Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മന്ത്രി മണിയുടെ രാജിയെ ചൊല്ലി സിപിഎമ്മിൽ തർക്കം മൂക്കവേ നിനച്ചിരിക്കാതെ കോൺഗ്രസിൽ അടി മൂത്തു; രാജ്‌മോഹൻ ഉണ്ണിത്താനെ പ്രകോപിപ്പിച്ചത് സുധീരനെ ഉന്നംവച്ചു തന്നെ; മുരളിയെ മുന്നിൽ നിർത്തി കളിക്കുന്നത് ഉമ്മൻ ചാണ്ടി; സുധീരനെ അട്ടിമറിക്കാൻ കരുണാകരന്റെ മകനെ കെപിസിസി പ്രസിഡന്റായി ഉയർത്തിക്കാട്ടാൻ എ ഗ്രൂപ്പ്

മന്ത്രി മണിയുടെ രാജിയെ ചൊല്ലി സിപിഎമ്മിൽ തർക്കം മൂക്കവേ നിനച്ചിരിക്കാതെ കോൺഗ്രസിൽ അടി മൂത്തു; രാജ്‌മോഹൻ ഉണ്ണിത്താനെ പ്രകോപിപ്പിച്ചത് സുധീരനെ ഉന്നംവച്ചു തന്നെ; മുരളിയെ മുന്നിൽ നിർത്തി കളിക്കുന്നത് ഉമ്മൻ ചാണ്ടി; സുധീരനെ അട്ടിമറിക്കാൻ കരുണാകരന്റെ മകനെ കെപിസിസി പ്രസിഡന്റായി ഉയർത്തിക്കാട്ടാൻ എ ഗ്രൂപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുടെ പേരിൽ കോൺഗ്രസിൽ വീണ്ടും തലപൊക്കിയ അനൈക്യം കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റി മറിക്കുന്നു. പുനഃസംഘടനയിൽ കരുത്ത് കാട്ടിയിട്ടും ഐ ഗ്രൂപ്പിന് ശക്തിക്ഷം ഉണ്ടാവുകയാണെന്നാണ് സൂചന. കെ മുരളീധരൻ ഐ ഗ്രൂപ്പ് വിട്ട് ഉമ്മൻ ചാണ്ടി പക്ഷത്ത് ചേർന്നു. എന്നാൽ രാജ്‌മോഹൻ ഉണ്ണിത്തനെ പോലൊരു തീപ്പൊരി നേതാവിനെ കൂടെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് രമേശ് ചെന്നിത്തല. ഓരോ നീക്കവും ഇനി കരുതലോടെ വേണമെന്ന് രമേശ് ചെന്നിത്തല ഗ്രൂപ്പ് മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഐ ഗ്രൂപ്പിന്റെ നേതാക്കളെല്ലാം പരസ്യ പ്രതികരണങ്ങൾ നടത്തില്ല. മുരളിയെ മുന്നിൽ നിർത്തി കളിക്കുന്നത് ഉമ്മൻ ചാണ്ടിയാണെന്ന തിരിച്ചറിവ് രമേശ് ചെന്നിത്തലയ്ക്കുണ്ട്. കോൺഗ്രസിലെ തമ്മിലടി മൂക്കുന്നതിന്റെ ആശ്വാസം സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. എംഎം മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തിന്റെ ശക്തി ഇതോടെ കുറഞ്ഞു.

അഞ്ചേരി ബേബി കൊലക്കേസിൽ മണിയുടെ വിടുതൽ ഹർജി തള്ളിയതോടെ സിപിഎമ്മിൽ കലഹം തുടങ്ങിയിരുന്നു. മണിയുടെ രാജിക്കായി സിപിഎമ്മിൽ ഒരു വിഭാഗം രംഗത്തു വന്നു. പ്രതിപക്ഷം സമരം ശക്തമാക്കിയിരുന്നുവെങ്കിൽ മണിക്ക് രാജി വയ്‌ക്കേണ്ടി വരുമായിരുന്നു. ഈ വിഷമ സന്ധിയിലേക്ക് കടക്കുമ്പോഴായിരുന്നു കോൺഗ്രസിലെ ഗ്രൂപ്പ് പോര് സിപിഎമ്മിന് തുണയായെത്തിയത്. ഇനി കെപിസിസി അധ്യക്ഷ സ്ഥാനത്തെ തെരഞ്ഞെടുപ്പ് വരെ ഇത് തുടരുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി എ-ഐ ഗ്രൂപ്പുകൾ തന്ത്രങ്ങളുമായെത്തും. അതുകൊണ്ട് തന്നെ മാസങ്ങളോളം കോൺഗ്രസിലെ ഗ്രൂപ്പ് പോര് തുടരും. തെരഞ്ഞെടുപ്പ് ഉടൻ ഇല്ലാത്തതു കൊണ്ട് കോൺഗ്രസ് ഹൈക്കമാണ്ടും കേരളത്തിലെ പ്രശ്‌നങ്ങളിൽ ഇടപെടില്ലെന്നാണ് സിപിഐ(എം) വിലയിരുത്തൽ. ഇതിൽ സത്യമേറെയുണ്ടെന്നതു തന്നെയാണ് വസ്തുത.

സംഘടനാ തിരഞ്ഞെടുപ്പ് നടത്തി കെപിസിസി. നേതൃത്വം പിടിക്കുകയെന്ന ലക്ഷ്യത്തിലാണ് എ ഗ്രൂപ്പ് നീങ്ങുന്നത്. പാർട്ടിപ്രവർത്തനം നിശ്ചലമാണെന്ന് കുറ്റപ്പെടുത്തുന്ന എ ഗ്രൂപ്പ് നിസ്സഹകരണ പാതയിലാണ്. മുസ്ലിം ലീഗും മറ്റും എ ഗ്രൂപ്പ് നേതൃത്വത്തെ പിന്തുണയ്ക്കുന്നു. എന്നാൽ വിട്ടുകൊടുക്കാൻ ഐ ഗ്രൂപ്പ് തയ്യാറുമല്ല. സുധീരനെ മാറ്റി ഐ പക്ഷക്കാരനായ കെപിസിസി അധ്യക്ഷനെയാണ് രമേശ് ചെന്നിത്തല ലക്ഷ്യമിടുന്നത്. അതിനിടെയാണ് കെ മുരളീധരൻ ഗ്രൂപ്പ് മാറുന്നത്. ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ മുരളീധരനെ മുന്നിൽ നിർത്തിയാണെന്നും ചെന്നിത്തല മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ കരുണാകര വികാരം ഉയർത്തി ഐ ഗ്രൂപ്പിൽ നിന്നും നേതാക്കളെ മുരളി തട്ടിയെടുക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. പത്മജാ വേണുഗോപാലിനെ ഗ്രൂപ്പിനൊപ്പം നിർത്തി ഈ സാഹചര്യത്തെ മറികടക്കാനാണ് നീക്കം.

ഡിസിസി പുനഃസംഘടനയുടെ നഷ്ടങ്ങൾക്ക് കാരണം സുധീരനാണെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. അതുകൊണ്ട് തന്നെ സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം. കരുത്തനായ വ്യക്തിയെ ഉയർത്തിക്കാട്ടിയാലേ അതിന് കഴിയൂ. കെ മുരളീധരന് അണികളിൽ സ്വാധീനം ചെലുത്താൻ കഴിയും. ഈ സാഹചര്യത്തിൽ മുരളിയെ മുന്നിൽ നിർത്തുമ്പോൾ ഐ ഗ്രൂപ്പിലും വിള്ളലുണ്ടാകും. ഇതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. യുഡിഎഫിലെ ഘടകകക്ഷികളെല്ലാം തനിക്കൊപ്പമാണെന്ന് ഉറപ്പാക്കിയാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. വിഷയത്തിൽ ആന്റണിയുടെ തൽക്കാലം ഇടപെടില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ചെന്നിത്തലയും സുധീരനും എത്തുന്നതോടെ ഗ്രൂപ്പ് പോര് മുറുകുമെന്നും ഉറപ്പാണ്.

ഡി.സി.സി. പുനഃസംഘടനയിൽ തുടങ്ങിയ പോര് കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള പരസ്യയുദ്ധത്തിലേക്ക്. പോർവിളി മുറുകുന്നതിനിടെ, കോൺഗ്രസ് വക്താവ് സ്ഥാനം രാജ്‌മോഹൻ ഉണ്ണിത്താൻ രാജിവെക്കുകയും ചെയ്തു. പ്രതിപക്ഷപ്രവർത്തനത്തിൽ കോൺഗ്രസും യു.ഡി.എഫും പരാജയമാണെന്ന കെ. മുരളീധരന്റെ വിമർശം നേതാക്കൾ ഏറ്റുപിടിച്ചതോടെ പാർട്ടിയും മുന്നണിയും പ്രതിരോധത്തിലായി. മുരളീധരന്റെ പ്രസ്താവന ഏറ്റുപിടിച്ച് മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീറും കെ.പി.എ. മജീദും രംഗത്തുവന്നു. പ്രതിപക്ഷപ്രവർത്തനം വേണ്ടത്ര നടക്കുന്നില്ലെന്നും യു.ഡി.എഫ്. പ്രവർത്തനം യോഗം ചേരലിൽ ഒതുങ്ങുകയാണെന്നുമായിരുന്നു മുഹമ്മദ് ബഷീറിന്റെ വിമർശം. ഉണ്ണിത്താൻ രാജിവച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം കിട്ടുന്നില്ലെന്നാരോപിച്ചാണ് അദ്ദേഹം വക്താവ് സ്ഥാനമൊഴിഞ്ഞത്. സുധീരന്റെ അഭിപ്രായ പ്രകാരമാണ് ഇത്.

വി എം സുധീരനെ പ്രകോപിപ്പിക്കാനായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താനെ കെ മുരളീധരൻ കടന്നാക്രമിച്ചത്. എന്നാൽ അത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഇതെല്ലാം ഉമ്മൻ ചാണ്ടിയുടെ അറിയവേടെയാണ് നടക്കുന്നതെന്ന് പറാതെ പറഞ്ഞ് ഉണ്ണിത്താൻ എ ഗ്രൂപ്പിനെ വെട്ടിലാക്കി. സോളാറിൽ ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്നത് ചിലത് പറയുകയും ചെയ്തു. അതിനിടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമവും കോൺഗ്രസ്സിൽ സജീവമായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായും മറ്റ് മുതിർന്ന നേതാക്കളുമായും അദ്ദേഹം സംസാരിച്ചു. ഇതേത്തുടർന്ന് ജനുവരി മൂന്നിന് യു.ഡി.എഫ്. നേതൃയോഗം ചേരാൻ തീരുമാനിച്ചു. രമേശും പി.കെ. കുഞ്ഞാലിക്കുട്ടിയും പിന്നീട് പ്രത്യേകം പത്രസമ്മേളനം വിളിച്ചു.

ആദ്യം പത്രലേഖകരെ കണ്ട രമേശ് മുരളീധരന്റേത് പോസിറ്റീവ് വിമർശമാണെന്ന് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കൂടുതൽ ശക്തമായ പ്രക്ഷോഭം വേണമെന്നാണ് മുരളി ഉദ്ദേശിച്ചതെന്ന് രമേശ് വ്യാഖ്യാനിച്ചു. പത്തുമിനിറ്റ് വ്യത്യാസത്തിൽ കുഞ്ഞാലിക്കുട്ടിയും പത്രസമ്മേളനം നടത്തി. കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ യോജിക്കാവുന്നവരുമായി യോജിച്ച് പ്രക്ഷോഭം ശക്തമാക്കണം. സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിനെതിരെയും സമരം ഊർജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ശക്തമായ സമരം വേണമെന്ന താത്പര്യമാണ് ലീഗിലെ മറ്റുനേതാക്കൾ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, മുരളീധരനെ പിന്തുണച്ച് എ ഗ്രൂപ്പ് രംഗത്തെത്തി. പ്രതിപക്ഷപ്രവർത്തനം പരാജയമാണെന്നുപറഞ്ഞ മുരളീധരന്റെ അഭിപ്രായം പാർട്ടി പരിശോധിക്കണമെന്ന് കെ.സി. ജോസഫ് കെപിസിസി. പ്രസിഡന്റ് വി എം. സുധീരന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പാർട്ടിവക്താവെന്ന നിലയിൽ എന്തും വിളിച്ചുപറയുന്ന ഉണ്ണിത്താനെതിരെ നടപടിവേണമെന്നും അഭിപ്രായം പാർട്ടിയുടേതാണോയെന്ന് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടു. ഇത് സുധീരനെ ചൊടിപ്പിക്കാൻ കൂടിയായിരുന്നു. വക്താവെന്ന നിലയിലല്ല വ്യക്തിപരമായാണ് എന്ന ആമുഖത്തോടെ തന്റെ വീട്ടിൽ പത്രസമ്മേളനം നടത്തി രാജ്‌മോഹൻ ഉണ്ണിത്താനും രംഗത്തുവന്നു.

മുരളീധരനെ വ്യക്തിപരമായി കടന്നാക്രമിച്ചും സോളാർ കേസ് ഉയർത്തിക്കാട്ടി ഉമ്മൻ ചാണ്ടിയെയും എ ഗ്രൂപ്പിനെയും വിമർശിച്ചുമായിരുന്നു പത്രസമ്മേളനം. ഇതിനുശേഷം വൈകീട്ടാണ് രാജിപ്രഖ്യാപനം വന്നത്. ഇതോടെ പ്രശ്‌നങ്ങൾ സങ്കീർണ്ണമാവുകയാണ്.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP