Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അയ്യോ ഈ പാവങ്ങളെ തെറ്റിദ്ധരിക്കല്ലേ... വീട്ടിൽ നിന്നും ഭക്ഷണം പാകം ചെയ്തുകൊണ്ടുവന്ന് കടൽത്തീരത്ത് ഇരുന്ന് പങ്കിട്ട് ഭക്ഷിക്കുകയായിരുന്നെന്ന് ഐഎഎസുകാർ

അയ്യോ ഈ പാവങ്ങളെ തെറ്റിദ്ധരിക്കല്ലേ... വീട്ടിൽ നിന്നും ഭക്ഷണം പാകം ചെയ്തുകൊണ്ടുവന്ന് കടൽത്തീരത്ത് ഇരുന്ന് പങ്കിട്ട് ഭക്ഷിക്കുകയായിരുന്നെന്ന് ഐഎഎസുകാർ

തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥർ കോവളത്തെ ഹോട്ടലിൽ നടത്തിയ ദീപാവലി ആഘോഷം വിവാദമായതോടെ വിശദീകരണവുമായി ഉദ്യോഗസ്ഥർ രംഗത്ത്. വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്തുകൊണ്ടുവന്ന് കഴിക്കുകയായിരുന്നു തങ്ങളെന്നാണ് ഉദ്യോഗസ്ഥർ ഇപ്പോൾ അവകാശപ്പെടുന്നത്.

ഭക്ഷണവും 'ഡ്രിങ്ക്‌സും' പടക്കവുമൊക്കെ തയ്യാറാണെന്ന് ഉദ്യോഗസ്ഥർക്ക് അയച്ച വാട്‌സ് ആപ് സന്ദേശത്തിൽ തന്നെ വ്യക്തമായി പറഞ്ഞിരിക്കെയാണ് വീട്ടിൽ നിന്ന് ഭക്ഷണം തയ്യാറാക്കി നക്ഷത്ര ഹോട്ടലിൽ കൊണ്ടുവന്ന് കഴിക്കുകയായിരുന്നുവെന്ന വിശദീകരണം. കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ സത്യജിത് രാജനാണ് പാർട്ടിയിലേക്ക് ഉദ്യോഗസ്ഥരെ ക്ഷണിച്ച് വാട്‌സ് ആപ്പിൽ സന്ദേശം നൽകിയത്. ചീഫ് സെക്രട്ടറി അടക്കം ഇരുപതോളം മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത പാർട്ടിയിൽ നിന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ വിട്ടുനിൽക്കുകയും ചെയ്തു.

തലസ്ഥാനത്തെ ചില വ്യവസായികളാണ് ഐഎഎസുകാർക്കുവേണ്ടി ഒരുക്കിയ മദ്യവിരുന്നിന്റെ പിന്നിലെന്ന് ആക്ഷേപം ഉയർന്നിരിക്കെ ഉദ്യോഗസ്ഥർക്കായി വന്ന വിശദീകരണം പരിഹാസ്യമാകുകയാണ്. സംഭവത്തെക്കുറിച്ച് ഐഎഎസുകാർക്കുവേണ്ടി കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ സത്യജിത് രാജൻ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. ഒക്‌ടോബർ 25ന് രാത്രി കോവളത്തെ താജ് ഹോട്ടലിൽ ദീപാവലി ആഘോഷിക്കാൻ സിവിൽ, ഡിഫൻസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സുഹൃത്തുക്കളെ ക്ഷണിച്ചിരുന്നു. ഉത്തരേന്ത്യക്കാർ അടക്കമുള്ള ഉദ്യോഗസ്ഥർ ദീപാവലി ആഘോഷം വാരാന്ത്യത്തിലേക്ക് നീട്ടിവെക്കുകയായിരുന്നു. ആഘോഷത്തിൽ ചെറിയ കുട്ടികൾ ഉൾപ്പെടെ നിരവധിപേർ കുടുംബസമേതം പങ്കെടുത്തു. എല്ലാവരും വീട്ടിൽനിന്ന് ഭക്ഷണം പാകം ചെയ്തുകൊണ്ടുവന്ന് കടൽത്തീരത്തുള്ള പുൽത്തകിടിയിൽവച്ച് പങ്കിട്ട് കഴിക്കുകയായിരുന്നു.

പൊതുസ്ഥലത്ത് വച്ചല്ല താജ്ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌വച്ചായിരുന്നു ആഘോഷം. ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നും ഫണ്ട് ഇതിനായി ഉപയോഗിച്ചില്ല. തികച്ചും സ്വകാര്യ കൂട്ടായ്മയായതിനാൽ ഉദ്യോഗസ്ഥർ തന്നെയാണ് ഭക്ഷണച്ചെലവും മറ്റും വഹിച്ചതെന്നും മാനേജിങ് ഡയറക്ടർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ സ്വകാര്യതയിലേക്കും കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളിലേക്കുമുള്ള കടന്നുകയറ്റത്തിൽ ഉദ്യോഗസ്ഥർ നിരാശയും ദുഃഖവും രേഖപ്പെടുത്തിയതായും സത്യജിത് രാജൻ വാർത്താക്കുറിപ്പിൽ പറയുന്നു.

എന്നാൽ, വാട്‌സ്ആപ്പിലൂടെ ഉദ്യോഗസ്ഥർക്ക് നൽകിയത് ഡിജെ പാർട്ടിയാണ് നടക്കുന്നത് എന്നാണ്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കെടുക്കുകയും ചെയ്തു. സർക്കാർ മദ്യനിരോധനം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങവെ ഉദ്യോഗസ്ഥർതന്നെ അതിനെതിരായി നിലകൊള്ളുന്നു എന്നത് കടുത്ത വിമർശനത്തിനാണ് വഴിവച്ചത്. മദ്യം വിളമ്പിയുള്ള ആഘോഷം വൻ വിവാദമാണുണ്ടാക്കിയത്. ഇതിനെ പ്രതിരോധിക്കാനാണ് വിശദീകരണക്കുറിപ്പ് ഇറക്കിയത്.

ഔദ്യോഗിക വാഹനത്തിലാണ് ഉദ്യോഗസ്ഥർ പാർട്ടിക്കെത്തിയത്. എന്നാൽ പണമടച്ച് സ്വകാര്യ ആവശ്യത്തിന് വാഹനം ഉപയോഗിക്കാൻ വ്യവസ്ഥയുണ്ടെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥരുടേത്. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർട്ടിക്ക് കെഎസ്‌ഐഡിസിയുമായി ബന്ധമുണ്ടോയെന്ന് മാനേജിങ് ഡയറക്ടറോട് വ്യവസായമന്ത്രി ചോദിക്കുകയും ചെയ്തു. ബന്ധമില്ലെന്ന വിശദീകരണമാണ് അദ്ദേഹം നൽകിയെന്നാണ് സൂചന. എന്നാൽ വാർത്താക്കുറിപ്പിൽ ഇതേക്കുറിച്ച് പറയുന്നില്ല. രണ്ടാമതിറക്കിയ വാർത്താക്കുറിപ്പിൽ കെഎസ്‌ഐഡിസിക്കോ വ്യവസായ വകുപ്പിനോ പാർട്ടിയുമായി ബന്ധമില്ലെന്ന് സത്യജിത് രാജൻ പറയുന്നുണ്ട്.

മദ്യസൽക്കാരത്തിനിടെ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ ഉദ്യോഗസ്ഥർ തെറിവിളിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. രഹസ്യമായി ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP