Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റേറ്റിങ് കൂട്ടാൻ കൃത്രിമം കാട്ടിയതിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ മനോരമയുടെ പേര് വന്ന സംഭവം: ജയന്ത് മാമൻ മാത്യു എഴുതിയ കത്തിൽ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് എംഡി മാധവനും കൈരളി എംഡി ജോൺ ബ്രിട്ടാസും കേരളാ ടെലിവിഷൻ ഫെഡറേഷൻ ഭാരവാഹിത്തം രാജിവച്ചു; ചാനൽ ഉടമകളുടെ സംഘടന നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി

റേറ്റിങ് കൂട്ടാൻ കൃത്രിമം കാട്ടിയതിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ മനോരമയുടെ പേര് വന്ന സംഭവം: ജയന്ത് മാമൻ മാത്യു എഴുതിയ കത്തിൽ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് എംഡി മാധവനും കൈരളി എംഡി ജോൺ ബ്രിട്ടാസും കേരളാ ടെലിവിഷൻ ഫെഡറേഷൻ ഭാരവാഹിത്തം രാജിവച്ചു; ചാനൽ ഉടമകളുടെ സംഘടന നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർക്ക് റേറ്റിംഗിൽ കൃത്രിമം കാട്ടിയെന്ന പൊലീസ് പരാതി കേരളാ ടെലിവിഷൻ ഫെഡറേഷനിൽ പൊട്ടിത്തെറിയാകുന്നു. മഴവിൽ മനോരമയുടെ മനപ്പൂർവ്വം വലിച്ചിഴച്ചുവെന്ന ആരോപണവുമായി കെടിഎഫ് അംഗം മലയാള മനോരമയുടെ ഉടമ ജയന്ത് മാമൻ മാത്യു കത്തെഴൈുതിയതോടെയാണ് കെടിഎഫിലെ പ്രതിസന്ധി മൂർച്ഛിച്ചത്. ബാർക്കിലെ കൃത്രിമത്വവുമായി ബന്ധപ്പെട്ട് നൽകിയ പൊലീസ് പരാതിയാണ് ഈ സംഭവ വികാസങ്ങൾക്ക് കാരണം. ഇക്കാര്യത്തിൽ വഞ്ചന നടന്നുവെന്ന് കാട്ടി മനോരമയുടെ ജയന്ത് മാമൻ മാത്യു കെടിഎഫ് നേതൃത്വത്തിന് കത്ത് എഴുതിയത്. ഈ കത്തിന് വിശദമായി തന്നെ കെടിഎഫ് പ്രസിഡന്റ് ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടർ കെ മാധവനും കൈരളി ടിവി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസും മറുപടി നൽകി. ഈ മറുപടിയിലാണ് ഇരുവരും സ്ഥാനം രാജിവയ്ക്കുന്നതായും വിശദീകരിച്ചു. ഇതോടെയാണ് കെടിഎഫ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

ബാർക്കിന്റെ പരാതിയിൽ കെടിഎഫിനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് ജയന്ത് മാമൻ മാത്യുവിന്റെ കത്ത്. ഗുരുതരമായ ആരോപണങ്ങളുമായി പ്രസിന്റിനേയും ജനറൽ സെക്രട്ടറിയേയും അഭിസംബോധന ചെയ്ത് എഴുതിയ കത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. ബാർക്കിന്റേയും കെടിഎഫിന്റേയും നടപടിയിലൂടെ ചില വെബ് സൈറ്റുകൾ ചാനലുകളുടെ പേരുയർത്തിക്കാട്ടി വാർത്തകളും കിംവദന്തിയും പരത്തിയെന്നാണ് കത്തിൽ ജയന്ത് ആരോപിക്കുന്നത്. ഇത് മനോരമയ്ക്ക് ദോഷം ചെയ്യുന്ന റിപ്പോർട്ടുകളായി മാറിയെന്നും കത്തിൽ പറയുന്നു. ബാർക്കിലെ കൃത്രിമവുമായി ബന്ധപ്പെട്ട് രണ്ട് ചാനലുകൾക്കെതിരെ ആരോപണം ഉയർന്നത് പുറം ലോകത്ത് എത്തിച്ചത് മറുനാടൻ മലയാളിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാർക്ക് നൽകിയ പരാതിയിൽ മനോരമയുടേയും സൂര്യ ടിവിയുടേയും പേര് പരാമർശിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വട്ടിയൂർക്കാവ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതും വിശദമായി മറുനാടൻ വാർത്തയാക്കി. ഈ വിവാദമാണ് കെടിഎഫിനെ തകർച്ചയുടെ വക്കിലെത്തിക്കുന്ന കത്തെഴുതാൻ മനോരമ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്.

ചാനലുകൾക്കെതിരെ ബാർക്ക് നൽകിയ പരാതിയുമായി കെടിഎഫിന് സഹകരിക്കേണ്ടി വന്ന സാഹചര്യമാണ് മനോരമ കത്തിലൂടെ ഉയർത്തിക്കാട്ടുന്നത്. ജൂൺ 15ന് നടന്ന കെടിഎഫ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും ചർച്ചയാക്കിയില്ല. ഇത് സംഘടനയുടെ കൂട്ടുത്തരവാദിത്തതിന് ചേർന്നതല്ല. ഇത്തരമൊരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക് എങ്ങനെയാണ് കാര്യങ്ങൾ എത്തിയത്? ആരാണ് കെടിഎഫ് ഭാരവാഹികളെ ഇതിന് ചുമതലപ്പെടുത്തിയതെന്നും മനോരമ ചോദിക്കുന്നു. സംഘടനയുടെ ഭരണഘടന പ്രകാരം അംഗങ്ങളുടെ അംഗീകാരത്തോടെ മാത്രമേ ഇത്തരം പരാതികൾ നൽകാൻ പാടുള്ളൂ. എഫ് ഐ ആറിലെ ആരോപണങ്ങളുടെ സ്വഭാവം കെടിഎഫിലെ അംഗങ്ങളുടേയും സംഘടനയുടേയും താൽപ്പര്യത്തിന് പൂർണ്ണമായും എതിരാണെന്നും മനോരമ വിശദീകരിക്കുന്നു. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്തപ്പോൾ അംഗങ്ങളുടെ താൽപ്പര്യ സംരക്ഷണാർത്ഥം കെടിഎഫ് ഇടപെട്ടില്ലെന്നും പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് കെടിഎഫ് ഇടപെടൽ മൂലം ഫയൽ ചെയ്ത എഫ് ഐ ആർ ഉടൻ പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആക്ഷേപം. ഇത്തരം പരാതി നൽകുന്നതിന് മുമ്പ് അംഗങ്ങളുടെ അനുമതി വാങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ പരാതിയുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്നാണ് മനോരമയുടെ അഭിപ്രായം. ബാർക്ക് റേറ്റിംഗിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ ബാർക്കിന്റെ വിജിലൻസ് ടീം അന്വേഷണം നടത്തട്ടേയെന്നും ജയന്ത് നിലപാട് എടുക്കുന്നു. അതുമായി മനോരമയും സഹകരിക്കും. ഈ വിഷയത്തിൽ കെടിഎഫ് കക്ഷി ചേരരുതെന്നാണ് ആവശ്യം. ബാർക്ക് ഡാറ്റയുടെ ആധികാരികതയിലും സംശങ്ങൾ ഉന്നയിക്കുന്നു. അതിനാൽ കേരളത്തിലെ വിവരങ്ങൾ തെറ്റുകൾ തിരുത്തുന്നത് വരെ പുറത്ത് വിടാതിരിക്കാൻ ബാർക്കിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ആവശ്യം. ഭാവിയിൽ കൂട്ടായ തീരുമാനം മാത്രമേ ബാർക്ക് എടുക്കാവൂ. ഭാരവാഹികൾ ഏകപക്ഷീയമായ നടപടികളെടുക്കരുതെന്നും മനോരമ ആവശ്യപ്പെടുന്നു.

ഇതിന് വിശദമായ മറുപടിയാണ് കെടിഎഫ് പ്രസിഡന്റ് മാധവനും ജനറൽ സെക്രട്ടറി ജോൺ ബ്രിട്ടാസും നൽകുന്നത്. ആരോപണങ്ങൾ ഒന്നൊന്നായി തള്ളിക്കളയുന്നു. കേരളത്തിലെ ചാനലുകൾ ബാർക്കിൽ കൃത്രിമം കാട്ടിയെന്ന സൂചന ബാർക്ക് തന്നെ എല്ലാ അംഗങ്ങളേയും അറിയിച്ചിരുന്നു. ഇതിന് പുറമേ കെടിഎഫും അതിലെ അംഗങ്ങൾ കാര്യങ്ങൾ വിശദമാക്കി ഇമെയിൽ അയച്ചു. റേറ്റിങ് തിരിമറിയിൽ ബാർക്ക് നിർദ്ദേശിച്ചത് അനുസരിച്ചാണ് സഹകരിച്ചത്. കൊള്ളരുതായ്മകൾ ഇല്ലാതാക്കുക മാത്രമാണ് ഇതിലൂലെ ലക്ഷ്യമിട്ടത്. ഒക്ടോബറിലെ കെടിഎഫ് യോഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. ഇത് മിനിട്‌സ് പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ഈ സാഹചര്യത്തിൽ എല്ലാവരേയും മറച്ചുവച്ച് പരാതിയുമായി മുന്നോട്ട് പോയെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്ന് ബ്രിട്ടാസും മാധവനും വിശദീകരിക്കുന്നു. നല്ല ഉദ്ദേശത്തോടെയാണ് ഇതു സംബന്ധിച്ച പരാതി നൽകിയത്. കെടിഎഫ് നൽകിയ പരാതിയിൽ ആരുടേയും പേര് പരാമർശിക്കുന്നില്ല. എന്നാൽ ബാർക്ക് നൽകിയ പരാതിയിൽ ആരുടേയെങ്കിലും പേരുണ്ടെങ്കിൽ അതിന് കെടിഎഫ് നേതൃത്വം ഉത്തരവാദികളല്ല. ഈ വിഷയം ബാർക്കുമായി വേണം മനോരമ സംസാരിക്കേണ്ടതെന്നും മറുപടി കത്തിൽ വിശദീകരിക്കുന്നു.

സോഷ്യൽ മീഡിയയിൽ കെടിഎഫിലെ പല അംഗങ്ങളെ കുറിച്ചും പല ചർച്ചകളും നടക്കാറുണ്ട്. അത്തരം ചർച്ചകളിൽ കെടിഎഫ് മറുപടി കൊടുക്കുന്ന പിതവില്ല. ഇത്തരം വിഷയങ്ങളിൽ കെടിഎഫ് ഇടപെടണമെങ്കിൽ പ്രസ്തുത അംഗം അക്കാര്യം കെടിഎഫിനെ രേഖാമൂലം അറിയിക്കണം. അതുണ്ടാകാത്തതു കൊണ്ടാണ് കെടിഎഫ് വിഷയത്തിൽ പ്രതികരിക്കാത്തത്. അംഗങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രശ്‌നങ്ങളിൽ ഇടപെട്ടാൽ അത് മറ്റ് വിവാദങ്ങൾക്ക് കാരണമാകുമെന്ന് ബ്രിട്ടാസും മാധവനും ചൂണ്ടിക്കാട്ടുന്നു. മനോരമ പ്രതിനിധിയുടെ കത്തിൽ നിലവിലെ നേതൃത്വത്തെ വിശ്വാസമില്ലെന്ന സൂചനകളുണ്ട്. അതിനാൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ തങ്ങൾ ഒഴിയുന്നുവെന്നാണ് മാധവനും ബ്രിട്ടാസും വിശദീകരിക്കുന്നത്. കെടിഎഫിന്റെ അടുത്ത യോഗം പുതിയ ഭാരവാഹികളെ നിശ്ചയിക്കട്ടേയെന്ന് കൂടി പറയുന്നുണ്ട്. ഇതോടെ ബാർക്ക് വിഷയത്തിന് പുതിയ തലം കൈവരികയാണ്.

ഇതുമായി ബന്ധപ്പെട്ട് മറുനാടൻ പുറത്തുവിട്ട വാർത്തകളിലെ സത്യസന്ധതയാണ് മനോരമയുടെ ജയന്തിന്റെ കത്തിലും കെടിഎഫ് ഭാരവാഹികളുടെ മറുപടിയിലും നിഴലിക്കുന്നത്. ചാനൽ ഉടമകളുടെ സംഘടനയിൽ തർക്കം അതിരൂക്ഷമെന്നും വ്യക്തമാവുകയാണ്. ഇതോടെ ബാർക്കിനൊപ്പം പരാതിയുമായി കെടിഎഫും സഹകരിച്ചുവെന്നും വ്യക്തമാകുന്നു. മനോരമയുടേയും സൂര്യ ടിവിയുടേയും പേര് ബാർക്കിന്റെ പരാതിയിലുണ്ടെന്ന വ്യക്തമായ സൂചനയും ഈ കത്തുകളിലുണ്ട്. മുമ്പ് ടാം എന്ന സംവിധാനത്തിലൂടെയായിരുന്നു പ്രേക്ഷകരുടെ കണക്കെടുപ്പ് നടന്നിരുന്നത്. പിന്നീട് ബാർക്ക് എത്തി. ഏറെ കാലമായി ഈ മേഖലയിൽ വമ്പൻ തട്ടിപ്പുകൾ നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. പരാതി ബാർക് അധികൃതരുടെ മുന്നിലെത്തിയതോടെ അവർ പ്രശ്‌നത്തിൽ ഇടപെട്ടു. ബാർക് മീറ്റർ വച്ചിട്ടുള്ള കൊച്ചിയിലെ വീടുകളിൽ ബാർക് വിജിലൻസ് സംഘം പരിശോധന നടത്തി. പരാതി സത്യമാണെന്നു അവർ കണ്ടെത്തുകയായിരുന്നു. ചില ഫോൺ നമ്പരുകളും കൈമാറിയിട്ടുണ്ട്.

രാജ്യത്തെ ടെലിവിഷൻ പ്രേക്ഷകരുടെ കണക്കെടുപ്പു സമ്പ്രദായമാണ് ബാർക് അഥവാ ബ്രോഡ്കാസ്‌റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്റേയും പരസ്യദാതാക്കളുടെ സംഘടനയായ എ എ എ യുടെയും സംയുക്ത സംരംഭമാണ് ബാർക് . ഇവരുടെ റേറ്റിങ് ഓരോ ചാനലിനും നിർണ്ണായകമാണ്. പരസ്യവരുമാനത്തിന്റെ തോത് നിർണ്ണയിക്കുക ബാർക് കണക്കുകളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP