Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയുടെ ലോക ബന്ധങ്ങളിൽ പൊളിച്ചെഴുത്തു നടക്കും; അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകും; ഇസ്രയേലും ഇന്ത്യയും തന്ത്രപരമായ പങ്കാളികളാകും; ഇസ്ലാമിക രാഷ്ട്രങ്ങൾ അമേരിക്കയ്ക്കെതിരെ ചൈനയെ മുൻനിർത്തി ഒരുമിക്കും; റഷ്യയുമായി തെറ്റിയാൽ മൂന്നാം ലോക മഹായുദ്ധത്തിനും സാക്ഷ്യം വഹിക്കേണ്ടി വരും

അമേരിക്കയുടെ ലോക ബന്ധങ്ങളിൽ പൊളിച്ചെഴുത്തു നടക്കും; അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകും; ഇസ്രയേലും ഇന്ത്യയും തന്ത്രപരമായ പങ്കാളികളാകും; ഇസ്ലാമിക രാഷ്ട്രങ്ങൾ അമേരിക്കയ്ക്കെതിരെ ചൈനയെ മുൻനിർത്തി ഒരുമിക്കും; റഷ്യയുമായി തെറ്റിയാൽ മൂന്നാം ലോക മഹായുദ്ധത്തിനും സാക്ഷ്യം വഹിക്കേണ്ടി വരും

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ആരാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് എന്ന ചോദ്യമാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉടനീളം ഡെമോക്രാറ്റുകൾ ഉയർത്തിയത്. ട്രംപിനെതിരെ പലവിധ ആരോപണങ്ങൾ ചർച്ചയാക്കി. ഇതിനിടെയിലും ഹിലരി ഉയർത്തിയത് ട്രംപിന്റെ റഷ്യൻ ബന്ധങ്ങളായിരുന്നു. ഇതിന് കാരണവുമുണ്ട്.

ശീതയുദ്ധത്തിന്റെ കാലത്ത് തുടങ്ങിയ അമേരിക്ക-യുഎസ് എസ് ആർ പോരിന് ഇന്ന് പുതുമുഖമുണ്ട്. അമേരിക്കയുടെ യുദ്ധതന്ത്രങ്ങളെ സിറിയയിലും മറ്റും പൊളിച്ചത് റഷ്യൻ പ്രസിഡന്റ് വൽഡിമർ പുട്ടിന്റെ ഇടപെടലായിരുന്നു. ഇതോടെ ശീതയുദ്ധത്തിന് സമാനമായ സാഹചര്യം ഉടലെടുത്തു. നാറ്റോ സഖ്യവും റഷ്യയും രണ്ടു പക്ഷത്ത് നിലയുറപ്പിച്ചു. ഐസിസിന്റെ പേരിൽ ലോകമഹായുദ്ധം പോലും ചർച്ചയായി. ഇതിനിടെയാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എത്തിയത്. ഈ തെരഞ്ഞെടുപ്പിൽ റഷ്യൻ വിരുദ്ധ വികാരം ആളിക്കത്തിക്കാനായിരുന്നു ഡെമോക്രാറ്റുകളുടെ ലക്ഷ്യം. എന്നാൽ ഇതിനെ ട്രംപ് അതിജീവിക്കുന്നു. ഇത് അമേരിക്കൻ വിദേശകാര്യ നയത്തിൽ കാതലായ മാറ്റം വരുത്തും.

റഷ്യയെ അമേരിക്കയുമായി ട്രംപ് അടുപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഐസിസിനെതിരെ ട്രംപിനും പുട്ടിനും ഒരേ നിലപാടാണ്. ഇന്ന് മുസ്ലിം വർഗ്ഗീയതയ്ക്ക് തീവ്രവാദമുഖം നൽകുന്നത് ഐസിസാണ്. കുടിയേറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണം ഐസിസാണെന്ന് ട്രംപ് ഇതിനോടകം തന്നെ വിലയിരുത്തിക്കഴിഞ്ഞു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഉത്തരവാദികളായ മുസ്ലിം വർഗ്ഗീയതയെ ഇല്ലായ്മ ചെയ്യാനുള്ള ട്രംപിന്റെ തീരുമാനത്തിൽ അറബ് രാജ്യങ്ങൾ ഏറെ ആശങ്കയിലാണ്. ഇസ്രയേലുമായി അമേരിക്ക കൂടുതൽ അടുക്കും. പാക്കിസ്ഥാനെ ഭീകരവാദ കേന്ദ്രമായി ട്രംപ് ഇതിനോടകം തന്നെ കണക്കാക്കി കഴിഞ്ഞു. ഇതു മനസ്സിലാക്കി ഇന്ത്യയുമായി ട്രംപ് കൂടുതൽ അടുക്കും. മോദി ഫാനാണ് താനെന്ന് തുറന്ന് പറഞ്ഞ് ട്രംപ് പ്രചരണം നടത്തിയത് ഇതിന്റെ വ്യക്തമായ സൂചനയാണ്. രാജ്യാന്തര തലത്തിൽ വിദേശകാര്യ ബന്ധങ്ങളിൽ വലിയൊരു പൊളിച്ചെഴുത്ത് തന്നെയാകും ട്രംപ് നടത്തുക.

നാറ്റോ സഖ്യകക്ഷികളിൽ ബ്രിട്ടൺ അടക്കമുള്ള പ്രധാന രാജ്യങ്ങൾ റഷ്യൻ വിരുദ്ധ പക്ഷത്താണ്. എന്നാൽ പുട്ടിനെ എതിർക്കാൻ ഇനി യൂറോപ്പിന് കഴിയില്ല. അമേരിക്കയെ ധിക്കരിച്ച് പുതിയൊരു സംവിധാനത്തിലേക്ക് നീങ്ങാൻ ബ്രിട്ടണെ പോലുള്ള രാജ്യങ്ങൾക്ക് കഴിയില്ല. അമേരിക്കൻ നയങ്ങളെ പിന്തുണയ്ക്കുക മാത്രമാണ് അവർ പൊതുവേ ചെയ്യാറ്. അത് തന്നെ ഇനിയും തുടരേണ്ടി വരും. അതായത് പുട്ടിനുമായി ട്രംപ് കൈകൊടുത്താൽ നാറ്റോ കക്ഷികളും റഷ്യയും അടുക്കും. ഇറാഖും ഇറാനും സിറിയയും ഒക്കെയാണ് റഷ്യയുമായി തീവ്രവാദത്തിനെതിരെ സഹകരിക്കുന്നത്. ഈ രാജ്യങ്ങൾക്കെതിരെ പോരാട്ടം നയിച്ച് പുട്ടിനെ അനുകൂലിക്കാൻ കഴിയില്ലെന്ന് ട്രംപിനും അറിയാം. അതുകൊണ്ട് തന്നെ തീവ്രവാദത്തിനെതിരെ വലിയൊരു ചേരിയെന്ന ആശയത്തോടെ പുതിയ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയെടുക്കുമെന്നാണ് വിലയിരുത്തൽ. ഈ രാഷ്ട്രീയ കൂട്ടായ്മയിൽ അറബ് രാജ്യങ്ങളാകും കുടുങ്ങുക. ഇസ്രയേൽ കൂടുതൽ കരുത്തരാകുന്നത് അറബ് ലോകത്തിന് ആശങ്ക കൂട്ടും.

ഈ സാഹചര്യത്തിൽ ചൈനയാകും മുസ്ലിം രാജ്യങ്ങളുടെ പ്രതീക്ഷ. ഇന്ത്യയെ വെല്ലുവിളിക്കുന്ന പാക്കിസ്ഥാൻ, ചൈനയെ മുന്നിൽ നിർത്തിയുള്ള കളികൾ തുടങ്ങിയിട്ടുണ്ട്. അമേരിക്കയും റഷ്യയും ഒരുമിച്ചാൽ മറു ചേരിയുടെ നേതൃത്വത്തിൽ ചൈനയെ കൊണ്ടു വരാൻ പാക്കിസ്ഥാനെ പോലുള്ള കക്ഷികൾ ശ്രമം ശക്തമാക്കും. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും ചൈനയുടെ പിന്തുണയ്ക്കായി നിലകൊള്ളും. ഇതിനെല്ലാം കാരണം ട്രംപെന്ന ബിസിനസുകാരന് റഷ്യയിലുള്ള താൽപ്പര്യമാണ്. ശതകോടിയുടെ ഡോളർ ബിസിനസ് ഡീലുകൾ റഷ്യയുമായി ട്രംപിനുണ്ട്. അതുകൊണ്ട് തന്നെ പുട്ടിനുമായി ട്രംപ് ഒരിക്കലും ഉരസില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ പ്രതീക്ഷകൾ തെറ്റി റഷ്യയും അമേരിക്കയും രണ്ടറ്റത്ത് നിലയുറപ്പിച്ചാൽ അത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും. ശക്തമായ നിലപാട് എടുക്കുന്ന കരുത്തരാണ് ട്രംപും പുട്ടിനും. അതുകൊണ്ട് തന്നെ ഇവർ അകന്നാൽ അത് മറ്റൊരു ലോകയുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കും. അധികാരത്തിലെത്തുന്ന ട്രംപിന് പുട്ടിനെ അംഗീകരിക്കാൻ ആവില്ലെന്ന വാദമാണ് ഇതിന് കാരണം

ട്രംപ് പുടിന്റെ കളിപ്പാവയാണെന്ന് ഹിലരി ക്ലിന്റൺ കളിയാക്കിയിരുന്നു. യു.എസ് സൈന്യത്തെയും രഹസ്യാന്വേഷണ വിദഗ്ധരെയും പരിഗണിക്കാതെ പുടിനോടാണ് ട്രംപ് ആഭിമുഖ്യം പുലർത്തുന്നതെന്ന് ഹിലരി വാദിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അവസാന സ്ഥാനാർത്ഥി സംവാദത്തിലാണ് ഹിലരിയുടെ ട്രംപിനെതിരെ വീണ്ടും ആഞ്ഞടിച്ചത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തലയിടാൻ റഷ്യ ശ്രമിക്കുന്നുവെന്ന രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ ട്രംപ് വിസമ്മതിച്ചാണ് ആരോപണത്തിനു കാരണം. അതേസമയം അവസാനവട്ട സംവാദത്തിലും ഇസ്ലാമിക വിരുദ്ധത ഉയർത്തിക്കാട്ടി ട്രംപ് വീണ്ടും വിവാദത്തിലായി. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം അനുവദിക്കില്ലെന്ന് പറഞ്ഞ ട്രംപ്, റഷ്യൻ പ്രസിഡന്റിന്റെ പാവയാണെന്ന് ഹിലരിയുടെ ആരോപണം തള്ളുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പ്രസിഡന്റ് പദം ഉറപ്പിച്ച ട്രംപിന്റെ ഇനിയുള്ള നീക്കമാകും കൃത്യമായ ചിത്രം നൽകുക. പുട്ടിനുമായി ട്രംപിന് ഒരു കാരണവശാലും അടുക്കാനാകില്ലെന്ന വാദത്തിനും ശ്ക്തി ഏറെയാണ്.

ട്രംപും പുട്ടിനും ഏകാധിപതികളാണ്. അമേരിക്കയും റഷ്യയും അടിസ്ഥാനപരമായി യോജിക്കാൻ കഴിയാത്ത രാജ്യങ്ങളുമാണ്. അതുകൊണ്ട് തന്നെ പ്രസിഡന്റാകുന്ന ട്രംപ്, പുട്ടിനുമായി അകലും. സിറിയയിലും ഇറാഖിലും ഇറാനിലുമെല്ലാം നയം പൂർണ്ണമായും തള്ളിപ്പറയാൻ ട്രംപിന് കഴിയുകയുമില്ല. അതുകൊണ്ട് തന്നെ പുട്ടിനും ട്രംപും ഉടൻ തന്നെ രണ്ട് വഴിക്ക് പോകുമെന്ന വിലയിരുത്തലും ശക്തമാണ്. ഇത് ലോകമഹായുദ്ധം പോലുള്ള ഗുരുതര സ്ഥിതി വിശേഷത്തിലേക്ക് കാര്യങ്ങളെത്തിക്കും. ലോകത്തിലെ ഒന്നാം നമ്പർ സ്ഥാനമാണ് പുട്ടിനും റഷ്യയും ലക്ഷ്യമിടുന്നത്. അത് വിട്ടുകൊടുത്ത് ഒത്തുതീർപ്പിന് ട്രംപിനെന്നല്ല, ഒരു അമേരിക്കൻ പ്രസിഡന്റിനുമാകില്ല. പ്രസിഡന്റ് പദത്തിലെത്തുന്നതോടെ റഷ്യയിലെ ബിസിനസ് താൽപര്യം പോലും ട്രംപിന് അപ്രസക്തമാകും. ലോക പൊലീസിന്റെ കസേരയിലെത്തിയാൽ പിന്നെ എന്ത് ബിസിനസ് താൽപ്പര്യമെന്നാണ് ട്രംപ് അനുകൂലികൾ പോലും പറയുന്നത്. ഏതായാലും ഇന്ത്യയുമായും മോദിയുമായും ട്രംപ് അടുത്ത ബന്ധം പുലർത്തുമെന്ന് തന്നെയാണ് വിദേശകാര്യ വിദഗ്ധരുടെ കണക്ക് കൂട്ടൽ.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പിന്തുണച്ചാണ് ട്രംപ് പ്രചരണത്തിൽ സജീവമായത്. ഇന്ത്യ എട്ടു ശതമാനം വളർച്ച കൈവരിച്ചതായി പറഞ്ഞു യു.എസിന്റെ സാമ്പത്തിക നയങ്ങളെ എതിർത്തു. ഇന്ത്യ കൈവരിച്ച നേട്ടം പോലും നേടാൻ അമേരിക്കക്കായില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇതിനൊപ്പമാണ് മോദിയുടെ ഫാനാണെന്ന് തുറന്ന് സമ്മതിച്ചത്. ഇന്ത്യയേയും ഏറെ പുകഴ്‌ത്തി. റഷ്യയുമായി അകലം പാലിച്ചാൽ പോലും തീവ്രവാദത്തിനെതിരെ കൂടുതൽ ശക്തമായ നിലപാട് ട്രംപ് എടുക്കുമെന്നാണ് ഇന്ത്യയുടേയും പ്രതീക്ഷ. ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യയ്ക്ക് കൂടുതൽ അനുകൂലമായി ട്രംപ് മാറും. മറ്റ് രാജ്യങ്ങളുടെ എതിർപ്പ് പോലും ഇതോടെ അപ്രസക്തമാകുമെന്നാണ് പ്രതീക്ഷ. ബരാക് ഒബാമയുടെ ഭരണകൂടവുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നു. അത് മോദിയും ഒബാമയും തമ്മിലെ വ്യക്തിപരമായ അടുപ്പത്തിന്റെ പ്രതിഫലനമാണെന്ന് വിലയിരുത്തിയവരും ഉണ്ട്. എന്നാൽ ട്രംപ് എത്തുമ്പോൾ ഈ ഊഷ്മളത ഇന്ത്യയും അമേരിക്കയും തമ്മിലാകുമെന്നാണ് വിലയിരുത്തൽ.

ആണവായുധ ശേഷിയുള്ള പാക്കിസ്ഥാൻ അമേരിക്കയ്ക്ക് മുന്നിൽ ഒരു സുപ്രധാന പ്രശ്നം തന്നെയാണെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. .മുൻപ് പാക്കിസ്ഥാൻ ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യമാണെന്നും അണുശക്തി വിമുക്തമാക്കേണ്ടത് അനിവാര്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഒരു സ്വയം നിയന്ത്രണം അനിവാര്യമാണെന്നും ആണവായുധങ്ങളുള്ള പാക്കിസ്ഥാൻ അമേരിക്കയെ സംബന്ധിച്ച് നിർണായക രാജ്യമാണെന്നും ട്രംപ് പറയുന്നു. ഇസ്ലാമിക ഭീകരതയെ പരിശോധിക്കുമ്പോൾ മറ്റാരും ചെയ്തതിനേക്കാൾ ഉചിതമായി അത് പരിഹരിക്കാൻ കഴിയുമെന്ന് തനിക്കുറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഈ വാക്കുകളും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. അമേരിക്കയുടെ സുപ്രധാന എതിരാളി ചൈനയാണെന്ന തിരിച്ചറിവിലേക്ക് ട്രംപ് എത്തുമെന്നാണ് ഇന്ത്യയുടേയും പ്രതീക്ഷ. ഒബാമ സർക്കാരും ചൈനയുമായി അകലം പാലിച്ചിരുന്നു. റഷ്യയുമായി ട്രംപ് അടുത്താൽ അതും ഗുണകരമാകുമെന്ന തന്നെയാണ് ഇന്ത്യൻ വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ.

ഇന്ത്യയെ പോലെ ഇസ്രയേലിനുയം ട്രംപ് ഉറച്ച പങ്കാളിയായി കൂടെ നിർത്തുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്റെ വാഗ്ദാനം ഉണ്ടായിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിന്റെ ഔദ്യോഗിക തലസ്ഥാനം ജറുസലേം ആണ്. എന്നാൽ മിക്ക ലോക രാഷ്ട്രങ്ങളും ടെൽ അവീവാണ് തലസ്ഥാനമായി കണക്കാക്കുന്നത്. കഴിഞ്ഞ 70 വർഷമായി ജറുസലേമാണ് തലസ്ഥാനം എന്ന് സമ്മതിക്കാൻ അമേരിക്ക തയ്യാറായിട്ടല്ല. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ജോർജ് ബുഷും ഇതേ വാഗ്ദാനം നൽകിയിരുന്നെങ്കിലും വിജയിച്ചു കഴിഞ്ഞപ്പോൾ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടി നിലപാട് മാറ്റുകയായിരുന്നു. എന്നാൽ 70 വർഷമായുള്ള അമേരിക്കൻ നിലപാടിൽ താൻ മാറ്റം കൊണ്ടു വരുമെന്ന് ട്രംപ് ഉറപ്പു നൽകിയത്. ഇത് ആഗോള തലത്തിൽ തന്നെ പുതിയ ചേരികളുടെ സൃഷ്ടിക്ക് കാരണമാകും. ബുഷിൽ നിന്ന് വിഭിന്നമായി അധികാരത്തിലെത്തിയ ട്രംപ് ജെറുസലേമിനെ ഉടൻ തന്നെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP