Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റ പണം പോലും പുതിയതായി നിക്ഷേപം കിട്ടാത്ത ജില്ലാ സഹകരണ ബാങ്കിൽ നിന്നു കോടികൾ പിൻവലിക്കുന്നു; സഹകരണ ബാങ്കുകളിലെ കണക്കിൽപ്പെട്ട നിക്ഷേപം പിൻവലിച്ചു കൊണ്ടു വരാൻ പ്രോത്സാഹനം നൽകി ന്യൂ ജനറേഷൻ ബാങ്കുകൾ; കേന്ദ്രം എന്തു തീരുമാനിച്ചാലും സഹകരണ ബാങ്കുകൾ ഇനി ഗതികിട്ടാപ്രേതമെന്നു റിപ്പോർട്ടുകൾ

ഒറ്റ പണം പോലും പുതിയതായി നിക്ഷേപം കിട്ടാത്ത ജില്ലാ സഹകരണ ബാങ്കിൽ നിന്നു കോടികൾ പിൻവലിക്കുന്നു; സഹകരണ ബാങ്കുകളിലെ കണക്കിൽപ്പെട്ട നിക്ഷേപം പിൻവലിച്ചു കൊണ്ടു വരാൻ പ്രോത്സാഹനം നൽകി ന്യൂ ജനറേഷൻ ബാങ്കുകൾ; കേന്ദ്രം എന്തു തീരുമാനിച്ചാലും സഹകരണ ബാങ്കുകൾ ഇനി ഗതികിട്ടാപ്രേതമെന്നു റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നോട്ട് അസാധുവാക്കൽ പ്രതിസന്ധിയിൽ കുടുങ്ങിയ സഹകരണ ബാങ്കുകൾക്ക് ഇനിയൊരു ഉയർത്തെഴുന്നേൽപ്പ് അസാധ്യമെന്ന സൂചന നൽകി നിക്ഷേപം പിൻവലിക്കൽ തുടരുകയാണ്. സംസ്ഥാനത്തെ സഹകരണബാങ്കുകളിൽ 30,000 കോടി രൂപയുടെ കണക്കിൽപെടാത്ത നിക്ഷേപമുണ്ടെന്നാണ് വലിയിരുത്തൽ ആകെ ഉണ്ടായിരുന്ന നിക്ഷേപത്തിന്റെ പകുതിയോളം വരും ഇത്തരം പണമെന്നാണ് വിവരം. 1605 ലേറെ വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലായി 60,000 കോടി രൂപയുടെ നിക്ഷേപമാണ് നിലവിലുള്ളത്. ഇതിലെ കള്ളപ്പണത്തെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും നിയന്ത്രണങ്ങൾ കൊണ്ടു വന്നതെന്നതാണ് വസ്തുത. തുടക്കത്തിൽ ഈ വിവാദം കേരളത്തിൽ മാത്രമൊതുങ്ങി. പതിയെ ഗുജറാത്തിലേയും പഞ്ചാബിലേയും ബംഗാളിലേയും സഹകരണ പ്രസ്ഥാനങ്ങളും പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞു. ഇതിൽ നിന്ന് കരകയറാൻ കേന്ദ്രം നിലപാടിൽ തിരുത്തൽ വരുത്തണമെന്ന് ഏവരും ആവശ്യപ്പെടുന്നു. എന്നാൽ ഈ വിവാദം സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണ് തകർത്തത്. അതുകൊണ്ട് തന്നെ നിക്ഷേപകർ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ഇനി ആകർഷിക്കപ്പെടില്ലെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.

സഹകരണ ബാങ്കുകളുടെ വിശ്വാസ തകർച്ച മുതലെടുക്കാൻ ന്യൂജെൻ ബാങ്കുകളും സജീവമായുണ്ട്. അതിന്റെ പ്രതിഫലനം കണ്ടു തുടങ്ങുകയും ചെയ്തു. അസാധു നോട്ടുകളുടെ വിനിമയം അനുവദിക്കാത്തതിനെ തുടർന്ന് ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് നിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഒരാഴ്ച കൊണ്ട് 20 കോടിരൂപയുടെ നിക്ഷേപങ്ങളാണ് പിൻവലിച്ചത്. ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് പിൻവലിക്കപ്പെട്ട നിക്ഷേപങ്ങളിലേറെയും പോകുന്നത് പുതുതലമുറ ബാങ്കുകളിലേക്കാണെന്നും പോകുന്നത്. നിക്ഷേപങ്ങൾ പിൻലിക്കപ്പെടുമ്പോൾ പുതിയതൊന്നും ആകർഷിക്കാനും കഴിയുന്നില്ല. നിലവിൽ പ്രാഥമിക സഹകരണബാങ്കുകളിൽ അത്യാവശ്യം കരുതൽ നിക്ഷേപമുണ്ട്. ഇത് പഴയ നോട്ടുകളാണ്. ഈ നോട്ടുകൾ പോലും വാങ്ങി നിക്ഷേപം പിൻവലിക്കുകയാണ് ഇടപാടുകാർ. ഇതിന് പിന്നിൽ കള്ളക്കളികളുണ്ടെന്ന് സഹകരണ മേഖല തിരിച്ചറിയുന്നു. പക്ഷേ നിക്ഷേപം പിൻവലിക്കാനെത്തുന്നവർക്ക് അത് നൽകുക മാത്രമാണ് ബാങ്കുകൾക്ക് മുന്നിലുള്ള ഏക വഴി.

നിലവിലെ നിയമപ്രകാരം ആർക്കും എത്ര തുകവേണമെങ്കിലും ബാങ്കുകളിൽ നിക്ഷേപിക്കാം. പഴയ 500, 1000 നോട്ടുകൾ പോലും നിക്ഷേപമായി സ്വീകരിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. ഈ പഴുത് സമർത്ഥമായി ഉപയോഗിക്കുകയാണ് ന്യൂ ജെൻ ബാങ്കുകൾ. അതായത് ജില്ലാ സഹകരണ ബാങ്കിൽ നിന്ന് കണക്കിൽപ്പെടുന്നതാണെങ്കിൽ പണം പിൻവലിക്കുക. അതിന് ശേഷം അത് ബാങ്കിൽ നിക്ഷേപിക്കുക. ഇതിലൂടെ നിക്ഷേപകന്റെ പണം സുരക്ഷിതമാകും. കണക്കിൽപ്പെടുന്ന തുകയ്ക്ക വീണ്ടും നികുതി നൽകുകയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാവുകയില്ല. വലിയ ഓഫറുകൾ നൽകി സഹകരണ ഇടപാടുകാരെ ആകർഷിക്കാൻ ഗ്രാമങ്ങളിൽ പോലും ന്യൂജെൻ ബാങ്കിന്റെ പ്രതിനിധികളുണ്ട്. അങ്ങനെ സഹകരണ ബാങ്കിലെ നിക്ഷേപമെല്ലാം പഴയ നോട്ടുകളുടെ രൂപത്തിൽ പിൻവലിച്ച് ന്യൂജെൻ ബാങ്കുകളിൽ നിക്ഷേപിക്കുകയാണ് സാധാരണക്കാർ. ഇവിടെയാണ് സഹകരണ മേഖല യഥാർത്ഥ പ്രതിസന്ധി തിരിച്ചറിയുന്നത്. അതായത് സഹകരണ പ്രസ്ഥാനത്തിലെ കണക്കിൽപ്പെടുന്ന പണത്തിൽ 90 ശതമാനവും ഉടൻ നഷ്ടമാകും. പിന്നെയുള്ളത് പുറത്തെടുക്കാൻ കഴിയാത്ത കള്ളപ്പണവും. അതുകൊണ്ട് സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂടുക മാത്രമേ ഉള്ളൂ.

സംസ്ഥാനത്തൊട്ടാകെ 62,000 കോടിരൂപയുടെ നിക്ഷേപവും 33,000 കോടിരൂപയുടെ വായ്പയും ജില്ലാ സഹകരണ ബാങ്കുകൾക്കുണ്ട്. 40 ലക്ഷത്തോളം ഇടപാടുകാരും. നോട്ടുകൾ അസാധുവാക്കിയതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മാത്രം ജില്ലാ സഹകരണ ബാങ്കുകൾ 300 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിരുന്നു. വായ്പയെടുത്തവരിൽ മറ്റുബാങ്കുകളിൽ അക്കൗണ്ടില്ലാത്തവർ കടുത്ത ആശങ്കയിലാണ്. ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവർത്തനം ഇത്തരത്തിൽ സ്തംഭിച്ച സാഹചര്യത്തിലാണ്, പല നിക്ഷേപകരും പണം പിൻവലിക്കാൻ തുടങ്ങിയത്. പതിനാലാം തീയതിയാണ് അസാധുനോട്ടുകളുടെ വിനിമയത്തിൽ നിന്ന് ജില്ലാ സഹകരണബാങ്കുകളെ ആർബിഐ വിലക്കിയത്. അതിനു ശേഷമുള്ള ഏഴു ദിവസം കൊണ്ടുതന്നെ വിവിധ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് 20 കോടിരൂപയുടെ നിക്ഷേപം പിൻവലിക്കപ്പെട്ടു. ഇത് ചില വ്യക്തമായ സൂചനയാണ്. സഹകരണ ബാങ്കുകളിലെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിയടക്കം ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും നിക്ഷേപങ്ങൾ മറ്റ് ബാങ്കുകളിലേക്ക് പോകുകയാണ്. പ്രാഥമിക സഹകരണ സംഘങ്ങളിൽ പണമെത്തിയാൽ അവിടത്തെ നിക്ഷേപവും ഇത്തരത്തിൽ പിൻവലിക്കപ്പെടും. സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നഷ്ടമായതാണ് ഇതിന് കാരണം.

ജില്ലാ സഹകരണ ബാങ്കുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവ നിക്ഷേപം സ്വീകരിക്കരുതെന്നാണ് റിസർവ് ബാങ്കിന്റെ കൽപന. അസാധു നോട്ട് മാറ്റി വാങ്ങുന്നതിനും വിലക്കുണ്ട്. നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ച അപ്രതീക്ഷിത നടപടിയെതുടർന്ന് അതുവരെ തങ്ങളുടെ പക്കലുണ്ടായിരുന്നതും തുടർദിവസങ്ങളിൽ നിക്ഷേപിക്കപ്പെട്ടതുമായ പണവും സഹകരണ മേഖലയെ അനിശ്ചിതത്വത്തിലായിരിക്കയാണിപ്പോൾ. സംസ്ഥാന സഹകരണ ബാങ്കിനെയും അർബൻ ബാങ്കുകളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവ കേരളത്തിലെ സഹകരണ രംഗത്ത് പത്തു ശതമാനം മാത്രമേ പങ്കു വഹിക്കുന്നുള്ളൂ. സർക്കാരിന്റെ പ്രഖ്യാപനത്തെതുടർന്ന് മറ്റു ബാങ്കുകളിലെന്ന പോലെ സഹകരണ ബാങ്കുകളിലും ആളുകൾ അസാധു നോട്ടുകളുടെ നിക്ഷേപം നടത്തുകയുണ്ടായി. കയ്യിലുണ്ടായിരുന്ന പഴയ നോട്ടുകൾ ഏതു വിധേനയും പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ജനങ്ങളുടെ ലക്ഷ്യം. ഇതിന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ജനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും അനുമതി നൽകിയിരുന്നതാണ്.

എന്നാൽ അഞ്ചു ദിവസം കഴിഞ്ഞ് പൊടുന്നനെ, സഹകരണ ബാങ്കുകൾ നിക്ഷേപം സ്വീകരിക്കുന്നതിന് റിസർവ് ബാങ്ക് വിലക്ക് കൽപിച്ചിച്ചു. ഇതാണ് വലിയ പ്രതിസന്ധിയുണ്ടാക്കിയത്. പ്രാഥമിക സഹകരണ സംഘങ്ങളടക്കം 2800 കോടിയോളം രൂപയാണ് സ്വീകരിച്ചിട്ടുള്ളത്. ഈ പണമാണ് ജില്ല സഹകരണ ബാങ്കിൽ ഇപ്പോഴുള്ളത്. ഇത് വാങ്ങിയാണ് പലരും നിക്ഷേപം ക്ലോസ് ചെയ്ത് മറ്റ് ബാങ്കുകളിലേക്ക് പോകുന്നത്. സ്ഥിരനിക്ഷേപത്തിന് 10.5% വരെ പലിശ നൽകിയിരുന്ന സഹകരണ ബാങ്കുകളിൽ ഇപ്പോൾ 8.5 % ശതമാനമാണ് പലിശ. എന്നാൽ പൊതുമേഖലാ ബാങ്കുകളിൽ ഇത്തരം നിക്ഷേപങ്ങൾക്കു നൽകുന്നത് 7.5%മാത്രമാണ്. പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപം നടത്തുമ്പോൾ പണത്തിന്റെ ഉറവിടം കാണിക്കേണ്ടതുണ്ട്. മാത്രമല്ല പാൻ കാർഡ്, ആധാർ കാർഡ് എന്നിവയും നിർബന്ധമാണ്. വർഷം 10,000 രൂപ പലിശ വാങ്ങുന്നുണ്ടെങ്കിൽ അതിന് വേറെ നികുതിയും കെട്ടണം.

എന്നാൽ ഇത്തരം നൂലാമാലകൾ ഒന്നുമില്ലാതെ സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കാം. അതിനാൽ പലിശ വർദ്ധന മാത്രമല്ല കാര്യം എളുപ്പമായി നടക്കുമെന്നതാണ് സഹകരണ ബാങ്കുകളിലേക്ക് സാധാരണക്കാരെ ആകർഷിക്കുന്നത്. എന്നാൽ ഈ ആനുകൂല്യങ്ങളുടെ മറവിൽ അനധികൃത സമ്പാദ്യക്കാരും അവരുടെ കുടുംബാംഗങ്ങളും മുഖ്യ ഇടപാടുകാരായി മാറിയെന്നതും വസ്തുതയാണ്. എന്നാൽ ബാങ്കുകളിലെ നൂലാമാലകൾ സഹകരണ പ്രസ്ഥാനങ്ങളിലുമെത്തിക്കാനാണ് റിസർവ്വ് ബാങ്കിന്റെ ശ്രമം. ഇതിനെ കേന്ദ്ര സർക്കാരും പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തിൽ ആരും സഹകരണ ബാങ്കുകളിൽ നിക്ഷേപവുമായി ഇനി എത്തില്ല. ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതാണ് സുരക്ഷിതമെന്ന സന്ദേശം ആർബിഐയും കേന്ദ്രസർക്കാരും നോട്ട് അസാധുവാക്കലിലൂടെ നൽകിയത്. കള്ളപ്പണത്തിന്റെ കേന്ദ്രമായി സഹകരണത്തെ ചിത്രീകരിച്ചതും ഈ ലക്ഷ്യത്തിനായിട്ടായിരുന്നു. അങ്ങനെ ഉയർത്തിക്കാട്ടപ്പെട്ട അർത്ഥ സത്യം രാജ്യത്തെ സഹകരണ മുന്നേറ്റത്തെ തകർക്കുമെന്ന് ഉറപ്പാണ്. സഹകരണ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ആർബിഎ എടുത്താൽ പോലും എല്ലാവരും പണം നിക്ഷേപം പിൻവലിച്ച് മറ്റ് ബാങ്കുകളിലേക്ക് പോകുമെന്നും വിലയിരുത്തപ്പെടുന്നു.

പ്രാഥമിക സഹകരണ സംഘങ്ങളെ നബാർ്്ഡിന്റെ പിന്തുണയോടെ പിടിച്ചു നിർത്തുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. അതായത് നബാർഡിലൂടെ പണം വായ്പയെടുത്ത് കർഷകർക്കും മറ്റും വിതരണം ചെയ്യുക. അവരിൽ നിന്ന് നാമമാത്ര പലിശ വാങ്ങി ഇടപെടൽ നടത്തണമെന്നതാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. ഇത് കേരളത്തിലെ സഹകരണ മേഖള ആഗ്രഹിക്കുന്നില്ല. നൂറ് കോടിയിലേറെ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകൾ കേരളത്തിലൂണ്ടായിരുന്നു. പൂർണ്ണമായും സ്വയം പര്യാപ്തരായ ഇത്തരം ബാങ്കുകൾക്ക് ഈ മാതൃക ഒരിക്കലും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയില്ല. എന്നാൽ ആർബിഐയുടെ നിയന്ത്രണമില്ലാതെ ഇടപാടുകൾ അനുവദിക്കില്ലെന്ന നിലപാട് സഹകരണ മേഖലയെ ആകെ തളർത്തും. 2016 സെപ്റ്റംബർ 30 ലെ കണക്കു പ്രകാരം കേരളത്തിലെ സഹകരണ ബാങ്കുകളിൽ 1,40,000 കോടി നിക്ഷേപവും ഒരു ലക്ഷം രൂപയുടെ വായ്പയുമുണ്ട്. 15,287 പ്രഥാമിക സഹകരണസംഘങ്ങളാണ് കേരളത്തിലുള്ളത്. ഈ പണമൊഴുക്കാണ് നിലയ്ക്കാൻ പോകുന്നത്.

1904ലെ സഹകരണ വായ്പാ നിയമമാണ് രാജ്യത്ത് സഹകരണ രംഗത്ത് സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിന് കാരണമായത്. കാർഷിക വായ്പാ സഹകരണ സംഘങ്ങൾ എന്നാണ് ഇവയറിയപ്പെട്ടത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും മാസ ശമ്പളക്കാരും വാണിജ്യ ബാങ്കുകളെ ആശ്രയിക്കുമ്പോൾ, താഴേക്കിടയിലുള്ള കർഷകരും കർഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമാണ് ഈ മേഖലയിലെ ആദ്യകാലം മുതലുള്ള ഗുണഭോക്താക്കൾ. പിന്നീട് ഇതിന്റെ സാധ്യത രാഷ്ട്രീയക്കാർ തിരിച്ചറിഞ്ഞു. ഇതോടെ നിക്ഷേപ സമാഹരണ യജ്ഞമെത്തി. സഹകരണ മേഖലയിൽ പത്തുകൊല്ലം മുമ്പ് വരെ നികുതിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നികുതി വെട്ടിക്കാനുള്ള അവസരമായി പല ഉന്നതരും സഹകരണമേഖലയെ കണ്ടു. എന്നാൽ യുപിഎ സർക്കാരിന്റെ കാലത്ത് നികുതി ഈടാക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധിയും തുടങ്ങി. കേരളവും ആർബിഐയുമായി ഏറ്റുമുട്ടലും തുടങ്ങി. അത് അവസാനമില്ലാതെ തുടരുന്നതിനിടെയാണ് നോട്ട് അസാധുവാക്കൽ പ്രഖ്യാപനമെത്തിയത്. ഈ അവസരം സമർത്ഥമായി റിസർവ്വ് ബാങ്ക് ഉപയോഗിക്കുകയും ചെയ്തു. ഇതോടെ സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ വിശ്വാസ്യതയും തകർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP