Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

200 എംഎൽഎമാരെ കൂടെനിർത്തി അഖിലേഷ് യോഗം വിളിച്ചതോടെ അച്ഛനും ഇളയച്ഛനും വിരണ്ടു; ഇന്നലെ പുറത്താക്കിയ മകനെ പാർട്ടിയിൽ തിരിച്ചെടുത്ത് മുലായംസിങ്; പിളർന്നുമാറലിന്റെ വക്കിൽ നിന്ന് പുതുജീവൻ നേടി യുപിയിൽ സമാജ് വാദി പാർട്ടി; അച്ഛനും മകനും ഒരുമിക്കുന്നതോടെ ശിവ്പാൽയാദവിന്റെയും അമർസിംഗിന്റെയും നില പരുങ്ങലിൽ

200 എംഎൽഎമാരെ കൂടെനിർത്തി അഖിലേഷ് യോഗം വിളിച്ചതോടെ അച്ഛനും ഇളയച്ഛനും വിരണ്ടു; ഇന്നലെ പുറത്താക്കിയ മകനെ പാർട്ടിയിൽ തിരിച്ചെടുത്ത് മുലായംസിങ്; പിളർന്നുമാറലിന്റെ വക്കിൽ നിന്ന് പുതുജീവൻ നേടി യുപിയിൽ സമാജ് വാദി പാർട്ടി; അച്ഛനും മകനും ഒരുമിക്കുന്നതോടെ ശിവ്പാൽയാദവിന്റെയും അമർസിംഗിന്റെയും നില പരുങ്ങലിൽ

ലക്‌നൗ: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും രാം ഗോപാൽ യാദവിനെയും സമാജ്‌വാദി പാർട്ടിയിൽ തിരിച്ചെടുത്തു. പാർട്ടിയിലെ ഇരുന്നൂറോളം എംഎൽഎമാർ ഇന്ന് അഖിലേഷ് വിളിച്ച യോഗത്തിനെത്തിയതോടെ കാര്യങ്ങൾ പന്തിയില്ലെന്നു കണ്ടാണ് മുലായവും പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ശിവ്പാൽ യാദവും അഖിലേഷിനെയും രാംഗോപാലിനേയും പുറത്താക്കിയ തീരുമാനം ഉടൻ പിൻവലിച്ചത്. അതേസമയം പാർട്ടിയിലെ ശക്തൻ താൻതന്നെയെന്ന് മുഖ്യമന്ത്രി കൂടിയായ അഖിലേഷ് തെളിയിച്ചതോടെ ശിവ്പാൽ യാദവിനും മുഖ്യശത്രുവായ അമർസിംഗിനും വരുംദിവസങ്ങളിൽ തിരിച്ചടി ഉണ്ടാകുമെന്നും സൂചനകളുണ്ട്.

തനിക്കുപിന്നിൽ പാർട്ടിയിലെ ഭൂരിഭാഗം എംഎൽഎമാരെയും അണിനിരത്തി അഖിലേഷ് കരുത്തു തെളിയിക്കുകയായിരുന്നു. എംഎൽഎമാരുടെ യോഗത്തിനു ശേഷം ഒത്തുതീർപ്പു ചർച്ചകൾക്കായി അഖിലേഷ് യാദവ് മുലായത്തിന്റെ വസതിയിലെത്തിയിരുന്നു. പാർട്ടിയുടെ ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായി അമർ സിങ്ങിനെ പുറത്താക്കണമെന്നായിരുന്നു അഖിലേഷിന്റെ പ്രധാന ആവശ്യം. ഈ ആവശ്യം അംഗീകരിക്കുമോ എന്ന് വ്യക്തമായിട്ടില്ല.

അഖിലേഷ് യാദവും സംസ്ഥാന അധ്യക്ഷൻ ശിവ്പാൽ യാദവും തമ്മിൽ നാളുകളായി നിലനിൽക്കുന്ന അധികാരത്തർക്കത്തിനൊപ്പം സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയുമാണു പാർട്ടിയെ രണ്ടു കഷണമാക്കുന്നതിന്റെ വക്കിലേക്ക് കാര്യങ്ങളെത്തിച്ചത്. ബുധനാഴ്ച മുലായം പരസ്യമാക്കിയ സ്ഥാനാർത്ഥിപ്പട്ടികയിൽ അതൃപ്തനായ മുഖ്യമന്ത്രി പിറ്റേന്നു സമാന്തര സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് നേതൃത്വത്തെ വെല്ലുവിളിച്ചു. ഇതോടെ ഐക്യശ്രമങ്ങളെല്ലാം തകർന്നടിയുകയും ചെയ്തു. ഇരുനേതാക്കളും പ്രഖ്യാപിച്ച പട്ടികയിൽ 170 ലേറെ നേതാക്കൾ ഇടംപിടിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് അഖിലേഷ് യാദവിനെയും രാംഗോപാൽ യാദവിനെയും ആറു വർഷത്തേക്കു പാർട്ടിയിൽനിന്ന് പുറത്താക്കിയതായി മുലായം പ്രഖ്യാപിച്ചത്. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചതിനാണു നടപടിയെന്നായിരുന്നു വിശദീകരണം.

ഇതിന് പിന്നാലെയാണ് പാർട്ടി നേതാവായ അസം ഖാന്റെയും മഹാരാഷ്ട്രയിലെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അബു ആസ്മിയുടെയും സാന്നിധ്യത്തിൽ അനുരഞ്ജനങ്ങൾ നടന്നത്. ആദ്യം മുലായം ഇതിന് വഴങ്ങിയില്ലെങ്കിലും അഖിലേഷ് കരുത്തുതെളിയിച്ചതോടെ ഇന്ന് ഇരുവരും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങി. അഖിലേഷിനെയും മുലയത്തെയും അനുനയിപ്പിക്കാനായി മുതിർന്ന നേതാക്കൾ ഇന്നലെ മുതൽ ശ്രമം നടത്തിവരികയായിരുന്നു. ഇന്നുരാവിലെ അസം ഖാൻ മുലായം സിങ്ങുമായി ഒരു മണിക്കൂറോളം ചർച്ച നടത്തിയിരുന്നു.

ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഉൾപ്പെടെയുള്ള നേതാക്കളും സമാജ്‌വാദി പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇടപെട്ടിരുന്നു. വർഗീയ ശക്തികളെ ചെറുക്കാൻ സമാജ്‌വാദി പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്ന് ലാലു, മുലായം സിങ്ങിനോട് ആവശ്യപ്പെട്ടു.

പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട സാഹചര്യത്തിൽ അഖിലേഷ് യാദവ് വിളിച്ചുചേർത്ത പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ 194 എംഎൽഎമാർ പങ്കെടുത്തതായാണ് വിവരം. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിക്ക് ആകെ 229 എംഎൽഎമാരാണുള്ളത്. അഖിലേഷ് യാദവിന്റെ യോഗത്തിൽ പങ്കെടുക്കുന്നവർ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് സമാജ്‌വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ ശിവ്പാൽ യാദവ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇത് വകവയ്ക്കാതെയാണ് എംഎൽഎമാർ അഖിലേഷിന് പിന്തുണയുമായി കൂട്ടുത്തോടെ യോഗത്തിനെത്തുകയായിരുന്നു മുലായം സിങ് യാദവും ഇന്നു പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നെങ്കിലും ഇതിൽ പങ്കെടുക്കില്ലെന്ന് അഖിലേഷിനെ പിന്തുണയ്ക്കുന്നവർ വ്യക്തമാക്കിയിരുന്നു. ഇതോടെ അവസാന നിമിഷം ഈ യോഗം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് മുലായം നാണക്കേട് ഒഴിവാക്കി.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാം ഗോപാൽ യാദവിനെയും സമാജ്‌വാദി പാർട്ടിയിൽനിന്ന് പുറത്താക്കുന്നതായി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവ് അറിയിച്ചത്. ആറു വർഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയത്. ഇതോടെ പാർട്ടി പിളരുകയാണെന്ന വാർത്തകളും പുറത്തുവന്നു. പക്ഷേ, പ്രതിസന്ധികൾ ലാലുപ്രസാദിന്റെയും അസംഖാന്റെയും അബു ആസ്മിയുടേയും ഇടപെടലിലൂടെ പരിഹരിക്കപ്പെടുകയായിരുന്നു.

അഖിലേഷ് യാദവും ഇളയച്ഛനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാൽ യാദവും തമ്മിലുള്ള മുപ്പിളമ തർക്കം സ്ഥാനാർത്ഥി നിർണയത്തിലും കടന്നു വന്നതോടെയാണ് സമാജ് വാദി പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് അഖിലേഷ് യാദവ് അനുകൂലികളെ ശിവ്പാൽ യാദവ് വെട്ടി നിരത്തി. തൊടേടു പിന്നാലെ ആ പട്ടിക ശിവ്പാൽ യാദവ് ട്വിറ്ററിലും പരസ്യപ്പെടുത്തി. ഇത് പ്രശ്‌നം കൂടുതൽ വഷളാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP