Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെൻഷൻ വിതരണവും ഡീസൽ കുടിശ്ശികയും മുടങ്ങി കെഎസ്ആർടിസി; വാങ്ങിയ പാലു നശിപ്പിച്ച് മിൽമ്മ; ആർക്കും വേണ്ടാതായി ഭാഗ്യക്കുറികൾ; തോട്ടം മേഖല പട്ടിണിയിലേക്ക്; കാൻസർ മരുന്നുകൾ നിലച്ചു; ഇടപാടുകൾ നിലച്ച് ഗ്രാമങ്ങൾ; കളക്ഷൻ ഏജന്റുമാർക്ക് തൊഴിൽ ഇല്ലാതെയായി; ഹോട്ടലുകൾക്കും കടകൾക്കും താഴുവീഴുന്നു; കേരളം നേരിടുന്നത് യുദ്ധസമാനമായ സാഹചര്യം

പെൻഷൻ വിതരണവും ഡീസൽ കുടിശ്ശികയും മുടങ്ങി കെഎസ്ആർടിസി; വാങ്ങിയ പാലു നശിപ്പിച്ച് മിൽമ്മ; ആർക്കും വേണ്ടാതായി ഭാഗ്യക്കുറികൾ; തോട്ടം മേഖല പട്ടിണിയിലേക്ക്; കാൻസർ മരുന്നുകൾ നിലച്ചു; ഇടപാടുകൾ നിലച്ച് ഗ്രാമങ്ങൾ; കളക്ഷൻ ഏജന്റുമാർക്ക് തൊഴിൽ ഇല്ലാതെയായി; ഹോട്ടലുകൾക്കും കടകൾക്കും താഴുവീഴുന്നു; കേരളം നേരിടുന്നത് യുദ്ധസമാനമായ സാഹചര്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നോട്ട് അസാധുവാക്കൽ മൂലം ജന നട്ടം തിരിയുമ്പോൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയും പ്രതിസന്ധിയിലേക്ക്. 500ഉം 1000ഉം പിൻവലിച്ചതോടെ കൈയിൽ കാശില്ലാതെ വന്ന ജനങ്ങൾ സാധാനങ്ങൾ വാങ്ങുന്നത് കുറച്ചു. ഇതോടെ വിപണിയിൽ പണത്തിന്റെ ഒഴുക്കും നിലച്ചു. ഇത് കടുത്ത പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങളെത്തി. ഈ സ്ഥിതി തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ പൂർണ്ണ നിശ്ചലാവസ്ഥയിലേക്ക് കേരളമെത്തും. ബാങ്കുകളിലും എടിഎമ്മുകളിലും ആവശ്യത്തിന് പണമില്ലാത്തതും പ്രശ്‌നങ്ങൾ രൂക്ഷമാകുന്നു. നഗരത്തിലെ ചില എടിഎമ്മുകളിൽ പണമെത്തി. എന്നാൽ ഗ്രാമങ്ങളിൽ നോട്ടിനും ചില്ലറയ്ക്കും വേണ്ടി നെട്ടോട്ടമാണ്.

ഇതോടെ കെഎസ് ആർടിസിയും മിൽമയും അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലായി. എങ്ങനേയും കരകയറാൻ ശ്രമിക്കുകയായിരുന്ന കെ എസ് ആർടിസിക്കാണ് വലിയ തരിച്ചടി. വലിയനോട്ടുകൾ അസാധുവാക്കിയതിനെതുടർന്ന് ഹോട്ടലുകളിൽ കച്ചവടം കുത്തനെയിടിഞ്ഞു. 50 ശതമാനം കച്ചവടമാണ് ഹോട്ടലുകളിൽ കുറഞ്ഞതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി പറഞ്ഞു.

സഹകരണബാങ്കുകളിൽ ഇടപാടുകൾ സ്തംഭിച്ചത് സംസ്ഥാനത്തെ ഗ്രാമീണജീവിതത്തിന്റെ താളംതെറ്റിക്കുന്നു. സംസ്ഥാനത്ത് മൊത്തം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിൽ, പകുതിയിലേറെയും സഹകരണബാങ്കുകളിലാണ്. അടിയന്തര ഘട്ടങ്ങളിൽ നൽകുന്ന ചികിത്സാ വായ്പപോലും നൽകാനാകാത്ത സ്ഥിതിയാണിപ്പോൾ. വായ്പയ്ക്കായി അപേക്ഷ നൽകി കാത്തിരിക്കുന്ന ആയിരങ്ങൾ ബദൽ വഴികളില്ലാതെ നെട്ടോട്ടമോടുന്നു.

കെ എസ് ആർ ടി സി വൻ പ്രതിസന്ധിയിൽ

കറൻസി പിൻവലിക്കൽ മൂലം കെഎസ്ആർടിസി വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പെൻഷൻ വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല. ഡീസൽ കുടിശിക 100 കോടി കവിഞ്ഞു. പ്രതിദിനവരുമാനത്തിൽ അര കോടിയോളം രൂപയുടെ ഇടിവുണ്ടായതോടെ അടുത്ത മാസത്തെ ശമ്പളവിതരണവും അനിശ്ചിതത്വത്തിലാകും. എല്ലാ മാസവും 15നാണ് പെൻഷൻ വിതരണം. സാമ്പത്തികപ്രതിസന്ധി മൂലം ഏതാനും മാസങ്ങളായി ഇതു വൈകാറുണ്ടായിരുന്നു. 55 കോടിയോളം രൂപയാണ് പെൻഷനു വേണ്ടത്. ഇതിൽ 27.5 കോടിയാണ് കെഎസ്ആർടിസി നൽകേണ്ടത്. ബാക്കി തുക സർക്കാർ നൽകും.

നിലവിലെ സാഹചര്യത്തിൽ പെൻഷൻ വിതരണം എപ്പോൾ തുടങ്ങാനാകുമെന്നു പറയാൻ കഴിയുന്നില്ല. സപ്ലിമെന്ററി ശമ്പളവും മുടങ്ങി. പ്രതിദിനം ശരാശരി 5.15 കോടിയായിരുന്ന വരുമാനം കഴിഞ്ഞ ഒരാഴ്ചയായി 4.5 കോടിയിൽ താഴെയാണ്. 500,1000 രൂപയുടെ പഴയ നോട്ടുകൾ കെഎസ്ആർടിസി സ്വീകരിക്കുന്നുണ്ടെങ്കിലും ബാക്കി നൽകാൻ ചില്ലറയില്ലാത്തതിനാൽ പിന്നീട് ഡിപ്പോകളിൽ നിന്നു വാങ്ങാൻ നിർദ്ദേശിച്ച് ടിക്കറ്റുകളിൽ എഴുതിനൽകുകയാണ്. ഇതുമൂലം യാത്രക്കാർ കെഎസ്ആർടിസിയിൽ കയറാൻ വിമുഖത പ്രകടിപ്പിക്കുകയാണ്. ഇന്ത്യൻ ഓയിൽ കോർപറേഷനുള്ള ഇന്ധനകുടിശിക 100 കോടി കവിഞ്ഞു. 90 കോടി കവിഞ്ഞതോടെ കഴിഞ്ഞ ദിവസം ഐഒസി ഡീസൽ വിതരണം നിർത്തിവച്ചിരുന്നു. കുടിശിക കൂടുന്നതോടെ ഇന്ധനവിതരണം വീണ്ടും പ്രതിസന്ധിയിലാകുമെന്ന ആശങ്കയുമുണ്ട്.

ഹോട്ടലുകളിൽ 50 ശതമാനം കച്ചവടം കുറഞ്ഞു

ഒരു ലക്ഷത്തിലെറെ ഹോട്ടലുകളാണ് അസോസിയേഷന്റെ കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇടത്തരം ഹോട്ടലുകളെല്ലാം വൻ പ്രതിസന്ധിയിലാണ്. ഒരാൾ ഒറ്റയ്ക്ക് നടത്തുന്ന ചെറിയ ചായക്കടകൾ മാത്രമാണ് പിടിച്ചുനിൽക്കുന്നത്. 50 ശതമാനത്തിലേറെ കച്ചവടം കുറഞ്ഞ ഹോട്ടലുകളിൽ ചിലത് അടച്ചു. എന്നാൽ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്ന വൻകിടഹോട്ടലുകളെ പ്രശ്‌നം ബാധിച്ചിട്ടില്ല. ജനം കൈയിലുള്ള തുക വളരെ ജാഗ്രതയോടെയാണ് ചെലവഴിക്കുന്നതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.

2000ന്റെ നോട്ടിന് ചില്ലറ കിട്ടാത്തതാണ് കച്ചവടം കുത്തനെ ഇടിച്ചത്. തൊഴിലാളികൾ ഇപ്പോൾ കൂലി വാങ്ങാനും തയ്യാറാകുന്നില്ല. തൊഴിലാളികളിൽ ചിലർക്ക് അവധിനൽകിയാണ് ഹോട്ടലുകൾ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതെന്ന് അസോസിയേഷൻ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു. അസാധുവാക്കിയ നോട്ടുകൾ ചില ഹോട്ടലുകളിൽ തുടക്കത്തിലെടുത്തിരുന്നു. ഇപ്പോഴതും നിർത്തി. തട്ടുകടകളിലും കച്ചവടം കുറഞ്ഞിട്ടുണ്ട്.

കളക്ഷൻ ഏജന്റുമാർക്ക് പണി പോയി

നോട്ട് നിരോധനത്തെത്തുടർന്ന് സഹകരണമേഖലയിലെ 12000ഓളം കളക്ഷൻ ഏജന്റുമാർക്കു പണിയില്ലാതായി. പഴയ നോട്ടുകൾ പിരിക്കരുതെന്ന കർശനനിർദ്ദേശവും പുതിയ നോട്ടിന്റെ ക്ഷാമവുംമൂലം ഇവരുടെ ജീവിതം വഴിമുട്ടി. ദിവസേനയുള്ള പിരിവു നിലച്ചതോടെ ബാങ്കുകളിൽനിന്നു വായ്പയെടുത്ത ചെറുകിട കച്ചവടക്കാർക്ക് പണമടയ്ക്കാനും കഴിയുന്നില്ല. ഇവരുടെ വായ്പക്കുടിശ്ശിക ദിവസംതോറും കൂടിവരുന്നു. ജില്ലാ, പ്രാഥമിക സഹകരണബാങ്കുകൾക്കു കീഴിൽ ജോലിചെയ്യുന്ന കളക്ഷൻ ഏജന്റുമാർക്ക് ദിവസവും പിരിക്കുന്ന തുകയ്ക്കനുസരിച്ചു കമ്മിഷനാണ് പ്രതിഫലമായി നൽകുന്നത്. പലരും ദിവസം 30,000 മുതൽ 40,000 വരെ പിരിച്ചിരുന്നു.

നിക്ഷേപം പിരിക്കുമ്പോൾ മൂന്നു ശതമാനവും വായ്പപിരിവിന് ഒരു ശതമാനവുമാണ് കമ്മിഷൻ. ഇതിനുപുറമെ, ചുരുങ്ങിയതു 10 വർഷം സർവീസുള്ള ഏജന്റുമാർക്ക് 2500 രൂപ മാസശമ്പളവും ലഭിക്കും. ചെറുകിട കച്ചവടക്കാരാണ് ഉപഭോക്താക്കളിൽ അധികവും. ദിവസവും ചെറിയ തുക മാത്രമാണു പിരിക്കുന്നതെന്നതിനാൽ കച്ചവടക്കാർക്ക് ഇത് അനുഗ്രഹമായിരുന്നു. ഇതിനുപുറമെ ജില്ലാബാങ്കുകൾ നൽകുന്ന രണ്ടുലക്ഷം വരെയുള്ള ബിസിനസ് ലോണിന്റെ അടവും കളക്ഷൻ ഏജന്റുമാരാണു പിരിക്കുന്നത്.

പാസാക്കിയ വിവാഹ വായ്പ പോലും കൊടുക്കാനാകുന്നില്ല

സഹകരണ ബാങ്കുകളിൽ വിവാഹ ചികിത്സ സഹായ വായ്പകൾക്കായി അപേക്ഷിച്ചവരെയാണ് നോട്ടുപ്രതിസന്ധി കുടുക്കിയിട്ടുള്ളത്. എറണാകുളത്തെ ഒരു പ്രമുഖ സഹകരണബാങ്കിൽ നോട്ടുപ്രതിസന്ധിക്ക് മുമ്പെ പാസ്സാക്കിയത് പത്തിലധികം വിവാഹ വായ്പകളാണ്. ഇതിലൊന്നുപോലും നൽകാനായിട്ടില്ല. ഇതോടെ, പല വിവാഹങ്ങളും മുടങ്ങുമെന്ന സ്ഥിതിയുണ്ട്.

വിവാഹാവശ്യത്തിനായി നിക്ഷേപിച്ച പണം പിൻവലിക്കാനെത്തുന്നവർക്ക് പരമാവധി 24,000 രൂപയുടെ ചെക്ക് നൽകാമെന്നാണ് ബാങ്കുകൾ പറയുന്നത്. ഇതുകൊണ്ട് എന്തുചെയ്യാനാകുമെന്ന ഇടപാടുകാരുടെ ചോദ്യത്തിന് മറുപടി നൽകാനാകാതെ ബാങ്കധികൃതരും കുഴയുകയാണ്.

വിവിധ ക്ഷേമപെൻഷൻ ഇനത്തിൽ കിട്ടിയിട്ടുള്ള പണവും പലരും നിക്ഷേപിച്ചിട്ടുള്ളത് സഹകരണബാങ്കുകളിലാണ്. ഇവരിൽ ഏറെയും ഗ്രാമീണരുമാണ്. ഉണ്ടായിരുന്ന സ്ഥലം വിറ്റും ചിട്ടികിട്ടിയ പണം ഡെപ്പോസിറ്റ് ചെയ്തും മക്കളുടെ വിവാഹാവശ്യത്തിനായി സഹകരണബാങ്കിൽ നിക്ഷേപിച്ചവരും പ്രതിസന്ധിയിലായി.

അസാധുവായ നോട്ടുകൾ സ്വീകരിക്കാൻ ജില്ലാ സഹകരണ ബാങ്കുകൾക്കുള്ള അനുമതി റദ്ദാക്കിയതോടെ ഇത്തരം നോട്ടുകൾ നിക്ഷേപമാക്കി വാങ്ങാൻ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കഴിയാതെയുമായി. പുതിയ നോട്ടുകൾ മാത്രമേ സ്വീകരിക്കാനാകൂ എന്നതിനാൽ സഹകരണ ബാങ്കുകളിലെ നിക്ഷേപം കുറഞ്ഞു.

അതേസമയം, പിൻവലിക്കാനെത്തുന്നവർക്കു നൽകാൻ പുതിയ നോട്ടുകളും ചെറിയ നോട്ടുകളും സ്റ്റോക്കുമില്ല. വ്യക്തികൾക്കെന്ന പോലെ സഹകരണബാങ്കുകൾക്കും പണം പിൻവലിക്കുന്നതിൽ പരിധിയുണ്ട്. ജില്ലാ ബാങ്കിൽ നിന്നും അക്കൗണ്ട് ഉള്ള മറ്റു ബാങ്കുകളിൽ നിന്നും ആഴ്ചയിൽ പരമാവധി 24,000 രൂപ മാത്രമേ പിൻവലിക്കാനാകൂ. എന്നാൽ, കോടിക്കണക്കിന് രൂപയാണ് പല സഹകരണ സ്ഥാപനങ്ങൾക്കും ദിനം പ്രതി ആവശ്യമുള്ളത്. പല സഹകരണ ബാങ്കുകളും നിക്ഷേപമുള്ള ഇടപാടുകാർക്ക് പുതിയ നോട്ടിന്റെ ലഭ്യതയനുസരിച്ച് മാത്രമാണ് പിൻവലിക്കൽ അനുവദിക്കുന്നത്.

ആഴ്ചയിൽ 24,000 വരെ പിൻവലിക്കാമെന്ന് നിർദ്ദേശമുണ്ടെങ്കിലും സഹകരണ ബാങ്കുകൾ തങ്ങളുടെ നോട്ടിന്റെ ലഭ്യത അനുസരിച്ചു പരിധി വച്ചിട്ടുണ്ട്. ചെക്കുകൾ വഴി എത്ര തുക വേണമെങ്കിലും കൈമാറാമെങ്കിലും മറ്റു ബാങ്കുകൾ വഴി പിൻവലിക്കാനുള്ള തുകയ്ക്കും പരിധിയുള്ളതിനാൽ ആ സാധ്യതയും പ്രയോജനപ്പെടുത്താനാകുന്നില്ല. അതേസമയം, ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കാനായി ആത്മാർഥമായ നീക്കങ്ങളാണ് തങ്ങൾ നടത്തുന്നതെന്ന് സഹകരണ ബാങ്കുകൾ പറയുന്നു.

നിക്ഷേപമായി ലഭിക്കുന്ന തുകകളും ബാങ്കിലെ കലക്ഷൻ ഏജന്റുമാർ വഴി ലഭിക്കുന്ന തുകകളും ഉപയോഗിച്ചാണ് ഇടപാടുകാർക്ക് പണം നൽകുന്നത്. സ്ഥിരനിക്ഷേപം പിൻവലിക്കൽ പോലെയുള്ളവയ്ക്ക് മറ്റു ബാങ്കുകളിലും നിയന്ത്രണങ്ങളുണ്ട്. ഇടപാടുകാരുടെ ആവശ്യം തിരിച്ചറിഞ്ഞ് പരിധിക്കുള്ളിൽ സേവനം നൽകുന്നുണ്ടെന്നും ഇവർ പറയുന്നു.

കാരുണ്യ ഫാർമസിയിലും പ്രശ്‌നങ്ങൾ

കാരുണ്യഫാർമസിയിൽ അർബുദരോഗികൾക്ക് കീമോതെറാപ്പിക്കുള്ള സൗജന്യമരുന്ന് വിതരണം നിലച്ചു.'ട്രാസ്റ്റുസുമാബ്' എന്ന മരുന്നാണ് ഒരുമാസത്തോളമായി സർക്കാർ മെഡിക്കൽകോളേജുകളിൽ കിട്ടാനില്ലാത്തത്. കാരുണ്യ സഹായ പദ്ധതിയിൽ ആനുകൂല്യത്തിന് അർഹരായവർക്കാണ് സൗജന്യമരുന്ന് നൽകിവരുന്നത്.

കീമോതെറാപ്പിക്കുള്ള മരുന്നിന്റെ ബില്ല് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് നൽകുകയും കാരുണ്യഫാർമസിവഴി മരുന്ന് അനുവദിക്കയുമാണ് ചെയ്തിരുന്നത്. രോഗികൾക്കും കുടുംബാംഗങ്ങൾക്കും ഇതുവഴി ലഭിച്ചിരുന്ന ആശ്വാസം വലുതായിരുന്നു. മരുന്നുവിതരണം നിലച്ചത് രക്താർബുദത്തിന് ചികിത്സതേടുന്നവരെയാണ് കൂടുതലായി ബാധിച്ചത്. മെഡിക്കൽ സർവീസസ് കോർപറേഷനാണ് മരുന്ന് നൽകുന്നത്. ഈയിനത്തിൽ 14 കോടിരൂപ കുടിശ്ശികയാണ്. തുക കിട്ടാത്തതിനാലാണ് മരുന്നുവിതരണം നിർത്തിവച്ചത്.

തോട്ടം തൊഴിലാളികൾക്ക് കൂലിയില്ല

സംസ്ഥാനത്തെ മൂന്നു ലക്ഷത്തോളം തോട്ടം തൊഴിലാളികളുടെ വേതനം മുടങ്ങി. കഴിഞ്ഞ മാസത്തെ വേതനം ഇതുവരെ ലഭിക്കാത്തതിനാൽ തോട്ടം മേഖല പട്ടിണിയിലേക്കു നീങ്ങുകയാണ്. 200 തൊഴിലാളികൾ വരെയുള്ള തോട്ടങ്ങളിൽ എല്ലാ മാസവും ഏഴിനകവും അതിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥലത്ത് പത്തിനുള്ളിലും വേതനം നൽകണമെന്നാണ് നിബന്ധന. എന്നാൽ, കറൻസി മരവിപ്പിക്കുകയും ബാങ്ക് ഇടപാടുകൾ നിയന്ത്രിക്കുകയും ചെയ്തതോടെ ശമ്പള വിതരണം മുടങ്ങി.

മാനേജർമാർക്ക് ബാങ്കിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന തുകയുടെ എത്രയോ ഇരട്ടി തുകയാണ് ശമ്പളം നൽകാൻ വേണ്ടത്. തൊഴിലാളികൾക്ക് ബാങ്ക് വഴി വേതനം നൽകാൻ ചില മാനേജ്‌മെന്റുകൾ തയാറാണെങ്കിലും പലർക്കും ബാങ്ക് അക്കൗണ്ട് ഇല്ല. മാത്രമല്ല തുക പിൻവലിക്കണമെങ്കിൽ തൊഴിൽദിനം നഷ്ടപ്പെടുത്തി തൊഴിലാളികൾ ബാങ്കിൽ നിൽക്കേണ്ടിവരുമെന്ന് ട്രേഡ യൂണിയനുകൾ കുറ്റപ്പെടുത്തുന്നു. ചില ചെറിയ തോട്ടങ്ങൾ തൊഴിലാളികൾക്ക് അത്യാവശ്യസാധനങ്ങൾ വാങ്ങുന്നതിന് കടകളിൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കിൽ തോട്ടം മേഖലയിൽ സൗജന്യറേഷൻ നൽകിത്തുടങ്ങണമെന്ന ആവശ്യം ശക്തമാണ്.

മിൽമ്മയിൽ പാല് മിച്ചം

സാമ്പത്തിക പ്രതിസന്ധി മിൽമയെയും വലയ്ക്കുന്നു. ഉപഭോക്താക്കൾ വാങ്ങുന്ന പാലിന്റെ അളവ് സംസ്ഥാന വ്യാപകമായി കുറഞ്ഞതോടെ പ്രതിദിനം 50,000 ലീറ്റർ പാൽ ബാക്കി വരുന്നതായി മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു. ഇതിനകം രണ്ടു ലക്ഷം ലീറ്റർ പാൽ മിൽമ പാൽപ്പൊടിയാക്കി മാറ്റി. പതിവിനു വിപരീതമായി മിൽമയുടെ പാൽസംഭരണം വർധിച്ചിട്ടുണ്ട്. നേരത്തേ, 10.85 ലക്ഷം ലീറ്റർ സംഭരിച്ചു 11.36 ലക്ഷം ലീറ്റർ പാൽ വിൽപന നടത്തിയിരുന്ന മിൽമ ഇക്കഴിഞ്ഞ ഒൻപതു മുതൽ 14 വരെ പ്രതിദിനം 13.22 ലക്ഷം ലീറ്റർ പാൽ സംഭരിക്കുകയും 12.72 ലക്ഷം ലീറ്റർ പാൽ വിൽക്കുകയും ചെയ്തു.

ക്ഷീരസംഘങ്ങൾക്കു പാൽ നൽകിയ വകയിലുള്ള തുക പത്തു ദിവസത്തിലൊരിക്കലാണ് കർഷകർക്ക് വിതരണം ചെയ്തുവരുന്നത്. ഈ തുക നൽകാൻ സംഘങ്ങൾക്ക് പുതിയ നിയന്ത്രണം കാരണം സാധിച്ചിട്ടില്ല. ആയിരം ലീറ്റർ പാൽ സംഭരിക്കുന്ന സംഘത്തിന് പത്തു ദിവസത്തിലൊരിക്കൽ മൂന്നു ലക്ഷം രൂപ വേണം കർഷകർക്കു നൽകാൻ. എന്നാൽ, പല സംഘങ്ങൾക്കും കഴിഞ്ഞയാഴ്ച ഈ തുക കണ്ടെത്താൻ സാധിച്ചിട്ടില്ല. പുതിയ പ്രതിസന്ധി മൂലം ബാങ്കിൽ ക്യൂ നിൽക്കുകയാണോ കാലികൾക്കു തീറ്റ കൊടുക്കുകയാണോ വേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണു കർഷകരെന്നും മിൽമ ചെയർമാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP