Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയ ചാനലുകൾ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിനായി കാത്തു നിന്നു; മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ സംശയം തീർക്കാൻ ചോദ്യങ്ങളുമായി ക്യൂ നിന്നു; ജിഎസ്ടിയിൽ സമ്പൂർണാധിപത്യം നേടാനുള്ള ജെയ്റ്റ്‌ലിയുടെ ശ്രമം തകർത്ത തോമസ് ഐസക് ഇന്നലെ താരമായത് ഇങ്ങനെ

ദേശീയ ചാനലുകൾ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിനായി കാത്തു നിന്നു; മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ സംശയം തീർക്കാൻ ചോദ്യങ്ങളുമായി ക്യൂ നിന്നു; ജിഎസ്ടിയിൽ സമ്പൂർണാധിപത്യം നേടാനുള്ള ജെയ്റ്റ്‌ലിയുടെ ശ്രമം തകർത്ത തോമസ് ഐസക് ഇന്നലെ താരമായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: ജിഎസ്ടി അഥവാ ചരക്കുസേവന നികുതി രാജ്യത്ത് നടപ്പാക്കുന്ന കാര്യത്തിൽ മുൻപ് പറഞ്ഞുറപ്പിച്ച കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കൈകടത്തിയ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ നീക്കങ്ങളെ ഇന്നലെ തകിടം മറിച്ചത് കേരള ധനമന്ത്രി തോമസ് ഐസക്.

ജിഎസ്ടിയിലെ നികുതിപിരിക്കൽ അധികാരം പങ്കിടലിന്മേൽ ഇന്നലെ നടന്ന ചർച്ചയിൽ സമവായമുണ്ടാക്കാനാകാതെ പോയത് സംസ്ഥാനങ്ങളുടെ നികുതി പിരിക്കൽ അധികാരത്തിൽ നേരത്തേ പ്രഖ്യാപിച്ചതിൽ നിന്ന് ഭിന്നമായി കൈകടത്താൻ ജെയ്റ്റ്‌ലി ശ്രമിച്ചതോടെയാണെന്ന വിലയിരുത്തലാണ് പൊതുവെ ഉയരുന്നത്. ഇതോടെ നാലാമത് ജിഎസ്ടി കൗൺസിൽ യോഗം രണ്ടാംദിനത്തിൽ തീരുമാനമാകാതെ പിരിയുകയായിരുന്നു.

കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുമെന്ന് മുന്നിൽക്കണ്ട് യോഗത്തിന്റെ ആദ്യദിനത്തിനു ശേഷംതന്നെ തോമസ് ഐസക് ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ ഇന്നലെ സംഭവിച്ചതോടെ കേന്ദ്ര നിർദ്ദേശങ്ങളെ എതിർത്ത് മുൻ നിരയിൽ നിന്നത് തോമസ് ഐസക്കായിരുന്നു. കൂടെ കാര്യത്തിന്റെ പോക്ക് പന്തിയല്ലെന്ന് മനസ്സിലാക്കി കാശ്മീർ, പശ്ചിമബംഗാൾ മന്ത്രിമാരും കൂടെക്കൂടിയതോടെ കേന്ദ്രം വീണ്ടും സമവായത്തിനായി യോഗം വിളിക്കേണ്ട സ്ഥിതിയിലേക്കെത്തി.

സേവന നികുതി പിരിക്കുന്നതിലെ തർക്കത്തിലുടക്കിയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്. ഇതേത്തുടർന്ന് ഇനി ഈ മാസം 20ന് ധനമന്ത്രിമാരുടെ അനൗദ്യോഗിക യോഗം ചേർന്ന് വിഷയം വീണ്ടും ചർച്ച ചെയ്യാനും പിന്നാലെ 24, 25 തീയതികളിൽ അടുത്ത ജിഎസ്ടി കൗൺസിൽ യോഗം വിളിക്കാനുമാണ് തീരുമാനം. ഒന്നരക്കോടിക്ക് താഴെ വിറ്റുവരവുള്ളവരുടെ നികുതിപിരിവ് സംസ്ഥാനങ്ങളും അതിനു മേലേക്ക് കേന്ദ്രവും സംസ്ഥാനങ്ങളും വീതിച്ചെടുക്കുന്നതുമായ രീതിയായിരുന്നു ഒരു നിർദ്ദേശം.

റിട്ടേൺ നൽകുന്ന വ്യാപാരികളെയും സേവന ദാതാക്കളേയും തട്ടുകളായി തിരിച്ചുള്ള പിരിവിന്റെ സാധ്യത ആരാഞ്ഞുള്ളതായിരുന്നു രണ്ടാമത്തെ നിർദ്ദേശം. ആദ്യത്തെ മാർഗം സ്വീകാര്യമാണെന്ന് നേരത്തെ തന്നെ ധാരണയായിരുന്നെങ്കിലും അതിൽ നിന്ന് ഭിന്നമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.. ഇതോടെ ഐസക് എതിർപ്പുമായി എഴുന്നേൽക്കുകയായിരുന്നു. സേവന നികുതി നൽകുന്നവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്ക് കേന്ദ്രം മറച്ചുവച്ചതായി കുറ്റപ്പെടുത്തി മറ്റു ചില സംസ്ഥാനങ്ങളും എതിർപ്പുയർത്തി.

കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നികുതി പിരിക്കുന്ന ഇരട്ട നികുതി നിയന്ത്രണം നികുതിദായകർക്ക് അധികഭാരമാകുമെന്നതിലും കേരളം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. കാര്യത്തിന്റെ ഗൗരവം ഐസക് വിവരിച്ചതോടെ ബംഗാൾ, കാശ്മീർ ധനമന്ത്രിമാരും എതിർപ്പുന്നയിച്ചു. ഇതിനിടെ ഇതിന്റെ പ്രശ്‌നങ്ങൾ എത്രത്തോളം ഗൗരവതരമാണെന്ന് മനസ്സിലാകാതിരുന്ന ചില സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ഐസക്കിനോടുതന്നെ വിവരങ്ങളാരായാനും തിരക്കുകൂട്ടി. കാര്യങ്ങൾ വ്യക്തമായതോടെ കൂടുതൽ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ സമവായത്തിന് കൂടുതൽ ചർച്ചകൾ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് യോഗത്തിന് പുതിയ തീയതി നിശ്ചയിക്കാനും അതിന് മുന്നേ സമവായത്തിനും വിശദീകരണത്തിനുമായി ഒരു ദിവസത്തെ ചർച്ച നടത്താനും തീരുമാനം വരുന്നത്.

ഇതോടെ ജിഎസ്ടി യോഗവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്നലത്തെ സ്റ്റാർ ആയി മാറി കേരള ധനമന്ത്രി തോമസ് ഐസക്. പല ദേശീയ ചാനലുകളിലും തത്സമയ ചർച്ചകളിൽ ഐസക് കാര്യങ്ങൾ വ്യക്തമാക്കി. ജെയ്റ്റ്‌ലിയുടെ പത്രസമ്മേളനത്തിന് മുമ്പുതന്നെ കാര്യങ്ങൾ വ്യക്തമാക്കാനും എന്താണ് കേന്ദ്ര നിർദ്ദേശങ്ങളിലെ പിഴവുകളെന്ന് അറിയാനും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരും ചുറ്റുംകൂടി. പല ദേശീയ മാദ്ധ്യമങ്ങളിലും ഇക്കാര്യത്തിൽ ഐസകിന്റെ പ്രത്യേകം ഇന്റർവ്യൂകളും ഇന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു.

യോഗത്തിന്റെ ആദ്യദിനത്തിൽ തന്നെ കാര്യങ്ങൾ പന്തിയല്ലെന്ന് വ്യക്തമാക്കി ഐസക് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരുന്നു. നേരത്തേ എതിർപ്പു പ്രകടിപ്പിച്ചിരുന്ന തമിഴ്‌നാട് ധനമന്ത്രി പഴയ വീറും വാശിയും കാണിക്കാത്തതും സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരത്തിന് ജിഎസ്ടിക്കുമേൽ അധിക സെസ് ചുമത്തുന്നതിന് എതിരെ നേരത്തേ നിലകൊണ്ട യുപി ധനമന്ത്രിയെ യോഗത്തിലേ കണ്ടില്ലെന്നതും ആശങ്കയുണർത്തുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു പോസ്റ്റ്. എല്ലാവരും ഒത്തുതീർപ്പിന് തയ്യാറായിരിക്കുന്നതുപോലെയാണ് ആദ്യദിനം തോന്നിയതെന്നും സഌബ് നിർണയത്തിൽ കേരളത്തിന്റെ വാദങ്ങളിൽ രണ്ടെണ്ണം അംഗീകരിക്കപ്പെട്ടതോടെ പകുതി ജയിച്ചു, പകുതി തോറ്റു എന്നും ഐസക് കുറിച്ചു.

ഏതായാലും നാളെ പൊടിപാറുമെന്നും തർക്കം തീർച്ചയാണെന്നും സേവനനികുതി മുഴുവൻ തങ്ങൾ പിരിക്കുമെന്ന കേന്ദ്ര നിലപാടിനോട് യോജിക്കാൻ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളേയും ലഭിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് ഐസക് പോസ്റ്റ് അവസാനിപ്പിച്ചത്. ഇന്നലത്തെ യോഗത്തിൽ കൂടുതൽ സംസ്ഥാനളുടെ പിന്തുണ ഉറപ്പാക്കാൻ കേന്ദ്രം ചില ചരടുവലികൾ നടത്തിയെന്ന സൂചനയുമായി 'കർട്ടനു പിന്നിൽ നല്ല ക്യാൻവാസിങ് നടന്നിരിക്കുന്നു' എന്ന് തുറന്നുപറയാനും ഐസക് മറന്നില്ല.

ഇതിനു പിന്നാലെയാണ് ഇന്നലെ രണ്ടാം ദിനത്തിലെ യോഗത്തിൽ ഐസക് പറഞ്ഞതുപോലെ തന്നെ കേന്ദ്രത്തിന് പിടിമുറുക്കും വിധം ജിഎസ്ടി നികുതി വീതംവയ്പിന് കളമൊരുങ്ങിയത്. ഐസക് എതിർത്തതോടെ അപകടം മണത്ത മറ്റു പല സംസ്ഥാനങ്ങളും എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.  ഇതോടെ ഐസക് താരമായി. ലോകംമുഴുവൻ ഉറ്റുനോക്കുന്ന നികുതി പരിഷ്‌കരണമാണ് ഇന്ത്യയിലെ ജിഎസ്ടി നടപ്പാക്കൽ എന്നതുകൊണ്ടുതന്നെ റോയിട്ടേഴ്‌സിന്റെ ഗ്‌ളോബൽ ന്യൂസ് അപ്‌ഡേറ്റിലും സിഎൻഎൻ ന്യൂസിലുമെല്ലാം കേന്ദ്ര ധനമന്ത്രി ജെയ്റ്റ്‌ലിക്കും മറ്റ് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർക്കും മുന്നോടിയായി തന്നെ ഐസക്കിന്റെ വാക്കുകൾ മുഴങ്ങിക്കേട്ടു. ഇതോടൊപ്പം മിക്ക ദേശീയ ചാനലുകളും ഐസക്കിന്റെ ബൈറ്റിനായി ക്യൂ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP