Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാ എസ്‌ഐമാരേയും സിഐമാരാക്കി പൊലീസ് സ്‌റ്റേഷൻ ചുമതല ഏൽപിക്കും; ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനുമായി ഓരോ സ്‌റ്റേഷനിലും രണ്ട് എസ്‌ഐമാർ; സിഐ ഓഫീസുകൾ ഇല്ലാതാക്കി ഡിവൈഎസ്‌പിമാർക്കു നേരിട്ടു മേൽനോട്ടം; പൊലീസ് ഘടന അഴിച്ചു പണിയാൻ പിണറായി

എല്ലാ എസ്‌ഐമാരേയും സിഐമാരാക്കി പൊലീസ് സ്‌റ്റേഷൻ ചുമതല ഏൽപിക്കും; ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനുമായി ഓരോ സ്‌റ്റേഷനിലും രണ്ട് എസ്‌ഐമാർ; സിഐ ഓഫീസുകൾ ഇല്ലാതാക്കി ഡിവൈഎസ്‌പിമാർക്കു നേരിട്ടു മേൽനോട്ടം; പൊലീസ് ഘടന അഴിച്ചു പണിയാൻ പിണറായി

തിരുവനന്തപുരം: കുറ്റാന്വേഷണവും ക്രമസമാധാനപാലനവും കാര്യക്ഷമമാക്കൽ ലക്ഷ്യമിട്ട് മുഴുവൻ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല സിഐമാർക്ക് കൈമാറുന്നു. ഇതിന്റെ ഭാഗമായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ചുമതലയിൽനിന്ന് എസ്‌ഐമാരെ മാറ്റി പകരം സിഐമാരെ നിയമിക്കാൻ നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസിലെ 193 സിഐമാരെയാകും എസ്എച്ച്ഒമാരാക്കുക. രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 200 പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടർ തസ്തിക സൃഷ്ടിച്ച് സ്ഥാനക്കയറ്റം വഴി എസ്എച്ച്ഒ നിയമനം നടത്തും. കേരള പൊലീസിൽ വിപ്‌ളവകരമായ പരിഷ്‌കാരം വരുത്തുന്ന ഈ പദ്ധതിയുടെ ഫയൽ അടുത്ത ദിവസംതന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തരവകുപ്പിന് കൈമാറും.

പൊലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരായി സിഐമാരെ നിയമിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ദേശീയ പൊലീസ് കമീഷനും സുപ്രീംകോടതിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് കെ ടി തോമസ് കമീഷൻ റിപ്പോർട്ടിലും എസ്എച്ച്ഒയായി സിഐമാരെ നിയമിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

നിർദ്ദേശം നടപ്പായാൽ സംസ്ഥാനത്ത് നിലവിലുള്ള സർക്കിൾ ഓഫീസുകൾ ഇല്ലാതാകും. ഇതോടെ സ്റ്റേഷനുകൾ ഡിവൈഎസ്‌പിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും. സംസ്ഥാനത്ത് 519 പൊലീസ് സ്റ്റേഷനാണുള്ളത്. ഇതിൽ തിരുവനന്തപുരം ഫോർട്ട്, പമ്പ, കൊച്ചി ഇൻഫോപാർക്ക്, റാന്നി, പത്തനംതിട്ട, കണ്ണൂർ ടൗൺ ഉൾപ്പെടെ 11 സ്റ്റേഷനിൽ നിലവിൽ സിഐമാരാണ് എസ്എച്ച്ഒ. ലോക്കലിൽ 194 ഇൻസ്‌പെക്ടർമാരാണ് സർക്കിൾ ചുമതലയിലുള്ളത്. ആദ്യ ഘട്ടത്തിൽ ഇവരെ അതതിടത്തെ പ്രധാന സ്റ്റേഷനുകളിൽ എസ്എച്ച്ഒ ആക്കും. ഇതിനുപിന്നാലെ 200 സ്റ്റേഷനിൽ പുതിയ സിഐ തസ്തിക സൃഷ്ടച്ച് സ്ഥാനക്കയറ്റംവഴി എസ്എച്ച്ഒമാരാക്കണമെന്ന നിർദേശവും ആഭ്യന്തരവകുപ്പിന് സമർപ്പിക്കുന്നുണ്ട്. ഇത് യാഥാർഥ്യമായാൽ എസ്‌ഐ, എഎസ്‌ഐ എന്നിവരുടെ സ്ഥാനക്കയറ്റത്തിന് വിഘാതമുണ്ടാകില്ല.

സിഐമാർ എസ്എച്ച്ഒമാരാകുന്നതോടെ ക്രമസമാധാനപാലനും കുറ്റാന്വേഷണവും രണ്ട് എസ്‌ഐമാരുടെ കീഴിലായി രണ്ട് വിഭാഗമാകും. മാത്രമല്ല, സിഐ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാൽ സ്റ്റേഷൻപ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. മിക്ക പൊലീസ് സ്റ്റേഷനിലും ഡയറക്ട്, ഗ്രേഡ്, സൂപ്പർ ന്യൂമറി വിഭാഗങ്ങളിലായി ഒന്നിലേറെ എസ്‌ഐമാരുണ്ട്. ഇവർക്ക് വിവിധ ചുമതലകൾ നൽകി കോ- ഓർഡിനേറ്റ് ചെയ്യാനും സിഐമാർക്കാകും. പ്രധാന കേസുകളിൽ സിഐമാർക്ക് അന്വേഷണം നടത്താനുമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP