Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ സന്ദർശിക്കാൻ എത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ ജനതയോട് മാപ്പുപറയുമോ? ജാലിയൻവാലാബാഗ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെത്തി തലകുനിച്ച് പരസ്യമായി പാശ്ചാത്തപിക്കണം എന്നാവശ്യപ്പെട്ട് ശശി തരൂർ

ഇന്ത്യ സന്ദർശിക്കാൻ എത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ ജനതയോട് മാപ്പുപറയുമോ? ജാലിയൻവാലാബാഗ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെത്തി തലകുനിച്ച് പരസ്യമായി പാശ്ചാത്തപിക്കണം എന്നാവശ്യപ്പെട്ട് ശശി തരൂർ

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് മുന്നിൽ വലിയൊരു വെല്ലുവിളിയാണ് ശശി തരൂർ എംപി നടത്തിയിരിക്കുന്നത്. ഇന്ത്യ സന്ദർശന വേളയിൽ, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാലിയൻ വാലാബാഗ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെത്തി തലകുനിച്ച് ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പുപറയണമെന്നും ശശി തരൂർ പറഞ്ഞു.

കഴിഞ്ഞവർഷം ഓക്‌സ്ഫഡ് സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിലും ബ്രിട്ടൻ ഇന്ത്യയിൽ ചെയ്ത തെറ്റുകൾക്ക് മാപ്പുപറയണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടിരുന്നു. ശരിയായ കാര്യം ശരിയായ സ്ഥലത്ത് പ്രസ്താവിച്ച ശശി തരൂരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചിരുന്നു. ഇപ്പോൾ തന്റെ പുതിയ പുസ്തകത്തിലൂടെ ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ ഏൽപിച്ച ആഘാതങ്ങളെ ശശി തരൂർ ആഴത്തിൽ പരിശോധിക്കുന്നു.

'ഇറ ഓഫ് ഡാർക്ക്‌നെസ്; ദ ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ' എന്ന പുസ്തകത്തിലാണ് ശശി തരൂർ ബ്രിട്ടീഷ് ഭരണത്തെ വിശകലനം ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണം ഇന്ത്യയെ ഏറെക്കുറെ പൂർണമായും നാശോന്മുഖമാക്കിയെന്ന് അദ്ദേഹം ഈ പുസ്തകത്തിൽ സ്ഥാപിക്കുന്നു. ബ്രിട്ടീഷ് ഭരണം ഇവിടെയുണ്ടാക്കിയ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താനാവില്ല. പണ്ടുള്ളവർ ചെയ്ത തെറ്റിന് ഇന്നുള്ളവർ ഉത്തരവാദികളുമല്ല. എന്നാൽ, ആ തെറ്റുകൾക്ക് ബ്രിട്ടൻ മാപ്പുചോദിക്കുന്നത് ഇന്നത്തെ ഇന്ത്യൻ സമൂഹത്തിന് വലിയ ആത്മവിശ്വാസം പകരുമെന്നും ശശി തരൂർ പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയോട് മാപ്പുചോദിക്കുന്നതിന് മാതൃകയായി മറ്റു രണ്ടു സംഭവങ്ങളും ശശി തരൂർ ഉദാഹരിക്കുന്നു. രണ്ടാം ലോകയുദ്ധത്തിനിടെ നടന്ന നാസി കൂട്ടക്കൊലയ്ക്ക് വാഴ്‌സ യുദ്ധസ്മാരകത്തിലെത്തിയ ജർമൻ സോഷ്യൽ ഡമോക്രാറ്റ് നേതാവ് മാപ്പുചോദിച്ചതാണ് അതിലൊന്ന്. മറ്റൊന്ന് കൊമാഗാട്ട മാരു സംഭവത്തിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ്യൂ മാപ്പുചോദിച്ചതും. ഈ രണ്ട് സംഭവങ്ങളും ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം പറയുന്നു.

1919-ൽ നടന്ന ജാലിയൻ വാലാബാഗിന്റെ ശതാബ്ദി വേളയിൽ ജാലിയൻ വാലാബാഗ് സ്മാരകത്തിന് മുന്നിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പുപറയണമെന്നാണ് ശശി തരൂരിന്റെ ആവശ്യം. ജാലിയൻ വാലാബാഗ് സംഭവത്തെ വളരെ ഖേദകരമായ സംഭവം എന്ന് 2013-ൽ ഡേവിഡ് കാമറോൺ വിശേഷിപ്പിച്ചെങ്കിലും അത് ഒരു മാപ്പുപറയലിന് തുല്യമാകില്ലെന്നും ശശി തരൂർ പറഞ്ഞു. 1997-ൽ അവിടം സന്ദർശിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തും സന്ദർശക ഡയറിയിൽ ഒപ്പുവച്ചതല്ലാതെ കൂട്ടക്കൊലയെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല.

1919 ഏപ്രിൽ 13-നാണ് ജാലിയൻ വാലാബാഗിൽ യോഗം ചേർന്നവർക്കുനേരെ ബ്രിട്ടീഷ് സേന വെടിയുതിർത്തത്. ഇരുപതിനായിരത്തോളം പേർ പങ്കെടുത്ത യോഗത്തിനുനേരെ നടന്നവെടിവെപ്പിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ആയിരത്തിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP