Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാർഡനെ കഴുത്തറുത്തു കൊലപ്പെടുത്തി ഭോപ്പാൽ ജയിൽ ചാടിയ എട്ടു സിമി പ്രവർത്തകരെയും പൊലീസ് വധിച്ചു; വെടിവച്ച് കൊലപ്പെടുത്തിയത് ജയിൽ ചാടി മണിക്കൂറുകൾക്കകം; ഈന്ത്‌ഖേദി ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ വാഗമൺ സിമി ക്യാമ്പ് കേസ് പ്രതി മെഹബൂബ് മാലിക്കും

വാർഡനെ കഴുത്തറുത്തു കൊലപ്പെടുത്തി ഭോപ്പാൽ ജയിൽ ചാടിയ എട്ടു സിമി പ്രവർത്തകരെയും പൊലീസ് വധിച്ചു; വെടിവച്ച് കൊലപ്പെടുത്തിയത് ജയിൽ ചാടി മണിക്കൂറുകൾക്കകം; ഈന്ത്‌ഖേദി ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ വാഗമൺ സിമി ക്യാമ്പ് കേസ് പ്രതി മെഹബൂബ് മാലിക്കും

ഭോപ്പാൽ: ഭോപ്പാൽ സെൻട്രൽ ജയിലിൽനിന്നു തടവുചാടിയ നിരോധിത സംഘടനയായ എട്ടു സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) പ്രവർത്തകരെയും പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. മധ്യപ്രദേശിലെ ഈന്ത്‌ഖേദി ഗ്രാമത്തിലാണ് പൊലീസ് എട്ടുപേരെയും വധിച്ചത്. ഇക്കാര്യം മധ്യപ്രദേശ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ കേരളത്തിലെ പ്രമാദമായ വാഗമൺ സിമി ക്യാമ്പ് കേസ് പ്രതി മെഹബൂബ് മാലിക്കും ഉൾപ്പെടും. ഗുഡ്ഡു എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. വാഗമൺ സിമി ക്യാമ്പ് കേസിലെ 31ാം പ്രതിയാണ് മെഹബൂബ് മാലിക്ക്.

ബിജ്‌നോർ, അഹമ്മദാബാദ് സ്‌ഫോടനക്കേസുകളിലും പ്രതിയുമാണ് മെഹബൂബ്. നിരോധിത തീവ്രവാദി സംഘടനയായ സിമിയുടെ സജീവ പ്രവർത്തകനായിരുന്ന ഗുഡ്ഡു അബു ഫൈസൽ ഗ്യാങ്ങിന്റെ പ്രധാനിയായിരുന്നു. നിരവധി കേസുകളിൽ വിചാരണ നേരിട്ടാണ് മെഹബൂബ് അടക്കമുള്ള സിമി പ്രവർത്തകരെ ഭോപാൽ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്നത്.

തെലങ്കാനയിലെ കരിം നഗറിലെ ബാങ്ക് കൊള്ള, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ ബംഗളുരുഗുവാഹത്തി എക്സ്‌പ്രസ് ട്രെയിനിലെ സ്‌ഫോടനം, പുനെയിലെ വിശ്രംഭാഗ്,ഫറസ്ഖാന പൊലീസ് സ്റ്റേഷനുകളിലെ സ്‌ഫോടനം എന്നീ കേസുകളിലും മെഹബൂബ് പ്രതിയാണ്. നേരത്തേ ഖന്ദ്വ ജയിൽ ചാടിയതും മെഹബൂബ് അടക്കമുള്ള അഞ്ചു സിമി പ്രവർത്തകരായിരുന്നു. അസ്ലം ഖാൻ, അംജദ് ഖാൻ, സാകിർ ഹുസൈൻ, ഐസാസുദീൻ എന്നിവരാണു മറ്റുള്ളവർ. 2007 ഡിസംബറിലായിരുന്നു ഇടുക്കി ജില്ലയിലെ വാഗമൺ കോലാഹലമേട്ടിൽ സിമി പ്രവർത്തകർ ക്യാമ്പ് നടത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സിമി പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

ഇന്നലെ രാത്രി ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ജയിൽ ജീവനക്കാരനെ കൊലപ്പെടുത്തി സിമി ഭീകരർ ജയിൽ ചാടിയത്. സ്റ്റീൽ പ്ലേറ്റും ഗ്ലാസും ഉപയോഗിച്ചാണു ജയിൽ വാർഡനെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷമായിരുന്നു ഇവരുടെ തടവുചാടൽ. ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടി ജയിൽ മതിൽ ചാടിക്കടക്കാൻ കയർ രൂപപ്പെടുത്തുകയും ചെയ്തു. ഇതുപയോഗിച്ചാണ് മതിൽ ചാടിക്കടന്നത്. ഇത് ആദ്യമായല്ല സിമി പ്രവർത്തകർ ജയിലിൽ നിന്നു രക്ഷപ്പെടുന്നത്. മൂന്നു വർഷങ്ങൾക്കു മുമ്പ് 2013ലും സമാനമായ രീതിയിൽ സിമി പ്രവർത്തകർ ജയിൽ ചാടിയിരുന്നു. അന്നു ഖന്ദ്വ ജയിലിൽ പാർപ്പിച്ചിരുന്ന ഏഴു ഭീകരരാണ് രക്ഷപ്പെട്ടത്. അന്ന് ഇവരെ തിരികെ ജയിലിൽ എത്തിച്ചിരുന്നു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ കുത്തിപ്പരുക്കേൽപിച്ച ശേഷമായിരുന്നു ഭീകരരുടെ രക്ഷപ്പെടൽ. റൈഫിളുകളും വയർലെസ് സെറ്റുകളും അന്നു അവർ കൈക്കലാക്കിയിരുന്നു.

തിങ്കളാഴ്ച പുലർച്ചെ രണ്ടിനും മൂന്നിനും ഇടയ്ക്കാണ് എട്ടുപേർ ജയിൽ ചാടിയത്. അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്ന ജയിലിലെ ബി ബ്ലോക്കിലാണ് ഭീകരരെ പാർപ്പിച്ചിരുന്നത്. രമാകാന്ത് എന്ന ജയിൽ ജീവനക്കാരനാണ് ഭീകരരുടെ ജയിൽ ചാട്ടത്തിനിടെ കൊല്ലപ്പെട്ടത്. പിന്നാലെ ഇവരെ തേടി പൊലീസ് രംഗത്തിറങ്ങുകയും ഇന്ന് രാവിലെ 11 മണിയോടെ കൊലപ്പെടുത്തുകയായിരുന്നു. ഏറ്റുമുട്ടലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും വ്യക്തമായിട്ടില്ല. ജയിൽ ചാടിയ പ്രതികൾക്ക് പൊലീസുമായി ഏറ്റുമുട്ടാൻ എവിടെ നിന്ന് ആയുധങ്ങൾ ലഭിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.

ഭോപ്പാലിലെ കോടതി കെട്ടിടം ബോംബുവച്ച് തകർക്കുമെന്ന് സിമി ഭീകരർ കഴിഞ്ഞ ജൂലായിൽ ഭീഷണി മുഴക്കിയിരുന്നു. പ്രാദേശിക മാദ്ധ്യമങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് അധികൃതർ കോടതിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. മധ്യപ്രദേശിലെ ജയിലിൽനിന്ന് സിമി ഭീകരർ ജയിൽചാടുന്ന സംഭവങ്ങൾ ആദ്യമല്ല. 2013 ൽ ആറ് സിമി ഭീകരരും മറ്റൊരു തടവുകാരനും ഭോപ്പാലിലെ ഖണ്ഡ്വ ജില്ലാ ജയിലിൽനിന്ന് രക്ഷപെട്ടിരുന്നു. സുരക്ഷാ ജീവനക്കാരെ അക്രമിച്ച ശേഷമായിരുന്നു അന്നും ജയിൽചാട്ടം. ശൗചാലയത്തിന്റെ ഭിത്തി തുരന്ന് പുറത്തിറങ്ങിയശേഷം കിടക്കവിരികൾ കൂട്ടിക്കെട്ടി ജയിലിന്റെ മതിൽചാടിയാണ് അന്ന് ഭീകരർ രക്ഷപെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP