Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ പോയ മറുനാടൻ മലയാളി ലേഖകനെ പ്രസ് ക്ലബ്ബിൽ നിന്ന് ഇറക്കി വിട്ടു; പ്രസ് ക്ലബ്ബിൽ കയറ്റരുതെന്നു കർശന നിർദ്ദേശമെന്നു ജീവനക്കാർ; മാദ്ധ്യമപ്രവർത്തകരെ കോടതിയിൽ കയറ്റാത്തതിനെതിരെ ചീഫ് ജസ്റ്റിസിനു തുറന്ന കത്തെഴുതിയ മാദ്ധ്യമ മുതലാളിമാർ ഇതു കൂടി അറിയണം

പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ പോയ മറുനാടൻ മലയാളി ലേഖകനെ പ്രസ് ക്ലബ്ബിൽ നിന്ന് ഇറക്കി വിട്ടു; പ്രസ് ക്ലബ്ബിൽ കയറ്റരുതെന്നു കർശന നിർദ്ദേശമെന്നു ജീവനക്കാർ; മാദ്ധ്യമപ്രവർത്തകരെ കോടതിയിൽ കയറ്റാത്തതിനെതിരെ ചീഫ് ജസ്റ്റിസിനു തുറന്ന കത്തെഴുതിയ മാദ്ധ്യമ മുതലാളിമാർ ഇതു കൂടി അറിയണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നത്തെ എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിൽ കാൽഭാഗത്തോളം നീക്കിവച്ചിരിക്കുന്നത് എഡിറ്റോറിയൽ രൂപത്തിലുള്ള ഒരു തുറന്ന കത്തിനാണ്. 'സാർ ഇരുട്ടുകൊണ്ടാണ് അവർ മതിൽ പണിയുന്നത്' എന്ന തലക്കെട്ടിൽ മാദ്ധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിനെക്കുറിച്ചാണ് ഇന്ന് കേരളം സന്ദർശിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പത്രങ്ങൾ തുറന്ന കത്തെഴുതിയിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തിന്റെ നെടുംതൂണായ മാദ്ധ്യമങ്ങൾക്ക് ആര് വിലക്കേർപ്പെടുത്തിയാലും അത് ഉചിതമല്ലെന്നു സമ്മതിച്ചുകൊണ്ട് തന്നെ മറ്റൊരു സംഭവം ഞങ്ങൾ ചൂണ്ടിക്കാട്ടട്ടെ.

കേരളത്തിലെ ചില പ്രസ് ക്ലബുകളിൽ മറുനാടൻ മലയാളി ലേഖകർക്ക് പ്രവേശനം നൽകരുത് എന്ന കർശന നിർദ്ദേശം നൽകിയിരിക്കുന്നത് ഏത് വകുപ്പിൽ പെടും? ഇത് ഇരുട്ടുകൊണ്ടുള്ള മതിൽ കെട്ടൽ വിഭാഗത്തിൽ പെടുമോ? ഏറ്റവും ഒടുവിൽ തിരുവനന്തപുരം പ്രസ് ക്ലബിലാണ് ഈ കരിനിയമം കർശനമായി നടപ്പിലാക്കിയിരിക്കുന്നത്.

മറുനാടൻ മലയാളി ഓൺലൈൻ ദിനപത്രം തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ അരുൺ ജയകുമാർ ഒരു പ്രസ് റിലീസുമായി ബന്ധപ്പെട്ട കാര്യം തിരക്കുന്നതിനായി തിരുവനന്തപുരം പ്രസ് ക്ലബിൽ എത്തിയപ്പോൾ അഡ്‌മിൻ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞറിയാൻ കഴിഞ്ഞത് പ്രസ് ക്ലബിനെതിരെ വാർത്ത നൽകിയതിനാൽ മറുനാടൻ മലയാളി ലേഖകരെ പ്രസ് ക്ലബുമായി സഹകരിപ്പിക്കേണ്ട എന്നാണ്. ഒരു കാരണവശാലും റിപ്പോർട്ടിങ്ങിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി പ്രസ് ക്ലബ് കെട്ടിടത്തിൽ പ്രവേശിപ്പിക്കുകപോലും വേണ്ട എന്നാണ് നിർദ്ദേശമെന്നും അറിയാൻ കഴിഞ്ഞു.

അഭിഭാഷകരെ കുറ്റപ്പെടുത്താൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ തുറന്ന കത്തിൽ പറയുന്ന ചില കാര്യങ്ങൾ പ്രസക്തമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂറിന് സംസ്ഥാനത്തെ മാദ്ധ്യമങ്ങൾ സമർപ്പിക്കുന്ന തുറന്ന കത്തിൽ കുറിക്കുന്ന വാചകം ഇപ്രകാരമാണ്- മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതിനോട് ജുഡീഷ്യറിയിൽ ഒരു വിഭാഗം പുലർത്തുന്ന നിസംഗത നീതിന്യായരംഗത്തെ സ്ഫടിക സമാനമായ സുതാര്യതയെ കെടുത്തുകയാണ്. ആ സുതാര്യത മുഖമുദ്രയാക്കിക്കൊണ്ട് കോടതിയും മാദ്ധ്യമങ്ങളും നിർവഹിച്ചുപോന്ന കൂട്ടായ സാമൂഹിക ദൗത്യം ഇതോടെ ഇല്ലാതാകുന്നു. നിയമത്തിനു വേണ്ടി നിലകൊള്ളേണ്ടവർ കോടതിപരിസരങ്ങളിൽ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതു ഖേദകരമാണെന്നും പറയുന്നു. ഇത് തന്നെയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മറുനാടനെതിരായ വിലക്കും ഉയർത്തുന്ന വിഷയം. പ്രസ് ക്ലബ്ബിലെ അനധികൃത ബാർ വിഷയത്തിലെ വാർത്തകളിലെ പ്രകോപനമാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ മറുനാടനെതിരെ തിരിക്കാൻ കാരണം.

കഴിഞ്ഞ ആറ് വർഷമായി സജീവമായി പ്രവർത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂർണ ഓൺലൈൻ പത്രമാണ് മറുനാടൻ മലയാളി. സർക്കാറിന്റെ പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ ലിസ്റ്റിൽ ഉൾപ്പെട്ട പത്രമാണ് മറുനാടൻ മലയാളി. സമൂഹത്തെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ പുറത്തുകൊണ്ട് വരാനും അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കുന്ന രീതിയിൽ വാർത്തകൾ നൽകുകയും ചെയ്തിട്ടുള്ള ഒരു പത്രത്തിലെ റിപ്പോർട്ടർമാരെ സർക്കാർ ഗ്രാന്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്രവേശിപ്പിക്കണ്ട എന്ന നിലപാട് ദൗർഭാഗ്യകരമാണ്. ജോലി ചെയ്യുവാനും റിപ്പോർട്ട് ചെയ്യുവാനുമുള്ള സ്വാതന്ത്ര്യമാണ് ഇവിടെ നിഷേധിക്കപ്പെട്ടതെന്നതാണ് വസ്തുത.

ഇവിടെ പ്രസ് ക്ലബ്ബിൽ ബാർ നടക്കുന്നതായി മറുനാടൻ തുറന്ന് കാട്ടിയത് ക്ലബ്ബ് അംഗങ്ങളായ മാദ്ധ്യമപ്രവർത്തകരുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ നിന്നും ട്വിറ്ററുകളിൽ നിന്നുമാണ്. നിയമലംഘനം പ്രസ് ക്ലബ്ബിൽ നടക്കുന്നുവെന്നത് തുറന്നുകാട്ടിയത് ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ വിനു വി ജോണാണ്. അദ്ദേഹത്തിന്റെ ട്വീറ്റുകൾ വാർത്തയാക്കുകയും അത് ശരിയാണെങ്കിൽ നടപടി എടുക്കണമെന്ന അഭിപ്രായം ഉയർത്തികൊണ്ടു വരികയുമാണ് ചെയ്തത്. ഇതിന് പ്രതികാരമെന്നോണം പ്രസ് ക്ലബ്ബിലെ റിപ്പോർട്ടിങ് മറുനാടനു നിഷേധിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രസ് ക്ലബ്ബിന് രജിസ്റ്റേർഡ് കത്തയച്ചിട്ട് മറുപടി തരാൻ പോലും പ്രസ് ക്ലബ്ബ് ഭാരവാഹികൾ ഇനിയും തയ്യാറായിട്ടില്ല. പ്രസ് ക്ലബ്ബിലെ നിയമവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ തിരുവനന്തപുരത്ത് വിലക്ക് നേരിടേണ്ടി വരുന്ന മറ്റ് മാദ്ധ്യമസ്ഥാപനങ്ങളുമുണ്ട്.

ഹൈക്കോടതിയിലും മറ്റ് കോടതികളിലും റിപ്പോർട്ടിംഗിനെത്തുന്ന മാദ്ധ്യമപ്രവർത്തകരെ തടയുന്ന അഭിഭാഷകരുടെ നിലപാട് ശരിയല്ല. എന്നാൽ ഇത് തന്നെയാണ് എതിർക്കുന്നവർക്കെതിരെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് പോലും സ്വീകരിക്കുന്നതെന്നാണ് മറുനാടൻ മലയാളിക്ക് സ്വന്തം അനുഭവത്തിൽ നിന്ന് ബോധ്യപ്പെടുന്നത്. ഈ അവകാശ ലംഘനത്തിനെതിരെ കേരളാ ടെലിവിഷൻ ഫെഡറേഷനും പത്രപ്രവർത്തക യൂണിയനുമെല്ലാം നിസ്സംഗത തുടരുന്നു. പ്രസ് ക്ലബ്ബിനെ തിരുത്താൻ അവർ തയ്യാറാകുന്നതുമില്ല. ഏകപക്ഷീയമായി തിരുവനന്തുപരം പ്രസ് ക്ലബ്ബ് എടുക്കുന്ന മാദ്ധ്യമ വിലക്കിൽ ജ്യുഡീഷറിയെ സമീപിക്കേണ്ട അവസ്ഥയിലാണ് മറുനാടൻ. പ്രസ് ക്ലബ്ബ് സ്വകാര്യ സ്വത്തായി കൊണ്ടു നടക്കുകയാണ് ചില ഭാരവാഹികൾ. എന്നാൽ സർക്കാർ ഫണ്ട് ആവശ്യത്തിന് വാങ്ങി പ്രവർത്തിക്കുന്ന പ്രസ് ക്ലബ്ബിന് പൊതു ജനങ്ങൾക്ക് പോലും വിവരങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കാൻ നിർബന്ധിതമാണ്. പലപ്പോഴും ബജറ്റ് അലോക്കേഷനായാണ് പ്രസ് ക്ലബ്ബിന് സർക്കാർ ഖജനാവിൽ നിന്ന് പണമെത്തുന്നത്.

പ്രസ് ക്ലബ്ബിന്റെ നവീകരണത്തിന് ദേശീയ ഗെയിംസ് ഫണ്ട് പോലും ചെലവഴിച്ചിരുന്നു. ലിഫ്റ്റ് നിർമ്മാണവും മറ്റും ദേശീയ ഗെയിംസ് ഫണ്ടിലാണ് നടന്നത്. ഇതു പോലെ ലൈബ്രറിയുടെ നവീകരണത്തിനും വിപുലീകരണത്തിനുമെല്ലാമായി ലക്ഷങ്ങളുടെ ഫണ്ട് സർക്കാരിൽ നിന്ന് ഒഴുകിയെത്തുന്നു. ദേശീയ ഗെയിംസ് ഫണ്ടിലെ തിരിമറിയിൽ പ്രസ് ക്ലബ്ബിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്നു പോലും അഭിപ്രായം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ സുപ്രീംകോടതി ചീഫ്ജസ്റ്റീസിനെ കേരളത്തിലേക്ക് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി കേരള ഘടകവും കേരള ടെലിവിഷൻ ഫെഡറേഷനും സ്വാഗതം ചെയ്യുന്ന തുറന്ന കത്തിന് പ്രസക്തി ഏറുന്നത്.

ഈ സംസ്ഥാനത്തിന്റെ ജന്മദിനമായ നവംബർ ഒന്നിനു തന്നെയാണ് കേരള ഹൈക്കോടതിയുടെയും ജന്മദിനമെന്നത് താങ്കൾക്കും അറിയാമല്ലൊ. ഈ ശുഭദിനത്തിൽ ഖേദകരമായൊരു കാര്യത്തെപ്പറ്റി താങ്കളെ അറിയിക്കേണ്ടി വരുന്നു. വജ്രജൂബിലി ആഘോഷിക്കുന്ന കേരള ഹൈക്കോടതിയിലെ നീതിന്യായനടപടിയുടെ സുതാര്യതയെ മറയ്ക്കുന്ന വലിയൊരു കളങ്കം വരുത്തിവച്ചിരിക്കുകയാണ് ഈ സംവിധാനത്തിന്റെ തന്നെ ഭാഗമായ ഒരുകൂട്ടമാളുകൾ. ഈ ആറുപതിറ്റാണ്ടിനിടെ, ഉന്നതദർശനവും ഉൾക്കാഴ്ചയുമുള്ള മഹാന്മാരായ ജഡ്ജിമാരുടെ സമയോചിതമായ ഇടപെടൽ പ്രബുദ്ധവും നിയമസാക്ഷരതയുള്ളതുമായ കേരള സമൂഹത്തെ രൂപപ്പെടുത്താനുപകരിച്ചിട്ടുണ്ട്. എന്നാൽ, കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാൻ കൊച്ചിയിലെ പൊതുനിരത്തിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നുണ്ടായ സംഭവങ്ങൾ നീതിന്യായ നടപടിയുടെ സുതാര്യത നിലനിർത്താനുള്ള കൂട്ടായ പ്രവർത്തനത്തിൽ കരിനിഴൽ വീഴ്‌ത്തിയിരിക്കുകയാണെന്നും വിശദീകരിക്കുന്നു. സ്വതന്ത്ര റിപ്പോർട്ടിങ്ങിനു മാദ്ധ്യമങ്ങൾക്കു കോടതികളിൽ വിലക്കില്ലെന്ന ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ രണ്ടു പത്രക്കുറിപ്പുകൾക്കു പുറമെ, ചീഫ് ജസ്റ്റിസിന്റെ ഉറപ്പും കിട്ടിയ ശേഷം തൊട്ടുപിറ്റേന്ന് ചീഫ് ജസ്റ്റിസിന്റെ തന്നെ കോടതിയിൽ റിപ്പോർട്ടിങ്ങിനെത്തിയ മാദ്ധ്യമപ്രവർത്തകരെ അഭിഭാഷകർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതു കൂടി താങ്കൾ അറിയേണ്ടതുണ്ട്. മിതമായ ഭാഷയിൽ പറഞ്ഞാൽ ഞങ്ങളെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു, ആ സംഭവം.

അതിനേക്കാൾ ആശങ്കയുണ്ടാക്കുന്ന മറ്റൊന്നുണ്ട്, സംസ്ഥാനത്തെ വിവിധ കോടതികളിൽ അതേ തിരക്കഥയിൽ അതേ ഹീനമായ കളികൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതിമുറിയിൽ ജഡ്ജിയുടെ സാന്നിധ്യമുള്ളപ്പോഴാണ് വനിതകളുൾപ്പെട്ട മാദ്ധ്യമപ്രവർത്തകരെ ഒരു കൂട്ടം അഭിഭാഷകർ നിന്ദിച്ചും കൈയേറ്റം ചെയ്തും പുറത്താക്കിയത്. മാദ്ധ്യമപ്രവർത്തകരുടെ തൊഴിലുപകരണങ്ങളും വാഹനങ്ങളും കേടുവരുത്തുകയും ചെയ്തു. കഴിഞ്ഞ തവണ സംഘർഷമുണ്ടായപ്പോൾ കോടതിവളപ്പിൽ നിന്ന് ഒഴിഞ്ഞ ബിയർ കുപ്പികൾ മാദ്ധ്യമപ്രവർത്തകർക്കുനേരേ വലിച്ചെറിഞ്ഞതുമായി താരതമ്യപ്പെടുത്തിയാൽ ഇതിനു തീവ്രത കുറവാണെന്നു തോന്നാമെന്നും പറയുന്നു. കോടതികളിൽ മാദ്ധ്യമങ്ങൾക്ക് പ്രത്യേക സൗകര്യങ്ങൾ വേണ്ടതിന്റെ പ്രസക്തിയും വിശദീകരിക്കുന്നു.

മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതിനോട് ജുഡീഷ്യറിയിൽ ഒരു വിഭാഗം പുലർത്തുന്ന നിസംഗത നീതിന്യായരംഗത്തെ സ്ഫടിക സമാനമായ സുതാര്യതയെ കെടുത്തുകയാണ്. ആ സുതാര്യത മുഖമുദ്രയാക്കിക്കൊണ്ട് കോടതിയും മാദ്ധ്യമങ്ങളും നിർവഹിച്ചുപോന്ന കൂട്ടായ സാമൂഹിക ദൗത്യം ഇതോടെ ഇല്ലാതാകുന്നു. നിയമത്തിനു വേണ്ടി നിലകൊള്ളേണ്ടവർ കോടതിപരിസരങ്ങളിൽ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതു ഖേദകരമാണ്. ഏതൊരാളെയും പോലെ മാദ്ധ്യമപ്രവർത്തകർക്കും കോടതിയിലെത്താമെന്ന ക്ഷണം വെറുമൊരു ചടങ്ങാണ്. ജഡ്ജിമാരുടെ പി.എസ്. ഓഫീസുകളിൽ ഞങ്ങൾക്കു പ്രവേശനമില്ല. ജഡ്ജിമാർ തുറന്ന കോടതിയിൽ പ്രസ്താവിക്കുന്ന വിധിന്യായങ്ങളും ഉത്തരവുകളും കേട്ടെഴുതുന്ന പി.എസ്./ പി.എമാരിൽ നിന്നു കൃത്യതയോടെ വിവരങ്ങൾ ശേഖരിക്കാനാണു ചേംബറുകളോടു ചേർന്നുള്ള പി.എസ്. ഓഫീസുകളിൽ മാദ്ധ്യമപ്രവർത്തകർ എത്തിയിരുന്നത്. ഹൈക്കോടതിയിലെ മീഡിയാ റൂം അടഞ്ഞു കിടക്കുന്നു. പഴയ ഹൈക്കോടതി മന്ദിരത്തിൽ 1992 മുതൽ പ്രവർത്തിച്ചു വന്നതും പുതിയ മന്ദിരത്തിൽ അതിന്റെ രൂപരേഖയിൽ ഉൾപ്പെടുത്തി അനുവദിച്ചു തന്നതുമായ മീഡിയാ റൂം ആണ് അടഞ്ഞു കിടക്കുന്നതെന്നും പറയുന്നു.

ഇത് തന്നെയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മറുനാടന് നേരിടേണ്ടി വന്നതും. ബാർ ലൈസൻസില്ലാതെ സങ്കേതം പ്രവർത്തിക്കുന്നത് ചൂണ്ടിക്കാട്ടിയതിന്റെ പ്രതികാരമാണ് മറുനാടനോടുള്ള വിലക്ക്. സുപ്രീംകോടതിക്ക് റിപ്പോർട്ടിംഗിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി കത്തെഴുതുന്ന കേരളത്തിലെ മാദ്ധ്യമ കൂട്ടായ്മയുടെ പ്രധാന കണ്ണിയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP