Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പു പടിവാതിൽക്കൽ എത്തിനിൽക്കെ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയിൽ വൻ പൊട്ടിത്തെറി; മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ആറു വർഷത്തേക്കു പാർട്ടിയിൽ നിന്നു പുറത്താക്കി; മുഖ്യമന്ത്രി പ്രശ്നമായാൽ പുറത്താക്കാതെ എന്തു ചെയ്യുമെന്നു മുലായം; പാർട്ടി പിളർപ്പിലേക്കെന്നും സൂചന

തെരഞ്ഞെടുപ്പു പടിവാതിൽക്കൽ എത്തിനിൽക്കെ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയിൽ വൻ പൊട്ടിത്തെറി; മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ആറു വർഷത്തേക്കു പാർട്ടിയിൽ നിന്നു പുറത്താക്കി; മുഖ്യമന്ത്രി പ്രശ്നമായാൽ പുറത്താക്കാതെ എന്തു ചെയ്യുമെന്നു മുലായം; പാർട്ടി പിളർപ്പിലേക്കെന്നും സൂചന

ലക്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പു പടിവാതിലിൽ എത്തിനിൽക്കേ ഭരണം നടത്തുന്ന സമാജ്‌വാദി പാർട്ടിയിൽ പൊട്ടിത്തെറി. സമാന്തര സ്ഥാനാർത്ഥി പട്ടിക തയാറാക്കി പിതാവും പാർട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനുമായ മുലായം സിങ് യാദവിനെ വെല്ലുവിളിച്ച യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാർട്ടിയിൽനിന്നു പുറത്താക്കി. ആറു വർഷത്തേക്കാണ് സ്വന്തം മകനെ പാർട്ടിയിൽനിന്നു പുറത്താക്കിയതെന്നു മുലായം വിശദീകരിച്ചു. അഖിലേഷ് യാദവ് രാജിക്കത്ത് വൈകാതെ ഗവർണർക്കു കൈമാറുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. പുതിയ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്നാണ് മുലായം അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പ്രശ്‌നമായാൽ പുറത്താക്കാതെ എന്തു ചെയ്യുമെന്നും മുലായം ചോദിച്ചു.

അഖിലേഷ് ശനിയാഴ്ച രാവിലെ ഒമ്പതിന് എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തന്നെ പിന്തുണയ്ക്കുന്നവരുമായി ചേർന്ന് അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമോയെന്നാണ് രാഷ്ട്രീയ നരീക്ഷകർ ഉറ്റുനോക്കുന്നത്. മുലായത്തിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ അഖിലേഷിന്റെ അനുയായികൾ യുപി തലസ്ഥാനമായ ലക്‌നോവിലടക്കം വൻ പ്രതിഷേധ പരിപാടികൾ ആരംഭിച്ചുകഴിഞ്ഞു.

പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും മുലായത്തിന്റെ സഹോദരനുമായ ശിവ്പാൽ യാദവും അഖിലേഷ് യാദവും തമ്മിലുള്ള അധികാര വടംവലിയാണ് സമാജ്വാദി പാർട്ടിയെ പിളർപ്പിന്റെ വക്കിലേക്ക് എത്തിച്ചിരിക്കുന്നത്. ഉൾപ്പാർട്ടി പോരിൽ മുലായം തന്റെ സഹോദരനൊപ്പമാണ്. അഖിലേഷിനൊപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാംഗോപാൽ യാദവും നിലയുറപ്പിച്ചിരിക്കുന്നു. സമാന്തര സ്ഥാനാർത്ഥി പട്ടിക തയാറാക്കിയ അഖിലേഷിന് അച്ഛടക്കലംഘനത്തിന്റെ പേരിൽ നോട്ടീസ് നല്കിയശേഷമാണ് പാർട്ടിയിൽനിന്നു പുറത്താക്കാൻ മുലായം മുതിർന്നത്. രാംഗോപാൽ യാദവിനും നോട്ടീസ് നല്കിയിട്ടുണ്ട്.

ഒരു മാസം മാത്രം അവശേഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കമാണ് ഇപ്പോൾ സമാജ്‌വാദി പാർട്ടിയിൽ പൊട്ടിത്തെറി സൃഷ്ടിച്ചിരിക്കുന്നത്. 403 പേരുടെ ഒരു പട്ടികയാണ് അഖിലേഷ് ആദ്യം നല്കിയത്. എന്നാൽ, അഖിലേഷിന്റെ മന്ത്രിമാരടക്കം 46 വിശ്വസ്ത എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചാണ് മുലായവും സഹോദരൻ ശിവപാൽ യാദവും ചേർന്ന് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്.

അഖിലേഷ് യാദവിനെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടില്ലെന്നും മുലായം വ്യക്തമാക്കി. ഇതേത്തുടർന്ന് വ്യാഴാഴ്ച അഖിലേഷ് അനുയായികളുടെ പ്രത്യേക യോഗം ചേർന്നു. ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്തി പട്ടിക പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുലായവും ശിവപാലും നിരസിച്ചു. ഇതോടെ അന്നു രാത്രി വൈകി അഖിലേഷ് സ്വന്തം പട്ടിക പുറത്തിറക്കുകയായിരുന്നു.

ഇതിനു പിന്നാലെ മുലായം വെള്ളിയാഴ്ച വിളിച്ചുചേർത്ത യോഗത്തിലാണ് അഖിലേഷിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. പാർട്ടിയിലെ ചോദ്യംചെയ്യപ്പെടാത്ത ബോസ് താൻ തന്നെയാണെന്ന് മുലായം യോഗത്തിൽ പ്രഖ്യാപിച്ചു. താൻ പ്രഖ്യാപിച്ച പട്ടികയിലുള്ളവർ തന്നെയാണ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികളെന്നും മുലായം ഉറപ്പു നല്കി.

മുലായം സിങ് യാദവ് സ്വന്തം കുടുംബംപോലെ കൊണ്ടുനടക്കുന്ന പാർട്ടിയിൽ പൊട്ടിത്തെറിക്കുള്ള സാധ്യതകൾ ഏറെനാളായി നിലനിൽക്കുന്നു. മകനായ അഖിലേഷിന്റെ നീക്കങ്ങളിൽ പലപ്പോഴും കണ്ണടച്ച മുലായം ഇക്കുറി സഹോദരൻ ശിവപാൽ യാദവിനൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ഓരോ നീക്കവും.

മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് മുന്നിൽനിന്ന് നയിച്ചാണ് സമാജ് വാദി പാർട്ടിക്ക് വൻ ഭൂരിപക്ഷം നേടിക്കൊടുത്തത്. അഖിലേഷിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം തന്നെ മുലായം കുടുംബത്തിനുള്ളിൽ അസ്വസ്ഥകൾ വളർത്തിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ മുലായത്തിന്റെ വിശ്വസ്തരായ മന്ത്രിമാരെ പുറത്താക്കിയ അഖിലേഷിന്റെ നപടിയോടെ അദ്ദേഹത്തിനെതിരായ നീക്കം ശക്തിപ്പെട്ടു. അഴിമതിക്കെതിരെ അഖിലേഷ് സ്വീകരിച്ച നടപടികളും ശിവപാലിനും മുലായത്തിനും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു.

ഏറെ ജനപ്രിയ പദ്ധതികൾ നടപ്പാക്കിയ അഖിലേഷ് യാദവിന് സംസ്ഥാനത്ത് വലിയ സ്വീകാര്യതയാണുള്ളത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തകർക്കളെത്തുടർന്ന് യുപിയിലെ പല മണ്ഡലങ്ങളിലും സമാജ് വാദി പാർട്ടിയുടെ രണ്ടു സ്ഥാനാർത്ഥികൾ പ്രചരണത്തിനിറങ്ങുന്ന സാഹചര്യം നേരത്തേ തന്നെ ഉണ്ടായിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണ് സമാജ്‌വാദി പാർട്ടിയിൽ നടക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ സംശയം പ്രകടിപ്പിക്കുന്നു. അഖിലേഷിനെ തിരിച്ചെടുക്കാൻ പാർട്ടി അനുയായികൾ പ്രക്ഷോഭം ശക്തമാക്കിയാൽ മുലായം മലക്കം മറിഞ്ഞ് അദ്ദേഹത്തെ തിരിച്ചെടുത്ത് വീണ്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP