Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലയിൽ കൈവച്ച് ആശ്വസിപ്പിച്ച് നരേന്ദ്ര മോദി; തമിഴകത്തിന്റെ അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചവരെല്ലാം സാന്ത്വനവുമായി അടുത്തെത്തി; പന്നീർശെൽവവും മറ്റു നേതാക്കളും നിൽക്കുമ്പോഴും അന്ത്യകർമ്മം നടത്തി ഉറ്റതോഴിയെ യാത്രയാക്കിയത് ശശികല; വീഡിയോ പാർലർ നടത്തിപ്പുകാരിയിൽ നിന്ന് പാർട്ടിയിലെ അടുത്ത അമ്മ മഹാറാണിയായി ശശികല നടരാജൻ വളരുന്നത് ഇങ്ങനെ

തലയിൽ കൈവച്ച് ആശ്വസിപ്പിച്ച് നരേന്ദ്ര മോദി; തമിഴകത്തിന്റെ അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചവരെല്ലാം സാന്ത്വനവുമായി അടുത്തെത്തി; പന്നീർശെൽവവും മറ്റു നേതാക്കളും നിൽക്കുമ്പോഴും അന്ത്യകർമ്മം നടത്തി ഉറ്റതോഴിയെ യാത്രയാക്കിയത് ശശികല; വീഡിയോ പാർലർ നടത്തിപ്പുകാരിയിൽ നിന്ന് പാർട്ടിയിലെ അടുത്ത അമ്മ മഹാറാണിയായി ശശികല നടരാജൻ വളരുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അമ്മയുടെ പ്രിയതോഴിയായി നിന്ന ശശികല തന്നെയാകുമോ അവരുടെ പിൻഗാമി. തോഴി ശശികലയുമായി അഭേദ്യമായ ബന്ധം സൂക്ഷിച്ചിരുന്ന ജയലളിത ഒരുനാൾ അവരെ അകറ്റി നിർത്തിയപ്പോൾ ശശികലയെ പുരട്ചി തലൈവി അവരുടെ പിൻഗാമിയായി രാഷ്ട്രീയത്തിൽ എത്തിക്കില്ലെന്ന അഭ്യൂഹങ്ങൾ സജീവമായി. പക്ഷേ, കാര്യങ്ങൾ അങ്ങനെയല്ലെന്നും ജയലളിതയുടെ പിൻഗാമി ശശികല തന്നെയായിരിക്കുമെന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് തമിഴകത്തിന്റെ അമ്മയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ മുതൽ ലോകം കണ്ടത്.

ഇന്നു രാവിലെ പോയ്‌സ്ഗാർഡനിലെ വസതിയിൽ നിന്ന് മൃതദേഹം രാജാജി ഹാളിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ മുതൽ ജയയുടെ ഭൗതികദേഹത്തിനൊപ്പം ഒരു നിഴൽപോലെയുണ്ടായിരുന്നു തോഴി ശശികല. ഏറെക്കാലമായി ഇരുവരെയും ഒരുമിച്ച് കാണാത്തവർ ഇതിൽ അത്ഭുതംകൂറി.

ജയലളിതയ്ക്ക് അന്തിമാഭിവാദ്യം അർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി പ്രണബ് മുഖർജിയുമുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ നേതാക്കളെല്ലാം അമ്മയുടെ മൃതദേഹത്തെ തൊഴുതശേഷം നീങ്ങിയെത്തിയത് ശശികലയുടെ അടുത്തേക്കായിരുന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ വിഐപികളെല്ലാം അവരോട് ആശ്വാസവാക്കുകൾ പറഞ്ഞും ആദരം പങ്കുവച്ചുമാണ് കടന്നുപോയത്.

തമിഴകത്തെ മുതിർന്ന നേതാക്കളും സാംസ്‌കാരിക പ്രമുഖരും രജനീകാന്ത് ഉൾപ്പെടെയുള്ള മുൻനിര സിനിമാ താരങ്ങളുമെല്ലാം ശശികലയ്ക്ക് അരികിലെത്തി. തമിഴനാട് മുഖ്യമന്ത്രി പന്നീർ ശെൽവം ഉൾപ്പെടെയുള്ള അണ്ണാ ഡിഎംകെ നേതാക്കളെല്ലാം ഈയവസരത്തിൽ രാജാജി ഹാളിനുമുന്നിൽ അമ്മയുടെ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നെങ്കിലും പലരും ശശികലയോടാണ് സംസാരിച്ചതെന്നതും ശ്രദ്ധേയം. ഈ സമയമെല്ലാം കറുത്ത സാരിയണിഞ്ഞ്, ഇടയ്ക്കിടെ കണ്ണീരൊപ്പി ശശികല തന്റെ ഉറ്റതോഴിയുടെ നിശ്ചേതനമായ ശരീരത്തിനരികിൽ നിന്നു.

വൈകുന്നേരം വിലാപയാത്രയായി മൃതദേഹം രാജാജി ഹാളിനു മുന്നിൽ നിന്ന് മറീനാ ബീച്ചിൽ തന്റെ പ്രിയനായകനായിരുന്ന എംജിആറിന് തൊട്ടടുത്ത് അന്ത്യവിശ്രമത്തിനായി ജയയുടെ ശരീരം കൊണ്ടുപോകുമ്പോഴും തൊട്ടരികിൽ ഉണ്ടായിരുന്നത് ശശികലതന്നെ. 29 വർഷം മുമ്പു നടന്ന എംജിആറിന്റെ സംസ്‌കാര ചടങ്ങിന്റെ ദൃശ്യങ്ങൾ ഇതുകണ്ടപ്പോൾ പലരും ഓർത്തുകാണും. അന്ന് മക്കൾതിലകത്തിന്റെ മൃതദേഹവുമായി പോയ പുഷ്പാലംകൃത വാഹനത്തിൽ തൂവെള്ള സാരിയണിഞ്ഞ് ഇരുന്നിരുന്ന ജയലളിതയെ എംജിആറിന്റെ പത്മി ജാനകിയും പാർട്ടി പ്രവർത്തകരും ചേർന്ന് അപമാനിച്ച് ഇറക്കിവിടുകയായിരുന്നു. പക്ഷേ, പിന്നീട് പത്‌നിയേക്കാളുപരി അദ്ദേഹത്തിന്റെ മനസ്സിൽ ഇടംപിടിച്ചിരുന്ന, എംജിആർതന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച ജയലളിതതന്നെ അണ്ണാഡിഎംകെയുടെ സാരഥിയും തമിഴകത്തിന്റെ അമ്മയുമായി വളർന്നു.

സമാനമായ രീതിയിൽ ജയലളിതയുടെ ഭൗതികദേഹവും ഇന്ന് വിലാപയാത്രയായി മറീനാ ബീച്ചിലേക്ക് നീങ്ങിയപ്പോൾ പുഷ്പങ്ങൾ അലങ്കരിച്ച വാഹനത്തിൽ മൃതദേഹ പേടകത്തിനൊപ്പം ഉണ്ടായിരുന്നത് ശശികലയായിരുന്നു. പന്നീർ ശെൽവവും രണ്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഒഴികെ മറ്റാർക്കും അതിൽ പ്രവേശനം ലഭിച്ചില്ല. സംസ്‌കാര ചടങ്ങ് തുടങ്ങിയപ്പോൾ ശശികലയുടെ സ്വാധീനം പ്രകടമായി. അമ്മയുടെ അന്തിമയാത്രയ്ക്കുള്ള ചടങ്ങുകൾ നിർവഹിച്ചത് ശശികലയും കുടുംബക്കാരും ചേർന്നായിരുന്നു.

അയ്യങ്കാർ വിഭാഗക്കാരിയായ ജയലളിതയുടെ മൃതദേഹം ചിതയിൽ അഗ്നിക്ക് സമർപ്പിക്കണമെന്ന ആവശ്യമുയർന്നെങ്കിലും അതു വേണ്ടെന്നും എംജിആറിന്റെയും മറ്റ് ഡിഎംകെ നേതാക്കളുടെയും മൃതദേഹം കുഴിയിൽ അടക്കം ചെയ്ത രീതിയിൽ ജയയുടെ മൃതദേഹവും അടക്കിയാൽ മതിയെന്ന അന്തിമ തീരുമാനമെടുത്തതും ശശികലയായിരുന്നു. മാത്രമല്ല, ജയലളിതയുടെ മരണശേഷം മറ്റു കാര്യങ്ങളിൽ പ്രധാന തീരുമാനമെടുത്തതും പൊതുദർശനത്തിന്റെയും സംസ്‌കാരത്തിന്റെയും മറ്റും ക്രമീകരണങ്ങൾ എങ്ങനെ വേണമെന്നതുമെല്ലാം സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതും ശശികല തന്നെ. ചടങ്ങുകൾ നടക്കുന്നതിനിടയ്ക്കും പൊതുദർശനത്തിനിടയ്ക്കുമെല്ലാം അവർ ഉദ്യോഗസ്ഥരെ വിളിച്ച് ഓരോ കാര്യങ്ങൾ ഏൽപ്പിക്കുന്നതും കാണാമായിരുന്നു.

മൂന്ന് പതിറ്റാണ്ടിലധികം ജയയുടെ വലംകൈ തന്നെയായിരുന്നു ശശികല. തഞ്ചാവൂർ ജില്ലയിലെ മണ്ണാർഗുഡിയിലെ ദേവർ കുടുംബാംഗമായ ശശികല സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. തമിഴ്‌നാട് സർക്കാരിൽ പബ്ലിക് റിലേഷൻസ് ഓഫീസറായ നടരാജനെ വിവാഹം കഴിച്ചാണ് അവർ ചെന്നൈയിൽ എത്തുന്നത്.

താൽക്കാലിക അടിസ്ഥാനത്തിൽ സർക്കാർ സർവീസിൽ ജോലി ചെയ്തിരുന്ന നടരാജൻ അന്നത്തെ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ അടുത്ത അനുയായി ആയിരുന്നു. 1976ൽ അടിയന്തരാവസ്ഥയെ തുടർന്ന് നടരാജന്റെ ജോലി നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെട്ടതോടെ വരുമാന മാർഗം ഇല്ലാതായ നടരാജൻ തന്റെ ഭാര്യയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തണമെന്ന് ദക്ഷിണ ആർകോട്ട് ജില്ലാ കളക്ടർ ആയിരുന്ന വി എസ് ചന്ദ്രലേഖയോട് ആവശ്യപ്പെട്ടു.

വീഡിയോ പാർലർ നടത്തിപ്പുകാരിയായിരുന്ന ശശികല പാർട്ടി പരിപാടികൾ ചിത്രീകരിക്കാനുള്ള അനുമതി തേടിയാണ് ജയലളിതയെ സമീപിച്ചത്. അന്ന് എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായിരുന്നു ജയലളിത. ജയലളിതയുടെ നീക്കങ്ങൾ ചോർത്താൻ എം.ജി.ആർ ശശികലയെ നിയമിക്കുകയായിരുന്നു എന്ന് അക്കാലത്ത് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അക്കാലം മുതൽ ജയലളിതയുടെ ഉറ്റതോഴിയായി മാറുകയായിരുന്നു ശശികല.

1991ലെ തെരഞ്ഞെടുപ്പിൽ ജയലളിത അധികാരത്തിൽ എത്തിയതോടെ ശശികലയും പാർട്ടിക്കാർക്കിടയിൽ ശക്തിയായി മാറി. ഓരോ കാര്യങ്ങൾ നേടിയെടുക്കാൻ ജയലളിതയ്ക്കിടയിൽ പാലമായി അവരെ പലരും ഉപയോഗിച്ചു. ഇതിനുശേഷം ഒരു ഘട്ടത്തിൽ ജയലളിതയേക്കാൾ ശക്തയായി ശശികല മാറിയിരുന്നു. ശശികലയുടെ സഹോദരി വനിതാമണിയുടെ പുത്രൻ സുധാകരനാണ് ജയലളിതയുടെ ദത്ത് പുത്രനായി പിന്നീട് മാറിയത്. ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിലെ നാൽപ്പതോളം ജീവനക്കാർ എല്ലാവരും ശശികലുടെ ബന്ധുക്കൾ ആയിരുന്നു. ശശികലയുടെ അമിത സ്വാധീനത്തിനെതിരെ മുതിർന്ന നേതാക്കൾ ജയയോട് പരാതി പറഞ്ഞുവെങ്കിലും അത്തരം പരാതി ഉന്നയിച്ചവർ പാർട്ടിക്ക് പുറത്തുപോകേണ്ടി വന്നതോടെ ഇത്തരം പരാതികൾ പിന്നീട് ഇല്ലാതായി.

1996 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പോയസ് ഗാർഡനിൽ നിന്ന് ശശികല പുറത്തായി. 2001ൽ ജയ വീണ്ടും അധികാരത്തിൽ എത്തിയപ്പോൾ ശശികല മാപ്പ് പറഞ്ഞ് തിരിച്ചെത്തി. അഴിമതിക്കേസുകളിൽ ജയക്കൊപ്പം ജയിലിൽ പോകാൻ വരെ തയ്യാറായ സൗഹൃദമാണ് ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നത്. എന്നാൽ 2011ൽ രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ശശികലയെ പുറത്താക്കി. എന്നാൽ ഈ പിണക്കം അധികനാൾ നീണ്ടു നിന്നില്ല. ശശികല വീണ്ടും ജയയുടെ വിശ്വസ്തയായി തിരിച്ചെത്തി. ഇപ്പോൾ മരണാനന്തരം അവരുടെ അനന്തരാവകാശിയായി സ്വയം അവരോധിതയായി ശശികലയും കുടുംബവും തമിഴകത്തിന്റെ അമ്മയ്ക്ക് അന്തിമകർമ്മങ്ങൾ ചെയ്യുന്നു.

തമിഴകത്ത് പുതിയ മുഖ്യമന്ത്രിയായി പനീർ ശെൽവം അധികാരമേറ്റെങ്കിലും ശശികലയായിരിക്കും തമിഴകത്തിന്റെ പുതിയ അമ്മദൈവമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുമെയ്യും ഒരു മനവുമായി കഴിഞ്ഞ ജയയും ശശികലയും വേർപിരിഞ്ഞെന്ന വാർത്തകൾ ഇടയ്ക്കു പുറത്തുവന്നെങ്കിലും ജയയുടെ മരണശേഷം കാര്യങ്ങളുടെ കടിഞ്ഞാൺ തിരികെ ശശികലയിൽ എത്തുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. അതേസമയം, പാർട്ടിയിൽ ശശികലയ്ക്ക് എതിരെ ഒരുവിഭാഗം നീങ്ങുന്നതായ വിവരങ്ങളും പുറത്തുവരുന്നുണ്ട് എന്നതിൽ വരുംദിനങ്ങളിൽ അണ്ണാഡിഎംകെയെന്ന പാർട്ടിയിൽ ഈ വിഷയം എത്രത്തോളം ചർച്ചയാകുമെന്നും പാർട്ടിയെ എങ്ങനെ ബാധിക്കുമെന്നും കാത്തിരുന്ന് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP