Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പമ്പാ നദിയിലെ അപകടത്തിൽ നിന്നു ജീവിതത്തിലേക്കു നീന്തിക്കയറിയവൻ; രാജസ്ഥാനിൽ മലയാളി ദമ്പതികളുടെ മകനായി ജനിച്ചു കർണാടകയ്ക്കായി ബാറ്റേന്തി; ഐപിഎല്ലിലെയും വെടിക്കെട്ടു താരം: സച്ചിനു പോലും എത്തിപ്പിടിക്കാനാവാത്ത ട്രിപ്പിൾ സെഞ്ച്വറി നേടിയ മലയാളി പയ്യൻ കരുൺ നായരുടെ കഥ

പമ്പാ നദിയിലെ അപകടത്തിൽ നിന്നു ജീവിതത്തിലേക്കു നീന്തിക്കയറിയവൻ; രാജസ്ഥാനിൽ മലയാളി ദമ്പതികളുടെ മകനായി ജനിച്ചു കർണാടകയ്ക്കായി ബാറ്റേന്തി; ഐപിഎല്ലിലെയും വെടിക്കെട്ടു താരം: സച്ചിനു പോലും എത്തിപ്പിടിക്കാനാവാത്ത ട്രിപ്പിൾ സെഞ്ച്വറി നേടിയ മലയാളി പയ്യൻ കരുൺ നായരുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരണത്തിൽനിന്നു ജീവിതത്തിലേക്ക് നീന്തിക്കയറിയവന് ക്രീസിൽ നിൽക്കുമ്പോൾ എന്തു ഭയം. ഇംഗ്ലീഷ് ബോളർമാർ മാറി മാറി പന്തെറിഞ്ഞിട്ടും ഒട്ടും കൂസാതെ അവയെയെല്ലാം ബൗണ്ടറിയിലേക്കു പായിച്ചുകൊണ്ട് കരുൺ കലാധരൻ നായർ എന്ന മലയാളി പയ്യൻ ഒറ്റദിവസംകൊണ്ടു ക്രിക്കറ്റ് ചരിത്രത്തിൽ അവിസ്മരണീയസ്ഥാനമാണ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ മലയാളി, വീരേന്ദർ സേവാഗിനുശേഷം ട്രിപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ. പറഞ്ഞു വരുമ്പോൾ മഹാരഥനായ സച്ചിനു പോലും എത്തിപ്പിടിക്കാനാകാത്ത നേട്ടം സ്വന്തമാക്കിയവൻ.

ഒറ്റ ദിവസം കൊണ്ട് മലയാളികളുടെ അഭിമാനമാകുകയും ലോകമൊട്ടാകെയുള്ള ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത ഈ ചെങ്ങന്നൂർക്കാരന് ഒരിക്കലും മറക്കാനാകില്ല ഒരിക്കൽ മരണത്തെ മുഖാമുഖം കണ്ട സംഭവം. കഴിഞ്ഞ ജൂലൈ 17നായിരുന്നു സംഭവം. ആറന്മുളയിൽ അന്നേദിവസം വഴിപാട് വള്ളസദ്യ സ്പോൺസർ ചെയ്തിരുന്നത് കരുണായിരുന്നു. വള്ളസദ്യയ്ക്ക് ആളുകളുമായെത്തിയ പള്ളിയോടം മറിഞ്ഞു. കരുൺ അടക്കമുള്ളവർ അപകടത്തിൽപ്പെട്ടു.

മരണത്തെ മുഖാമുഖം കണ്ട കരുണിനു രക്ഷയായത് അരികിലേക്ക് അതിവേഗമെത്തിയ ബോട്ടാണ്. മൂന്നുപേരാണ് ആ അപകടത്തിൽ കൊല്ലപ്പെട്ടതെങ്കിലും ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു കരുൺ. അതുകൊണ്ടുതന്നെയാകാം ട്രിപ്പിൽ സെഞ്ചുറി നേടിയപ്പോഴും കരുണിന്റെ മുഖത്തു ശാന്തത മാത്രമാണുണ്ടായിരുന്നത്.

ട്രിപ്പിൽ സെഞ്ചുറി നേടുമ്പോൾ കരുണിന് പ്രായം 25 വർഷവും 13 വയസും മാത്രമാണ്. ഇത്ര ചെറു പ്രായത്തിൽ നൂറുകോടിയലധികംവരുന്ന ജനങ്ങളുടെ ഹൃദയം കീഴടക്കുമ്പോഴും അഹങ്കാരത്തിന്റെ ലാഞ്ചനപോലും ആ മുഖത്ത് ഉണ്ടായിരുന്നില്ല. തനിക്ക് ട്രിപ്പിൽ സെഞ്ചുറി തികയ്ക്കാൻ വേണ്ടി മാത്രം ഇന്നിങ്സ് നീട്ടിക്കൊണ്ടുപോകാൻ അനുവദിച്ച ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും കോച്ച് അനിൽ കുംബ്ലെയ്ക്കും ടീം മാനേജ്‌മെന്റിനും നന്ദി പറയുകയാണു കരുൺ ചെയ്തതും.

രാജസ്ഥാനിലേക്കു കുടിയേറിയ ചെങ്ങന്നൂർ സ്വദേശി കലാധരൻ നായരും പ്രേമ നായരുമാണ് കരുണിന്റെ മാതാപിതാക്കൾ. രാജസ്ഥാനിലെ ജോധ്പൂരിലാണ് ജനനം. കർണാടകയിൽ ക്രിക്കറ്റ് കളിച്ചു പഠിച്ച പയ്യൻ ആദ്യമായി പാഡ് കെട്ടുന്നതും ആ സംസ്ഥാനത്തിനുവേണ്ടിയായിരുന്നു. അണ്ടർ 19 ടീമിലെ മികച്ച പ്രകടനം രഞ്ജി ടീമിലെത്തിച്ചു. 2014-15 സീസണിൽ തന്റെ കന്നി രഞ്ജി ട്രോഫിയിൽത്തന്നെ കരുൺ കർണാടകയെ ചാംപ്യന്മാരാക്കി. 10 മൽസരങ്ങളിൽ നിന്ന് 709 റൺസാണ് അദ്ദേഹം വാരിക്കൂട്ടിയത്. ദേശീയ താരങ്ങളായ റോബിൻ ഉത്തപ്പ, ലോകേഷ് രാഹുൽ എന്നിവരും അന്ന് കരുണിന്റെ ടീമംഗങ്ങളായിരുന്നു.



പ്രാദേശിക ക്രിക്കറ്റിലെ മികച്ച പ്രകടനം കരുണിന് ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന പണക്കൊഴുപ്പിന്റെ മേളയിലേക്കും വഴിതുറന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൾസ് എന്നിവർക്കു വേണ്ടി കരുൺ കളിച്ചിട്ടുണ്ട്. ബാംഗ്ലൂരിനുവേണ്ടി 2014ലെ ഐപിഎല്ലിലാണ് കരുണിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. മൂന്നു അർധസെഞ്ച്വറികളടക്കം അന്ന് 330 റൺസ് നേടി. ഒരിക്കൽ പത്തു ലക്ഷം രൂപ മാത്രം വിലയുണ്ടായിരുന്ന കരുണിനെ അവസാനം ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കിയത് നാലു കോടി രൂപ കൊടുത്തായിരുന്നുവെന്നതും ഈ താരത്തിന്റെ പ്രകടനത്തിനുള്ള അംഗീകാരമാണ്.

ഈ വർഷം ജൂണിൽ ഹരാരെയിൽ നടന്ന മൽസരത്തിൽ സിംബാബ്‌വെക്കെതിരേയായിരുന്നു കരുണിന്റെ ഏകദിന അരങ്ങേറ്റം. ഇന്ത്യ ഒമ്പത് വിക്കറ്റിനു ജയിച്ച ഈ കളിയിൽ ഓപ്പണറായി ഇറങ്ങിയ കരുണിന് ഏഴു റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
13നു നടന്ന രണ്ടാം ഏകദിനത്തിൽ കരുൺ 39 റൺസെടുത്തു പുറത്തായി. നവംബറിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരമാണ് കരുണിന്റെ ആദ്യ ടെസ്റ്റ്. ആദ്യ ഇന്നിങ്സിൽ വെറും നാലു റൺസ് മാത്രം എടുത്തു റണ്ണൗട്ട് ആകാനായിരുന്നു വിധി. രണ്ടാമത്തെ ഇന്നിങ്സിൽ ഇന്ത്യ എട്ടു വിക്കറ്റിനു വിജയമുറപ്പിച്ചതോടെ ആദ്യ ടെസ്റ്റിലെ സമ്പാദ്യം കേലവം നാലു റൺസ് മാത്രം. എല്ലാത്തിനും ചേർന്നുള്ള മറുപടിയാണ് തന്റെ മൂന്നാം ടെസ്റ്റിൽ കരുണിന്റെ ട്രിപ്പിൽ സെഞ്ചുറി. ആറു സിക്സറുകളും 32 ഫോറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ 303 റൺസ്.

മലയാളിയായ സഞ്ജു സാംസണൊപ്പമായിരുന്നു കഴിഞ്ഞ സീസണുകളിൽ ഐപിഎലിൽ കരുൺ നായർ കളിച്ചത്. രാജസ്ഥാൻ റോയൽസിൽ രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ ഇറങ്ങിയ ഈ രണ്ടു താരങ്ങളും ഇപ്പോൾ ഡൽഹി ഡെയർഡെവിൾസിലാണു കളിക്കുന്നത്. പരിശീലകവേഷത്തിൽ ദ്രാവിഡും ഡൽഹിയിലുണ്ട്. ഒരു മത്സരത്തിൽ റൺസെടുക്കുന്നതിനിടെ കരുൺ നായരും സഞ്ജുവും മലയാളത്തിൽ 'ഓടെടാ' എന്നു പറയുന്നതു ഗ്രൗണ്ടിൽ ഘടിപ്പിച്ചിരുന്ന മൈക്കിലൂടെ പുറംലോകത്ത് എത്തിയതും കൗതുകമായിരുന്നു.

ട്രിപ്പിൾ സെഞ്ച്വറി നേട്ടം കരുണിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നായിരുന്നു അച്ഛൻ കലാധരന്റെ പ്രതികരണം. നിരത്തിൽ ക്രിക്കറ്റു കളിച്ചു വളർന്ന കരുൺ പടിപടിയായി ഇന്ത്യൻ ടീമിൽ എത്തിയതിലും സെഞ്ച്വറിയും ഡബിൾ സെഞ്ച്വറിയും കടന്നു ട്രിപ്പിൾ സെഞ്ച്വറിയിൽ എത്തിയതിലും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്നു അമ്മ പ്രേമയും പറഞ്ഞു. മാസം തികയാതെ പ്രസവിച്ച മകന്റെ ശ്വാസസംബന്ധമായ അസുഖം മാറാൻ വേണ്ടിയാണു കളിക്കളത്തിലേക്ക് അയച്ചത്. കൂട്ടുകാർക്കൊപ്പം നിരത്തിൽ കരുൺ കളിച്ചു വളർന്നത് സ്വന്തം ജീവിതത്തിനു വേണ്ടി കൂടിയായിരുന്നു. മരണം പമ്പാനദിയിലെ അപകടത്തിലൂടെ വീണ്ടും തേടിയെത്തിയെങ്കിലും അതിൽ നിന്നും കരുൺ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കന്നി സെഞ്ച്വറി തന്നെ ആദ്യ ട്രിപ്പിളാക്കിയ കരുൺ നായരെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ടിനെതിരെ ഒരിന്ത്യൻ കളിക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ കൂടിയാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP