Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോട്ട് പിൻവലിക്കലിന്റെ യഥാർത്ഥ ഉദ്ദേശ്യം രാഷ്ട്രീയ പാർട്ടികളുടെ കീശ വീർപ്പിക്കലായിരുന്നോ? കണക്കു പോലും ഇല്ലാതെ കള്ളപ്പണം വാങ്ങാൻ പാർട്ടികളെ അനുവദിച്ച് കേന്ദ്രം; ശതകോടികളുടെ കള്ളപ്പണം പാർട്ടി ഫണ്ടുകളിലേക്ക് ഒഴുകുന്നു; സഹകരണ ബാങ്കുകളിൽ നേതാക്കളുടെ നിക്ഷേപവും പാർട്ടിക്ക് നൽകി വെളുപ്പിക്കാൻ നീക്കം സജീവം

നോട്ട് പിൻവലിക്കലിന്റെ യഥാർത്ഥ ഉദ്ദേശ്യം രാഷ്ട്രീയ പാർട്ടികളുടെ കീശ വീർപ്പിക്കലായിരുന്നോ? കണക്കു പോലും ഇല്ലാതെ കള്ളപ്പണം വാങ്ങാൻ പാർട്ടികളെ അനുവദിച്ച് കേന്ദ്രം; ശതകോടികളുടെ കള്ളപ്പണം പാർട്ടി ഫണ്ടുകളിലേക്ക് ഒഴുകുന്നു; സഹകരണ ബാങ്കുകളിൽ നേതാക്കളുടെ നിക്ഷേപവും പാർട്ടിക്ക് നൽകി വെളുപ്പിക്കാൻ നീക്കം സജീവം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കള്ളപ്പണത്തിനെതിരായ കുരുശു യുദ്ധമെന്ന നിലയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിൻവലിക്കൽ നടപടി പ്രഖ്യാപിച്ചത്. എന്നാൽ, നടപ്പാക്കുന്നതിലെ വീഴ്‌ച്ച മൂലം നിരന്തരം വിമർശനങ്ങൾ കേട്ടതു കൊണ്ട് ഈ അവകാശവാദം ഉന്നയിക്കാൻ പ്രധാനമന്ത്രിക്ക് പോലും ഇപ്പോൾ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ കാഷ്‌ലെസ് എന്നും ഡിജിറ്റൽ ഇടപാടിലേക്ക് മാറണമെന്നും പറഞ്ഞ് രംഗം ശാന്തമാക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രി മോദി. രാജ്യത്തെ സാധാരണ ജനങ്ങൾ കടുത്ത ബുദ്ധിമുട്ടു അനുഭവിക്കുമ്പോൾ തന്നെ കള്ളപ്പണം കൈവശം വെക്കുന്നവർക്ക് യാതൊന്നും സംഭവിച്ചിട്ടുമില്ല. സഹകരണ ബാങ്കുകളെ അടക്കം കള്ളപ്പണത്തിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ എന്നാൽ, സ്വന്തം കാര്യം വരുമ്പോൾ സ്വാർത്ഥരാകുന്ന അവസ്ഥയാണ് കാണാനാവുന്നത്.

സംഭാവനയായി ലഭിച്ച പണം രാഷ്ട്രീയ പാർട്ടികൾക്ക് നികുതി ഇല്ലാതെ മാറ്റി വാങ്ങാനുള്ള അവസരമാണ് കേന്ദ്രസർക്കാർ ഒരുക്കിയത്. രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ മുഖ്യപങ്ക് വഹിക്കുന്നത് തന്നെ കള്ളപ്പണമാണെന്ന് വ്യക്തമായിട്ടും കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗ്ഗമാക്കി മാറ്റുകയാണ് ഈ അവസരം. തിരഞ്ഞെടുപ്പുകളിൽ മുഖ്യപങ്ക് വഹിക്കുന്നത് കള്ളപ്പണമാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടുകളെ പാടെതള്ളിയാണ് പാർട്ടികൾക്ക് തങ്ങളുടെ കൈവശമുള്ള പണം മാറ്റി വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ സഹകരരണ ബാങ്കുകളിൽ നിന്നടക്കം കള്ളപ്പണം രാഷ്ട്രീയ പാർട്ടികൾക്ക് നൽകി വെളുപ്പിക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയിട്ടുണ്ട്.

രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതിയില്ലെന്ന നിയമത്തിന്റെ മറവിലാണ് അസാധുനോട്ടുകൾ മാറ്റിവാങ്ങുന്നതിനുള്ള പാർട്ടികൾക്ക് അനുവദിച്ചിരിക്കുന്നത്. കള്ളപ്പണക്കാർക്ക് യഥേഷ്ടം അവസരം ഒരുക്കുന്നതാണ് ഈ നടപടി. വ്യക്തിഗത അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ കണക്കുകൾ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകൾക്ക് ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറയുന്നു.

അതേസമയം ആവശ്യമെങ്കിൽ ബന്ധപ്പെട്ട നേതാക്കളെ വിളിച്ചു വരുത്തി സംഭാവന നൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർക്ക് അനുവാദമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ എത്ര വലിയ തുക സംഭാവനയായി ലഭിച്ചാലും അതെല്ലാം 20,000ത്തിന് താഴെയുള്ള ചെറുസംഭാവനകളാക്കി കാണിക്കുന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ പതിവ്. 20,000 രൂപ വരെയുള്ള സംഭാവനകളുടെ കണക്കുകൾ സൂക്ഷിക്കേണ്ടതില്ല എന്നതിനാലാണ് പാർട്ടികൾ ഇത്തരമൊരു തന്ത്രം പ്രയോഗിക്കുന്നത്.

അതേസമയം കേന്ദ്ര തീരുമാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഏതെങ്കിലും തരത്തിൽ പ്രവർത്തനം നടത്തുകയോ ചെയ്യാത്ത രാഷ്ട്രീയ കക്ഷികൾക്ക് നികുതി ഇളവ് അനുവദിക്കരുതെന്ന് കേന്ദ്രസർക്കാരിനോട് തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെടും. രാജ്യത്ത് 1900 രാഷ്ട്രീയ കക്ഷികൾ തിരഞ്ഞെടുപ്പു കമ്മിഷനിൽ രജിസ്റ്റർ ചെയ്തതിൽ 400 എണ്ണം മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2005 മുതൽ 2015 വരെ പത്തു വർഷത്തിനിടയിൽ 400 കക്ഷികളേ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളൂ.

ഗൗരവപൂർവം രാഷ്ട്രീയ പ്രവർത്തനം നടത്താത്ത കക്ഷികളുടെ റജിസ്‌ട്രേഷൻ റദ്ദാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ആലോചിച്ചുവരികയായിരുന്നു. അപ്പോഴാണ് രാഷ്ട്രീയ കക്ഷികൾക്ക് സംഭാവനയായി ലഭിക്കുന്ന അസാധുവായ നോട്ടുകൾക്ക് ആദായനികുതി ചുമത്തേണ്ടെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചത്. വെറും കടലാസ് സംഘടനകളായി പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികൾ വഴി കള്ളപ്പണം വെളുപ്പിക്കാൻ വൻതോതിൽ നീക്കം നടക്കുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. 1961ലെ ആദായ നികുതി നിയമം 13 എ പ്രകാരമാണ് രാഷ്ട്രീയ കക്ഷികൾക്ക് നികുതി ഇളവ് ലഭിക്കുന്നത്.

കേന്ദ്ര നിയമ മന്ത്രാലയത്തിന് തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ അയച്ച ഒരു കത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും പാർലമെന്റിലോ നിയമസഭകളിലോ സീറ്റു ലഭിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികൾക്കു മാത്രം നികുതി ഇളവ് അനുവദിക്കുന്ന വിധത്തിൽ നിയമ ഭേദഗതി പാസ്സാക്കണം എന്ന് താൽപ്പര്യപ്പെട്ടിരുന്നു. എന്നാൽ മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ ഇക്കാര്യം പരിഗണിച്ചില്ല. 

നവംബർ എട്ടിന് നോട്ടുകൾ അസാധുവാക്കിയതോടെ രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൈവശമുള്ള ആയിരകണക്കിന് കോടി രൂപയാണ് അസാധുവാക്കപ്പെട്ടത്. നവംബർ എട്ടിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ കൊൽക്കത്തയിലെ ബിജെപി ജില്ലാഘടകം വൻതോതിൽ പണം ബാങ്കിൽ നിക്ഷേപിച്ച് നോട്ട് അസാധുവാക്കലിനെ കുറിച്ച് നേരത്തെ വിവരം ലഭിച്ചിട്ടാണെന്ന് ആരോപണമുയർന്നിരുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിൽ കൂടിയാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കവും.

അതേസമയം സംഭവം വിവാദമായതോടെ രാഷ്ട്രീയപ്പാർട്ടി ഫണ്ടുകൾക്ക് ആദായനികുതിവകുപ്പ് പ്രത്യേക ഇളവൊന്നും നൽകിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഏതുനിലയ്ക്കും അവ സൂക്ഷ്മമായി പരിശോധിക്കാൻ ആദായനികുതിവകുപ്പ് നിയമത്തിൽ വകുപ്പുകളുമുണ്ട്. 1961ലെ ആദായനികുതിനിയമത്തിലെ 13 എ വകുപ്പനുസരിച്ച് നിലവിലുള്ള ഇളവ് രാഷ്ട്രീയപ്പാർട്ടികൾക്ക് ലഭിക്കും. റവന്യൂ സെക്രട്ടറി ഹസ്മുഖ് അദിയ കഴിഞ്ഞദിവസം ഈ വകുപ്പിന്റെ കാര്യം ആവർത്തിച്ചിരുന്നു. വാടക, മറ്റുമാർഗങ്ങളിൽനിന്നുള്ള വരുമാനം, വ്യക്തികൾ സ്വന്തംനിലയ്ക്ക് നൽകുന്ന സംഭാവനകൾ തുടങ്ങിയവയ്ക്ക് ഈ വകുപ്പനുസരിച്ച് നികുതിയിളവ് ലഭിക്കും.

1951ലെ ജനപ്രാതിനിധ്യനിയമവും പാർട്ടികൾക്ക് ഇക്കാര്യത്തിൽ സംരക്ഷണം നൽകുന്നുണ്ട്. 20,000 രൂപയിൽ കുറഞ്ഞ സംഭാവന നൽകുന്നവരുടെ പേരുവിവരങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകേണ്ടതില്ല. രജിസ്റ്റർചെയ്ത രാഷ്ട്രീയപ്പാർട്ടികൾക്കാണ് ഈ ഇളവുകൾ ബാധകമെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര പ്രത്യക്ഷനികുതിബോർഡാണ് പരിശോധനയ്ക്കുള്ള അധികാരം ആദായനികുതിവകുപ്പിനുണ്ടെന്ന് വ്യക്തമാക്കി പത്രക്കുറിപ്പിറക്കിയത്.

അതേസമയം രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് ലഭിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ ബാങ്ക് നിക്ഷേപങ്ങൾക്ക് വരുമാന നികുതി ഏർപ്പെടുത്തില്ലെന്നു കേന്ദ്രസർക്കാർ അറിയിച്ചതിനു പിന്നാലെയാണ് പാർട്ടികളുടെ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയമിക്കണമെന്ന് കേജരിവാൾ ആവശ്യപ്പെട്ടത്. കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് അദ്ഹിയയാണ് പഴയ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാർട്ടികളെ വരുമാന നികുതിയിൽനിന്ന് ഒഴിവാക്കിയതായി അറിയിച്ചത്.

രാഷ്ട്രീയ പാർട്ടികളെ വരുമാന നികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം വന്നതാണെന്നും കേജരിവാൾ ആരോപിച്ചു. 2.5 ലക്ഷം വരെ നിക്ഷേപിക്കുന്ന സാധാരണക്കാരൻ അന്വേഷണത്തെ നേരിടേണ്ടി വരുന്നു. എന്നാൽ, രാഷ്ട്രീയ കക്ഷികൾ 2500 കോടി വരെ നിക്ഷേപിച്ചാൽ പോലും അന്വേഷണത്തെ ഭയക്കേണ്ടതില്ലാത്ത അവസ്ഥയാണ്. ഇതു തെറ്റാണ്. രാഷ്ട്രീയ കക്ഷികളുടെ ഫണ്ടിംഗിനെ കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര സമിതിയെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2004നും 2015നും ഇടയിൽ സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകൾക്കുവേണ്ടി രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഫണ്ടു സമാഹരണത്തിൽ 63 ശതമാനവും ലഭിച്ചത് പണമായിട്ടാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 71 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി 2107.80 കോടി രൂപയാണ് വിവിധ പാർട്ടികൾ സമാഹരിച്ചതെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റെഫോംസ് എന്ന സംഘടന നടത്തിയ പഠനം പറയുന്നു. ഇതിൽ 1244.86 കോടി രൂപ മാത്രമാണ് ചെക് വഴിയായി ലഭിച്ചത്.

മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പണമായി ലഭിച്ചത് 44 ശതമാനം മാത്രമായിരുന്നു. പാർട്ടികൾ തെരഞ്ഞെടുപ്പു കമീഷന് നൽകിയ കണക്കുകൾ അടിസ്ഥാനമാക്കിയാണ് പഠനം. 2016ലെ തെരഞ്ഞെടുപ്പു കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഫണ്ട് സമാഹരിച്ചത് സമാജ്വാദി പാർട്ടിയാണ്118 കോടി. 2014ൽ മാത്രം ലോക്‌സഭയിലേക്ക് മത്സരിച്ച ആം ആദ്മി പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്51.83 കോടി. കണക്കുകളിൽ ഈ പാർട്ടികളാണ് ഫണ്ട് പിരിവിൽ മുമ്പിലെങ്കിലും ബിജെപിയും കോൺഗ്രസും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല, തെരഞ്ഞെടുപ്പ് വേളയിലാണ് കള്ളപ്പണം രാഷ്ട്രീയ പാർട്ടികൾ ഒഴുക്കുന്നതും. യുപി തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിച്ച് ഒഴുക്കാനുള്ള വഴികളാണ് രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിളവെന്നാണ് വ്യക്തമാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP