Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതായിരിക്കണം പഞ്ചായത്തു സെക്രട്ടറി! വിരമിക്കുന്നതിനു മുന്നോടിയായി പഞ്ചായത്തിലെ ക്വാറികൾക്കെല്ലാം അഞ്ചു വർഷത്തേക്കു ലൈസൻസ് ഒന്നിച്ചു പുതുക്കി നൽകി; പുലിവാൽ പിടിച്ചതു വടശേരിക്കര പഞ്ചായത്ത് കമ്മിറ്റി

ഇതായിരിക്കണം പഞ്ചായത്തു സെക്രട്ടറി! വിരമിക്കുന്നതിനു മുന്നോടിയായി പഞ്ചായത്തിലെ ക്വാറികൾക്കെല്ലാം അഞ്ചു വർഷത്തേക്കു ലൈസൻസ് ഒന്നിച്ചു പുതുക്കി നൽകി; പുലിവാൽ പിടിച്ചതു വടശേരിക്കര പഞ്ചായത്ത് കമ്മിറ്റി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മൂപ്പിറക്കൽ എന്നു പറഞ്ഞാൽ ഇതാണ്. വിരമിക്കുന്നതിനു മൂന്നു ദിവസം മുൻപ് പഞ്ചായത്തിലുള്ള സകല പാറമടകൾക്കും ക്രഷർ യൂണിറ്റിനും ലൈസൻസ് പുതുക്കി നൽകുക. അതും അഞ്ചു വർഷത്തേക്ക്. വടശേരിക്കരയിൽനിന്ന് വിരമിച്ച പഞ്ചായത്ത് സെക്രട്ടറിയുടേതാണ് രാജാവിനെ വെല്ലുന്ന രാജഭക്തി. നിലവിലുള്ള ലൈസൻസ് പുതുക്കി നൽകണമെന്നേ ഉടമകൾ ആവശ്യപ്പെട്ടുള്ളൂ. സെക്രട്ടറിയാകട്ടെ നാലു കൊല്ലത്തേക്ക് കൂടി അങ്ങു പുതുക്കി കൊടുത്തു. എന്താ അല്ലേ? ഒരു ഭംഗിക്കിരിക്കട്ടെ.

വടശേരിക്കര പഞ്ചായത്ത് മുൻസെക്രട്ടറി തിരുവനന്തപുരം പേരൂർക്കട നീരാഞ്ജനത്തിൽ കെ. ഗോപിയാണ് മൂന്നു ക്വാറികൾക്കും ഒരു ക്രഷർ യൂണിറ്റിനും അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകിയത്. സംഭവം വിവാദമായതോടെ ഉത്തരവ് റദ്ദാക്കാൻ പഞ്ചായത്ത് കമ്മറ്റി നടപടി ആരംഭിച്ചു. കഴിഞ്ഞ മെയ് 31 നാണ് ഇദ്ദേഹം സർവീസിൽനിന്ന് വിരമിച്ചത്. മൂന്നു ദിവസം മുൻപ് അതായത്, 26 നാണ് ചട്ടം മറികടന്ന് റാന്നി, അങ്ങാടി കാവുങ്കൽ സാബു കുര്യാക്കോസിന്റെ ഉടമസ്ഥതയിൽ വടശേരിക്കര ഗ്രാമപഞ്ചായത്തിൽ മുക്കുഴി ബാലവാടിക്കു സമീപം പ്രവർത്തിക്കുന്ന മൂന്നു ക്വാറികൾക്കും ഒരു ക്രഷർ യൂണിറ്റിനും 2021 വരെ ലൈസൻസ് പുതുക്കി നൽകാൻ ഉത്തരവിട്ടത്. വിവരാവകാശ നിയമപ്രകാരമാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്.

പാറ ഖനനം ചെയ്യാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് കാവുങ്കൽ ഗ്രാനൈറ്റ്‌സ് ക്വാറി ഒന്നിന് അനുമതി നൽകിയിരിക്കുന്നത് അടുത്ത മാർച്ച് 15 വരെയും, ക്വാറി രണ്ടിന് ജനുവരി 17 വരെയും, ക്വാറി മൂന്നിന് കഴിഞ്ഞ ജൂൺ 24 വരെയും, കാവുങ്കൽ ക്രഷർ യൂണിറ്റിന് അടുത്ത മാർച്ച് 15 വരെയുമാണ്. മലിനീകരണ നിയന്ത്രണ ബോർഡാകട്ടെ ക്വാറി ഒന്നിന് 2018 ഡിസംബർ 31 വരെയും, ക്വാറി രണ്ടിന് 2018 ജൂൺ 31 വരെയും, ക്വാറി മൂന്നിന് കഴിഞ്ഞ ജൂൺ 31 വരെയും, ക്രഷർ യൂണിറ്റിന് ഈ വർഷം ഡിസംബർ 31 വരെയുമാണ് അനുമതി നൽകിയിരിക്കുന്നത്. ക്വാറി ഒന്നിനു മാത്രമേ 2021 മാർച്ച് 31 വരെ എക്‌സ്‌പ്ലോസീവ് ലൈസൻസ് നൽകിയിട്ടുള്ളു. ഒന്നാം നമ്പർ ക്വാറിക്കു നൽകിയ എക്‌സ്‌പ്ലോസീവ് ലൈസൻസാണ് ക്വാറി രണ്ടിനും, ക്വാറി മൂന്നിനും ഉപയോഗിക്കുന്നത്.

കാവുങ്കൽ ഗ്രാനൈറ്റ്‌സ് ക്വാറി രണ്ടിനും മൂന്നിനും എക്‌സ്‌പ്ലോസീവ് ലൈസൻസ് നൽകിയിട്ടുമില്ല. ഈ ക്വാറികൾക്കും ക്രഷർ യൂണിറ്റിനും 2021 വരെ ലൈസൻസ് പുതുക്കി നൽകുവാൻ വടശേരിക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിട്ടില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് വടശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്.

ക്വാറി ഉടമയായ സാബു കുര്യാക്കോസിന്റെ അപേക്ഷ പ്രകാരം ക്വാറി ഒന്നിന് 2016 ഏപ്രിൽ ഒന്ന് മുതൽ 2016 ജൂൺ 24 വരെയും, ക്വാറി രണ്ടിന് 2016 ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെയും, ക്വാറി മൂന്നിന് 2016 ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31വരെയും കാവുങ്കൽ ക്രഷർ യൂണിറ്റിന് ഡിസംബർ 31 വരെയും മുൻ പഞ്ചായത്ത് സെക്രട്ടറി കെ. ഗോപി തന്നെ കഴിഞ്ഞ ഏപ്രിൽ ഒന്നിന് ലൈസൻസ് നൽകിയിരുന്നതാണ്. ഈ ലൈസൻസുകളുടെ കാലാവധിഅവസാനിക്കാൻ കാലയളവ് ഉള്ളപ്പോൾ തന്നെ ഏപ്രിൽ ഒന്നു മുതൽ 2021 മാർച്ച് 31 വരെയുള്ള കാലത്തേക്ക് ഉടമ ലൈസൻസ് പുതുക്കി നൽകണമെന്നു കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം പോലുമില്ലാതെ അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകിക്കൊണ്ട് സെക്രട്ടറി ഉത്തരവിട്ടത്. പഞ്ചായത്ത് രാജ് നിയമവും ഡിഒ ലൈസൻസ് ചട്ടങ്ങളിലെ ചട്ടം 8 പ്രകാരം ക്വാറി/ ക്രഷറിന് അഞ്ചു വർഷത്തേക്ക് ലൈസൻസ് നൽകാമെന്നുള്ള വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യവും ആയതിന് ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ മറുപടിയും ഇടുക്കി ജില്ലയിലെ കൊന്നത്തടി, മലപ്പുറം ജില്ലയിലെ വെട്ടത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ക്വാറികൾക്ക് അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ടെന്നും ആയതുകൊണ്ട് തന്റെ സ്ഥാപനങ്ങൾക്കും അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന ഉടമ സാബു കുര്യാക്കോസിന്റെ അപേക്ഷാ പ്രകാരവും അഭിഭാഷകനായ മാത്യു കുഴൽനാടന്റെ നിയമപോദേശത്തിന്റെയും, അടിസ്ഥാനത്തിലാണ് ലൈസൻസ് പുതുക്കി നൽകിയിട്ടുള്ളതെന്നാണ് മുൻ സെക്രട്ടറി കെ. ഗോപി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

വിവരാവകാശ നിയമ പ്രകാരമുള്ള റഷീദ് ആനപ്പാറയുടെ ചോദ്യത്തിനു മറുപടി നൽകുന്നതിനുവേണ്ടി ഫയൽ പരിശോധിച്ചപ്പോഴാണ് നിലവിലുള്ള സെക്രട്ടറി കെ.സി. സുരേഷ് കുമാറിന് ഈ ക്രമക്കേട് ബോധ്യപ്പെട്ടത്. അഞ്ചു വർഷത്തേക്ക് പുതുക്കി നൽകിയ ഈ ലൈസൻസുകൾ റദ്ദ്ു ചെയ്യുന്നതിനുള്ള നടപടികൾ അദ്ദേഹം ആരംഭിച്ചു. 1996-ലെ കേരളാ പഞ്ചായത്ത് രാജ് 6-ാം ചട്ടപ്രകാരം അഞ്ച് വർഷത്തേയ്ക്ക് പുതിയ ലൈസൻസിനു വേണ്ടി അപേക്ഷിക്കാനുള്ള അധികാരം ക്വാറി ഉടമയ്ക്കില്ലെന്നും, അപേക്ഷ പരിഗണിക്കാൻ പാടില്ലാത്തതാണെന്നും, ഒരു നിശ്ചിത തീയതിയിൽ നൽകിയ അപേക്ഷയ്ക്ക് അതിനു മുൻപുള്ള തീയതി മുതൽ പ്രാബല്യം വച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ലെന്നും പറയുന്നു. കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള വടശേരിക്കര പഞ്ചായത്തിൽ പാരിസ്ഥിതികാനുമതി കൂടാതെ ഖനനം നടത്താൻ പാടില്ലെന്നും, ക്രമവിരുദ്ധമായി നൽകിയ ലൈസൻസുകൾ റദ്ദ് ചെയ്യുന്നത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി സെക്രട്ടറി പഞ്ചായത്ത് ഓഫീസിൽ നേരിൽ ഹാജരായി കാരണം ബോധിപ്പിക്കണമെന്നു കാണിച്ച് കാറി ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുള്ളതായും രേഖയിൽ പറയുന്നു.

നിയമവിരുദ്ധമായി 5 വർഷക്കാലത്തേയ്ക്ക് ക്വാറികൾക്കും ക്രഷർ യൂണിറ്റിനും നൽകിയ ലൈസൻസ് റദ്ദ് ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറാകണമെന്ന് വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി ലൈസൻസ് നൽകിയ മുൻ പഞ്ചായത്ത് സെക്രട്ടറി ഗോപിക്കെതിരെ നടപടിയെടുക്കണം. 5 വർഷ കാലത്തേക്ക് ലൈസൻസ് പുതുക്കി നൽകിയ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടും ലൈസൻസ് റദ്ദു ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാത്ത വടശ്ശേരിക്കര പഞ്ചായത്ത് ഭരണസമിതിക്കെതിരെ ദുർഭരണത്തിനു കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്മാനെ സമീപിക്കുമെന്നും റഷീദ് ആനപ്പാറ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP