Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പുലിമുരുകൻ സ്റ്റൈലിൽ പറന്നെത്തി മൈസൂരിൽ ഒളിത്താവളത്തിൽ നിന്ന് മകനെ രക്ഷിച്ച് കോടാലി ശ്രീധരൻ; കുഴൽപ്പണ മാഫിയയുടെ കാവൽക്കാരനേയും അധോലോക നായകൻ തട്ടിയെടുത്തു; മുഹമ്മദ് റഫീഖിന്റെ മൊഴി സ്ഥിരീകരിക്കാനാവാതെ പൊലീസും

പുലിമുരുകൻ സ്റ്റൈലിൽ പറന്നെത്തി മൈസൂരിൽ ഒളിത്താവളത്തിൽ നിന്ന് മകനെ രക്ഷിച്ച് കോടാലി ശ്രീധരൻ; കുഴൽപ്പണ മാഫിയയുടെ കാവൽക്കാരനേയും അധോലോക നായകൻ തട്ടിയെടുത്തു; മുഹമ്മദ് റഫീഖിന്റെ മൊഴി സ്ഥിരീകരിക്കാനാവാതെ പൊലീസും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കുപ്രസിദ്ധ ക്വട്ടേഷൻ ഗുണ്ടാനേതാവ് കോടാലി ശ്രീധരന്റെ കുടമുണ്ടയിലെ താമസസ്ഥലത്തുനിന്നും കുഴൽപ്പണമാഫിയ തട്ടിക്കൊണ്ടുപോയി മൈസൂരിൽ ഒളിപ്പിച്ചിരുന്ന മകനെ 'കോടാലി ' നേരിട്ടെത്തി രക്ഷിച്ചെന്നും കടത്തൽ സംഘത്തിലെ പ്രധാനികളെ റാഞ്ചി മുങ്ങിയെന്നും വെളിപ്പെടുത്തൽ.

കുഴൽപ്പണ മാഫിയ സംഘത്തിൽപ്പെട്ട മലപ്പുറം വള്ളുവമ്പ്രം സ്വദേശി തച്ചങ്കോട് മുഹമ്മദ് റഫീഖ് (33) പൊലീസ് ചോദ്യം ചെയ്യലിൽ ഇക്കാര്യം വ്യക്തമാക്കിയതായിട്ടാണ് ലഭ്യമായ വിവരം. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾക്ക് തയ്യാറല്ലെന്നാണ് പൊലീസ് നിലപാട്. കഴിഞ്ഞദിവസം തൃശൂരിൽ നിന്നാണ് മുഹമ്മദിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. മുഹമ്മദും മലപ്പുറത്തെ സ്വർണ്ണവ്യാപാരി അൻവർ സാദത്തും ഉൾപ്പെട്ട എട്ടംഗസംഘമാണ് കുപ്രസിദ്ധ കുഴൽപ്പണ ഇടപാടുകാരൻ കോടാലി ശ്രീധരന്റെ മകൻ അരുണിനെ(30) കടത്തിയതെന്ന് പൊലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നു.

തങ്ങളിൽ നിന്നും തട്ടിയെടുത്ത കോടികൾ ശ്രീധരൻ തിരികെ നൽകിയില്ലെങ്കിൽ കസ്റ്റഡിയിലുള്ള അരുണിനെ കൊലപ്പെടുത്താൻ വരെ മടിക്കില്ലന്ന് കുഴൽപ്പണ മാഫിയ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കവെയാണ് സംഭവത്തിൽ നിർണ്ണായക വഴിത്തിരിവുണ്ടായത്. തൃശൂരിൽനിന്നു കഴിഞ്ഞദിവസം പിടികൂടിയ മുഹമ്മദിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കോടാലി ശ്രീധരൻ സ്വന്തം മകനെ, കുഴൽപ്പണമാഫിയ തട്ടിക്കൊണ്ടുപോയി രഹസ്യമായി തടവിൽ പാർപ്പിച്ചിരുന്ന രഹസ്യകേന്ദ്രത്തിൽനിന്നു കാവൽക്കാരുൾപ്പെടെയുള്ളലവരെ കടത്തിക്കൊണ്ടുപോയതായി സൂചന ലഭിച്ചത്. എന്നാൽ ഈ വിവരം പൊലീസിനു സ്ഥിരീകരിക്കാനായിട്ടില്ല.

കോതമംഗലത്ത് തങ്ങി വ്യക്തമായ പദ്ധതി തയ്യാറാക്കിയ ശേഷമാണ് മുഹമ്മദുൾപ്പെട്ട എട്ടംഗസംഘം അരുണിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കടത്തൽ സംഘത്തേക്കുറിച്ച് വ്യക്തമായി അറിവുള്ള ശ്രീധരന്റെ ഭാര്യ വത്സയും കുടുംബാംഗങ്ങളും മുഹമ്മദിനെക്കുറിച്ച് നേരത്തെ പൊലീസിന് വിവരം നൽകിയിരുന്നു. എന്തിനും മടിക്കാത്ത കൂട്ടരാണ് മകനെ കടത്തിക്കൊണ്ടുപോയിട്ടുള്ളതെന്നും അവനെ ഉടൻ രക്ഷിക്കണമെന്നും ഉന്നത പൊലീസ് അധികൃതരോട് മാതാവ് വത്സ ആവശ്യപ്പെട്ടിരുന്നു.

അരുണിനെയും കൊണ്ട് കടത്തൽ സംഘം മൈസൂരിൽ എത്തിയതായി സ്ഥിരീകരിച്ചെന്നും സംഭവത്തിലുൾപ്പെട്ട മുഴുവൻ പ്രതികളെയും പിടികൂടുന്നതിന്് ഊർജ്ജിതമായി തിരച്ചിൽ നടത്തിവരികയാണെന്നും കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന കോതമംഗലം സി.ഐ വി റ്റി ഷാജൻ അറിയിച്ചു.

കഴിഞ്ഞ 31-ാം തീയതി രാവിലെ ആറു മണിക്ക് ശ്രീധരൻ താമസിച്ചിരുന്ന കോതമംഗലം കുടമുണ്ടയിലെ വീട്ടിൽ എട്ടംഗ സംഘം ഇന്നോവ കാറിലെത്തി അരുണിനെ (30) തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ കേസിലെ ഒന്നാം പ്രതി അൻവർ സാദത്ത്, രണ്ടാം പ്രതി ഇപ്പോൾ പിടിയിലായ മുഹമ്മദ് റഫീഖ് എന്നിവരുടെ കോടിക്കണക്കിന് വരുന്ന കുഴൽപ്പണം രണ്ടു പ്രാവശ്യമായി കോടാലി ശ്രീധരന്റെ നേതൃത്വത്തിൽ തട്ടിയെടുത്തിരുന്നു. ഈ പണം തിരികെ വാങ്ങുന്നതിന് വേണ്ടിയാണ് പ്രതികൾ ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോയി വിലപേശൽ നടത്തിവരുന്നത്.

തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപത്ത് വച്ച് ബലപ്രയോഗത്തിലൂടെയാണ് കോതമംഗലം പൊലീസ് മുഹമ്മദിനെ കീഴടക്കി കസ്റ്റഡിയിൽ എടുത്തത്. കോതമംഗലത്ത് പ്രതികൾ താമസിച്ചിരുന്ന രണ്ടു ലോഡ്ജുകളിൽ മുഹമ്മദുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കി. റിമാന്റിലായ മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യലിന് ലക്ഷ്യമിട്ടുണ്ടെന്നും ഇതുവഴി സംഭവത്തിലുൾപ്പെട്ട മുഴുവൻ പ്രതികളെയും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി ഐ വ്യക്തമാക്കി.

കോതമംഗലത്തിനടുത്ത് കുടമുണ്ടയിലെ താമസസ്ഥലത്തു നിന്നും എട്ടംഗ സംഘം മകനെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് ശ്രീധരന്റെ ഭാര്യ പണിക്കവളപ്പിൽ വീട്ടിൽ വത്സ പൊലീസിൽ കോതമംഗലം പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. സംഭവം നടന്ന് മൂന്നാഴ്ചക്ക് ശേഷമാണ് ഇപ്പോൾ പ്രതികളിലൊരാൾ പൊലീസ് വലയിലായിട്ടുള്ളത്.

ഏട്ടുപേരടങ്ങുന്ന സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറിയെന്നും 30-കാരനായ മകൻ അരുണിനെ ബലമായി പിടിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയെന്നുമാണ് വത്സലയുടെ പരാതിയിൽ വ്യക്തമാക്കിയിരുന്നത്. ഒരുമാസം മുമ്പാണ് ശ്രീധരനും കുടുംബവും കോതമംഗലത്തുനിന്നും അഞ്ചുകിലോമീറ്റർ അകലെ കുടമണ്ടയിൽ താമസമാക്കിയത്. വത്സയും മകനും മകന്റെ ഭാര്യയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശ്രീധരനെ അന്വേഷിച്ചെത്തിയവർ ഇയാളെ കിട്ടാത്ത ദേഷ്യത്തിൽ മകനെ കടത്തിയതാവാമെന്നാണ് പൊലീസ് അനുമാനം. റോഡിൽ നിന്നു നോക്കിയാൽ പെട്ടെന്ന് കാണാത്ത ഭാഗത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പരാതിയുമായി വത്സ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് ഈ കൊടുംകുറ്റവാളി ഇവിടെ താമസമാക്കിയ കാര്യം പൊലീസ് അറിയുന്നത് .

പോൾ മുത്തൂറ്റ് കൊലയുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്ന ശ്രീധരൻ ബാംഗ്ലൂരിൽ നിരവധി കവർച്ച കേസ്സുകളിൽ പ്രതിയായാണ്. ചെന്നൈയിൽനിന്ന് മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്ന 3.90 കോടിയുടെ ഹവാലാ പണം പൊലീസ് സഹായത്തോടെ തട്ടിയെടുത്ത സംഭവത്തിൽ ശ്രീധരനും അരുണും പ്രതികളാണ്.

സ്വർണവ്യപാരിയായ മലപ്പുറം സ്വദേശി അൻവർ സാദത്ത് (35), ജീവനക്കാരായ മുഹമ്മദ് (33), മുഷീർ (35), ശിതോഷ് (32) എന്നിവർ ചെന്നൈയിൽനിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന ഹവാലാ പണമാണ് ശ്രീധരൻ തട്ടിയെടുത്തത്. സംഭവം സംബന്ധിച്ച് അൻവർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് വിവരം പുറത്തായത്. മകൻ അരുണിനെ കസ്റ്റഡിയിൽ വച്ച് ശ്രീധരനിൽ നിന്നും ഈ പണം വീണ്ടെടുക്കുന്നതിനാണ്് അൻവറിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നതെന്നാണ് പൊലീസ് അനുമാനം. മൂന്നാഴ്ചയോളമായി പണം നൽകാൻ ശ്രീധരൻ തയ്യാറാവാത്ത സാഹചര്യത്തിൽ കടത്തൽ സംഘം രോഷാകൂലരാണെന്നും അരുണിന്റെ ജീവൻ മുൻനിർത്തിയുള്ള ഇക്കൂട്ടരുടെ വിലപേശൽ അത്യന്തം അപകടകരമായ സ്ഥിതിയിൽ എത്തിയതായിട്ടുമാണ് പൊലീസ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP