Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്തോലിക്കാ സഭയിൽ ദളിത് ക്രൈസ്തവരോട് വിവേചനമുണ്ടെന്ന് തുറന്നു സമ്മതിച്ച് മെത്രാൻ സമിതി; ശവക്കുഴി വെട്ടാനും പള്ളി തൂക്കാനുമായി മാത്രമായി ദളിത് ക്രൈസ്തവരെ ഒതുക്കുന്നതിനെതിരെ നയരേഖ; ജാതീയമായ വേർതിരിവ് അവസാനിപ്പിക്കാൻ നടപടിയെടുക്കും; കൗൺസിലുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണത്തിന് നിർദ്ദേശം

കത്തോലിക്കാ സഭയിൽ ദളിത് ക്രൈസ്തവരോട് വിവേചനമുണ്ടെന്ന് തുറന്നു സമ്മതിച്ച് മെത്രാൻ സമിതി; ശവക്കുഴി വെട്ടാനും പള്ളി തൂക്കാനുമായി മാത്രമായി ദളിത് ക്രൈസ്തവരെ ഒതുക്കുന്നതിനെതിരെ നയരേഖ; ജാതീയമായ വേർതിരിവ് അവസാനിപ്പിക്കാൻ നടപടിയെടുക്കും; കൗൺസിലുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണത്തിന് നിർദ്ദേശം

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: കത്തോലിക്കാ സഭയിൽ അടക്കം ദളിത് ക്രൈസ്തവർ വിവേചനം നേരിടുന്നു എന്നത് ഒരു വസ്തുതയാണ്. ഇക്കാര്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ഘർവാപ്പസി പരിപാടിയുമായി സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയത്. കത്തോലിക്കാ സഭയിൽ ദളിതരെ പള്ളിയിൽ ശവക്കുഴിവെട്ടുന്നവരായും വെറും തൂപ്പൂകാരായും കണക്കാക്കുന്നു എന്ന ആക്ഷേപമായിരുന്നു ശക്തമായി നിലനിന്നിരുന്നത്. എന്നാൽ, ഇങ്ങനെ ക്രൈസ്തവ സഭയിൽ ജാതിവിവേചനം ഉണ്ടെന്ന കാര്യം സമ്മതിക്കാൻ ഇതുവരെ സഭാ നേതൃത്വം തയ്യാറായിരുന്നില്ല. എന്നാൽ, ഒടുവിൽ കത്തോലിക്കാ സഭയിൽ ശക്തമായ വിധത്തിൽ ദളിത് വിവേചനമുണ്ടെന്ന കാര്യം തുറന്നു സമ്മതിച്ച് ദേശീയ കത്തോലിക്കാ മെത്രാൻ സമിതി രംഗത്തെത്തി.

മെത്രാൻ സമിതി പുറപ്പെടുവിച്ച നയരേഖയിലാണ് ഇക്കാര്യം സഭയ്ക്കുള്ളിൽ നിലനിൽക്കുന്ന ദളിത് വിവേചനത്തെ കുറിച്ച് തുറന്നു സമ്മതിച്ചിരിക്കുന്നത്. ദളിത് ക്രൈസ്തവർ കത്തോലിക്ക സഭയിൽ നേരിടുന്ന വിവേചനങ്ങൾക്കെതിരേ ശാക്തീകരണം വേണമെന്നും ദേശീയ കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) നയരേഖ ചൂണ്ടിക്കാട്ടി. സഭയ്ക്കുള്ളിൽ ദളിതർ നേരിടുന്ന വേർതിരിവ് ഗൗരവമുള്ള പ്രശ്‌നമായും പാപമായും കണക്കിലെടുത്ത് ആത്മപരിശോധനക്കുള്ള സന്ദേശമാണ് നയരേഖയിലൂടെ വ്യക്തമാക്കുന്നതെന്ന് സിബിസിഐ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്കാ ബാവ വ്യക്തമാക്കി.

ഭാരത കത്തോലിക്ക സഭയിൽ 1.9 കോടി അംഗങ്ങളുള്ളതിൽ 1.2 കോടിയും ദളിതരാണ്. എന്നാൽ സഭയിലെ നേതൃനിരയിലേക്ക് ദളിത് വിഭാഗത്തിൽ നിന്നുള്ള ആരും മെത്രാൻ പദവിയിലേക്കോ മറ്റ് പദവികളിലേക്കോ ഉയർന്നു വരാറില്ല. ഇതിന് കാരണം സഭയെയും ബാധിച്ചിരിക്കുന്ന വിവേചനമാണ്. കത്തോലിക്കാ നേതൃനിരയിൽ പദവിയോ ആനുപാതിക പ്രാതിനിധ്യമോ ദളിത് വിഭാഗത്തിനു ലഭിക്കുന്നില്ലെന്ന ആക്ഷേപം ഏറെക്കാലമായി നിലനിൽക്കുന്നതാണ്. ദളിത് വിഭാഗത്തിൽ നിന്ന് നിലവിൽ 12 ബിഷപ്പുമാർ മാത്രമാണ് ഉള്ളതെന്നും സിബിസിഐ നയരേഖയിൽ വ്യക്തമാക്കുന്നു. സർക്കാരിനും സഭക്കും ഇടയിൽ വീർപ്പുമുട്ടുന്ന ദളിത് ക്രൈസ്തവർക്ക് സംവരണ ആനുകൂല്യങ്ങൾ നിഷേധിപ്പെടുന്നതും ഭീഷണിയായി കാണണമെന്ന് നയരേഖയിൽ പറയുന്നുണ്ട്.

സർക്കാർ ആനുകൂല്യങ്ങൾക്ക് പുറമേ സഭയുടെ ഉള്ളിലും ദളിത് വിഭാഗത്തിന് നീതി ലഭിക്കുന്നില്ലെന്ന ആത്മവിമർശനവും നയരേഖ ഉന്നയിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുകയും വേണമെന്ന ആവശ്യം ശക്തമാണ്. ജാതി അടിസ്ഥാനത്തിലുള്ള വേർതിരിവ് കടുത്ത സാമൂഹിക തിന്മയാണെന്നും സിബിസിഐ പുറത്തിറക്കിയ നയരേഖയിൽ വ്യക്തമാക്കുന്നു. ദളിത് വിഭാഗങ്ങളോടുള്ള വേർതിരിവ് ഒഴിവാക്കുന്നതിനും രൂപത തലത്തിൽ അനുയോജ്യമായ രീതിയിൽ നടപ്പാക്കാനുള്ള നിർദ്ദേശങ്ങളും നയരേഖയിലുണ്ട്.

ആരാധനാലയം, സെമിത്തേരി തുടങ്ങിയ സ്ഥലങ്ങളിലുൾപ്പെടെ എല്ലായിടത്തും ദളിത് വിഭാഗങ്ങൾക്ക് നേരെയുള്ള വേർതിരിവ് നിരോധിക്കാൻ സമയബന്ധിതമായി പദ്ധതി നടപ്പാക്കണമെന്ന നിർദ്ദേശവും ഉൾകൊള്ളിച്ചിട്ടുണ്ട്. പലപ്പോഴും ഇന്ത്യയിൽ പലയിടത്തും ദളിത് ക്രൈസ്തവരെ അകറ്റി നിർത്തുന്ന പ്രവണത ശക്തമാണ്. സെമിത്തേരിയിൽ അടക്കുന്നത് അടക്കം വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ക്രൈസ്തവ സഭയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന വിധത്തിൽ ജാതീയമായ വേർതിരിവോടെയുള്ള നടപടികൾ ഉടനെ അവസാനിപ്പിക്കണം. അതിനു താൽപര്യപ്പെടാത്തവർക്കെതിരെ സഭ അധികാരികൾ കർശന നടപടിയെടുക്കണം.

ഇടവകയിലെയും രൂപതയിലെയും കൗൺസിലുകൾ, വിദ്യാഭ്യാസ ബോർഡ്, സാമ്പത്തിക സമിതി, നിയമന സമിതി തുടങ്ങിയവയിൽ ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ആനുപാതിക പ്രാതിനിധ്യം നൽകണം. ദളിത് ക്രൈസ്‌സ്തവ വിദ്യാർത്ഥികൾക്ക് ഇംഗ്ലിഷ് മീഡിയം, സിബിഎസ്ഇ സ്‌കൂളുകളിൽ പ്രവേശനത്തിനു പ്രത്യേക പരിഗണനയും കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റ് സംവരണവും നൽകണം.

പ്രധാന നഗരങ്ങളിൽ ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കണം. സിവിൽ സർവീസ് പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകണം. യോഗ്യരായ ദളിത് ഉദ്യോഗാർഥികൾക്ക് െരകെസ്തവ സ്ഥാപനങ്ങളിൽ എല്ലാ തലങ്ങളിലും ജോലിക്ക് ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണം. ദളിത് വിഭാഗത്തിൽ നിന്നുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കാനും നൈപുണ്യ വികസനത്തിനും രൂപതാ ബഡ്ജറ്റിൽ ആവശ്യമായ തുക വകയിരുത്തണമെന്നും സിബിസിഐ നയരേഖയിൽ നിർദ്ദേശിക്കുന്നു.

കേരളത്തിൽ അടക്കം ദളിത് ക്രൈസ്തവർ നേരിടുന്ന വിവേചനം ചൂണ്ടിക്കാട്ടിയാണ് ഘർവാപ്പസിയുമായി ഹിന്ദു ഐക്യവേദി രംഗത്തുവന്നത്. കോട്ടയത്തും ആലപ്പുഴയിലും അടക്കം ഇത്തരത്തിൽ ഹിന്ദു മതത്തിൽ നിന്നും ക്രൈസ്തവ സഭയിലേക്ക് മടങ്ങിയവർ വീണ്ടും തിരികെ ഹിന്ദു മതത്തിൽ എത്തിയിരുന്നു. ഈ സംഭവത്തിന് വ്യാപകമായ തോതിൽ പ്രചരണവും നൽകിയിരുന്നു. ഈ സംഭവങ്ങൾ തന്നെയാണ് ദളിത് ക്രൈസ്തവരുടെ വിഷയങ്ങൾ പരിഹരിക്കാൻ തീരുമാനം വേണമെന്ന ആവശ്യം ശക്തമാക്കാൻ ഇടയാക്കിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP