Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിനിമാതാരങ്ങൾ, പ്രതിഫലത്തിന്റെ പകുതിയോളം ബ്ലാക്ക് മണി വാങ്ങുന്നു; താരരാജക്കന്മാരുടെ അക്കൗണ്ട് പ്രത്യേക പരിശോധിക്കും; സംസ്ഥാനത്ത് സംശയ നിഴലിലുള്ളത് 5000ത്തോളം അക്കൗണ്ടുകൾ; കേരളത്തിലെ കള്ളപ്പണം കണ്ടെത്താൻ പ്രത്യേക പദ്ധതിയുമായി ആദായ നികുതി വകുപ്പ്

സിനിമാതാരങ്ങൾ, പ്രതിഫലത്തിന്റെ പകുതിയോളം ബ്ലാക്ക് മണി വാങ്ങുന്നു; താരരാജക്കന്മാരുടെ അക്കൗണ്ട് പ്രത്യേക പരിശോധിക്കും; സംസ്ഥാനത്ത് സംശയ നിഴലിലുള്ളത് 5000ത്തോളം അക്കൗണ്ടുകൾ; കേരളത്തിലെ കള്ളപ്പണം കണ്ടെത്താൻ പ്രത്യേക പദ്ധതിയുമായി ആദായ നികുതി വകുപ്പ്

അർജുൻ സി വനജ്

കൊച്ചി: സംസ്ഥാനത്തെ അയ്യായിരത്തോളം ബാങ്ക് അക്കൗണ്ടുകളിന്മേൽ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ആദായനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. നോട്ട് നിരോധനത്തിനു ശേഷമുള്ള ആദ്യ മൂന്നാഴ്ചത്തെ കണക്കാണിത്.

നവംബർ 10 മുതൽ ഡിസംബർ 31 വരെ അക്കൗണ്ടുകളിൽ നിക്ഷേപിച്ച തുകയെ അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായി തിരിച്ചാണ് ആദായനികുതി വകുപ്പിന്റെ അന്വേഷണം. കാറ്റഗറി ഒന്നിൽ ഒരു കോടിക്ക് മുകളിൽ നിക്ഷേപം നടത്തിയ അക്കൗണ്ടുകളും 10 ലക്ഷത്തിന് മുകളിൽ ബാങ്ക് വായ്പ തിരിച്ചടച്ചതുമായ അക്കൗണ്ടുകളും പരിശോധിക്കും. ഇപ്പോൾ പരിശോധന ആരംഭിച്ച 5000 ത്തോളം അക്കൗണ്ടുകളും കാറ്റഗറി ഒന്നിൽ പെടുന്നവയാണ്. ഈ അക്കൗണ്ടുകളുടെ പരിശോധന പൂർത്തിയാകണമെങ്കിൽ, ചൂരുങ്ങിയത് മൂന്നുമാസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് ആദ്യ കാറ്റഗറിയിൽ ഉൾപ്പെട്ട അക്കൗണ്ടുകളിലേറേയും.

കാറ്റഗറി രണ്ടിൽ, 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ നിക്ഷേപം നടത്തിയ അക്കൗണ്ടുകൾ പരിശോധിക്കും. തുടർന്ന് കാറ്റഗറി മൂന്നിൽ, 10 ലക്ഷം മുതൽ 50 ലക്ഷം വരെ നിക്ഷേപിച്ച അക്കൗണ്ടുകളാണ് പരിശോധനയക്ക് വിധേയമാക്കുക. നാലാമത്തെ കാറ്റഗറിയോടെ പരിശോധന പൂർത്തിയാകും. 2.5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ നിക്ഷേപിച്ച അക്കൗണ്ടുകളാണ് അവസാന കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് കാറ്റഗറികളിലായി അക്കൗണ്ടുകൾ പരിശോധിച്ച് പൂർത്തീകരിക്കാൻ, ഇപ്പോഴത്തെ ആദായനികുതി വകുപ്പിന്റെ അംഗബലം അനുസരിച്ച് ചൂരുങ്ങിയത് ഒന്നര വർഷമെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിവു ജോലികൾ ചെയ്യുന്ന ഉദ്യോഗസ്ഥരെ ഈ ദൗത്യത്തിന് ഉപയോഗിക്കാതെ കേന്ദ്ര സർക്കാർ പരിചയസമ്പന്നരായ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചാൽ സമയപരിധി കുറക്കാം.

നോട്ട് നിരോധനത്തിനു ശേഷം ഡിസംബർ 31 വരെ, രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപം നടത്തിയ മുഴുവൻ അക്കൗണ്ട് ഉടമകൾക്കും പണത്തിന്റെ സ്രോതസ് തെളിയിക്കാൻ ആവശ്യപ്പെട്ട് ജനുവരി പത്തോടെ നോട്ടീസ് അയച്ചു തുടങ്ങും. നവംബർ പത്തിന് മുമ്പ് വലിയ തുകകളൊന്നും നിക്ഷേപിക്കാത്ത അക്കൗണ്ടുകളിൽ പൊടുന്നനെ ലക്ഷങ്ങൾ നിക്ഷേപിക്കപ്പെട്ടാൽ മാത്രമാണ്, ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുക. പരിശോധനയിൽ സ്രോതസ് തെളിയിക്കാൻ ആകാത്തപക്ഷം നിക്ഷേപത്തിന്റെ 50 ശതമാനത്തിലധികം പിഴ ഈടാക്കും.

ഈ കാലത്ത് സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്ന രണ്ടു ലക്ഷത്തിനു മുകളിലുള്ള നിക്ഷേപകർക്കും നോട്ടീസ് അയയ്ക്കും. നവംബർ 10 ന് ശേഷമുള്ള ഓരോ എട്ടു ദിവസം കൂടുന്തോറും 2.5 ലക്ഷത്തിൽ കൂടുതൽ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ ബാങ്കുകൾ ആദായനികുതി വകുപ്പിന് കൈമാറുന്നുണ്ട്. ഇത്തരത്തിൽ മൂന്നാഴ്ചത്തെ ലിസ്റ്റ് ലഭിച്ചു. ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക പരിശോധന. ഏതെങ്കിലും സഹകരണ ബാങ്കുകൾ നിക്ഷേപകരുടെ വിവരങ്ങൾ സ്വമേധയാ നൽകാതെ വന്നാൽ, അത്തരം ബാങ്കുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുകയോ റെയ്ഡ് നടത്തുകയോ ചെയ്യും.

ആകെയുണ്ടായിരുന്ന 15 ലക്ഷം കോടിയോളം 500 ന്റേയും 1000 ന്റേയും നോട്ടുകളിൽ ഡിസംബർ 8 വരെ 12.5 കോടി രൂപ തിരികെ ബാങ്കുകളിലെത്തി. ഡിസംബർ 31 നുള്ളിൽ ഇനിയും തുക എത്തും. ഇത് ആദായനികുതി വകുപ്പിന് കനത്ത ജോലിഭാരമാണ് ഉണ്ടാക്കുന്നത്. കാരണം, കള്ളപ്പണം കണ്ടെത്താനായി വലിയ തുകകൾ നിക്ഷേപിച്ചിട്ടുള്ള മുഴുവൻ അക്കൗണ്ടുകളും പരിശോധിക്കേണ്ടി വരും. ഇതിന് ഒരു വർഷത്തിലധികം സമയം വേണ്ടിവരും. ഒന്നര വർഷത്തിനുള്ളിൽ, കള്ളപ്പണം വെളുപ്പിച്ചവരെ പൂർണ്ണമായും കണ്ടെത്താൻ സാധിക്കുമെന്നാണ് കേന്ദ്ര ആദായനികുതി വകുപ്പിന്റെ വിലയിരുത്തൽ.

സിനിമാതാരങ്ങൾ, പ്രതിഫലത്തിന്റെ പകുതിയോളം ബ്ലാക്ക് മണി വാങ്ങുന്നതായി ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. താരങ്ങളുടെ അക്കൗണ്ടുകൾ പ്രത്യേകം പരിശോധിക്കാനാണ് വകുപ്പിന്റെ ശ്രമം. ജൻധൻ അക്കൗണ്ടുകൾ ചിലയിടങ്ങളിൽ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. നോട്ട് നിരോധനം നിലവിൽ വന്ന ദിവസം പല പ്രമുഖ ജൂവലറികളും രാത്രി 12 മണിവരെ തുറന്ന് വച്ചു വിൽപ്പന നടത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങളിലെ എട്ടു മണിക്കു ശേഷമുള്ള മുഴുവൻ വില്പനവിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചുവരുകയാണ്. കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്റലിജൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിങാണ് (ഐ &സി.ഐ) ഈ അന്വേഷണങ്ങൾ നടത്തുന്നത്.

ആവശ്യത്തിനുള്ള തിരിച്ചറിയൽ രേഖകളില്ലാതെ പണം നിക്ഷേപിക്കാൻ അവസരമൊരുക്കിയെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ, ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നിയമനടപടിക്ക് ആദായ നികുതി വകുപ്പ് ശുപാർശ ചെയ്യും. ഏതാനും ചില ന്യൂജനറേഷൻ ബാങ്കുകൾക്കും സഹകരണ ബാങ്കുകളും ഇത്തരം സാഹചര്യങ്ങൾ കള്ളപ്പണക്കാർക്ക് ഒരുക്കിക്കൊടുക്കുന്നതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമാണ്. ചില ന്യൂജൻ ബാങ്കുകൾ പാൻ കാർഡ് ഇല്ലാത്തവർക്കും 50,000 ന് മുകളിൽ നിക്ഷേപം നടത്താനുള്ള സാഹചര്യം ഒരുക്കി. ഇത്തരം ബാങ്കുകളും, പണം വെളുപ്പിക്കാൻ കൂട്ട നിന്ന നിരവധി ബാങ്ക് ഉദ്യോഗസ്ഥരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണവലയത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP