Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്തിന്റെ പേരിലാണ് ജയലളിതയുമായി തെറ്റി തെറ്റിപ്പിരിഞ്ഞത്? എന്തുകൊണ്ട് പനി പിടിച്ച് ആശുപത്രിയിലായ ജയലളിതയെ കാണാൻ ആരേയും അനുവദിക്കാത്തത്? ഈ രഹസ്യങ്ങൾ ഇനിയെങ്കിലും ശശികല വെളിപ്പെടുത്തുമോ?

എന്തിന്റെ പേരിലാണ് ജയലളിതയുമായി തെറ്റി  തെറ്റിപ്പിരിഞ്ഞത്? എന്തുകൊണ്ട് പനി പിടിച്ച് ആശുപത്രിയിലായ ജയലളിതയെ കാണാൻ ആരേയും അനുവദിക്കാത്തത്? ഈ രഹസ്യങ്ങൾ ഇനിയെങ്കിലും ശശികല വെളിപ്പെടുത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജയലളിതയുടെ രോഗവിവരം ഇപ്പോഴും അജ്ഞാതമാണ്. എല്ലാം അറിയാവുന്നത് തോഴി ശശികലയ്ക്കും. അവർ ഇനിയെങ്കിലും എല്ലാം തുറന്ന് പറയണമെന്നാണ് ഉയരുന്ന ആവശ്യം. തോഴിയായ ശശികലയെ ജയലളിത നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്തിനായിരുന്നു ഇതെന്ന് ജയലളിത തുറന്നു പറഞ്ഞില്ല. പാർട്ടി അച്ചടക്ക നടപടിയുടെ യഥാർത്ഥ കാരണം ശശികല ഇനിയെങ്കിലും വെളിപ്പെടുത്തണമെന്നാണ് ആവശ്യം. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാകാൻ ശശികല ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ ചർച്ച സജീവമാകുന്നത്.

2011 ൽ ആണ് ചില രാഷ്ട്രീയ കാരണങ്ങളാൽ ഇവരുടെ സൗഹൃദത്തിന് ഉലച്ചിൽ തട്ടിയത്. എന്നാൽ സ്വന്തം തെറ്റുതിരിച്ചറിഞ്ഞ് ശശികല തിരിച്ചെത്തിയപ്പോൾ പൂർണ്ണമനസ്സോടെ ജയലളിത ആ സൗഹൃദം തുടരാൻ തയാറായി. ശശികല ജയലളിതയുടെ ആശുപത്രിവാസ സമയത്തും മരണസമയത്തുമെല്ലാം ഒപ്പം നിന്നു. ജയയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദർശന വേളയിലുമെല്ലാം താരയായി. ജയലളിതയുടെ ജീവിതത്തിലും മരണത്തിലും ശശികലയുടെ റോൾ എന്തായിരുന്നുവെന്നതിന് ഇനിയും ഉത്തരമില്ല. ജയലളിതയുടെ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണമെന്താണെന്നതിനും ആരും ഒന്നും പറയുന്നലില്. അതുകൊണ്ട് തന്നെ ഇനിയെങ്കിലും ശശികല എല്ലാം തുറന്നു പറയണമെന്നാണ് ആവശ്യം. ഒരു ചെറിയ പനിയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയലളിതക്ക് പിന്നീടെങ്ങനെ അണുബാധയും ഹൃദയസ്തംഭനവുമുണ്ടായി എന്നതാണ് സംശയങ്ങൾക്കെല്ലാം ആധാരം.

ശ്വാസകോശ അണുബാധ, പനി, ഹൃദയസ്തംഭനം എന്നിങ്ങനെ ഒരുപാടു കാരണങ്ങൾ ജയയുടെ ആശുപത്രി വാസത്തിന് കാരണമായി പറയുന്നു. 75 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ എന്താണ് ജയയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുക. ഒരു ചെറിയ പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമ്മയെ ചികിൽസിക്കാൻ എന്തിനാണ് വിദേശത്തു നിന്ന് വിദഗ്ധ ഡോക്ടർമാരെക്കൊണ്ടു വന്നത്. കാര്യങ്ങൾക്കെല്ലാം ഒരു രഹസ്യസ്വഭാവം സൂക്ഷിച്ച അവർ ജയയെ കാണാനെത്തിയ പ്രമുഖർക്കുപോലും ജയയെ സന്ദർശിക്കാൻ അനുവാദം നൽകിയില്ല. എല്ലാം ഭേദമായ ശേഷം ജയലളിത എന്തുകൊണ്ട് മരിച്ചുവെന്നതും സംശയങ്ങളുണ്ടാക്കുന്നു. എന്നാൽ ഈ ചോദ്യങ്ങളോട് മൗനം തുടരാനാണ് ശശികലയുടെ തീരുമാനം. ചെന്നൈ മെട്രോയുടെ രണ്ടാ ഘട്ട ഉദ്ഘാടന ദിവസത്തിനു ശേഷം സെപ്റ്റംബർ 22നാണ് ജയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ജയലളിതയുടെ വിശ്വസ്തയായിരുന്നു ശശികല. എന്നാൽ മന്നാർഗുഡി മാഫിയ എന്ന് അറിയപ്പെടുന്ന ശശികലയുടെ കുടുംബം ഭരണത്തിൽ കള്ളക്കളികൾ തുടങ്ങിയതോടെ ജയ അവരെ ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ തെഹൽക നടത്തിയിരുന്നു. ഈ ആരോപണങ്ങൾ വീണ്ടും സജീവമാകുമ്പോഴാണ് ജയലളിതയുടെ ആരോഗ്യത്തിൽ യഥാർത്ഥ വിവരം പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നത്. എല്ലാത്തിനും ശശികല ഉത്തരം പറയണമെന്നാണ് ആവശ്യം. 2011ൽ ജയലളിത വീണ്ടും അധികാരത്തിലെത്തിയത് മുതൽ 'മന്നാർഗുഡി മാഫിയ' ശശികലയുടെ നേതൃത്വത്തിൽ ഭരണത്തിൽ സജീവമായിരുന്നു. ഈ കള്ളക്കളി ജയലളിതയ്ക്ക് ബോധ്യപ്പെട്ടത് മോദിയിലൂടെയായിരുന്നുവെന്നുമായിരുന്നു തെഹൽകാ റിപ്പോർട്ട്.

വാർത്തയുടെ വിശദാംശം ഇങ്ങനെ- അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. ജയലളിതയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ചെന്നൈയിൽ മുതൽമുടക്കാനെത്തിയ പ്രവാസി വ്യവസായിക്കുണ്ടായ അനുഭവം മോദി വിവരിച്ചു. 15 ശതമാനം കമ്മീഷനാണ് ശശികല ആവശ്യപ്പെട്ടത്. ഇതോടെ ഈ വ്യവസായി ഗുജറാത്തിലെത്തിയെന്നും അതുകൊണ്ട് തന്നെ കൂടെ നിൽക്കുന്നവരെ സൂക്ഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇത് മനസ്സിൽ ഉൾക്കൊണ്ടായി ജയയുടെ പിന്നീടുള്ള പ്രവർത്തനം. ആ സമയത്താണ് ചെന്നൈ മെട്രോ പദ്ധതി മുന്നോട്ട് വരുന്നത്. ഈ പദ്ധതി സിംഗപ്പൂർ കമ്പനിക്ക് കൊടുക്കാനായിരുന്നു ജയയുടെ തീരുമാനം. എന്നാൽ ചീഫ് സെക്രട്ടറി സമർപ്പിച്ചത് മലേഷൻ കമ്പനിക്ക് അനുകൂലമായ റിപ്പോർട്ടും. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയിൽ നിന്ന് ജയ വിശദീകരണം ചോദിച്ചപ്പോഴാണ് ചതി നേരിട്ട് ബോധ്യപ്പെട്ടത്.

മലേഷ്യക്കാർക്ക് കരാർ കൊടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ച കത്ത് ചീഫ് സെക്രട്ടറി ജയയെ കാണിച്ചു. ഇത് പരിശോധിച്ചതോടെ തന്റെ കള്ള ഒപ്പിട്ട് കരാർ മലേഷ്യയ്ക്ക് അനുകൂലമാക്കാൻ ശശികല ശ്രമിച്ചത് പുറത്തായത്. ഉടൻ തന്നെ ഇവരെ പുറത്താക്കുകയും ചെയ്തു. ഇത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ അന്ന് തന്നെ ജയയെ ശശികല വകവരുത്തുമായിരുന്നത്രേ. ഇവർ നിയോഗിച്ച പരിചാരിക ജയയ്ക്ക് വിഷം കുത്തിവയ്ക്കാൻ ശ്രമിച്ചതയായും ആക്ഷേപമുണ്ട്. ശശികല നടേശനെ കുറിച്ച് രൂക്ഷമായ ആരോപണവുമായി പുറത്താക്കപ്പെട്ട എംഎൽഎ ശശികല പുഷപ വന്നതും ഈ ആരോപണങ്ങുമായാണ്. സെപ്റ്റംബർ 22ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിതയെ പരിചരിച്ചിരുന്നത് ശശികല നടരാജനായിരുന്നു. എന്നാൽ ആശുപത്രിയിൽ സന്ദർശകരെ അനുവദിച്ചിരുന്നില്ലെന്നും ജയലളിതയുടെ രോഗാവസ്ഥയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങൾക്കിടെയാണ് ശശികല പുഷ്പയുടെ നിർണായക വെളിപ്പെടുത്തൽ.

ഇതേ സംഭവവും തെഹൽക്ക 2012ൽ റിപ്പോർട്ട് ചെയ്തിരുന്നു. മെട്രോയിലെ കള്ളക്കളി ശശികല നിഷേധിച്ചു. എന്നാലും ജയലളിതയ്ക്ക് സംശയം മാറിയില്ല. തനിക്ക് നൽകുന്ന മരുന്നുകളുമായി ബന്ധപ്പെട്ട് വിദഗ്ധ ഉപദേശം ജയലളിത തേടി. ശശികലയെ ഒഴിവാക്കിയായിരുന്നു ഈ യാത്ര. അന്ന് വിശദ പരിശോധനയും നടത്തി. തനിക്ക് സ്റ്റിറോയിഡും ചെറിയ തോതിൽ വിഷവും മരുന്നുകളായി നൽകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. അന്ന് ജയലളിതയുടെ വീട്ടിൽ നിയോഗിച്ചിരുന്നത് ശശികലയുടെ അടുപ്പക്കാരിയായ നേഴ്‌സിനെ ആയിരുന്നു. ഈ പരിചാരക സ്ഥിരമായി പഴങ്ങും മരുന്നുകളും നൽകിയിരുന്നു. ഇതിൽ വിഷവുമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത് ജയയെ വേദനിപ്പിച്ചു. ഇതിന്റെ തുടർച്ചയായിരുന്നു ശശികലയുടെ പുറത്താക്കൽ എന്നായിരുന്നു തെഹൽക്കയുടെ റിപ്പോർട്ട്.

2011ൽ വീട്ടിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയ ശശികല വീണ്ടും ജയയുമായി അടുക്കുന്നത് ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല ജയയ്ക്ക് അനുകൂലമായി മൊഴി നൽകുകയും ജയലളിതയ്ക്ക് വേണ്ടി താൻ ജീവിതം സമർപ്പിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തതോടെയാണ്. തുടർന്ന് പാർട്ടിതലത്തിൽ ശശികലയ്‌ക്കെതിരെ സ്വീകരിച്ചിരുന്ന അച്ചടക്ക നടപടി പിൻവലിച്ചതായി ജയലളിത തന്നെ അറിയിച്ചു. ശശികലയെയും ഭർത്താവ് എം നടരാജനെയും പാർട്ടിയിൽ നിന്ന് ജയലളിത പുറത്താക്കുകയായിരുന്നു.

പിന്നീട് നടരാജനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ താൻ ജയലളിതയെ ആത്മാർത്ഥമായി സ്‌നേഹിക്കുന്നു എന്നും എല്ലാ തെറ്റുകൾക്കും താനാണ് ഉത്തരവാദിയെന്നും കോടതിയിൽ കരഞ്ഞുകൊണ്ട് ശശികല മൊഴി നൽകിയതോടെയാണ് ജയലളിതയുടെ മനസിളകിയത്. ബന്ധുക്കളുമായി ഇനി ഒരടുപ്പവും തനിക്കില്ലെന്നും ഇനിയെല്ലാം ജയലളിതയാണെന്നും ശശികല പ്രഖ്യാപിച്ചു. ഇതോടെയാണ് ജയലളിതയുമായി വീണ്ടും ശശികല അടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP