Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യംമുഴുവൻ റുപേ കിസാൻകാർഡ് നടപ്പാക്കിയപ്പോൾ നോക്കിനിന്ന കേരളത്തിലെ സഹകരണ ബാങ്കുകൾ ഇപ്പോൾ വെള്ളംകുടിക്കുന്നു; കാഷ്‌ലെസ് ഇടപാടിലേക്ക് ഉടൻ മാറിയില്ലെങ്കിൽ സഹകരണ സൊസൈറ്റികൾ പത്തുകൊല്ലം കൊണ്ട് ഇല്ലാതാകും; കേന്ദ്രം പറയുന്നവഴിയിൽ ഇനിയും മാറിയില്ലെങ്കിൽ സഹകരണ മേഖലയ്ക്ക് എന്തുപറ്റുമെന്ന് വ്യക്തമാക്കി പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷന്റെ പഠന റിപ്പോർട്ട്

രാജ്യംമുഴുവൻ റുപേ കിസാൻകാർഡ് നടപ്പാക്കിയപ്പോൾ നോക്കിനിന്ന കേരളത്തിലെ സഹകരണ ബാങ്കുകൾ ഇപ്പോൾ വെള്ളംകുടിക്കുന്നു; കാഷ്‌ലെസ് ഇടപാടിലേക്ക് ഉടൻ മാറിയില്ലെങ്കിൽ സഹകരണ സൊസൈറ്റികൾ പത്തുകൊല്ലം കൊണ്ട് ഇല്ലാതാകും; കേന്ദ്രം പറയുന്നവഴിയിൽ ഇനിയും മാറിയില്ലെങ്കിൽ സഹകരണ മേഖലയ്ക്ക് എന്തുപറ്റുമെന്ന് വ്യക്തമാക്കി പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷന്റെ പഠന റിപ്പോർട്ട്

2016 നവംബർ 8 ലെ ''ചരിത്ര'' പ്രസിദ്ധമായ സാമ്പത്തിക തീരുമാനമായ 500/ 1000 നോട്ട് അസാധുവാക്കൽ നടന്നിട്ട് ഇന്നേക്ക് 50 ദിവസം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 50 ദിവസത്തിനകം
 150 ൽ പരം ഉത്തരവുകളാണ് ഈ വിഷയത്തിൽ റിസർവ്വ് ബാങ്കും കേന്ദ്ര ധനകാര്യ വകുപ്പിലെ ഇക്കണോമിക് അഫയേഴ്‌സ് വകുപ്പും പുറത്തിറക്കിയത്. സംസ്ഥാന തലത്തിൽ നോട്ടു പ്രതിസന്ധിയെ ഒരു രാഷ്ട്രീയ വിഷയമായിട്ടാണ് സംസ്ഥാന സർക്കാർ കണക്കിലെടുത്തതെന്നും പ്രാദേശിക സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ഇപ്പോഴും പണം കൈമാറ്റം ചെയ്യാനാവാതെ വിഷമിക്കുകയാണെന്നും ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുകളും കർമ്മ പദ്ധതിയും ആവിഷ്‌കരിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ സഹകരണ വകുപ്പാണെന്നും 'നോട്ടു പ്രതിസന്ധിയിലെ പ്രാദേശിക ജനകീയ പ്രശ്‌നങ്ങൾ' എന്ന പഠന റിപ്പോർട്ടു പുറത്തു വിട്ടു കൊണ്ട് കേരളത്തിലെ പ്രമുഖ ഉപഭോക്തൃ സംഘടനയായ പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ ചൂണ്ടിക്കാണിക്കുന്നു.

നോട്ടു പ്രതിസന്ധി മൂലമുണ്ടായ സ്തംഭാനാവസ്ഥയിൽ ആരും ഒന്നും ചെയ്യാത്ത മേഖലയാണ് കേരളത്തിലെ പ്രാദേശിക സഹകരണ ബാങ്കുകൾ. റിസർവ്വ് ബാങ്കിനും കേന്ദ്ര ധനകാര്യ വകുപ്പിനും യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥാപനങ്ങളാണ് പ്രാദേശിക സഹകരണ ബാങ്കുകൾ. സംസ്ഥാന സഹകരണ ബാങ്കുകളും അർബൻ സഹകരണ ബാങ്കുകളും റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവയാണ്.

നോട്ടു പ്രതിസന്ധിയെ അടിസ്ഥാനമാക്കി സഹകരണ ബാങ്കുകൾ സുപ്രീം കോടതിയിൽ നൽകിയ കേസിൽ പ്രാദേശിക സഹകരണ ബാങ്കുകൾ കക്ഷിയല്ല. അതിനാൽ തന്നെ പ്രാദേശിക സഹകരണ ബാങ്കുകളിലെ നോട്ടു പ്രതിസന്ധിയും അതിലുപരി സഹകരണ ബാങ്കുകളുടെ പ്രസക്തിയും നാളിതുവരെ ഒരു നീതിപീഠത്തിനു മുമ്പിലും അപ്പീലിലും അവതരിപ്പിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ പ്രാദേശിക സഹകരണ ബാങ്കുകൾക്ക് സുപ്രീം കോടതിയിലെ കേസോ വിധിയോ പ്രസക്തമല്ല.

കേന്ദ്രം പറയുന്നവഴിക്ക് നടന്നില്ലെങ്കിൽ സഹകരണ പ്രസ്ഥാനം ഇല്ലാതാകും

കറൻസി രഹിത ഇന്ത്യ എന്ന പുതിയ സംവിധാനത്തിലേക്ക് രാജ്യം മാറുമ്പോൾ അതിനനുസൃതമായി പ്രാദേശിക സഹകരണ ബാങ്കുകളെ നവീകരിക്കുകയും ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമാക്കുകയും ചെയ്തില്ലെങ്കിൽ അടുത്ത 10 വർഷത്തിനുള്ളിൽ കേരളത്തിലെ പ്രാദേശിക സഹകരണ ബാങ്കുകൾ ഘട്ടം ഘട്ടമായി ഇല്ലാതാകും. സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന സഹകരണ നിയമത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന, ബാങ്കിങ് എന്ന വാക്കിന്റെ പരിധിയിൽ പെടാത്ത പണമിടപാടു സ്ഥാപനങ്ങളാണ് പ്രാദേശിക സഹകരണ ബാങ്കുകൾ.

നിയമാനുസൃതം ബാങ്ക് എന്ന വാക്ക് സഹകരണ ബാങ്കുകൾക്ക് അവരുടെ പേരിനോടു ചേർത്ത് ഉപയോഗിക്കാൻ അനുവാദമില്ല. സത്യത്തിൽ നമ്മുടെ നാട്ടിലെ പ്രാദേശിക സഹകരണ ബാങ്കുകൾ അറിയപ്പെടേണ്ടത് പ്രാദേശിക കൃഷി വായ്പാ സംഘങ്ങൾ എന്നർത്ഥമുള്ള പ്രൈമറി അഗ്രികൾച്ചർ ക്രെഡിറ്റ് സൊസൈറ്റി (പിഎസിഎസ്) എന്നാണ്. ഇതു കൊണ്ടാണ് പ്രാദേശിക സഹകരണ ബാങ്കുകളെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിൻ കീഴിൽ കൊണ്ടു വരാത്തത്.

1990 കാലഘട്ടത്തിൽ ജനങ്ങളുമായി പണമിടപാടുകൾ നടത്തുന്ന വാണിജ്യ ബാങ്കുകളല്ലാത്ത എല്ലാ സ്ഥാപനങ്ങളെയും 1997 ൽ റിസർവ്വ് ബാങ്ക് നിയമം പരിഷ്‌കരിച്ചപ്പോൾ ആർബിഐ അവരുടെ നിയന്ത്രണത്തിലാക്കി. നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി (എൻബിഎഫ്) നിയന്ത്രണങ്ങളിലൂടെ അത്തരം എല്ലാ സ്ഥാപനങ്ങളെയും ആർബിഐ നിയന്ത്രണത്തിൻ കീഴിലാക്കുകയായിരുന്നു.

കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച കാർഷിക വായ്പാ പദ്ധതിയായ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) വായാപാ പദ്ധതി കേരളത്തിലെ പ്രാദേശിക സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതായി ഏറ്റവും ഒടുവിലത്തെ സംസ്ഥാന ബാങ്കേഴ്‌സ് അവലോകന സമിതി രേഖകൾ തെളിയിക്കുന്നു. 2016 സെപ്റ്റംബർ 30ന് പുറത്തിറക്കിയ 119 ാം മത് സംസ്ഥാന തല റിപ്പോർട്ടിൽ കേരളത്തിൽ 2015 ഡിസംബറിൽ ആകെയുള്ള 18,61,083 കെസിസി വായ്പകളിൽ 13,37,858 കെസിസി വായ്പകളും പ്രാദേശിക സഹകരണ ബാങ്കുകൾ ഉൾപ്പെട്ട സഹകരണ മേഖലയിലാണ്. ആകെ കെസിസി വായ്പകളുടെ 72 ശതമാനം വരുമിത്.

കിസാൻ റുപേ കാർഡ് നടപ്പിലാക്കിയപ്പോൾ മാറിനിന്നത് പ്രശ്‌നമായി

കാർഷിക വായ്പ മേഖലയിലും കറൻസി രഹിത ബാങ്കിങ് നടപ്പിലാക്കന്നതിന്റെ ഭാഗമായി 2014ൽ നബാർഡ് റൂപേ കിസാൻ കാർഡ് നടപ്പിലാക്കി. GIZ-Nabard Rural Financial Institution Programme in Cooperative with NPCI എന്ന പദ്ധതിയിൽ കൊണ്ടുവന്ന റുപേ കിസാൻ കാർഡിൽ കൂടി വാണിജ്യ ബാങ്കുകൾ നടത്തുന്ന ഏതു കറൻസി രഹിത പണം കൈമാറ്റവും സഹകരണ ബാങ്കുകളിലെ ഇടപാടുകാർക്കും നടത്താനാവുമായിരുന്നു.

നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ഓപ് ഇന്ത്യയുമായി (NPCI) സഹകരിച്ചായിരുന്നു നബാർഡ് ഈ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതിയോട് കേരളത്തിലെ സഹകരണ ബാങ്കുകൾ് സഹകരിക്കാഞ്ഞത് ഇന്ന് ഗ്രാമീണ മേഖലയിൽ തിരിച്ചടിയായിരിക്കുന്നു. ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കിയിരുന്നെങ്കിൽ വാണിജ്യ ബാങ്കുകളിലെ എടിഎം/ഡെബിറ്റ് കാർഡുപോലെ തന്നെ സഹകരണ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയ റുപേ കാർഡുകളിലൂടെ കറൻസി രഹിത പണമിടപാടുകൾ നടത്താമായിരുന്നു.

2013ൽ നബാർഡ് നടപ്പിലാക്കിയ റുപേ കാർഡ് പദ്ധതിയിൽ 100 കോടി രൂപയിലധികം നിക്ഷേപമുള്ളതും അക്കൗണ്ടുകൾ കമ്പ്യൂട്ടറൈസ് ചെയ്തതുമായ പ്രാദേശിക സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നു. റുപേ കാർഡ് പെയ്‌മെന്റ് സിസ്റ്റത്തിൽ അംഗമാകാനും, ഇൻസ്റ്റിറ്റിയൂഷണൽ ഐഡന്റിഫിക്കേഷൻ നമ്പർ (Institutional Identification Number -IIN) ലഭിക്കാനും പ്രാദേശിക സഹകരണ ബാങ്കുകളെ കൂടി ഉൾപ്പെടുത്തണമായിരുന്നു. കേരളത്തിലെ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകളിൽ 72% വായ്പകൾ നൽകിയ സഹകരണ ബാങ്കുകളെ റുപേ കാർഡിൽ നിന്ന് മാറ്റി നിർത്തിയതിന്റെ ഉത്തരവാദിത്തം നബാർഡിനു തന്നെയാണ്.

നോട്ടുറദ്ദാക്കലിന് ശേഷം ഈ മാസം 27ന് പുറത്തിറങ്ങിയ, മുൻ ധനകാര്യ സെക്രട്ടറിയും നീതി ആയോഗിന്റെ മുഖ്യ ഉപദേഷ്ടാവുമായ രത്തൻ പി വടൽ അംഗമായ കമ്മിറ്റി ഓഫ് ഡിജിറ്റൽ പെയ്‌മെന്റിന്റെ റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ നടക്കുമ്പോൾ സഹകരണ ബാങ്കുകളെ കൂടി ക്യാഷ്‌ലെസ് പെയ്‌മെന്റ് അല്ലെങ്കിൽ കറൻസി രഹിത സംവിധാനത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെടേണ്ടതും സംസ്ഥാന സഹകരണ, ധനകാര്യ വകുപ്പുകളാണ്. F.No 1/6/2016 cy II (Vol II) ആയി രണ്ടുദിവസം മുമ്പ് 27ന് കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് സംസ്ഥാന സർക്കാർ അതീവഗൗരവത്തോടെ പഠിക്കുകയും ചർച്ച ചെയ്യുകയും വേണം.

സംസ്ഥാന സഹകരണ വകുപ്പ് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ

റുപേ കാർഡ് പദ്ധതിയിൽ കേരളത്തിലെ 60 അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകൾക്കും അംഗങ്ങളാകാൻ സാധിക്കും. ആധുനിക വിവരസാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന 1642 പ്രാദേശിക സഹകരണ ബാങ്കുകളിൽ കമ്പ്യൂട്ടറൈസ് ചെയ്ത 1438 സഹകരണബാങ്കുകളെയും ഈ പദ്ധതിയിൽ പെടുത്താൻ സർക്കാരിന് സാധിക്കും. അതിനാവശ്യമായ ചെലവ് അതത് ബാങ്കുകൾക്ക് തന്നെ വഹിക്കാനാകും.

പാലായിൽ പ്രവർത്തിക്കുന്ന അർബൻ കോർപ്പറേറ്റീവ് ബാങ്കിനെക്കാൾ കൂടുതൽ നിക്ഷേപകരും നിക്ഷേപവുമുള്ളത് രാജ്യത്തെ ഏറ്റവും നല്ല സഹകരണ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട വലവൂർ സർവ്വീസ് സഹകരണ ബാങ്കാണ്. 19,603 അംഗങ്ങളും 188.8 കോടി നിക്ഷേപവും 92 ലക്ഷം രൂപ ലാഭമുള്ള ഒരു ബാങ്കിന് റുപേ കാർഡിൽ അംഗമാകാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്. അങ്ങനെ നിരവധി ബാങ്കുകൾ സംസ്ഥാനത്തുണ്ട്. പുതിയ ബാങ്കിങ് കറൻസി നിയന്ത്രണ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ആദ്യ നീക്കം നടത്തേണ്ടത് സംസ്ഥാന സഹകരണ വകുപ്പാണെന്നും സെക്ടറിന്റെ പഠനറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ആവശ്യത്തിന് കറൻസി ഇല്ലാത്തതാണ് നിലവിൽ പ്രാദേശിക സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത്. നോട്ട് പിൻവലിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധി ആർബിഐ പുതിയ നോട്ടുകൾ മാർക്കറ്റിൽ ഇറക്കുന്നതോടെ ക്രമേണ അവസാനിക്കുമെന്ന് സഹകരണ ബാങ്ക് പ്രസിഡന്റുമാർ സംയുക്തപ്രസ്താവനയിലൂടെ ജനങ്ങളെ അറിയിച്ചെങ്കിലും ജനങ്ങൾക്ക് അത്യാവശ്യത്തിന് പണം പിൻവലിക്കാനാവാത്ത സ്ഥിതിവിശേഷമാണ് സംസ്ഥാനത്തൊട്ടാകെ നിലനിൽക്കുന്നത്.

ഇതിനുള്ള ഏറ്റവും പ്രായോഗിക നിർദ്ദേശം കേരളത്തിൽ ഏറ്റവും കൂടുതൽ 100 രൂപ കറൻസി നോട്ടുകൾ പ്രതിദിനം ലഭിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ കെഎസ്ആർടിസി, ബിവറേജസ് കോർപ്പറേഷൻ, കൺസ്യൂമർ ഫെഡ്, കോർപറേഷൻ കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളെ കറന്റ് അക്കൗണ്ട് പ്രാദേശിക സഹകരണ ബാങ്കുകളിൽ ആരംഭിച്ച് ദിവസേന കിട്ടുന്ന കളക്ഷൻ ഇത്തരം ബാങ്കുകളിൽ നിക്ഷേപിച്ച് തൊട്ടടുത്ത ദിവസം തന്നെ ആ പണം ആർടിജിഎസ് ഉപയോഗിച്ച് വാണിജ്യ ബാങ്ക് ആക്കൗണ്ടുകളിലേ്ക്ക് മാറ്റുക എന്ന തന്ത്രമാണ്.

നിലവിൽ വാണിജ്യ ബാങ്കുകൾക്കും സംസ്ഥാന-ജില്ലാതല സഹകരണ ബാങ്കുകൾക്കും ആവശ്യമായ കറൻസി നൽകാനുള്ള ഉത്തരവാദിത്തം ആർബിഐയ്ക്കും കേന്ദ്ര സർക്കാരിനും ആണ്. അതുകൊണ്ടുതന്നെ പ്രാദേശിക സഹകണ ബാങ്കുകളിൽ ആവശ്യമായ കറൻസി എത്തിക്കാനുള്ള മുകളിൽ ചൂണ്ടിക്കാട്ടിയ സംവിധാനം രണ്ടു ദിവസത്തിനകം സംസ്ഥാന സർക്കാർ ഏർപ്പെടുത്തണം.

കറൻസി ക്ഷാമം ഒരു വർഷം കഴിഞ്ഞാലും തീരില്ല

സഹകരണ ബാങ്ക് പ്രസിഡന്റുമാർ ചൂണ്ടിക്കാണിക്കുന്ന കറൻസി ക്ഷാമം അടുത്ത വർഷം കഴിഞ്ഞാലും പരിഹരിക്കപ്പെടില്ലെന്ന് ആർബിഐ രേഖകൾ തന്നെ വ്യക്തമാക്കുന്നു. 500/1000 കറൻസി റദ്ദാക്കിയ ദിവസം 14.18 ലക്ഷം കോടി രൂപയുടെ 500/1000 കറൻസികളാണ് മാർക്കറ്റിലുണ്ടായിരുന്നത്. ആകെ വിപണിയിലുണ്ടായിരുന്ന 16.42 ലക്ഷം കോടി രൂപയുടെ കറൻസിയുടെ 86.4% വരുമിത്. ഇങ്ങനെ അസാധുവാക്കിയ 14.18 ലക്ഷം കോടി കറൻസിയിൽ 50% എങ്കിലും നിയമാനുസൃത കറൻസിയാണെന്നു കണ്ടാലും (90%വരെ നിയമാനുസൃതമായിരുന്നുവെന്ന് പിന്നീടുള്ള കണക്കുകൾ തെളിയിക്കുന്നു) 7 ലക്ഷം കോടി രൂപയ്ക്ക് മൂല്യമുള്ള കറൻസികൾ ജനത്തിനു ലഭ്യമാക്കണമായിരുന്നു.

പുതിയതായി പുറത്തിറക്കിയ 2000 രൂപ കറൻസി പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയതുപോലെയായതിനാൽ 7 ലക്ഷം കോടി രൂപയ്ക്ക് സമാനമായ മൂല്യമുള്ള 100 രൂപ / 500 രൂപ നോട്ടുകൾ അച്ചടിച്ചിട്ടു വേണമായിരുന്നു നോട്ട് റദ്ദാക്കൽ നടത്താനെന്നും സെക്ടർ പഠനം ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ വരുമ്പോൾ 7010 കോടി 100 രൂപ നോട്ടുകൾ പുതിയതായി അച്ചടിക്കണമായിരുന്നു. ഇതിനുപകരം 500 രൂപാ നോട്ടുകളാണ് അച്ചടിച്ചിരുന്നതെങ്കിൽ 1402 കോടി പുതിയ നോട്ടുകൾ പുറത്തിറക്കണമായിരുന്നു.

നിലവിൽ രാജ്യത്ത് 3 കറൻസി അച്ചടിക്കൽ പ്രസുകളാണുള്ളത്. നാഡിക് ദേവാസ്, മെസൂർ, എന്നിവയാണവ. ഈ പ്രസുകൾക്കൊക്കെ മാസം 33.34 കോടി നോട്ടുകൾ (അത് ഏത് മൂല്യത്തിലുള്ളതാണെങ്കിലും) അടിക്കാനുള്ള കപ്പാസിറ്റിയെയുള്ളു. അങ്ങനെ നോക്കിയാൽ ആവശ്യമായ 100 രൂപ നോട്ടുകൾ വിപണിയിൽ ലഭ്യമാക്കാൻ 210 മാസങ്ങൾ വേണ്ടിവരും. 500 രൂപ നോട്ടുകളാണെങ്കിൽ 42 മാസങ്ങൾ.

ചുരുക്കത്തിൽ ജനങ്ങൾക്കാവശ്യമായ കറൻസി അടുത്തകാലത്തൊന്നും ലഭ്യമാകില്ല. അതിനാൽ തന്നെ സർക്കാർ സ്ഥാപനങ്ങളും, അക്കൗണ്ടുകൾ പ്രാദേശിക സഹകരണബാങ്കുകളിൽ തന്നെ അടിയന്തിരമായി തുടങ്ങണമെന്നും അങ്ങനെ പ്രാദേശിക സഹകരണ ബാങ്കുകളുടെ നോട്ട് പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാനാകുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

കറൻസി രഹിത പണമിടപാടുകളിലേയ്ക്ക് മാറണമെങ്കിൽ ഇനിയും ഏറെ വിയർപ്പൊഴുക്കേണ്ടിവരുമെന്ന് 2016 ഡിസംബറിലെ ആർബിഐ വൃത്തങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നതായും പാലായിലെ കൺസ്യൂമർ എഡുക്കേഷൻ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്ത് ആകെ 2,19,578 എടിഎമ്മുകളും, 15,12,064 പോയിന്റ് ഓഫ് കെയിൽ ടെർമിനലുകളും മാത്രമാണുള്ളത്. രാജ്യത്തെ കൊടുക്കൽ വാങ്ങലുകളിൽ 98% നടക്കുന്നത് കറൻസിയിലൂടെയാണ്.

കറൻസി രഹിത ഇടപാടുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ബൽജിയമാണ് (93%), തൊട്ടുപിറകിൽ ഫ്രാൻസ് (92%), കാനഡ 90%. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കറൻസി രഹിത ഇടപാടുകളിൽ ആരാണ് മുന്നിൽ നിൽക്കുന്നതെന്നതിന് വ്യക്തമായ കണക്കുകളില്ല. എന്നാൽ സംസ്ഥാനത്തെ പ്രാദേശിക സഹകരണ ബാങ്കുകളെ കൂടി ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനത്തിലേയ്ക്ക് നബാർഡിന്റെ സഹായത്തോടെ റുപേകാർഡ് സംവിധാനത്തിലൂടെ നെറ്റ്‌വർക്ക് ചെയ്യാനുള്ള അടിയന്തിര നടപടികൾ ആരംഭിക്കണമെന്ന് സെന്ററിന്റെ പഠനം നിർദ്ദേശിക്കുന്നു.

പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷനുവേണ്ടി സഹകരണ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തിയത് ലേഖിക മരിയ എലിസബത്ത് ജെയിംസിന്റെ നേതൃത്വത്തിലാണ്. പഠനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് 9497340829, 9946754558 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP