Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തടാകത്തിന് നടുവിലെ കൊട്ടാരത്തിൽ രാജകീയ താമസം; ലോകത്തിലെ ഏറ്റവും റൊമാന്റിക് ഹോട്ടൽ; ഇന്ത്യയുടെ അഭിമാനമായ ഉദയ്പൂരിലെ താജ് ലെയ്ക്ക് പാലസിന്റെ കഥ

തടാകത്തിന് നടുവിലെ കൊട്ടാരത്തിൽ രാജകീയ താമസം; ലോകത്തിലെ ഏറ്റവും റൊമാന്റിക് ഹോട്ടൽ; ഇന്ത്യയുടെ അഭിമാനമായ ഉദയ്പൂരിലെ താജ് ലെയ്ക്ക് പാലസിന്റെ കഥ

ഉദയ്പൂർ: ലോകത്തിലെ ഏറ്റവും മികച്ച ആഡംബരഹോട്ടൽ ഏതാണെന്നറിയാമോ? സംശയം വേണ്ട ഉദയ്പൂരിലെ താജ് ലെയ്ക്ക് പാലസ് ഹോട്ടലാണിത്. ലോകത്തിലെ മികച്ച ഹോട്ടലുകൾക്കുള്ള പ്രമുഖ അവാർഡായ കോൺഡെ നാസ്റ്റ് ട്രാവലർ റീഡേർസ് അവാർഡ് 2016 നേടിയ ഇത് ഏഷ്യയിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ഏറ്റവും മികച്ച ഹോട്ടലാണിത്. ഏഷ്യയിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ഏറ്റവും മികച്ച ഹോട്ടൽ എന്ന കാറ്റഗറിയിലാണ് ലെയ്ക്ക് പാലസിന് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. സെന്റ് ബാർത്ത്സിലെ ഏദൻ റോക്സിനാണ് കോൺഡെ നാസ്റ്റ് ട്രാവലർ റീഡേർസിന്റെ ലോകത്തിലെ മികച്ച ഹോട്ടലിനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

വില്യം രാജകുമാരന്റെ പത്നി കെയ്റ്റിന്റെ സഹോദരി പിപ്പ മിഡിൽടണിന്റെ പ്രതിശ്രുത വരനായ ജയിംസ് മാത്യൂവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്. ലോകത്തിലെ മികച്ച ഹോട്ടലുകളിൽ ഇന്ത്യയുടെ അഭിമാനമുയർത്തി കോൺഡെ നാസ്റ്റ് ട്രാവലർ റീഡേർസ് അവാർഡ് നേടിയ ഹോട്ടലാണ് ഉദയ്പൂരിലെ താജ് ലെയ്ക്ക് പാലസ് ഹോട്ടൽ. ഇവിടെയെത്തുന്ന അതിഥികൾക്ക് ഒരു രാജാവിന് സമാനമായി ഉണ്ടുറങ്ങി ജീവിക്കാൻ സാധിക്കും. അതിനനുസരിച്ചുള്ള തികച്ചും രാജകീയമായ സൗകര്യങ്ങളാണിവിടെയുള്ളത്. തടാകത്തിന്റെ നടുവിലാണീ പാലസ് ഹോട്ടൽ തലയുയർത്തി നിൽക്കുന്നത്. ഇതിനാൽ ഇവിടുത്തെ ഓരോ റൂമിൽ നിന്നും സവിശേഷമായ കാഴ്ചയാണ് ലഭിക്കുന്നത്.24 മണിക്കൂറും ബട്ട്ലറുടെ സേവനം ലഭിക്കുന്ന ഈ ഹോട്ടലിൽ നിന്ന് വ്യത്യസ്തമായ വിഭവങ്ങൾ ലഭിക്കുന്നതാണ്.

83 റൂമുകളും സ്യൂട്ടുകളുമുള്ള കൊട്ടാരമാണിത്. വെളുത്ത മാർബിളിലാണിത് പണിതുയർത്തിയിരിക്കുന്നത്. ഉദയ്പൂരിലെ പിച്ചോല തടാകത്തിലെ ജാഗ് നിവാസ് ദ്വീപിലാണിത് സ്ഥിതി ചെയ്യുന്നത്. ഈ ഹോട്ടലിൽ നിന്നും സിറ്റി പാലസിലെ ജെട്ടിയിലേക്ക് സ്പീഡ് ബോട്ട് സർവീസുകളുണ്ട്. ഇത് ഇവിടുത്തെ താമസക്കാർക്ക് പ്രയോജനപ്പെടുന്നു. ലോകത്തിലെയും ഇന്ത്യയിലെയും ഏറ്റവും റൊമാന്റിക്കായ ഹോട്ടലെന്ന സ്ഥാനവും താജ് ലെയ്ക്ക് പാലസിന് ലഭിച്ചിട്ടുണ്ട്. ഈ ഹോട്ടലിന്റെ മുകളിലത്തെ റൂം തികഞ്ഞ വൃത്താകൃതിയിലാണുള്ളത്. ഇതിന് 6.4 മീറ്റർ വ്യാസമുണ്ട്. കറുത്തതും വെളുത്തതുമായ മാർബിളുകൾ കൊണ്ടാണിതിന്റെ തറ പൂർത്തീകരിച്ചിരിക്കുന്നത്. ചുമരുകളാകട്ടെ നിറച്ചാർത്താർന്ന കല്ലുകളാലാണ് നിർമ്മിച്ചിരിക്കുന്നത്. ഹോട്ടലിന്റെ താഴികക്കുടം മനോഹരമായ ആകൃതിയിലാണുള്ളത്.

1971ലാണ് താജ് ഹോട്ടൽസ് റിസോർട്ട്സ് ഈ പാലസിന്റെ മാനേജ്മെന്റ് ഏറ്റെടുത്തിരിക്കുന്നത്. തുടർന്ന് വീണ്ടും 75 റൂമുകൾ കൂടി ഇവിടെ നിർമ്മിച്ച് കൂട്ടിച്ചേർത്തിരുന്നു. താജ് ഗ്രൂപ്പിലെ ജംഷീദ് ഡി.എഫ് ആണ് ഈ ഹോട്ടൽ പുനർനിർമ്മിക്കുന്നതിനും ഇതിനെ ഇന്റർനാഷണൽ സ്റ്റാൻഡേർഡിലേക്ക് ഉയർത്തുന്നതിനും മുൻകൈയെടുത്തവരിൽ പ്രധാനി. കൂടാതെ ഇദ്ദേഹമായിരുന്ന ഹോട്ടലിന്റെ ആദ്യത്തെ ജനറൽ മാനേജർ.2000ത്തിൽ ഇവിടെ രണ്ടാമത്തെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. താജ് ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമാണ് ഈ സൗധത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ആകർഷണകേന്ദ്രമാക്കി മാറ്റിയതെന്ന് പറയാം. ഇക്കാലത്തിനിടെ നിരവധി പ്രമുഖർ ഈ ഹോട്ടലിലെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്, മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ഭാര്യ ജാക്യുലിൻ കെന്നഡി, ഇറാനിലെ ഷാ, നേപ്പാൽലെ രാജാവ് തുടങ്ങിയവർ അവരിൽ ചിലരാണ്. ടൂറിസ്റ്റുകൾക്കും സന്ദർശകർക്കും ഇവിടുത്തെ മെയിലൻ കോർട്ട് യാർഡിലേക്ക് വീതി കുറഞ്ഞ ഒരു ആർച്ച് വേയിലൂടെ എത്തിച്ചേരാൻ സാധിക്കും.

ഹോട്ടലിലുള്ള ജാഗ് മഹൽ ഇന്നും നഗരത്തിലെ രാജകീയമായ വിവാഹവേദിയാണ്. മറ്റ് ചടങ്ങുകൾക്കും ഇത് ഉപയോഗിക്കുന്നുണ്ട്. ഇവിടെ ഏഴ് സ്യൂട്ടുകളിൽ താമസ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ദിവസത്തിൽ എല്ലാ സമയവും തുറക്കുന്ന കഫെ, റോയൽ റസ്റ്റോറന്റുകൾ, ബാറുകൾ തുടങ്ങിയവയും ഇതിനെ ആകർഷകമാക്കുന്നു.

പാലസിന്റെ അകത്തും പുറത്തുമുള്ള നിരവധി കേന്ദ്രങ്ങൾ ഓരോരുത്തരുടെയും കഴിവിനനുസരിച്ച് വിവാഹവേദികളായി ഉപയോഗിക്കാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട വലിയ കോർട്ട് യാർഡ് ആനകളുടെ പ്രതികമകളാൽ അലങ്കരിച്ചിട്ടുണ്ട്. ഗാർഡൻ കോർട്ട് യാർഡും പുൽത്തകിടികളും വിവാഹങ്ങൾ നടത്താനുള്ള അതുല്യമായ വേദികളായി നിലകൊള്ളുന്നു.

1743നും 1746നും ഇടയിലാണ് മഹാറാണ ജഗത്ത് സിങ് രണ്ടാമൻ ഈ കൊട്ടാരം നിർമ്മിച്ചത്. മേവാർ രാജവംശത്തിലെ 62ാം കിരീടാവകാശിയായിരുന്നു അദ്ദേഹം. ഒരു തണുപ്പുകാല കൊട്ടാരമെന്ന നിലയിലായിരുന്നു ഇത് പണിതത്. തുടക്കത്തിൽ ഈ കൊട്ടാരം ജഗ് നിവാസ് അല്ലെങ്കിൽ ജാൻ നിവാസ് എന്നിങ്ങനെയായിരുന്നു അറിയപ്പെട്ടിരുന്നത്. സൂര്യനെ പ്രാർത്ഥിക്കാൻ പര്യാപ്തമായ വിധത്തിൽ കിഴക്കോട്ട് മുഖമായിട്ടാണീ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ഇവിടുത്തെ രാജാക്കന്മാർ രാജകീയ ദർബാറുകൾ ഈ കൊട്ടാരത്തിലായിരുന്നു നടത്തിയിരുന്നത്.

1857ലെ പ്രശസ്തമായ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ഇവിടെയുണ്ടായിരുന്ന നിരവധി യൂറോപ്യൻ കുടുംബങ്ങൾക്ക് അഭയമേകിയ കൊട്ടാരമാണിത്. നിമാച്ചിൽ നിന്നും ലഹളക്കാരെ പേടിച്ച് പലായനം ചെയ്തവരായിരുന്നു ഇവർ. ഇവർക്ക് മഹാറാണ സ്വരൂപ് സിങ് ഇവിടെ അഭയം നൽകിയിരുന്നു. ലഹളക്കാർ ഇവിടെയെത്താതിരിക്കാൻ രാജാവ് അന്ന് ഇവിടേക്കുള്ള ബോട്ടുകളെല്ലാം നശിപ്പിക്കുകയും സ്വാതന്ത്ര്യസമരസേനാനികൾ ഈ ദ്വീപിലേക്കെത്തുന്നത് തടയുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP