Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ട് ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്തു; വഖഫ് ബോർഡിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി ന്യൂനപക്ഷ മോർച്ച

രണ്ട് ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്തു; വഖഫ് ബോർഡിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി ന്യൂനപക്ഷ മോർച്ച

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സംസ്ഥാന വഖഫ് ബോർഡിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി ന്യൂനപക്ഷ മോർച്ച രംഗത്ത്. രണ്ട് ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടതായി ന്യൂനപക്ഷ മോർച്ച നേതാക്കൾ മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

നേരത്തേ ഇതേ വിഷയം ചൂണ്ടിക്കാട്ടി വഖഫ് സംരക്ഷണ സമിതി കേന്ദ്ര വഖഫ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. കൂടാതെ വഖഫ് ബോർഡിലെ അതാത് കാലത്തെ അധികാരവും സ്വാധീനവും ഉപയോഗിച്ച് വൻ അഴിമതിയും ക്രമക്കേടും നടന്നതായി ചൂണ്ടിക്കാട്ടി മറുനാടൻ മലയാളിയും വാർത്തകൾ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ന്യൂനപക്ഷ മോർച്ച ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിൽ കാലങ്ങളായി നടക്കുന്ന വഖഫ് അഴിമതിക്കെതിരെ കേന്ദ്ര മന്ത്രാലയത്തിൽ പരാതി നൽകാനും വഖഫ് ബോർഡിലെ തിരിമറികൾ കണ്ടെത്തുന്നതിന് കേന്ദ്ര ഇടപെടലുമാണ് ന്യൂനപക്ഷ മോർച്ച ലക്ഷ്യം വെയ്ക്കുന്നത്.

ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും സുതാര്യമായ കൈമാറ്റത്തിനുമായി നിലവിൽ വന്ന 2013 ലെ വഖഫ് ആക്ട് സംസ്ഥാന വഖഫ് ബോർഡ് അട്ടിമറിച്ചാണ് അഴിമതിയത്രയും നടത്തിയിട്ടുള്ളതെന്ന് ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. സി. മുഹമ്മദ് അഷറഫ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ് , സെക്രട്ടറി കൂരി സാദിഖലി എന്നിവർ പത്ര സമ്മേളനത്തിൽ ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് അനുദിനം ഉയരുന്നത്. ഇക്കാര്യത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരും ഒരേ നയമാണ് പിന്തുടരുന്നതെന്നും അതുകൊണ്ട് തന്നെ ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ അനർഹർ കൈക്കലാക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. 2013 ലെ വഖഫ് ആക്ട് 80 -ാം വകുപ്പ് പ്രകാരം വഖഫ് കേസുകൾ കൈകാര്യം ചെയ്യുന്നതിന് മൂന്നംഗ ട്രിബ്യൂണൽ വേണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഈ മൂന്നംഗ ട്രിബ്യൂണലിൽ ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ഒരാളും അസിസ്റ്റന്റ് ഡിവിഷനൽ മജിസ്‌ട്രേറ്റിന്റെ (എ.ഡി.എം) റാങ്കിൽ കുറയാത്ത ഒരാളും ഇസ് ലാം മത- ശരിഅത്ത് നിയമങ്ങളിൽ നല്ല പ്രാവീണ്യമുള്ള ഒരാളും വേണമെന്നാണ് വ്യവസ്ഥ. എന്നാൽ, നാളിതു വരെ അത്തരമൊരു കാര്യം നടപ്പാക്കാൻ കേരള സ്റ്റേറ്റ് വഖഫ് ബോർഡ് താൽപര്യം കാണിച്ചിട്ടില്ല. കൊല്ലത്തും എറണാകുളത്തും കോഴിക്കോട്ടും ട്രിബ്യൂണൽ ഉണ്ടെങ്കില് തന്നെയും അവയെല്ലാം ഏകാംഗ ട്രിബ്യൂണൽ ആണ്. മാത്രവുമല്ല, കോടിക്കണക്കിന് വരുന്ന വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ തങ്ങൾക്ക് താൽപര്യമുള്ള രാഷ്ട്രീയക്കാരെയാണ് ഈ ഏകാംഗ ട്രിബ്യൂണലിൽ പോലും നിയമിച്ചിരിക്കുന്നത്. എണ്ണമറ്റ കേസുകളാണ് ഇപ്പോൾ ഈ ട്രിബ്യൂണൽ മുമ്പാകെ കെട്ടിക്കിടക്കുന്നത്. മാത്രമല്ല, നഷ്ടപ്പെടുത്തിയ വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള കേസുകളുടെ നടത്തിപ്പും കാര്യക്ഷമമല്ല. കാരണം, അവിടെയും കേരള സ്റ്റേറ്റ് വഖഫ് ബോർഡ് നിയമിക്കുന്നത് സ്റ്റാൻഡിങ് കൗൺസിൽമാരെ മാത്രമാണ്. അത് അവസാനിപ്പിച്ച് ഗവ പ്‌ളീഡർമാരെ നിയമിച്ചാൽ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം ആവുകയുള്ളു.

കേന്ദ്ര വഖഫ് കൗൺസിൽ , കേന്ദ്രീകൃത വഖഫ് അസറ്റ് സർവ്വേ നടത്തുന്നതിന് കഴിഞ്ഞ യുഡിഎഫ് സർക്കാരിനോടും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരിനോടുംആവശ്യപ്പെട്ടതാണ്. എന്നാൽ ഇത് സംബന്ധിച്ചുള്ള സർവ്വേ 10 % പോലും പൂർത്തിയാക്കാൻ ഇരു കൂട്ടർക്കും കഴിഞ്ഞിട്ടില്ല. ചില മുത്തവല്ലിമാർ വഖഫ് സ്വത്തുക്കൾ കൈക്കലാക്കുകയാണെന്ന ആരോപണം ഉയർന്നിട്ടും ഇതേപറ്റി അന്വേഷിക്കാനോ നടപടികൾ സ്വീകരിക്കാനോ ഇരു സർക്കാരുകളും തയ്യാറായതുമില്ല. വഖഫ് ഡിവിഷണൽ ബോർഡുകൾ സ്ഥാപിക്കാൻ ഭൂമി അനുവദിച്ച് നൽകണമെന്ന് കേന്ദ്ര വഖഫ് കൗൺസിൽ ആവശ്യപ്പെട്ടിട്ടും സംസ്ഥാന വഖഫ് ബോർഡ് ഒഴിഞ്ഞുമാറി. വഖഫ് സ്വത്തുക്കൾ മുസ്‌ളീങ്ങൾക്ക് ഉതകുന്ന വിധത്തിൽ പ്രയോജനപ്പെടുത്തൊൻ *ചഅണഅഠഇഛ* എന്ന സ്ഥാപനം കേന്ദ്ര സർക്കാർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനെതിരെയും ബോർഡ് മുഖം തിരിഞ്ഞ് നിൽക്കുകയാണ്. കേന്ദ്രം നൽകുന്ന ന്യൂനപക്ഷ ക്ഷേമനിധി കൈപറ്റി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിരവധി ഉണ്ടെങ്കിലും അവയില് ഭൂരിപക്ഷവും പാവപ്പെട്ട മുസ്‌ളീം ജനങ്ങളെ വഞ്ചിക്കുകയാണ്. ചില സ്ഥാപനങ്ങൾക്കെതിരെ വ്യാപക പരാതികൾ ഉയർന്നെങ്കിലും ഇക്കാര്യങ്ങൾ പരിശോധിക്കാനും വഖഫ് ബോർഡ് വിമുഖത കാട്ടുകയാണ്.

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ സുതാര്യമാകണം. കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ആരാണ് അനുഭവിക്കുന്നതെന്ന് സംസ്ഥാന സർക്കാരും വഖഫ് ബോർഡും വ്യക്തമാക്കണം. കേന്ദ്ര സർക്കാർ നൽകുന്ന കോടിക്കണക്കിന് രൂപ സംസ്ഥാന വഖഫ് ബോർഡിന്റെ ഒത്താശയോടെ പലരും കൈക്കലാക്കുന്നു. ഇതിന്റെ തെളിവാണ്, കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണ കാലത്ത് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭൗതീക സൗകര്യങ്ങൾ ഒരുക്കാൻ നൽകിയ 93 കോടി രൂപക്ക് കണക്കില്ലെന്ന് കേരളത്തിന്റെ ഓഡിറ്റർ കൺട്രോളർ റിപ്പോർട്ട് ചെയ്തത്. ടു ജി സ്‌പെക്ട്രം അഴിമതിയേക്കാൾ വലിയ അഴിമതി കേരളത്തിൽ സംസ്ഥാന വഖഫ് ബോർഡിന്റെ ഒത്താശയോടു കൂടി വഖഫ് സ്വത്തുക്കളുടെ കാര്യത്തിൽ നടക്കുകയാണ്.

രണ്ട് ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ കേരളത്തിൽ അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 2007 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച നിസാർ കമ്മറ്റി കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. ഇത്തരത്തിൽ അനധികൃതമായി കൈക്കലാക്കിയ ഭൂമി തിരിച്ച് പിടിക്കാനുള്ള നിയമ നടപടികൾ ആരംഭിക്കണം. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടില്രെങ്കിൽ ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ സമരപരമ്പരകൾ ആരംഭിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കേരള വഖഫ് ബോർഡിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും ഇതു തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും ന്യൂനപക്ഷ മോർച്ച ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സർക്കാർ ഇടപെടണമെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. അതേ സമയം വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ന്യൂനപക്ഷ മോർച്ച പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP