർ ലൈൻസ് നൽകാമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ 34 ഫോർ സ്റ്റാർ ബാറുകളും 21 ഫൈവ് സ്റ്റാർ ഹോട്ടലുകളുമാണുള്ളത്. 8 ഹെറിറ്റേജ് ഹോട്ടലുകളിലും ബാറുകളുണ്ട്. ഇതടക്കം സംസ്ഥാനത്ത് മൊത്തം എഴുപതോളം ബാറുകളാണ് പ്രവർത്തിക്കുക. പൂട്ടിയ ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ഫോർ സ്റ്റാറിലേക്ക് മാറിയാൽ പ്രവർത്തിക്കാമെന്ന വിലയിരുത്തലും എത്തുന്നുണ്ട്. ഈ സാഹചര്യത്തിന് കോടതി വിധി ഇടയാക്കുമെന്നും വിമർശനമുണ്ട്.

മദ്യനയം കോടതി അംഗീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ടു സ്റ്റാർ ത്രീ സ്റ്റാർ ബാറുകൾക്ക് നാളെ താഴുവീഴും. നാളെത്തന്നെ ബാറുകൾ പൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബാറുകൾ പൂട്ടാൻ മൂന്നാാഴ്ച സമയം അനുവദിക്കണമെന്ന് ബാറുടമകൾ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇത് കോടതി തള്ളിയതിനെ തുടർന്നാണ് ബാറുകൾ നാളെത്തന്നെ പൂട്ടാൻ നിർദ്ദേശം നൽകിയത്.

സർക്കാരിന്റെ മദ്യനയത്തിന് ഭാഗിക അംഗീകാരം നൽകുന്ന വിധി പുറപ്പെടുവിച്ചശേഷം ബാറുടമകൾ ഹർജി സമർപ്പിച്ചിരുന്നു. ബാറുകൾ പൂട്ടാൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്നമാണ് ഉടമകൾ ആവശ്യപ്പെട്ടത്. എന്നാൽ, ഹർജി തള്ളിയാണ് ഇന്നുതന്നെ ബാർ പൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

ബാറുകൾ അടച്ചുപൂട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ ബാറുടമകളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സർക്കാർ നടപടി പിൻവലിക്കുന്നതിനെതിരെ മദ്യവർജന സമിതിയും കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസും നൽകിയ ഹർജികളും അടക്കം മൊത്തം 83 ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ത്രീ സ്റ്റാർ ബാറുടമകൾ വ്യക്തമാക്കി. നാളെ തന്നെ അപ്പീൽ നൽകാനാണ് തീരുമാനം.

അതിനിടെ സർക്കാരിന്റെ മദ്യനയത്തിന് കോടതി വിധി അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മറിച്ചുള്ള വാദങ്ങൾ ശരിയല്ല. ഫോർ സ്റ്റാർ ബാറിൽ അപ്പീൽ പോകണമോ എന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി. എ പ്ലസ് കിട്ടിയില്ലെങ്കിലും വിജയം സർക്കാരിനാണെന്ന് എക്‌സൈസ് മന്ത്രി കെ ബാബുവും അറിയിച്ചു. വിധി പകർപ് കിട്ടിയശേഷം സർക്കാർ അനന്തര നടപടികൾ സ്വീകരിക്കുമെന്നും ബാബു പറഞ്ഞു.

സർക്കാരിന്റെ വിജയമാണ് കോടതി വിധിയെന്ന് കെപിസിസി പ്രസിഡന്റ് സുധീരനും വ്യക്തമാക്കി. മദ്യനയത്തിൽ ജനതാൽപര്യം മാനിച്ചുള്ള വിധിയാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. മദ്യനിരോധനത്തിനുള്ള നീക്കങ്ങൾക്ക് ഇത് കൂടുതൽ ശക്തി പകരും. ഫോർ സ്റ്റാർ ബാറുകളും നിരോധനത്തിന്റെ പരിധിയിൽ വരുത്തണമെന്നതാണ് സർക്കാർ നയം. ഫോർ സ്റ്റാർ ബാറുകൾക്ക് കോടതി അനുമതി നൽകിയ സാഹചര്യത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച് അനന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

സർക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണ് വിധിയെന്ന് മന്ത്രി ഷിബു ബേബി ജോണും പ്രതികരിച്ചു. ബാറുകളുടെയും ബിവറേജസ് ഷോപ്പുകളുടെയും സമയം പുനഃക്രമീകരിക്കണം. പ്രവർത്തന സമയം ഉച്ചമുതലാക്കുന്നത് പരിശോധിക്കണമെന്നും ഷിബു ബേബിജോൺ പറഞ്ഞു.

അതേസമയം, ഫോർ സ്റ്റാർ ബാറുകളുടെ കാര്യത്തിൽ സർക്കാർ അപ്പീൽ നൽകിയില്ലെങ്കിൽ വ്യക്തിപരമായി നിയമ നടപടി തുടരുമെന്ന് ടി എൻ പ്രതാപൻ എംഎൽഎ പറഞ്ഞു.

മദ്യനയം രൂപീകരിക്കാൻ സംസ്ഥാന സർക്കാരിനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ ബാർ ഉടമകൾക്ക് നിയമപരമായി കഴിയില്ലെന്നായിരുന്നു സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ വാദം. സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നും മദ്യലഭ്യത കുറയ്ക്കുകയാണ് ലക്ഷ്യമെന്നും കോടതിയിൽ വിശദീകരിച്ചു. ഇതിനെ കോടതി അംഗീകരിച്ചു. എങ്കിലും ത്രിസ്റ്റാർ മാത്രം മതിയെന്ന ഉത്തരവ് അംഗീകരിച്ചുമില്ല. എന്നാൽ ഹോട്ടൽ വ്യവസായത്തിലേക്ക് കോടികൾ മുതൽമുടക്കിയ സാഹചര്യം ഉടമകളും ഉയർത്തി. ഈ സാഹചര്യത്തിലാണ് ഫോർ സ്റ്റാറുകൾക്ക് പ്രവർത്തനാനുമതി.

ഈ കേസിൽ ഒക്ടോബർ 30ന് മുമ്പ് തീരുമാനമെടുക്കണമെന്ന ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയത്. ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ കോടതി വിധി അൽപ്പം നീളുകയായിരുന്നു. മദ്യ വില്പനയുമായി ബന്ധപ്പെട്ട് ബിവറേജസ് കോർപ്പറേഷൻ നൽകിയ കണക്കുകൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ അടക്കമുള്ളവർ ഹൈക്കോടതിയിൽ വീണ്ടും വിശദീകരണ പത്രിക നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിധി നീണ്ടു പോയത്.

ഉമ്മൻ ചാണ്ടി സർക്കാരിന് രാഷ്ട്രീയമായി ഏറെ ആശ്വാസമാണ് ഈ വിധി. മദ്യലോബിക്ക് വഴങ്ങിക്കേസിൽ സർക്കാർ വിട്ടുവീഴ്ച നടത്തിയെന്ന ആരോപണങ്ങൾക്കും ഒരുപരിധിവരെ വിരാമമാകും. എന്നാൽ ബാർ തൊഴിലാളികളുടെ പുനരധിവാസമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ സർക്കാരിന് തലവേദനയാകും. ഇതിനൊപ്പം ബാറുകളിൽ നിന്നുള്ള നികുതി നഷ്ടവും ഖജനാവിനെ ബാധിക്കും.

നിലവാരമില്ലായെന്ന് കണ്ടെത്തി സർക്കാർ പൂട്ടിയ 418 ബാറുകളുടെ കാര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിലപാട് നേരത്തെ എടുത്തിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിന് മാത്രം ബാറുകളെന്ന മദ്യനയമുള്ളതിനാൽ ബാറുകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് നിലവാര പരിശോധനയെന്ന ഈ ബാറുകളുടെ ആവശ്യത്തിന് പ്രസ്‌ക്തിയില്ലെന്നായിരുന്നു കോടതി വിധി. സിംഗിൾ ബഞ്ച് ഉത്തരവോടെ ബാക്കി ത്രീസ്റ്റാർ ബാറുകൾക്കും താഴ് വീഴുകയാണ്.

സർക്കാർ ആദ്യം 418 ബാറുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതുസംന്ധിച്ച രാഷ്ട്രീയ വിവാദമാണ് പുതിയ മദ്യനയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ബാറു തുറക്കാനാണ് സർക്കാരിന് താൽപ്പര്യമെന്ന പരോക്ഷ ആക്ഷേപങ്ങൾ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്നെ ഉയർത്തി. ഇതോടെ എല്ലാവരേയും ഞെട്ടിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ത്രിസ്റ്റാർ ബാറുകളെല്ലാം പൂട്ടുന്ന മദ്യനയവുമായെത്തി. ഇതിനെയാണ് കോടതിയിൽ ബാറുടമകൾ ചോദ്യം ചെയ്തത്.

മദ്യനയ പ്രകാരം ശേഷിച്ച ബാറുകളിൽ ഫൈവ് സ്റ്റാർ ഒഴികെയുള്ളവ സെപ്റ്റംബർ 30ന് പൂട്ടാനായിരുന്നു സർക്കാറിന്റെ തീരുമാനം. ഹൈക്കോടതിയിൽ ഹർജി നൽകിയ ശേഷം സുപ്രീംകോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങിയായിരുന്നു സെപ്റ്റംബർ 30ന് ശേഷം 292 ബാറുകൾ പ്രവർത്തിച്ചത്. ഹൈക്കോടതി വിധി വരുംവരെ ബാർ പ്രവർത്തിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി പ്രതികൂലമായാൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് സാവകാശം വേണമെന്നും അതുവരെ ബാർ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഉടമകൾ നേരത്തെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല.

ഹൈക്കോടതി വിധിയോടെ ഇന്ന് രാത്രിയോടെ ത്രീ സ്റ്റാർ ബാറുകളെല്ലാം പൂട്ടും. മദ്യനയത്തിന്റെ ഭാഗമായി പത്ത് ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഗാന്ധിജയന്തി ദിനത്തിൽ സർക്കാർ പൂട്ടിയിരുന്നു. പത്ത് വർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP