Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീസുരക്ഷയിലെ വാർത്തയ്ക്കായി വനിതാ റിപ്പോർട്ടർ സെറ്റിട്ടു! പാലാരിവട്ടത്തെ രാത്രിയാത്ര ദുരിതം ചാനലിൽ പറഞ്ഞത് ജീവനക്കാരി; ഓഫീസിലേക്ക് നാട്ടുകാർ വിളിച്ച് കളിയാക്കൽ തുടങ്ങിയപ്പോൾ റിപ്പോർട്ട് പിൻവലിച്ച് ഏഷ്യാനെറ്റ്; പ്രതിക്കൂട്ടിലായത് പ്രിയ ഇളവള്ളിമഠം

സ്ത്രീസുരക്ഷയിലെ വാർത്തയ്ക്കായി വനിതാ റിപ്പോർട്ടർ സെറ്റിട്ടു! പാലാരിവട്ടത്തെ രാത്രിയാത്ര ദുരിതം ചാനലിൽ പറഞ്ഞത് ജീവനക്കാരി; ഓഫീസിലേക്ക് നാട്ടുകാർ വിളിച്ച് കളിയാക്കൽ തുടങ്ങിയപ്പോൾ റിപ്പോർട്ട് പിൻവലിച്ച് ഏഷ്യാനെറ്റ്; പ്രതിക്കൂട്ടിലായത് പ്രിയ ഇളവള്ളിമഠം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാർത്ത ചെയ്യുന്നതിന് വേണ്ടി റിപ്പോർട്ടർമാർ പല പണികളും നടത്താറുണ്ട്. പ്രത്യേകിച്ചും ടെലിവിഷൻ റിപ്പോർട്ടർമാർ. ഒളിക്യാമറ ഓപ്പറേഷൻ മുതൽ ' സെറ്റ്' ഇട്ട് വാർത്ത തയ്യാറാക്കൽ വരെ ഇതിൽ ഉൾപ്പെടുന്നു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ വ്യക്തികളെ തയ്യാറാക്കി നിർത്തിയാണ് 'സെറ്റ് ' ഇട്ട് വാർത്ത ചെയ്യുക . ഇതിൽ വാർത്തയിൽ ഉൾക്കൊള്ളിക്കുന്ന വ്യക്തികൾക്ക് പറയേണ്ട ഡയലോഗുകൾ അടക്കം മുൻകൂട്ടി പറഞ്ഞുകൊടുക്കും. ഇത്തരമൊരു സെറ്റ് ഇട്ട് വാർത്ത ചെയ്തതിന്റെ പേരിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ് ഏഷ്യാനെറ്റിന്റെ കൊച്ചി ബിയൂറോയിലെ റിപ്പോർട്ടർ പ്രിയ ഇളവള്ളിമഠം.

രണ്ടുദിവസം മുൻപ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഒരു വാർത്തയാണ് സെറ്റ് ഇടലിന്റെ പേരിൽ ആരോപണവിധേയമായിരിക്കുന്നത്. കൊച്ചിയിലെ രാത്രികാല യാത്രാദുരിതം എന്നപേരിലാണ് വാർത്ത വന്നത്. രാത്രി 8 മണിക്ക് ശേഷം കൊച്ചിനഗരത്തിൽ ബസുകൾക്ക് ക്ഷാമമാണ് എന്നായിരുന്നു വാർത്തയിലെ കണ്ടെത്തൽ. ഇതുകാരണം സ്ത്രീ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നതായും വാർത്ത പറയുന്നു.

പാലാരിവട്ടത്തെ ഒരു ബസ് സ്റ്റോപ്പിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടെത്തിയ ഒരു വനിതയുടെ സംഭാഷണത്തോടെയാണ് വാർത്ത ആരംഭിക്കുന്നത്. അപ്പോൾ സമയം 7 മണി. അര മണിക്കൂറായി ബസ് കാത്തുനിൽക്കുകയാണെന്ന് വനിതയുടെ വെളിപ്പെടുത്തൽ. വൈപ്പിനിലേക്കാണ് പോകേണ്ടത്. ബസ് വൈകുന്നു. എല്ലാദിവസവും ഇത് തന്നെയാണ് അവസ്ഥ. ഓട്ടോ പിടിച്ച് പോകാനോ, ടാക്‌സി വിളിച്ച് പോകാനോ സാധാരണക്കാരന് പറ്റില്ല.....ഇങ്ങനെ പോകുന്നു വനിതയുടെ പരിദേവനം. പാലാരിവട്ടത്തെ ഒരു ഓഫീസിലാണ് വനിത ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടർ വ്യക്തമാക്കുന്നു.

അൽപ്പം കഴിഞ്ഞു വന്ന ബസ്സിൽ റിപ്പോർട്ടറും വനിതയും കയറുന്നു. ' ഓഹ് , ഇത് നിറച്ച് ആണുങ്ങളാണല്ലോ. എങ്ങനെ നിൽക്കും ഇതിനകത്ത് ' എന്ന വനിതയുടെ ആത്മഗതവും വാർത്തയിൽ കേൾക്കാം. ബസ്സിനകത്തെ ദൃശ്യങ്ങളും പുറത്തെ ദൃശ്യങ്ങളുമൊക്കെ ക്യാമറാമാൻ ഷൂട്ട് ചെയ്യുന്നുണ്ട്. ഒടുവിൽ ബസ് വൈപ്പിനിലെത്തി. വനിതയ്‌ക്കൊപ്പം ഏഷ്യാനെറ്റ് റിപ്പോര്ട്ടര് നടക്കുന്നതിന്റെ ദൃശ്യങ്ങൾ. വനിത വീണ്ടും പ്രശ്‌നങ്ങൾ പറയുന്നു.

വിജനമായ വഴി. ആണുങ്ങളുടെ തോന്ന്യാസം വർത്തമാനങ്ങൾ പലപ്പോഴും കേൾക്കേണ്ടിവരുന്നു . ദൈവത്തെ നൂറുവട്ടം മനസ്സിൽ വിളിച്ചാണ് ഈ വഴിയൊക്കെ നടക്കുന്നത്. ഒടുവിൽ വീടെത്തുമ്പോൾ വനിതാ വീട്ടിലേക്ക് കയറിപ്പോകുന്ന ലോങ്ങ് ഷോട്ടിൽ റിപ്പോർട്ടറുടെ പി 2 സി. ..ഇതാണ് മിക്കയിടങ്ങളിലും ചെറിയ വരുമാനക്കാരായ സ്ത്രീകളുടെ അവസ്ഥ. ഇത് മാറണമെങ്കിൽ പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തിയെ തീരൂ. ഒപ്പം സ്ത്രീകളുടെ സുരക്ഷയ്ക്കും പ്രാധാന്യം വേണം. വാർത്ത അവസാനിച്ചു. ചെറിയ വാർത്തയാണെങ്കിലും തെരഞ്ഞെടുത്ത വിഷയത്തിന്റെ പ്രാധാന്യം കൊണ്ട് ശ്രദ്ധേയമാകുന്ന ഒന്നാണിത്. കൊച്ചി പോലത്തെ ഒരു നഗരത്തിൽ വനിതാ ജോലിക്കാർ നേരിടുന്ന യാത്രാദുരിതം വെളിച്ചത്തുകൊണ്ട് വരുന്നു എന്നതാണ് ഈ വാർത്തയുടെ സവിശേഷത .

എന്നാൽ വാർത്ത ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തപ്പോൾ ചിത്രം മാറി. ഏഷ്യാനെറ്റ് ഓഫിസിൽ വിളിച്ച് ആളുകൾ ബഹളം തുടങ്ങി. വാർത്തയിൽ അവതരിപ്പിച്ച വനിത തിരിച്ചറിഞ്ഞവരാണ് ബഹളം തുടങ്ങിയത്. ഏഷ്യാനെറ്റുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരാണത്രെ ഈ വനിത. വാർത്തയ്ക്ക് വേണ്ടി ഈ വനിതയെ ഉപയോഗിച്ച് പ്രിയ ഇളവള്ളിമഠം സെറ്റ് ഇടുകയായിരുന്നുവെന്നാണ് ആരോപണം. ഡയലോഗുകൾ പറഞ്ഞുകൊടുത്തു, കൊച്ചിയിൽ വാർത്തയിൽ പറയുന്നത്ര പ്രശ്‌നങ്ങൾ ഇല്ല തുടങ്ങി പ്രേക്ഷകരുടെ പ്രതികരണം.

ഒടുവിൽ ഏതാനും വാർത്തകൾക്ക് ശേഷം വാർത്ത പിൻവലിക്കേണ്ടിവന്നു ചാനലിന് . ഇനിയെങ്കിലും സെറ്റ് ഇടുമ്പോൾ പരിചിത മുഖങ്ങളെ ഉപയോഗിക്കരുതെന്നാണ് ചാനൽ വിദഗ്ധരുടെ ഉപദേശം.

വിവാദ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP