Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്രപരമായ മണ്ടത്തരം; ഇന്ത്യയുടെ വളർച്ച രണ്ടു ശതമാനം താഴും; കർഷക മേഖലയെ തച്ചുടയ്ക്കും; ഇത്തരം ഒരു പരീക്ഷണം നടത്തിയ ലോകത്തെ ഏതെങ്കിലും ഒരു രാജ്യത്തെ ചൂണ്ടിക്കാട്ടാമോ? പ്രധാനമന്ത്രിയുടെ ഉദ്ദേശ ശുദ്ധിയെ സംശയമില്ല; നാലുമിനിറ്റിൽ ഒതുങ്ങിനിന്ന് സാമ്പത്തിക വിദഗ്ധൻ കൂടിയായ മന്മോഹൻ സിങ് സംസാരിച്ചപ്പോൾ മോദി പോലും ശാന്തനായി കേട്ടിരുന്നു

ചരിത്രപരമായ മണ്ടത്തരം; ഇന്ത്യയുടെ വളർച്ച രണ്ടു ശതമാനം താഴും; കർഷക മേഖലയെ തച്ചുടയ്ക്കും; ഇത്തരം ഒരു പരീക്ഷണം നടത്തിയ ലോകത്തെ ഏതെങ്കിലും ഒരു രാജ്യത്തെ ചൂണ്ടിക്കാട്ടാമോ? പ്രധാനമന്ത്രിയുടെ ഉദ്ദേശ ശുദ്ധിയെ സംശയമില്ല; നാലുമിനിറ്റിൽ ഒതുങ്ങിനിന്ന് സാമ്പത്തിക വിദഗ്ധൻ കൂടിയായ മന്മോഹൻ സിങ് സംസാരിച്ചപ്പോൾ മോദി പോലും ശാന്തനായി കേട്ടിരുന്നു

ന്യൂഡൽഹി: മോദി സർക്കാർ നടപ്പാക്കിയ കറൻസി പിൻവലിക്കൽ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്ന് വ്യക്തമാക്കി മുൻ പ്രധാനമന്ത്രി മന്മോഹൻസിങ്. വിഷയത്തിൽ രാജ്യസഭയിൽ ചർച്ച നടക്കവെ രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധനും മുതിർന്ന കോൺഗ്രസ് നേതാവും കൂടിയായ മന്മോഹന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, കറൻസി പിൻവലിക്കൽ പ്രഖ്യാപിച്ച മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നില്ലെന്ന് വ്യക്തമാക്കി തന്റെ നാലുമിനിറ്റ് മാത്രം നീണ്ട പ്രസംഗത്തിൽ രാജ്യത്ത് കറൻസി നിരോധനം എങ്ങനെ ദോഷകരമായി ബാധിച്ചുവെന്ന് അക്കമിട്ടു നിരത്തി മന്മോഹൻ വ്യക്തമാക്കി.

കറൻസി നിരോധനത്തെ പൂർണമായും എതിർക്കുന്നില്ലെന്നും എന്നാൽ അത് നടപ്പാക്കിയതിലെ പാളിച്ചകൾ അടിയന്തിരമായി പരിഹരിക്കണമെന്നുമാണ് കോൺഗ്രസ് നിലപാട്. ഇതിലൂന്നി നിന്നുതന്നെ പ്രസംഗിച്ച മന്മോഹൻ പക്ഷേ, രാജ്യം നേരിടുന്ന പ്രതിസന്ധിയെ കുറഞ്ഞ വാക്കുകളിൽ മോദിക്കുമുന്നിൽ വരച്ചുകാട്ടുകയായിരുന്നു. കഴിഞ്ഞ കുറച്ചുനാൾ ബഹളത്തിൽ മുങ്ങിയ സഭ അതീവ ജാഗ്രതയോടെ മന്മോഹൻ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ വാക്കുകൾക്ക് കാതുകൂർപ്പിച്ച കാഴ്ചയാണ് ഇന്ന് കണ്ടത്.

രാജ്യസഭ കണ്ട ഏറ്റവും മനോഹരവും ശാന്തവുമായ പ്രസംഗം ആയിരുന്നു മന്മോഹൻസിംഗിന്റേത്. അനുവദിച്ച നാല് മിനിട്ടിൽ ഒതുങ്ങി നിന്ന്, ആവേശം ഒട്ടും കാണിക്കാതെ ശാന്തസ്വരത്തിൽ സാമ്പത്തിക വിദഗ്ധന്റെ കൈയൊപ്പോടെ മന്മോഹൻ സംസാരിച്ചപ്പോൾ ഭരണപക്ഷ ബഞ്ചുകൾ പോലും നിശബ്ദമായിരുന്നു. ആരു പറയുന്നതും കേൾക്കാതിരുന്ന മോദി അതീവ ശ്രദ്ധയോടെയാണ് മന്മോഹന്റെ ഇംഗ്ലീഷിലെ പ്രസംഗം കേട്ടിരുന്നത്. മുൻ റിസർവ്വ് ബാങ്ക് ഗവർണറും ഇന്ത്യൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിതാവും ലോകം ആദരിക്കുന്ന സാമ്പത്തിക വിദഗ്ധനുമായ മന്മോഹന്റെ അഭിപ്രായം അറിയാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു. അതേസമയം, ആരെയും നിരാശപ്പെടുത്താതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മോദിയുടെ ഉദ്ദേശശുദ്ധി അംഗീകരിച്ചുകൊണ്ടായിരുന്നു പ്രസംഗം നീണ്ടത്.

അമ്പതുദിവസം കാത്തിരുന്ന് തുടർ നടപടികൾ സ്വീകരിക്കുന്നത് പാവപ്പെട്ടവർക്ക് വലിയ വിഷമമുണ്ടാക്കുമെന്ന് സർക്കാർ മനസ്സിലാക്കണം. നോട്ടുപ്രതിസന്ധി രാജ്യത്തിന്റെ കാർഷിക മേഖലയെ ഏറ്റവുമധികം ദോഷകരമായി ബാധിക്കും. എല്ലാ ദിവസവും സാമ്പത്തിക പരിഷ്‌കരണങ്ങൾ നടത്താൻ പാടില്ല. വിഷയം കൈകാര്യം ചെയ്യുന്നതിൽ റിസർവ് ബാങ്കിന് വീഴ്ചപറ്റിയെന്നത് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടേയും പിടിപ്പു കേടാണ്.

നോട്ടു പിൻവലിക്കൽ നടപടിമൂലം രാജ്യത്ത് ആത്യന്തികമായി എന്തു സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. കറൻസി നിരോധനം മൂലം രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം രണ്ടുശതമാനം കുറയും. നോട്ടുപിൻവലിക്കൽ ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് അവകാശവാദം. പക്ഷേ, ഇത്രയും ദീർഘകാലം ആരും ജീവിച്ചിരിക്കാറില്ലെന്നത് ഓർക്കണമെന്നും മന്മോഹൻ പറഞ്ഞത് ഗൗരവത്തോടെയാണ് സഭ കേട്ടിരുന്നത്. ഇത്തരം സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്തുമ്പോൾ റിസർവ് ബാങ്കിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന തരത്തിൽ നടപടികൾ ഉണ്ടാകരുതായിരുന്നു എന്നും മന്മോഹൻ ഓർമിപ്പിച്ചു.

ഇന്ന് മന്മോഹൻസിങ് കറൻസി പിൻവലിക്കൽ വിഷയത്തിൽ സംസാരിക്കുമെന്ന് കോൺഗ്രസ് നിർദ്ദേശിച്ചപ്പോൾ ആദ്യം അരുൺ ജെയ്റ്റ്‌ലി ഇതിനെ എതിർത്തിരുന്നു. തുടർന്ന് ഗുലാംനബി ആസാദ് മന്മോഹൻ തന്നെ സംസാരിക്കുമെന്ന് വ്യക്തമാക്കി. ഇതോടെ ജെയ്റ്റ്‌ലിയും അദ്ദേഹം ഈ വിഷയവുമായി ബന്ധപ്പെട്ടാണ് സംസാരിക്കുന്നതെങ്കിൽ ചർച്ചയിൽ പങ്കെടുക്കട്ടെ എന്ന നിലപാടുമായി എത്തുകയായിരുന്നു. വിഷയത്തിൽ നിന്ന് മാറി മറ്റെന്തെങ്കിലും പറയാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിപക്ഷത്തുനിന്ന് മറ്റാരെയും സംസാരിക്കാൻ അനുവദിക്കരുതെന്ന മുൻകൂർ ജാമ്യവുമെടുക്കുകയായിരുന്നു ജെയ്റ്റ്‌ലി. രാജ്യസഭയിൽ നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യസഭയിൽ ചർച്ച പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് സഭാ നടപടികൾ പുനരാരംഭിച്ചത്. ആദ്യം എതിർത്തെങ്കിലും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി മന്മോഹൻ സിങ് ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ ക്ഷണിക്കുകയായിരുന്നു.

ചരിത്രപരമായ ഒരു മണ്ടത്തരമാണ് മോദി സർക്കാർ സ്വീകരിച്ചതെന്ന് വ്യക്തമാക്കിയ മന്മോഹൻ ഇതുവരെ 65 പേർക്ക് ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് ജീവൻ നഷ്ടമായെന്ന് വ്യക്തമാക്കിയാണ് പ്രസംഗിച്ചു തുടങ്ങിയത്. കറൻസിയിലും ബാങ്കിങ് സംവിധാനത്തിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. തങ്ങളുടെ പണം ബാങ്കിൽ നിന്ന് പിൻവലിക്കുന്നതിന് വിലക്കേർപ്പെടുത്തുക എന്നത് ലോകചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഈ നടപടി രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഏറെ ദോഷകരമായി ബാധിക്കും. കറൻസി നിരോധനം നടപ്പാക്കിയ രീതി ശരിയല്ലെന്നും ഇത് കാർഷിക മേഖലയേയും ചെറുകിട വ്യവസായത്തേയും പൂർണമായും തകർക്കുമെന്നുമാണ് തന്റെ അഭിപ്രായമെന്നും മന്മോഹൻ വ്യക്തമാക്കി.

അമ്പതുദിവസം കാത്തിരിക്കാനാണ് മോദി പറയുന്നത്. പക്ഷേ പാവപ്പെട്ടവർക്ക് ഇത്രയും ദിവസം പിടിച്ചുനിൽക്കാനാവില്ല. ഇത് ഗൗരവമായി കാണണം. ഗ്രാമീണ മേഖലയിലെ പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കപ്പെടണമെന്ന് സഹകരണ മേഖലയിലുണ്ടായ പ്രശ്‌നങ്ങളെ ഉദ്ദേശിച്ച് മന്മോഹൻ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ചുകൂടി ക്രിയാത്മകമായി നടപടികൾ കൈക്കൊള്ളണം.

സ്വന്തം പണം അക്കൗണ്ടിൽ നിക്ഷേപിക്കുകയും അത് പിൻവലിക്കാനാകാത്ത അവസ്ഥയുണ്ടാകുകയും ചെയ്ത ഏതെങ്കിലും രാജ്യമുണ്ടാകുമോയെന്ന് നരേന്ദ്ര മോദി പറയണമെന്നും മന്മോഹൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യപ്പെടലിനും ശക്തമായ പ്രതിഷേധത്തിനും ശേഷം പാർലമെന്റിൽ എത്തിയ നരേന്ദ്ര മോദിയെ സാക്ഷിയാക്കിയായിരുന്നു മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സിന്റെ സാമ്പത്തിക വിദഗ്ധരിൽ പ്രമുഖനുമായ മന്മോഹൻ സിങ് കറൻസി പിൻവലിക്കൽ സൃഷ്ടിച്ച ആഘാതങ്ങൾ രാജ്യസഭയിൽ ചൂണ്ടിക്കാട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP