Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുരളീധരനുമായി കൊമ്പു കോർത്തപ്പോൾ ഉണ്ണിത്താന് അന്നു നഷ്ടമായത് ഉടുമുണ്ട്; പരസ്പരം ചെളിവാരി എറിഞ്ഞു വീണ്ടും കൊമ്പു കോർത്തപ്പോൾ ലഭിച്ചതു ചീമുട്ട; സൂഫിയ മദനിയെയും പിണറായിയെയും ചേർത്തുള്ള ചാനൽ ചർച്ചയ്ക്കു പകരം കിട്ടിയതു മഞ്ചേരിയിൽ വച്ച്; സോളാറിൽ കോടിയേരിയെ വിമർശിച്ചപ്പോൾ സിപിഎമ്മുകാർ നിലത്തു നിർത്താതെ പെരുമാറി; രാജ്‌മോഹൻ ഉണ്ണിത്താനെന്ന തല്ലുകൊള്ളി നേതാവിന്റെ കഥയിങ്ങനെ

മുരളീധരനുമായി കൊമ്പു കോർത്തപ്പോൾ ഉണ്ണിത്താന് അന്നു നഷ്ടമായത് ഉടുമുണ്ട്; പരസ്പരം ചെളിവാരി എറിഞ്ഞു വീണ്ടും കൊമ്പു കോർത്തപ്പോൾ ലഭിച്ചതു ചീമുട്ട; സൂഫിയ മദനിയെയും പിണറായിയെയും ചേർത്തുള്ള ചാനൽ ചർച്ചയ്ക്കു പകരം കിട്ടിയതു മഞ്ചേരിയിൽ വച്ച്; സോളാറിൽ കോടിയേരിയെ വിമർശിച്ചപ്പോൾ സിപിഎമ്മുകാർ നിലത്തു നിർത്താതെ പെരുമാറി; രാജ്‌മോഹൻ ഉണ്ണിത്താനെന്ന തല്ലുകൊള്ളി നേതാവിന്റെ കഥയിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നൂറു നാവുള്ള അനന്തനാണ് കേരള രാഷ്ട്രീയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തര്‍ക്കിച്ച് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ആരേയും കുത്തി നോവിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും തെരുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് കൈയ്യേറ്റങ്ങള്‍ നേരിടേണ്ടി വന്നു. കെ മുരളീധരന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കെ കരുണാകരന്‍ ഉപയോഗിച്ച വ്യക്തിത്വമാണ് ഉണ്ണിത്താന്‍. കോഴിക്കോട് മുരളി ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ തന്ത്രങ്ങള്‍ ഒരുക്കിയത് ഉണ്ണിത്താനായിരുന്നു. കെ കരുണാകരന് വേണ്ടി ഒന്നും ആഗ്രഹിക്കാതെ വാക്കുകൊണ്ട് എതിരാളികളെ അരിഞ്ഞു വീഴ്ത്തിയ നേതാവ്. പക്ഷേ കരുണാകരന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഒന്നും ആക്കിയില്ല. ഡിഐസി രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ മുരളിയുടെ നിലപാടുകളെ തള്ളിയപ്പോഴായിരുന്നു ഉണ്ണിത്താന്റെ മുണ്ട് ആദ്യം അഴിച്ചെടുത്തത്. അതിന് ശേഷം മൂന്നാം തവണയാണ് പൊതു നിരത്തില്‍ ഉണ്ണിത്താനെതിരെ ആക്രമ ശ്രമം നടക്കുന്നത്.

നാല്‍പ്പത്തിയെട്ട് കൊല്ലത്തെ രാഷ്ട്രീയ ജീവതിത്തിനിടയില്‍ എംഎല്‍എയോ എംപിയോ ആകാൻ ഉണ്ണിത്താനായില്ല. 2006ല്‍ തലശ്ശേരിയില്‍ കോടിയേരിയ്‌ക്കെതിരെ മത്സരിച്ചു തോറ്റു. ഇടത് കോട്ടയില്‍ വീറോടെ പോരാട്ടം നടത്തിയെന്നത് മാത്രമാണ് നേട്ടം. കെപിസിസി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമെല്ലാമായി തിളങ്ങിയ ഉണ്ണിത്താന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ സ്ഥാനാര്‍ത്ഥിയായി. സ്വന്തം ജില്ലയില്‍ വിജയിക്കുമെന്ന അമിത ആത്മവിശ്വാസം ഉണ്ണിത്താനുണ്ടായിരുന്നു. എന്നാല്‍ കൊല്ലത്തെ ഇടത് തരംഗം ഉണ്ണിത്താന്റെ പ്രതീക്ഷകള്‍ തെറ്റിച്ചു. വീണ്ടും പരാജയം. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ അധ്യക്ഷനായത് മാത്രമാണ് രാഷ്ട്രീയത്തിലൂടെ ഉണ്ണിത്താന് ലഭിച്ച ഏക പദവി. അതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ മാത്രമാണ് കിട്ടിയത്.

കെ എസ് യുവില്‍ ഉണ്ണിത്താന്‍ ശ്രദ്ധേയനാകുന്നത് എം എ ബേബിയെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിച്ചാണ്. കൊല്ലം എസ് എന്‍ കോളേജില്‍ കരുണാകരന്റെ കടുത്ത ആരാധകനായിരുന്ന ചെറുപ്പക്കാരന്‍ ഹീറോയായിരുന്നു. എസ് എഫ് ഐയുടെ ഉരുക്ക് കോട്ടയില്‍ ബേബി തോല്‍പ്പിച്ച് ചെയര്‍മാനായ ഉണ്ണിത്താനെ ലീഡര്‍ പ്രത്യേകം ശ്രദ്ധിച്ചു. അന്ന് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉദ്ഘാടകനായി കരുണാകരനെ കൊണ്ടു വന്നു. ഇതോടെ കെഎസ് യുവിലെ ഔദ്യോഗിക പക്ഷത്തിന്റെ കണ്ണില കരടായി. കൊല്ലം സെക്രട്ടറിയായിരുന്ന ഉണ്ണിത്താന്‍ കെ എസ് യുവില്‍ നിന്ന് പുറത്തായി. അങ്ങനെ കരുണാകരനൊപ്പം കൂടിയതില്‍ നഷ്ടങ്ങളുടെ കഥമാത്രം പറയാനുള്ള ഏക നേതാവാണ് ഉണ്ണിത്താന്‍. കരുണാകരനുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് ആദ്യം തെരുവില്‍ അടികിട്ടാന്‍ കാരണമെന്നതും രാഷ്ട്രീയ കേരളം എന്നും ചര്‍ച്ച ചെയ്യും.

2004 ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ മുണ്ടുരിയല്‍ സംഭവം നടക്കുന്നത്. കെ.പി.സി.സി യോഗം നടന്ന പി.എം.ജിയിലെ പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തില്‍ എത്തിയ കെ.പി.സി.സി മുന്‍ സെക്രട്ടറിമാരായ ശരത് ചന്ദ്രപ്രസാദിനെയും രാജ്മോഹന്‍ ഉണ്ണിത്താനെയും ഒരു സംഘം കാറില്‍ നിന്നു വലിച്ചിറക്കി ആക്രമിച്ചു മുണ്ടുരിയുകയായിരുന്നു. കോണ്‍ഗ്രസിന് ഏറെ നാണക്കേടുണ്ടാക്കിയ ആ മുണ്ടുരിയല്‍ കേസില്‍ പ്രതികളായ 30 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്നീട് കോടതി വെറുതേ വിട്ടു. കരുണാകര വിഭാഗത്തിലെ കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരെ തേജോവധം ചെയ്തതിലുള്ള പക തീര്‍ക്കുകയായിരുന്നു ചില യൂത്ത് കോണ്‍ഗ്രസുകാര്‍ . മുളീധരനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനായി ചരടു വലിച്ച ഉണ്ണിത്താനേയും ശരത് ചന്ദ്ര പ്രസാദിനേയും കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

സസ്പെന്‍ഡിലായ നേതാക്കള്‍ കെപിസിസി എക്സിക്യുട്ടീവ് യോഗത്തിലെത്തിയതോടെയാണ് പ്രശ്നമാരംഭിച്ചത്. യോഗത്തിന് നീല മാരുതി വാനിലെത്തിയ ഇരുവരേയും ഇറങ്ങാന്‍ ഐ വിഭാഗം യൂത്ത് കോണ്‍ഗ്രസുകാര്‍ അനുവദിച്ചില്ല. 50 ഓളം പ്രവര്‍ത്തകര്‍ വണ്ടി തടഞ്ഞു നിര്‍ത്തുകയും ഇരുവരേയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഉണ്ണിത്താന്റേയും ശരചന്ദ്ര പ്രസാദിന്റേയും മുണ്ടുകള്‍ വലിച്ചു കീറി. നാണം മറയ്ക്കാനായി പാടു പെട്ട ഇരു നേതാക്കളും വാനില്‍ തന്നെ ഇരുന്നു. ഇതെല്ലാം ലൈവായി ചാനലുകളിലൂടെ നാട്ടുകാരും കണ്ടു. അതേസമയം, സംഭവസമയത്ത് ഉണ്ണിത്താനോടൊപ്പം ഒരേ വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരും കേസിലെ മറ്റു സുപ്രധാന സാക്ഷികളുമായ ചെമ്പഴന്തി അനിലും ശരത് ചന്ദ്ര പ്രസാദും വിചാരണക്കോടതിയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. പ്രതികളെ തിരിച്ചറിയാനാകില്ലെന്ന് ചെമ്പഴന്തി അനില്‍ ഇന്ന് മൊഴിനല്‍കുകയായിരുന്നു.

ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചു കെപിസിസി യോഗസ്ഥലത്ത് എത്തിയ രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും ആക്രമിച്ചു മുണ്ട് ഉരിഞ്ഞുവെന്നായിരുന്നു കേസ്. കെ. മുരളീധരന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, എന്‍. വേണുഗോപാല്‍, ജി. രതികുമാര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് എതിരെ ആദ്യം കൊലപാതക ശ്രമത്തിനു കേസ് എടുത്തെങ്കിലും പിന്നീടു യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വണ്ടന്നൂര്‍ സന്തോഷ്, പെരുങ്ങുഴി കൃഷ്ണകുമാര്‍, എച്ച്.പി. ഷാജി ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ ആക്രമണക്കുറ്റത്തിനു കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്ന. ശരത് ചന്ദ്രപ്രസാദും വാനില്‍ ഒപ്പമുണ്ടായിരുന്ന ചെമ്പഴന്തി അനിലും കൂറുമാറിയതോടെ കേസ് അപ്രസക്തമായി. കോണ്‍ഗ്രസിനുള്ളിലുണ്ടായിരുന്ന ധാരണപ്രകാരം ഉണ്ണിത്താനും കേസ് കടുപ്പിച്ചില്ല. ഇതോടെയാണ് പ്രതികളെ കോടതി വെറുതെ വിടുന്ന സാഹചര്യമുണ്ടായത്.

2010ല്‍ വീണ്ടും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിവാദത്തിലായി. ഡിസംബര്‍ ഇരുപതിനാണ് സേവാദള്‍ പ്രവര്‍ത്തകയായ ജയലക്ഷ്മിയുമൊത്ത് മഞ്ചേരിയിലെ ഒരു വീട്ടില്‍ ഉണ്ണിത്താനെ നാട്ടുകാര്‍ രാത്രിയില്‍ പിടികൂടിയത്. സംഭവം ഏറെ വിവാദമായതോടെ ഉണ്ണിത്താനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കെപിസിസി നിര്‍ബന്ധിതമായി. തുടര്‍ന്ന് മലബാറിലെ മുതിര്‍ന്ന നേതാവ് കെപി മൊയ്തീനെ അന്വേഷണ കമ്മീഷനായി നിയമിക്കുകയും ചെയ്തു. ഒന്നരയാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ മൊയ്തീന്‍ പക്ഷേ മാസങ്ങള്‍ എടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഉണ്ണിത്താനെ കരുതിക്കൂട്ടി കുടുക്കിയതാണെന്നായിരുന്നു മൊയ്തീന്റെ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി ഉണ്ണിത്താനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. പോലീസ് അന്വേഷണവും എങ്ങുമെത്തിയില്ല. ഈ വീട്ടില്‍ നിന്ന് തന്നെ പിടികൂടിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകാരണെന്ന് ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. അന്നും ഉണ്ണിത്താന് തല്ല് കിട്ടിയിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

സംശയത്തിന്റെ ആനുകൂല്യം നല്‍കി കെപിസിസി സംരക്ഷിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമായി. പിണറായി വിജയനും മദനിയും നടത്തിയ ആസൂത്രിതമായ നീക്കമാണ് നിരപരാധിയായ തന്നെ കുടുക്കിയതെന്നും തന്നെ വകവരുത്താനായിരുന്നു ഇവര്‍ ആദ്യം ശ്രമിച്ചതെന്നും ഉണ്ണിത്താന്‍ അന്ന് ആരോപിച്ചു. ''കന്യാസ്ത്രീയെ കോടതിയില്‍ വിചാരണ ചെയ്യാമെങ്കില്‍ എന്തുകൊണ്ട് സൂഫിയയെ ചോദ്യം ചെയ്തുകൂടാ എന്ന് ചോദിച്ചതാണ് മദനിയെ പ്രകോപിപ്പിച്ചത്. മദനിയെ സംരക്ഷിച്ച പിണറായി വിജയന്‍ കുറ്റക്കാനാണ്. അച്യുതാനന്ദന് ഭരിക്കാന്‍ അനുവദിക്കാതെ സംസ്ഥാനം കുട്ടിച്ചോറാക്കുന്ന പിണറായിക്കെതിരെ നിരവധി യോഗങ്ങളില്‍ പ്രസംഗിച്ചതിനാണ് മഞ്ചേരിയില്‍ വച്ച് എനിക്കൊരു പണി തന്നത്. പോലീസിനെ ഇരുവരും ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു''

''സത്യഭാമ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള നവനീതം വീട്ടിലാണ് പീഡനം നടത്തിയതെന്ന് പറയുന്നത്. ഈ വീട്ടിന്റെ പരിസരത്തുള്ള ഒരാളുപോലും അനാശാസ്യപ്രവര്‍ത്തനം നടത്തിയതായി മൊയ്തിന്‍ കമ്മീഷന് മൊഴിനല്‍കിയില്ല. അവരാരും പൊലീസിലും പരാതിനല്‍കിയില്ല. പ്രദേശവാസികളല്ലാത്ത കുറെ പിഡിപി പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പാതിരാത്രിയില്‍ കൊടിയുമായെത്തിയാണ് എന്നെ കുടുക്കാന്‍ ശ്രമിച്ചത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എല്ലാവിധ പരിശോധനകള്‍ക്കും ഞാനും സഹകരിച്ചു. വര്‍ഗീയവാദികളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായി പ്രതികരിക്കും. ഫോണിലൂടെ എനിക്ക് വധഭീഷണി വരുന്നുണ്ട്. ഈ ഭീഷണികള്‍ക്ക് ഞാന്‍ പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല.-ഇങ്ങനെയായിരുന്നു ഈ വിഷയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്തന്‍ തന്നെ

'കേരളത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യാത്രചെയ്യുകയും കോണ്‍ഗ്രസ് യോഗങ്ങളില്‍ സംബന്ധിക്കുകയും ചെയ്തിട്ടുള്ളത് ഞാനാണ്. കേരളത്തിലെ 14 ജില്ലകളിലുമുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലും എനിക്കെതിരെ അപവാദം പറയില്ല. അങ്ങനെയുണ്ടായാല്‍ എന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. സംശുദ്ധമായ രാഷ്ട്രീയത്തിലൂടെ മുന്നോട്ടുപോകുന്നവനാണ് ഉണ്ണിത്താന്‍. അതുകൊണ്ട് ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമുണ്ട്. അതിനെ നേരിടാനുള്ള ചങ്കൂറ്റം കറപുരളാത്ത രാഷ്ട്രീയജീവിതത്തില്‍നിന്ന് നേടിയിട്ടുമുണ്ട്' - ഉണ്ണിത്താന്‍ വിശദീകരിച്ചിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും കുറച്ചു കാലം കൂടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിശബ്ദനായി തുടര്‍ന്നു. 2006ല്‍ തലശ്ശേരിയില്‍ മത്സരിച്ച് കോടിയേരിയോട് തോറ്റ് ഉണ്ണിത്താനെ 2011ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പോലുമാക്കിയില്ല.

അധികം പ്രതികരണങ്ങള്‍ക്ക് മുതിരാതെ അടങ്ങി ഒതുങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞു. അതിനിടെയാണ് സോളാര്‍ വിവാദം കേരള രാഷ്ട്രീയത്തില്‍ കത്തിപടര്‍ന്നത്. ഇതോടെ വീണ്ടും ചാനലുകളുടെ ഇഷ്ടതാരമായി ഉണ്ണിത്താന്‍. ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാന്‍ കടുത്ത വാക്കുകളുമായി ഉണ്ണിത്താന്‍ എത്തി. ഇതിനിടെ ഇടതു പക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധമെത്തി. ഇതിനിടെയും സിപിഎമ്മുകാര്‍ ഉണ്ണിത്താനോട് കണക്ക് തീര്‍ത്തു. സെക്രട്ടറിയേറ്റിനുമുന്നില്‍ ഉപരോധസമരത്തിനെത്തിയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഉണ്ണിത്താനെ മര്‍ദ്ദിച്ചു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു കയ്യേറ്റ ശ്രമം. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് കയ്യേറ്റശ്രമമുണ്ടായത്. ചാനലുകളില്‍ പോയി ചര്‍ച്ചകളില്‍ പങ്കെടുത്ത് നീ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കുമോ എന്നും സിപിഎം നേതാക്കള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുമോ എന്നും ചോദിച്ചു ഉന്തി നിലത്തിട്ടു ചവിട്ടിയതായും ഉണ്ണിത്താന്‍ അന്ന് ആരോപിച്ചിരുന്നു. പത്തുമിനിറ്റു നേരം ആള്‍ക്കൂട്ടത്തിനു നടുവിലായിപ്പോയി. കൈകൊണ്ടും കാലുകൊണ്ടുമായിരുന്നു പ്രയോഗം. തുടര്‍ന്ന് റെയില്‍വേ പോലീസെത്തിയാണ് രക്ഷിച്ചതെന്ന് ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവിന്റെ മരണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെടുന്നു. ഇതിന് ശേഷമായിരുന്നു റെയില്‍ വേസ്റ്റേഷനിലെ മര്‍ദ്ദനം. സിപിഎം നേതാവും മുന്‍ തലശ്ശേരി എംഎല്‍എയും ആയിരുന്നു കോടിയേരിയുടെ ഭാര്യാ പിതാവ് എം.വി. രാജഗോപാല്‍. ആര്‍എസ്എസിന്റ ഭീഷണിയുണ്ടായിരുന്ന രാജഗോപാലിന്റെ സുരക്ഷക്കായി പാര്‍ട്ടി നിയോഗിച്ചതായിരുന്നു കോടിയേരി ബാലകൃഷ്ണനെ. പിന്നീട് രാജഗോപാലിന്റെ മകളെ കോടിയേരി വിവാഹം കഴിക്കുകയായിരുന്നു. ഇതില്‍ ചതി നടന്നിട്ടുണ്ടെന്നും, രാജഗോപാല്‍ വലിയ മാനസിക വേദനയിലായിരുന്നുവെന്നുമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപണം ഉന്നയിച്ചത്. രാജഗോപാലിന്റെ മരണത്തില്‍ നിഗൂഢതയുണ്ടെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

2013 ഓഗസ്റ്റ് 11 ഞായറാഴ്ചയായിരുന്നു ഉണ്ണിത്താന്‍ പത്ര സമ്മേളനം നടത്തി കോടിയേരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. അടുത്ത ദിവസം തമ്പാനൂരില്‍ ട്രെയിനില്‍ നിന്നിറങ്ങുള്‍ അടിയും കിട്ടി. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഗണ്‍മാന്‍ ആയിരുന്ന സുമജനും കോടിയേരിയുടെ ഭാര്യാ സഹോദരിയും തമ്മില്‍ നടന്ന വിവാഹത്തിലും ചില ഗൂഢാലോചനകള്‍ ഉണ്ടെന്നും ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. വിവാഹത്തിന് മുമ്പ് സുമജന്‍ നായനാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും പോലീസ് സേനയില്‍ നിന്നും രാജിവച്ചെന്നും ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. കോടിയേരിയുടെ മകന്റെ വിവാഹത്തെക്കുറിച്ചും ആരോപണം ഉന്നയിച്ചു. എല്ലാത്തിനും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായിരുന്നു അന്ന് കോടിയേരി.

ഇതിന് സമാനമാണ് ഇപ്പോഴത്തെ ചീമുട്ടയേറും. ഇന്നലെ മുരളീധരനെതിരെ പറയുന്നു. ഇന്ന് കൊല്ലത്ത് ചീമുട്ടയും. പുതിയ വിവാദത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളൊന്നും രാജ്‌മോഹന്‍ ഉണ്ണിത്താനെ പിന്തുണയ്ക്കുന്നില്ല. മുരളീധരന്‍ ഗ്രൂപ്പ് മാറാതിരിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. എങ്ങനേയും മുരളിയെ സ്വന്തം പാളയത്തിലെത്തിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം. അതുകൊണ്ട് തന്നെ ഇപ്പോള്‍ ആരും ഉണ്ണിത്താനെ പരസ്യമായി പിന്തുണയ്ക്കുന്നില്ല. കൊല്ലത്തെ പരിപാടിക്ക് എത്തരുതെന്ന മുന്നറിയിപ്പ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അവഗണിച്ചതാണ് പ്രശ്‌നകാരണമെന്ന് പറയുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP