Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നേതാക്കളുടെ മൗനാനുവാദത്തിൽ ന്യൂജെൻ ബാങ്കിൽ പണം നിക്ഷേപിച്ചു; പുത്തൻതലമുറ ബാങ്കുകളെ ആദായ നികുതി വകുപ്പും സിബിഐ നോട്ടമിട്ടത് കണക്ക് കൂട്ടൽ തെറ്റിച്ചു; പ്രാഥമിക സഹകരണബാങ്കുകൾ കൂടുതൽ പ്രതിസന്ധിയിൽ

നേതാക്കളുടെ മൗനാനുവാദത്തിൽ ന്യൂജെൻ ബാങ്കിൽ പണം നിക്ഷേപിച്ചു; പുത്തൻതലമുറ ബാങ്കുകളെ ആദായ നികുതി വകുപ്പും സിബിഐ നോട്ടമിട്ടത് കണക്ക് കൂട്ടൽ തെറ്റിച്ചു; പ്രാഥമിക സഹകരണബാങ്കുകൾ കൂടുതൽ പ്രതിസന്ധിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെയും ഭരണകക്ഷി നേതാക്കളുടേയും മൗനാനുവാദത്തിൽ പുത്തൻ തലമുറ ബാങ്കുകളിൽ അക്കൗണ്ട് തുറന്ന് നിക്ഷേപം നടത്തിയ പ്രാഥമിക ബാങ്കുകൾ വെട്ടിലായി. കറൻസി നിരോധനത്തെ തുടർന്ന് സഹകരണ ബാങ്കുകൾക്ക് പെട്ടെന്നുണ്ടായ പ്രതിസന്ധി മറികടക്കാനായാണ് ഇത്തരം ബാങ്കുകളിൽ നിക്ഷേപം നടത്തുന്നതിന് ധന-സഹകരണ വകുപ്പുകൾ രഹസ്യപിന്തുണ നൽകിയത്.

സഹകരണ ബാങ്കുകളിൽ നവംബർ 14 വരെ വൻതോതിൽ കള്ളപ്പണം നിക്ഷേപിച്ചെന്നും ഇവ പ്രാഥമിക ബാങ്കുകൾ പുതുതലമുറ ബാങ്കുകളിലേക്ക് മാറ്റിയെന്നും ആരോപണമുയർന്നതോടെ ആദായനികുതി വകുപ്പിന്റെയും സിബിഐയുടേയും അന്വേഷണം ഇത്തരം സ്ഥാപനങ്ങളിലേക്ക് നീളുന്നതാണ് ഇവരെ ഇപ്പോൾ പ്രതിസന്ധിയിലാക്കുന്നത്.

കറൻസി നിരോധനം വന്നപ്പോൾ പ്രാഥമിക ബാങ്കുകളിലുണ്ടായിരുന്ന പഴയ നോട്ടുകൾ എന്തുചെയ്യണമെന്നറിയാതെ ഭരണസമിതിയും ജീവനക്കാരും പ്രതിസന്ധിയിലായപ്പോഴാണ് നിയമം മറികടന്ന് ഇവ പുത്തൻതലമുറ ബാങ്കുകളിലേക്ക് മാറ്റാൻ സർക്കാർ മൗനാനുവദം നൽകിയത്. ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളും ദേശസാൽകൃത ബാങ്കുകളും നേരത്തെ പണിമുടക്കിൽ ഏർപ്പെട്ടപ്പോഴും പല സംഘങ്ങളും പുത്തൻ തലമുറ ബാങ്കുകളിൽ അക്കൗണ്ട് എടുക്കുകയും ചെറിയ തുകയെങ്കിലും ക്രയവിക്രയം നടത്തുകയും ചെയ്തിരുന്നു.

നേരത്തെ അക്കൗണ്ട് ഇല്ലാതിരുന്ന പല ബാങ്കുകളും കഴിഞ്ഞമാസം പുതിയത് എടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇപ്പോൾ ബാങ്കുകൾക്ക് വിനയാകുന്നത്. സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും അനുമതിയില്ലാതെ സഹകരണ ഇതര ബാങ്കുകളിൽ അക്കൗണ്ട് തുറക്കരുതെന്നാണ് ചട്ടം. പൊതുമേഖലാ ബാങ്കുകളിൽ പോലും അക്കൗണ്ട് തുറക്കുന്നതിന് പ്രാഥമിക ബാങ്കുകളെ വിലക്കുന്നുണ്ട്. ജില്ലാ -സംസ്ഥാന സഹകരണബാങ്ക് ശാഖകൾ ഇല്ലാത്തിടത്തുമാത്രമാണ് ഇതിന് അനുമതി നൽകുന്നത്. എങ്കിലും ഉയർന്ന ക്ലാസിലുള്ള മിക്ക പ്രാഥമിക ബാങ്കുകൾക്കും പൊതുമേഖലാ ബാങ്കുകളിൽ അക്കൗണ്ടുണ്ട്.

നോട്ട് നിരോധനം വന്നപ്പോൾ പലയിടത്തുനിന്നും പഴയ നോട്ടുകൾ ഇവിടങ്ങളിലേക്ക് നിക്ഷേപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റിസർവ് ബാങ്ക് അനുവദിച്ചതിൽ കൂടുതൽ പണം നൽകാമെന്ന വാഗ്ദാനവുമായി പുത്തൻതലമുറ സഹകരണ ബാങ്ക് ഭരണസമിതികളെ സമീപിച്ചത്. തത്ക്കാലം സഹകാരികളെ സഹായിക്കുന്നതിനായി ഇവർക്ക് പണവും ലഭിച്ചു. എന്നാൽ അക്കൗണ്ടുകളിൽ പലയിടത്തും നിക്ഷേപം വർധിച്ചതോടെ ഇത് കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് പ്രാഥമിക ബാങ്കുകളുടെ നിക്ഷേപവും ശ്രദ്ധയിൽപെട്ടത്. ചിലയിടങ്ങളിൽ ഇത് നിയമവിധേയമല്ലെന്ന കണ്ടെത്തലുമുണ്ട്. ഇതേ തുടർന്നാണ് പ്രാഥമിക സഹകരണ ബാങ്കുകൾ പുത്തൻ തലമുറ ബാങ്കുകളിൽ നടത്തിയിരിക്കുന്ന നിക്ഷേപത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ ഇത്തരം അക്കൗണ്ടുകൾ തുറക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ സംസ്ഥാന ധന-സഹകരണ വകുപ്പുകൾ വാക്കാൽ നൽകിയ അനുമതി രേഖാമൂലമാക്കാൻ ചട്ടം അനുവദിക്കുന്നുമില്ല. ഇതോടെ കേന്ദ്ര ഏജൻസികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ബാങ്കുകൾക്ക് കഴിയുന്നുമില്ല. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹകരണ സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി നിലവിലുള്ള പ്രശ്‌നങ്ങൾക്ക് പലതിനും പരിഹാരം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രാഥമിക ബാങ്ക് ഭരണസമിതിയും ജീവനക്കാരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP