Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടകംപള്ളി ബാങ്കിലെ കള്ളപ്പണ വാർത്ത പുറത്തായതോടെ അനഭിമതനായി; പാർട്ടി നേതൃത്വത്തെ ആദായ നികുതി വകുപ്പ് ഇടപെടൽ അറിയിച്ചെന്നും കണ്ടെത്തി; ഭൂമി തട്ടിപ്പും പിരിവും കൈയോടെ പിടിച്ച് മന്ത്രിയുടെ തിരിച്ചടി; കടകംപള്ളിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കുന്നത് മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ വിശ്വസ്തനെ

കടകംപള്ളി ബാങ്കിലെ കള്ളപ്പണ വാർത്ത പുറത്തായതോടെ അനഭിമതനായി; പാർട്ടി നേതൃത്വത്തെ ആദായ നികുതി വകുപ്പ് ഇടപെടൽ അറിയിച്ചെന്നും കണ്ടെത്തി; ഭൂമി തട്ടിപ്പും പിരിവും കൈയോടെ പിടിച്ച് മന്ത്രിയുടെ തിരിച്ചടി; കടകംപള്ളിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കുന്നത് മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ വിശ്വസ്തനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടകംപള്ളി സഹകരണബാങ്കിലെ കള്ളപ്പണ നിക്ഷേപവുമായി ഒരു മന്ത്രിയുടെ പേര് ചർച്ച വിഷയമായിരുന്നു. ഇതേ കുറിച്ചു അഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെ ഒരു സിപിഐ(എം) പ്രാദേശിക നേതാവിന്റെ മരണവും ദുരൂഹതകൾ സജീവമായി. ഇപ്പോഴിതാ തലസ്ഥാത്ത് നിന്നുള്ള മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ ഒരംഗത്തെ അഴിമതിയുടെ പേരിൽ പുറത്താക്കിയിരിക്കുന്നു. ഇതോടെ പിണറായി വിജയൻ മന്ത്രിസഭയിലും അഴിമതിക്കുള്ള സാധ്യതകളാണ് ചർച്ചയാകുന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ ഇടപെടലുകളാണ് കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ കള്ളത്തരം കണ്ടെത്തിയതെന്നാണ് സൂചന. വിജിലൻസ് നേരിട്ട് അന്വേഷിച്ച് പ്രഥാമിക വിവരങ്ങൾ ശേഖരിച്ചതയായും സൂചനയുണ്ട്. അതിന് ശേഷമാണ് കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം വൽസല കുമാറിനെ പുറത്താക്കിയതിലും കടകംപള്ളി ബാങ്കിലെ പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് കടകംപള്ളി സുരേന്ദ്രന്റെ പഴ്സണൽ സ്റ്റാഫംഗം ശ്രീവൽസ കുമാറിനെ പിരിച്ചുവിട്ടത്. മന്ത്രി കടകംപള്ളിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു ശ്രീവൽസ കുമാർ. ഒരു ഭൂമി ഇടപാടിൽ ശ്രീവത്സകുമാറിന്റെ പേരിൽ അഴിമതി ആരോപണം ഉയർന്നതോടെയാണ് പുറത്താക്കൽ നടപടിയെന്നാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എന്നാൽ, യഥാർത്ഥ് കാരണം എന്താണെന്ന ആർക്കും വ്യക്തമായിട്ടില്ല. മന്ത്രിക്ക് അനഭിമതനായിട്ടാണ് പുറത്താകൽ എന്നതും വ്യക്തമല്ല. തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് കടകംപള്ളി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂറത്തു വന്നത്. ആദായ നികുതി വകുപ്പ് കടകംപള്ളി ബാങ്കിൽ പരിശോധന നടത്തിയെന്നത് പാർട്ടി കേന്ദ്രങ്ങൾ പോലും വിശ്വസിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവരം പുറത്തു പോയത് ശ്രീവൽസ കുമാറിൽ നിന്നെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ ഓഫീസ് പോലും കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഭൂമി തട്ടിപ്പ് പൊടിതട്ടിയെടുക്കുന്നത്.

നേമം മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ പഴ്സണൽ സ്റ്റാഫംഗമായിരുന്ന ഇയാളെ പ്രത്യേക ശിപാർശയോടെയാണ് കടകംപള്ളിയുടെ പഴ്സണൽ സ്റ്റാഫംഗമായി നിയമിച്ചത്. ഫാം ഇൻഫർമോഷൻ ബ്യൂറോ ഉദ്യോഗസ്ഥനാണ് ശ്രീവൽസ കുമാർ. ബന്ധു നിയമനത്തിന്റെ പേരിൽ മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻ രാജിവച്ചൊഴിഞ്ഞതിന്റെയന്ന് തന്നെയാണ്് സിപിഐ(എം) സംസ്ഥാന സമിതിയിലും ശ്രീവൽസകുമാറിനെതിരായ പരാതികൾ പരിഗണിച്ചത്. അന്ന് തന്നെ ഇയാൾക്കെതിരെ നടപടികൾക്കും തുടക്കമായതായാണ് സൂചന. പാർട്ടിയും മുഖ്യമന്ത്രിയും ശ്രീവൽസകുമാറിനെതിരെ കടുത്ത നടപടികളെടുക്കുമ്പോഴും കടകംപള്ളി ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നാണ് സൂചന. എന്നാൽ കടകംപള്ളി ബാങ്കിലെ വിവരങ്ങൾ പുറത്തുവന്നതോടെ ഇത് മാറി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പഴ്സണൽ സ്റ്റാഫംഗമായിരിക്കെ ജില്ലയിലെ മറ്റൊരു നേതാവിനു വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണമാണ് ഇതോടെ സജീവമാകുന്നത്.

പുറത്താക്കപ്പെട്ട ശ്രീവൽസ കുമാർ നടത്തിയ പ്രോട്ടോക്കോൾ ലംഘനം മന്ത്രിയുടെ ശ്രദ്ധയിൽ നേരത്തെ പെട്ടിരുന്നു. തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റിയംഗം പറഞ്ഞതനുസരിച്ച് ഹൈക്കോടതിയിലെ ഒരു വക്കീലുമായി ഒരു കേസിനെക്കുറിച്ച് ഇയാൾ സംസാരിച്ചിരുന്നു. മന്ത്രിയുടെ പഴ്സണൽ സ്റ്റാഫായിരിക്കെ ആ പദവി ഉപയോഗിക്കുകയും മന്ത്രിയുടെ അനുമതിയോ അറിവോ ഇല്ലാതെ കേസുകളെക്കുറിച്ച് സംസാരിച്ചുവെന്നതാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇതൊക്കെ മന്ത്രിക്ക് അനഭിമതനാക്കി എന്നാണ് അറിയുന്നത്. ഇതിന് പുറമേയാണ് കടകംപള്ളി ബാങ്കുമായ വിവാദങ്ങളുമെത്തുന്നത്. ഇതോടെ ശ്രീവൽസ കുമാറിനെ കൈവിടാൻ മന്ത്രി തീരുമാനിക്കുകയായിരുന്നു. പാർട്ടി ജില്ലാ കമ്മറ്റിയുടെയും സംസ്ഥാന സമിതിയുടേയും അംഗീകാരത്തോടെയാണ് ശ്രീവൽസ കുമാറിനെ നിയമിച്ചത്. അതുകൊണ്ട് തന്നെ പാർട്ടി തീരുമാനം അനുകൂലമാക്കി ശ്രീവൽസ കുമാറിനെ പുറത്താക്കുകയും ചെയ്തു.

കടകംപള്ളി വൈദ്യുതി മന്ത്രിയായിരിക്കെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ചില ഇടപാടുകൾ കണ്ടെത്തിയിരുന്നു. ഇത് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കടകംപള്ളിയിലെ പ്രശ്‌നങ്ങൾ ഉയർന്നത്. ഇതോടെ പ്രതിരോധത്തിലായ മന്ത്രി പ്രതിച്ഛായ വീണ്ടെടുക്കാൻ കൂടിയാണ് പേഴ്‌സണൽ സ്റ്റാഫിലെ അംഗത്തെ പുറത്താക്കുന്നത്. അഴിമതിയുമായി ഒരു വിട്ടു വീഴ്ചയ്ക്കും താനില്ലെന്ന് വരുത്താൽ കുടിയാണ് ഇത്. എന്നാൽ സിപിഎമ്മിനുള്ളിലെ വിഭാഗിയതയും ഇതിന് കാരണമായി പറയപ്പെടുന്നു. പുറത്താക്കപ്പെട്ട വൽസല കുമാർ, മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ വിശ്വസ്തനും പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്നു. കടകംപള്ളിയുടെ എതിർ ചേരിയിൽപ്പെട്ട ശിവൻകുട്ടിയുടെ വിശ്വസ്തൻ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന ആദ്യ സൂചനകൾ കടകംപള്ളിക്ക് കിട്ടിയത് കടകംപള്ളി സഹകരണ ബാങ്കിലെ ആദായ നികുതി വകുപ്പ് പരിശോധനയുമായി ബന്ധപ്പെട്ടാണ്. ഇതിന് പിന്നിൽ സിപിഎമ്മിലെ തിരുവനന്തപുരത്തെ ഗ്രൂപ്പ് പോരും ഉണ്ടെന്ന് കടകംപള്ളി വിലയിരുത്തി.

സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിപ്പിച്ചതും ബിജെപിയെ കൊണ്ട് അത് ആരോപണമായി ഉന്നയിച്ചതിന് പിന്നിലും ഇത്തരം ശക്തിയാണെന്ന് കടകംപള്ളി വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടേയും മറ്റും ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ ഇടപെടൽ വാർത്ത എത്തിച്ചതും തന്റെ ഓഫീസിലെ പ്രമുഖനാണെന്നും മന്ത്രി കണ്ടെത്തി. ഇതെല്ലാം കൂടിയായപ്പോൾ ശ്രീവൽസ കുമാറിനെ പുറത്താക്കാൻ മന്ത്രി തീരുമാനിക്കുകയായിരുന്നു. ഇനിയൊരു വിവാദം കൂടി ഉണ്ടായാൽ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന സൂചന കടകംപള്ളിക്ക് മുഖ്യമന്ത്രി നൽകിയതായും അറിയുന്നു. ഈ സാഹചര്യത്തിലാണ് ഓഫീസിൽ ശുദ്ധികലശം നടത്താൻ മന്ത്രി തയ്യാറാകുന്നത്. അഴിമതിയോ പിരിവോ ആരു നടത്തിയാലും മന്ത്രി സംരക്ഷിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ ഓഫീസിലെ ജീവനക്കാർക്ക് കടകംപള്ളി നൽകുന്നതെന്നാണ് സൂചന.

ഉമ്മൻ ചാണ്ടി സർക്കാറിന്റെ അടിവേരിളക്കിയ വിവാദങ്ങളുടെ ഒരു വശത്ത് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫുകളുടെ പങ്ക് വളരെ വലുതായിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ജിക്കുമോൻ, ജോപ്പൻ, സലിംരാജ് തുടങ്ങിയവരെല്ലാം ഉമ്മൻ ചാണ്ടിക്കുണ്ടാക്കിയ തലവേദന ചെറുതല്ല. മന്ത്രിസഭയുടെ അടിത്തറ ഇളക്കുന്ന വിധത്തിലേക്ക് വിവാദങ്ങൾ എത്തുകയും ചെയ്തു. ഇതു കൂടി മനസ്സിലാക്കിയാണ് കടകംപള്ളിയുടെ ഇടപെടൽ. വൽസകുമാറിനെതിരായ ആരോപണങ്ങൾ പോലും ചർച്ചയാക്കുന്നതിന് മുമ്പ് അദ്ദേഹത്തെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കി. എന്തായാലും മുൻ സർക്കാറിനെ ഒരിക്കലും മാതൃകയാക്കില്ലെന്നും ആ സർക്കാറിന്റെ അഴിമതികൾ ആവർത്തിക്കില്ലെന്നും ജനങ്ങളോട് സത്യം ചെയ്ത് അധികാരത്തിൽ കയറിയ ഇടതു സർക്കാർ ഉമ്മൻ ചാണ്ടിയുടെ അതേ പാതയിലാണോ സഞ്ചരിക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് വൽസകുമാറിന്റെ പുറത്താക്കലെന്ന് കടകംപള്ളിയുടെ ഓഫീസുൂം വിശദീകരിക്കുന്നു.

പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലേറ്റ ശേഷം ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇപി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചു. പിന്നാലെ മന്ത്രി മേഴ്സികുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫിനെ കൊലപാതക കേസിൽ അറസ്റ്റു ചെയ്തു. ഇപ്പോഴിതാ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഒരു പേഴ്സണൽ സ്റ്റാഫ് അംഗത്തെ പിരിച്ചു വിട്ടിരിക്കുന്നു. ഇത് സർക്കാരിന് കടുത്ത വെല്ലുവിളിയാണ്. നേരത്തെ കടകംപള്ളി സഹകരണ ബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ചും ബാങ്കിലെ ഉദ്യോഗസ്ഥൻ എൽ.വി.ജയശങ്കർ മരിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഡിജിപിക്കു പരാതി നൽകിയതും കെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളും വിവാദത്തിലായിരുന്നു. കടകംപള്ളി സർവീസ് സഹകരണബാങ്കിലെ ശാഖാ മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരൻ മരിച്ച സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചത്.

സഹകരണബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം നടത്താനിരിക്കവേയാണ് ഈ ദുരൂഹമരണം. സിപിഐ(എം) നേതാക്കളുടെ കോടികളുടെ ഇടപാടുകൾ ഇദ്ദേഹത്തിന് അറിയാം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം മരണം ഹൃദയാഘാതത്താലാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP