Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുത്തൻ നോട്ടുകൾ കൈക്കൂലി നൽകുമ്പോൾ ആദ്യം പിടിവീണത് ഗുജറാത്തിൽ; നാലുലക്ഷത്തിന്റെ രണ്ടായിരം രൂപ നോട്ടുകൾ നൽകിയത് രണ്ട് പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥർക്ക്; നിയന്ത്രണങ്ങളുണ്ടായിട്ടും ഇത്രയും പുത്തൻ കറൻസി സ്വരൂപിച്ചതിനെക്കുറിച്ചും അന്വേഷണം

പുത്തൻ നോട്ടുകൾ കൈക്കൂലി നൽകുമ്പോൾ ആദ്യം പിടിവീണത് ഗുജറാത്തിൽ; നാലുലക്ഷത്തിന്റെ രണ്ടായിരം രൂപ നോട്ടുകൾ നൽകിയത് രണ്ട് പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥർക്ക്; നിയന്ത്രണങ്ങളുണ്ടായിട്ടും ഇത്രയും പുത്തൻ കറൻസി സ്വരൂപിച്ചതിനെക്കുറിച്ചും അന്വേഷണം

അഹമ്മദാബാദ്: കറൻസി നിരോധനത്തിന്റെ പേരിൽ ജനങ്ങൾ പണം മാറ്റിയെടുക്കാൻ ക്യൂ നിൽക്കുന്നതിനിടെ ഒരാഴ്ച മുമ്പു മാത്രം പുറത്തിറങ്ങിയ രണ്ടായിരം രൂപയുടെ പുത്തൻ നോട്ടുകൾ മാത്രമായി നാലുലക്ഷം കൈക്കൂലി വാങ്ങിയതിന് രണ്ട് ഗുജറാത്ത് സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ.

വ്യക്തികൾക്ക് നേരിട്ട് നാലായിരം രൂപയും അക്കൗണ്ടിലൂടെ ആഴ്ചയിൽ 20,000 രൂപയും മാത്രം പിൻവലിക്കാനേ അനുമതിയുള്ളൂ എന്നതിനാൽ ഇത്രയും രണ്ടായിരം രൂപ നോട്ടുകൾ കൈക്കൂലി നൽകുന്നതിന് സ്വരൂപിക്കപ്പെട്ടതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.

ഗുജറാത്തിലെ കാണ്ട്‌ല തുറമുഖ ട്രസ്റ്റ് ഉദ്യോഗസ്ഥരാണ് കച്ചിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരുടെ പിടിയിലായത്. കൈക്കൂലിക്കാർ പിടിയിലായതിലല്ല, മറിച്ച് ഇവർക്ക് കൈമാറിയ തുകമുഴുവൻ ആഴ്ചകൾക്ക് മുമ്പ് പുറത്തിറങ്ങിയ രണ്ടായിരം രൂപയുടെ നോട്ടുകളായിരുന്നു എന്നതാണ് വലിയ ചർച്ചയായി മാറിയിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കാൻ നിരവധി പേരെ ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് പണം മാറ്റിയെടുക്കാൻ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടായിരം രൂപയുടെ നോട്ടുകളായി നാലുലക്ഷം സ്വരൂപിച്ചിട്ടുണ്ടെങ്കിൽ അത് ഏത് അക്കൗണ്ടിൽ നിന്നും വന്നതാണെന്നും എങ്ങനെയാണ് സ്വരൂപിക്കപ്പെട്ടതെന്നും അന്വേഷിക്കണമെന്ന ആവശ്യമുയർന്നുകഴിഞ്ഞു.

കാണ്ട്‌ല തുറമുഖ ട്രസ്റ്റ് സൂപ്രണ്ട് എൻജിനീയർ ശ്രീനിവാസു, സബ്ഡിവിഷണൽ ഓഫീസർ കുംടേക്കർ എന്നിവരാണ് കുടുങ്ങിയത്. ഇവർക്കുവേണ്ടി പണം വാങ്ങാനെത്തിയ രുദ്രേശ്വർ പിടിയിലായതോടെയാണ് കൈക്കൂലി ഇടപാട് പുറത്തുവന്നത്.

ഒരു കമ്പനിയുടെ ഇടപാട് നടക്കുന്നതിനു വേണ്ടി പണം വാങ്ങാനാണ് രുദ്രേശ്വർ എത്തിയതെന്ന് വിവരം ലഭിച്ചതോടെ കൈക്കൂലി നൽകിയെന്ന് പറയുന്ന സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തി. ശ്രീനിവാസുവിന് രണ്ടരലക്ഷവും കുംടേശ്വറിന് ഒന്നര ലക്ഷവും നൽകാനാണ് തന്നോട് പറഞ്ഞതെന്നാണ് രുദ്രേശ്വറിന്റെ മൊഴി. ഇടപാടിനെ പറ്റി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൂന്നുപേരെയും പിടികൂടിയത്.

അതേസമയം നോട്ടുകളുടെ ഉറവിടം തേടി പരാതിക്കാരന്റെ ഓഫീസിൽ പരിശോധന നടത്തിയ സംഘം ഇതുമായി ബന്ധപ്പെട്ട് നടന്ന ഫോൺകാളുകളും പരിശോധിക്കുകയാണ്. പോർട്ട് ട്രസ്റ്റിനുവേണ്ടി സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് കൈക്കൂലി നൽകാൻ ഒരുങ്ങിയത്. കമ്പനിക്ക് ഒരു പ്രവൃത്തിയുമായി ബന്ധപ്പെട്ട് പോർട്ട് ട്രസ്റ്റ് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതേസമയം, കള്ളപ്പണം മാറ്റിയെടുക്കൽ ബാങ്ക് വഴിതന്നെ വ്യാപകമായി നടക്കുന്നുണ്ടെന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP