Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തി എട്ടാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തി എട്ടാം ഭാഗം

ജീ മലയിൽ

മാഷിനു ജീവിതത്തോടു തന്നെ വെറുപ്പായി തുടങ്ങി.

തന്റെ ഉറ്റ സ്‌നേഹിതനായ മത്തായിയുടെ നിനച്ചിരിക്കാത്ത സമയത്തുണ്ടായ അപകടമരണം മാഷിൽ ദുഃഖത്തിന്റെ അഗ്നിസ്ഫുരണങ്ങൾ വിതറിയിരുന്നു.

ജീവിതം വെറും മായയാണെന്ന് ഉറക്കെപ്പറയാറുള്ള മത്തായിയും ഒരു മായയായി തീർന്നിരിക്കുന്നു. താനും അതു പോലെ ഒരുനാൾ മായയാവും, ആരാലും ഓർമ്മിക്കപ്പെടാത്ത മായ എന്നു മാഷിനു തോന്നി. ആ ചിന്തകളിൽ മുഴുകിപ്പോകുന്നതിനാൽ ഒന്നും ചെയ്യാനുള്ള താൽപര്യം ഇല്ലാതായി. ഒരുതരം വിരക്തി. ദിനചര്യ പോലും മുറയ്ക്കു നടത്താറില്ല. എല്ലാം അത്യാവശ്യമായി വരുമ്പോൾ മാത്രം ചെയ്യും. ആഹാരം പോലും ഒരു നേരം കഴിച്ചെങ്കിലായി. ദീക്ഷ വടിച്ചിട്ടു നാളുകളേറെയായി. തലമുടിയും വളർന്നിറങ്ങിയിട്ടു മാസങ്ങളായി. മുടി ചീകാറില്ലാത്തതിനാൽ അങ്ങിങ്ങു ചെട പിടിച്ചു. ഇപ്പോൾ കണ്ടാൽ ഒരു ചെറിയ പ്രാകൃതരൂപം മാതിരി തോന്നും.

ജീവിതത്തോടു തന്നെ വിരസതയും വിരക്തിയും ആയിരിക്കുന്നു. മാഷിന്റെ ചിന്താമണ്ഡലം തന്നെ മാറിമറിഞ്ഞിരിക്കുന്നു. അതു പഴയ രീതിയിൽ അല്ല ഇപ്പോൾ പ്രവർത്തിക്കുന്നത്. തികച്ചും വ്യത്യസ്തമായ രീതിയിൽ. സാധാരണ മനുഷ്യന്റെ ചിന്തകൾക്കുമതീതമായി.

'എന്താണീ ജീവ്തം? നിമിഷനേരം കൊണ്ടവസാനിക്ക്ണ അല്പായുസ്സുള്ള മനുഷ്യർ. ഈ ജീവിത്ത്തിനെന്തർത്ഥം?' കഞ്ചാവിന്റെ പുക തലച്ചോറിൽ മങ്ങലേൽപ്പിക്കുമ്പോൾ മാഷ് അങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അത്തരം ചിന്തകളിൽ മണിക്കൂറുകളോളം ചലനമറ്റു കിടക്കും. അപ്പോൾ കണ്ണുകൾ അടഞ്ഞിരിക്കും. മുഖത്തു ഗാംഭീര്യം നിഴലിക്കും. 

'ജീവ്തം വെറും കുമിളയാണ്. ഏതു നിമിഷവും പൊട്ടിപ്പോകാം. പിന്നെ ജീവിതമെവ്‌ടെ? ജീവിയെവ്‌ടെ? ഇവ്‌ടെ അഹങ്കരിക്കണൊരെടെയെല്ലാം സ്ഥിതിയതല്ലെ? ഞാൻ ത്ര കാര്യായി പഠിച്ചിട്ടെന്തു നെടാൻ? ഒന്നും നെടാനില്ല. ഞാനില്ലാണ്ടാകുമ്പോൾ പഠിച്ചെല്ലാം വ്യർത്ഥമാക്ണു. സമൂഹത്തിൽ ഉയരത്തിലെത്തണൊരാരും വല്യ പഠിത്തക്കാരല്ല. അതുകൊണ്ടെന്ത്‌ന് പഠിക്ക്ണു? ഉയർച്ച നെടാനാണൊ? എനിക്കെന്തിനാണുയർച്ച? എന്നെ ആരും റിയ്ണ്ട. എനിക്കുയർച്ചയും വെണ്ട ന്നും വെണ്ട. എത്ര ഉയർന്നാലും രു ദിവ്‌സം രു നിമ്ഷംകൊണ്ട് തീരാനുള്ളല്ലെ ത്? ആ ഉയർച്ചയിലെന്തർത്ഥം? മരിച്ചുകഴിഞ്ഞാ മറ്റുള്ളോര്‌ടെ ഓർമ്മകളിൽപ്പൊലും ചലനം സൃഷ്ടിക്കാൻ സാധിക്കാത്തനാകും? പിന്നെ....പണത്തിനാണൊ ഈ പഠിക്ക്ണത്? എനിക്കെന്ത്‌നു പണം? പണം ഒരിക്കലും ഞാൻ കാര്യാക്കിട്ടില്ല. ഇനിം കാര്യാക്കുവേംല്ല. അപ്പൊ പിന്നെ ശരീരം സ്പന്ദിക്കുമ്പൊ ജീവ്തം സുന്ദരാണെന്നു തോന്നും. എന്നാൽ ജീവ്തം ഒരു മരീചികയല്ലെ? വെറും മായക്കാഴ്ച. ദൂരെന്നു നൊക്കിയ എത്ര തിളക്കം. എന്ത് പ്രതിക്ഷ. എന്ന അടുക്കുന്തൊറും ആ തിളക്കൊം ഓളങ്ങളും അകന്നകന്നു പൊവ്ണു. നമ്മ്‌ളെ തിനു വെണ്ട. പക്ഷെ നമ്മക്ക് തു വെണംതാനും. ന്തു തമാശ? ഈ ജീവ്തം വെറുംരു കുമിളയാണ്. ഏതു നിമിഷൊം പൊട്ടിയില്ലാണ്ടാവാൻ സാധ്യതയുള്ള വെറും രു കുമിള'

അങ്ങനെ മാഷിന്റെ ചിന്താമണ്ഡലം കാടു കയറും. അത് അവിടുത്തെ അഗാധമായ ഇരുട്ടിൽ തപ്പിത്തടയും. എത്ര നേരമെന്നറിയില്ല. വളരെ നേരം. കഞ്ചാവിന്റെ വിറങ്ങലിപ്പിക്കുന്ന പുകപടലം വലിച്ചുകയറ്റുമ്പോൾ, പ്രത്യേകിച്ചും.

മാഷ് സ്റ്റഡി ലീവിനു മുമ്പുള്ള അവസാന മാസം കോളേജിൽ പോകാറേയില്ലായിരുന്നു. എപ്പോഴും ഹോസ്റ്റലിലെ തന്റെ മുറിയിലോ എൻകോസിലെ ഏതെങ്കിലും ഒരു മുറിയിലോ അടച്ചിരിക്കും.

ചിന്ത തന്നെ ചിന്ത. ജീവിതത്തിന്റെ നിസ്സാരതയെപ്പറ്റി, മരണത്തിനു ശേഷമുള്ള സുഖത്തെപ്പറ്റി, ദൈനംദിന കഷ്ടപ്പാടുകളെപ്പറ്റി, ലോകത്തിലെ ഉച്ചനീചത്വങ്ങളെപ്പറ്റി, സ്‌നേഹബന്ധത്തിന്റെ പൊരുളില്ലായ്മയെപ്പറ്റി, കുടുംബബന്ധത്തിലെ സ്വാർത്ഥതയെപ്പറ്റി.

ഭാര്യാഭർത്തൃ ജീവിതത്തിലെ വഞ്ചനകളെപ്പറ്റി, സൗഹൃദബന്ധത്തിലെ അടുപ്പമില്ലായ്മയെപ്പറ്റി, ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുമ്പോൾ ചൂഷണം ചെയ്യപ്പെടുന്ന പാവങ്ങളെപ്പറ്റി, പണക്കാരന്റെ അഹങ്കാരത്തെപ്പറ്റി, രാഷ്ട്രീയക്കാരുടെ വഞ്ചന നിറഞ്ഞ വാക്കുകളെപ്പറ്റി, സമൂഹത്തിലെ അഴിമതികളെപ്പറ്റി, വിദ്യാഭ്യാസത്തിന്റെ അർത്ഥമില്ലായ്മയെപ്പറ്റി. അങ്ങനെ എല്ലാമെല്ലാം മാഷിന്റെ ചിന്താവിഷയങ്ങളായിരുന്നു. ആ വിഷയങ്ങളിൽ ചൂഴ്ന്നിറങ്ങി ചിന്തിക്കാൻ അയാൾ പാടുപെട്ടുകൊണ്ടിരുന്നു.

പഠിക്കുന്നതിലുള്ള താൽപ്പര്യം മുഴുവൻ നശിച്ചു. വിദ്യാഭ്യാസം നിർത്തിയാലോ എന്നു ചിലപ്പോൾ ചിന്തിക്കും.

'എന്നെ എന്തിനാണു പഠിപ്പിക്ക്ണത്? വീട്ടുകാർ കാശയച്ചു തര്ണു. എന്തിന്? ഭാവിയിൽ ചൂഷണം ചെയ്യാനല്ലെ? ആത്മാർത്ഥമായി, മക്കൾ പഠിച്ചുയർന്ന്, അവർ സുഖായി ജീവിക്കട്ടെ എന്നാഗ്രഹിച്ചു പഠിപ്പിക്ക്ണ എത്ര മാതാപിതാക്കൾ ഉണ്ട്? ചൂഷണമാണ് ഈ ലോകം മുഴുവൻ. ലോകത്തിന്റെ പര്യായമായി ചൂഷണത്തെ വിശേഷിപ്പിക്കാമെന്ന സ്ഥിതിയായ്ട്ടുണ്ട്.'

മാഷ് ക്ലാസ്സിൽ പോകാത്തതും, പഠിത്തത്തിൽ താൽപര്യം കാട്ടാത്തതും, കള്ളിലും കഞ്ചാവിലും സുഖങ്ങൾ കണ്ടെത്തുന്നതും, പെണ്ണുങ്ങളുടെ ചൂടിൽ നിർവൃതി നേടുന്നതുമെല്ലാം അയാളുടെ വീട്ടിൽ അറിഞ്ഞിരുന്നു. അതിനു ശേഷം വീട്ടിൽ നിന്നും അധികം കാശ് അയച്ചു കൊടുക്കാറില്ലായിരുന്നു. അതോടെ, മാഷിന്റെ എല്ലാ ആവശ്യങ്ങൾക്കും പണം കിട്ടാതായി.

ഇപ്പോൾ, എപ്പോഴും ചിന്താഗ്രസ്തനായതിനാൽ മദ്യത്തിലുള്ള താൽപ്പര്യവും കുറഞ്ഞു. മദ്യം കുടിക്കാതായി. കഞ്ചാവിന്റെ പുകയിൽ മാത്രം സുഖം കണ്ടെത്തിത്തുടങ്ങി. എപ്പോഴും മാഷിന്റെ വസ്ത്രത്തിനുള്ളിൽ എവിടെയെങ്കിലും ഇരിക്കുന്നുണ്ടാകും, അത്. പണച്ചെലവും അധികമില്ല. ഒരു ദിവസം മുഴുവൻ ലഹരി കിട്ടാൻ അമ്പതു പൈസയുടെ ഒരു പായ്ക്കറ്റ് കഞ്ചാവു മതിയാകും.

മറവിയുടെ മായാമണ്ഡലത്തിലേക്കു മനുഷ്യനെ നയിക്കുന്ന കഞ്ചാവ്. മറ്റൊരു ലഹരി പദാർത്ഥത്തിനും ചെയ്യാൻ പറ്റാത്ത കാര്യം. കഞ്ചാവിന്റെ പുകപടലങ്ങൾ തലച്ചോറിൽ ഓളങ്ങൾ സൃഷ്ടിക്കുന്നു. കഞ്ചാവിൽ സൃഷ്ടിയുടെ മായാവിലാസങ്ങൾ ഒളിഞ്ഞു കിടക്കുന്നു.

സ്വാമി മയമുള്ള കഞ്ചാവ്. കഞ്ചാവാണ് ബ്രഹ്മം! താനാണ് കഞ്ചാവ്!

കഞ്ചാവു വലിച്ചു വലിച്ച് മാഷിന്റെ പുരുഷത്വം കുറഞ്ഞു വന്നിരുന്നു. സ്ത്രീകളുമായി ബന്ധപ്പെടുവാൻ ആസക്തിയോ രസമോ ഇഷ്ടമോ തോന്നാതായിരുന്നു. അതിനുള്ള ബലവും ശക്തിയുമില്ലാതായി. തന്റെ കൂട്ടുകാർ, സ്ത്രീകളുമായി താണ്ഡവനൃത്തം ചവിട്ടുമ്പോൾ, നേരിൽ കണ്ടാൽ പോലും മാഷ് ഒഴിഞ്ഞു മാറി നടന്നു. ഒരു സ്ത്രീ പൂർണ്ണസുരഭില നഗ്നമേനിയുമായി മുമ്പിൽ വന്നു നിന്നു ചലനങ്ങൾ സൃഷ്ടിച്ചാലും മാഷിനു വികാരം ഉണ്ടാകാത്ത സ്ഥിതി വിശേഷമായി. കഞ്ചാവിൽ മാത്രം ഒതുങ്ങിക്കൂടാൻ ശ്രമിച്ചു, മാഷ്. മാഷിന്റെ ചിന്തകൾ ബ്രഹ്മചര്യത്തിലേക്കും സന്ന്യാസത്തിലേക്കും തിരിഞ്ഞു പോയി.

'ബ്രഹ്മചര്യത്തിന്റെ സുഖം. അതൊന്നു വേറെ തന്നെയല്ലേ? ബന്ധങ്ങൾ ഇല്ലാത്ത ജീവിതം. ബന്ധനങ്ങൾ ഇല്ലാത്ത ജീവിതം. ആരുടെ മുമ്പിലും താണു കൊടുക്കേണ്ടാത്ത ജീവിതം. ഗൃഹസ്ഥാശ്രമത്തേക്കാളും എത്രയോ മഹത്തരമാണ് ബ്രഹ്മചര്യം? '

സന്ന്യാസവും മാഷിന്റെ വിചാരമണ്ഡലത്തിൽ സ്ഥാനം പിടിച്ചു. ഹിമാലയസാനുക്കളിൽ പോയിരുന്നു സന്ന്യസിച്ചാലോ എന്നു മാഷ് ചിലപ്പോൾ ചിന്തിക്കും. 'അവിടെയിരുന്ന് വാല്മീകിയെപ്പോലെ ചിതൽപ്പുറ്റിനുള്ളിൽ അകപ്പെട്ടാലും അറിയാത്ത ഒരു അവസ്ഥയിലെത്തണം. ഇല്ല. ഞാൻ അത്രേം വളർന്നിട്ടില്ല. '

കുറെ ദിവസങ്ങളായി പഠിത്തം നിർത്തി എവിടേക്കെങ്കിലും പോകണമെന്ന ചിന്ത തുടങ്ങിയിട്ട്. ആ ചിന്ത ആഗ്രഹമായി മാറി. ആ ആഗ്രഹസാഫല്യത്തിനു സഹായകമായ കരുക്കൾ നീക്കിത്തുടങ്ങി. വീട്ടിൽ കാലെടുത്തു കുത്താതായി. വീട്ടിലുള്ളവരോടെല്ലാം വെറുപ്പാണു തോന്നാറ്.

'അപ്പൻ, അമ്മ, ചേട്ടൻ എല്ലാവരും എന്നെ നിയന്ത്രിക്കാൻ വര്ണു. കഴിഞ്ഞാഴ്ചയും ഒരു കത്ത്. മര്യാദക്കു പഠിച്ചില്ലെങ്കിൽ കാശയച്ചു തരില്ല പോലും. ആർക്കു വേണം അവര്‌ടെ കാശ്? ഞാൻ എന്നൊന്ന് ഇല്ലാതായിരിക്ക്ണു. പിന്നെ എനിക്കെന്ത്‌നു പണം? പക്ഷികളും മൃഗങ്ങളും എത്ര പണം കൊണ്ടാണ് ജീവിക്ക്ണത്? പണ്ടു പണ്ട് മനുഷ്യന്റെ കയ്യിൽ എത്ര പണം ഉണ്ടാരുന്നു.'

പണം, നാണയത്തുട്ടുകൾ, കറൻസിനോട്ടുകൾ എല്ലാം കള്ളത്തരത്തിന്റെ പ്രതീകങ്ങളല്ലെ? ചൂഷണത്തിന്റെം വഞ്ചനയുടെം തെളിവുകളല്ലെ? കാശയച്ചു തന്നില്ലെങ്കിലും ഞാൻ ജീവിക്കും. മരിക്ക്ണതു വരെ.'

മരണമാണു ലോകത്തിൽ വച്ചേറ്റവും സുഖപ്രദമായ അനുഭവം. അതു ഒരിക്കലേ അനുഭവിക്കാൻ പറ്റുള്ളു. അതിനാൽ ആത്മഹത്യയിലൂടെ മരണത്തിന്റെ സുഖം അറിയാൻ മാഷ് ആഗ്രഹിച്ചില്ല.

'ജീവിതം ജീവിച്ചു തീർക്കുക. മരണം എന്നായാലും ആർക്കായാലും അനുഭവിക്കാല്ലോ. പിന്നെന്തിന് ധൃതി കൂട്ട്ണു? മരണം ആരെങ്കിലും തട്ടിയെടുക്ക്‌മോ? ഇല്ലല്ലോ. പണത്തിനല്ലേ മനുഷ്യർ കടിപിടികൂട്ടണ്ത്?

ജീവിത്തെ ഭയക്ക്ണരാണ് ആത്മഹത്യ ചെയ്യാറ്. മരണത്തെ ഭയക്കാത്തോരാണ് ആത്മഹത്യ ചെയ്യാറ് എന്നു പറയുങ്കിലും മരണത്തെ ഭയക്ക്ണരാണ് ആത്മഹത്യ ചെയ്യാറ് എന്നു ഞാമ്പറയും. എന്നാൽ മരണത്തെ ഭയക്ക്ണരാണ് ജീവിക്കാൻ വേണ്ടി മുറവിളി കൂട്ടണതും. മനുഷ്യരിൽ ഭൂരിഭാഗവും മരണത്തെ ഭയക്ക്ണരും ജീവിത്തെ സ്‌നേഹിക്ക്ണരുമാണ്. എനിക്ക് മരണത്തെയും ഭയമില്ല. ജീവിതത്തെയും ഭയമില്ല. രണ്ടിനെം സ്‌നേഹിക്കുകേം ചെയ്യ്ണു.'

സ്മൃതി മണ്ഡലം മാഷിനെ വലയം ചെയ്യുമ്പോൾ അയാൾ നിദ്രയിലാണ്ടതു പോലെ നിശ്ചലനാകും. പരിരംഭണം നടത്തുന്ന ഒരുവനെപ്പോലെ മൗനവ്രതം ആചരിക്കും. എവിടേക്കെങ്കിലും പോകുകയെന്നത് ഒരു ആവശ്യമായി മാഷിനു തോന്നിത്തുടങ്ങി.

'പഠിത്തം ഇനീം സാദ്ധ്യല്ല. എന്നെ ചൂഷണം ചെയ്യാൻ ഞാൻ ആരേം അനുവദിക്കില്ല. പഠിക്കാത്തോരും പാവപ്പെട്ടോരും ജീവിക്ക്ണു. പഠിക്കണവരെക്കാളും പണക്കാരെക്കാളും സ്വതന്ത്രവും നിർമ്മലവും നിഷ്്കളങ്കവുമായ ജീവിതം അവർ നയിക്കണു. അവര്‌ടെ ഇടയിൽ പൊയ്മുഖം അണിഞ്ഞവർ വിരളമാണ്. വിദ്യാഭ്യാസത്തിൽ നിന്നും മനുഷ്യർ സമ്പാദിച്ചു കൂട്ടണ അസൂയയും വഞ്ചനയും അഹങ്കാരവും ആത്മാർത്ഥതയില്ലായ്മയും കുതികാൽ വെട്ടും ഒന്നുമൊന്നും അവർക്കറില്ല. പോകുക..... പോകുക......ബന്ധങ്ങളുടെ ബന്ധനങ്ങളുടെ ചങ്ങലകൊണ്ടു ബന്ധിക്കാത്ത ലോകം തേടി പോകുക. പാമ്പുകൾക്ക് മാളങ്ങളും പറവകൾക്ക് ആകാശവും ഉള്ള ഈ ഭൂവിൽ എനിക്കു തല ചായ്ക്കാൻ ഒരാറടി മണ്ണ് കിട്ടാണ്ടിരിക്കില്ല. ഇനീം വയ്യാ. ഈ ജീവിതം മടുത്തു കഴിഞ്ഞു.'

മാഷിൽ ആ ആഗ്രഹം ഒരു വടവൃക്ഷത്തേക്കാളും കൂടുതലായി വേരിറക്കി കഴിഞ്ഞു. ശരീരത്തിലെ ഓരോ അണുവിലും ഓരോ പരമാണുവിലും ആ വേരെത്തിക്കഴിഞ്ഞു.

'പോകുക' എന്ന് ആ അണുക്കളും പരമാണുക്കളും കേണു കൊണ്ടിരുന്നു.

അക്കാലത്ത് ഒരുവൻ മാഷിനെ എന്നും ശല്യം ചെയ്യാറുണ്ടായിരുന്നു.

ആന്റോ. മാഷ് രണ്ടുമാസം മുമ്പ് അയാളോടു കുറച്ചു പണം കടം വാങ്ങി. വീട്ടിൽ നിന്നും കാശു വരാതെ ഇരുന്നപ്പോൾ മെസ്സ് ബിൽ അടയ്ക്കാൻ വേണ്ടി ഉടൻ മടക്കിക്കൊടുക്കാമെന്നു പറഞ്ഞ് ഇരുന്നൂറു രൂപ കടം വാങ്ങിയതാണ്. അയാൾ എന്നും മാഷിനെ അലട്ടിത്തുടങ്ങിയിരുന്നു.

മൂന്നാം വർഷ വിദ്യാർത്ഥിയായ ആന്റോ കാശിനു വേണ്ടി മാഷിന്റെ പുറകെ നടന്നു നടന്നു കുഴപ്പി.

'പോയതു പോയി. എങ്കിലും പണം മടക്കി കിട്ടാൻ പരിശ്രമിച്ചു നോക്കുക തന്നെ.' ആ ചിന്തയോടെ അയാൾ മാഷിനെ കാണുമ്പോഴെല്ലാം കാശു ചോദിക്കും. അപ്പോൾ ദയനീയമായി അവനെ നോക്കി സ്വരം താഴ്‌ത്തി മാഷ് ഉരുവിടും. 'തരാം ആന്റോ. ഞാൻ പോകണതിനു മുമ്പ് തരാം. എന്റെ കൈവശം ഇപ്പം ഒരു കാശൂല്ല.'

ആന്റോ അതു കേട്ട് ഒന്നും പറയാതെ പോകും.

മാഷ് ചിന്തിക്കും. 'ഒരു ഇരുന്നൂറു രൂപയ്ക്കു വേണ്ടി അയാൾ എന്നെ അലട്ടിത്തുടങ്ങിട്ട് ദിവസങ്ങളായി. എങ്ങനെയെങ്കിലും അയാളുടെ കാശ് കൊടുക്ക്ണം. പക്ഷേ ആരോടു ചോദിക്കും.'

മാഷ് ഹോസ്റ്റലിൽ നിന്നും ഇറങ്ങി നടന്നു. കഞ്ചാവിന്റെ പുക തലയ്ക്കുള്ളിൽ നുഴഞ്ഞു കയറിയിരുന്നു. 'എൻകോസിൽ ലൂയി കാണും. ലൂയിയോടു വാങ്ങാം. ഉണ്ടെങ്കിൽ തരാണ്ടിരിക്കില്ല. ലൂയിയും കാശിനു വല്യ ആവശ്യക്കാരനാണ്. കിട്ടണതു മുഴുവൻ ചിലവു തന്നെ. എന്നാലും ഞാൻ ചോദിച്ചാൽ തരാണ്ടിരിക്കുമോ?'

മാഷ് കുനിഞ്ഞ ശിരസ്സുമായി നടന്ന് എൻകോസിലെത്തി. അവിടെ ആരും ഇല്ലെന്ന് ആദ്യം തോന്നി. പക്ഷേ ലൂയിയുടെ മുറി പൂട്ടിയിട്ടില്ല എന്നു മനസ്സിലായി. മാഷ് കതകു തള്ളിത്തുറന്ന് മുറിക്കുള്ളിലേക്കു കയറി. പെട്ടെന്ന് ആ കാഴ്ച കണ്ടു നിന്നു പോയി.

ലൂയി ഒരു യുവതിയോടൊപ്പം കിടക്കയിൽ, അവളുടെ മുകളിൽ കിടക്കുന്നു. അതും പൂര്ണ്ട നഗ്‌നരായി.

മാഷിന്, ആ കാഴ്ച കണ്ടപ്പോൾ പ്രത്യേകമായി ഒന്നും തോന്നിയില്ല. വേഗം കതകടച്ചു വെളിയിലേക്കിറങ്ങി.

കതകു തുറന്ന ശബ്ദം കേട്ട് ലൂയി പെട്ടെന്നു നിശ്ചലനായി. അവിടെ നിന്നും ചാടിയെഴുന്നേറ്റു തിരിഞ്ഞു നോക്കി. അപ്പോൾ മാഷ് മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നതു കണ്ടു. വിളിക്കണമെന്ന് ആദ്യം തോന്നിയെങ്കിലും വേണ്ടയെന്നു വച്ചു. പെട്ടെന്നു തോന്നി, മാഷ് തിരിച്ചു പോയെങ്കിലോയെന്ന്.

'മാഷിന്റെ കയ്യിൽ 'കഞ്ചൻ' കാണും. അതും കൂടിയായാൽ ഇന്നത്തെ ദിവസം ഉഷാറാകും.' ലൂയി വിളിച്ചു പറഞ്ഞു. 'മാഷേ.....ഇതൊന്നെു തീർത്തിട്ടു ദാ... വരുന്നു.'

മാഷ് വെളിയിൽ വരാന്തയിൽ കുത്തിയിരുന്നു. കഞ്ചാവിന്റെ ഒരു പൊതിയെടുത്തഴിച്ച്, അതിന്റെ ഇലകൾ പൊടിച്ചു തുടങ്ങി. ഒരു ബീഡിക്കെട്ട് ഷർട്ടിന്റെ കൈമടക്കിൽ നിന്നും എടുത്തു തറയിൽ വച്ചു. ഓരോ ബീഡിയും അഴിച്ചെടുത്തു ചുക്ക മാറ്റി, പൊടിച്ച ഇല നിറച്ചു തുടങ്ങി. അപ്പോഴും മാഷിന്റെ മനസ്സ് ഈ ലോകത്തല്ലായിരുന്നു.

ലൂയി ഒരു മുണ്ടു മാത്രമുടുത്ത് കള്ളച്ചിരിയുമായി ഇറങ്ങി വന്നു. മാഷിനോടു ചോദിച്ചു. ' മാഷേ, വേണേൽ. '

മാഷ് ഒന്നു ചിരിച്ചു. മാഷിന്റെ സ്വതസ്സിദ്ധമായ ചിരി. കുണുങ്ങിയുള്ള ചിരി. മാഷിന്റെ മുലകൾ അപ്പോൾ തുള്ളിക്കളിച്ചു.

ലൂയി വീണ്ടും ചോദിച്ചു. 'വേണ്ടേ മാഷേ? '

'വേണ്ട.' മാഷ് അത്രയും പറഞ്ഞു നിർത്തിയിട്ട് കഞ്ചാവിന്റെ ഇലപ്പൊടി ബീഡിയിൽ കുത്തിത്തിരുകുന്ന പ്രവൃത്തിയിൽ വീണ്ടും മുഴുകി.

'എന്നാൽ ഒരു ബീഡിയിങ്ങു താ മാഷേ. അതും വലിച്ചോണ്ടായാൽ കേമമാകും.' ലൂയി കൈകൾ രണ്ടും കൂട്ടിത്തിരുമ്മിയിട്ട് ഒരു ബീഡിയെടുത്തു തീ കത്തിച്ചു. പുക മുഴുവൻ ഉള്ളിലേക്കു വലിച്ചു കയറ്റി.

ലൂയി ഉദീരണം തുടങ്ങി. 'മാഷിനു കുറെ നാളായി ഇതിൽ വലിയ താൽപ്പര്യം ഇല്ലാത്തതുകൊണ്ടാ അറിയിക്കാഞ്ഞെ. വേണമെങ്കിൽ മാഷ് ഒന്നു ചെല്ല്. ദൂരേന്ന് വരുത്തിയതാ. ഇന്നും നാളെയും കഴിഞ്ഞിട്ടേ വിടുന്നുള്ളു.'

മാഷ് ചിരിച്ചു. കുലുങ്ങിക്കുലുങ്ങി ചിരിച്ചു. എന്തിനാണ് താൻ ചിരിക്കുന്നതെന്നു മാഷിന് അറിയില്ലായിരുന്നു. മാഷ് എന്തിനാണു ചിരിക്കുന്നതെന്ന് ലൂയിക്കും പിടി കിട്ടിയില്ല.

മാഷ് ചിരി നിർത്തി. മുഖത്തു ഗൗരവം നിഴൽ വിരിച്ചു.

ലൂയി മാഷിന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. 'എന്തു പെട്ടെന്നാണ് മാഷിന്റെ മുഖത്തു ഭാവമാറ്റങ്ങൾ ഉണ്ടാകുന്നത്? ആ ചത്തു പോയ മത്തായിയാണ് ഈ കുഴപ്പത്തിനെല്ലാം കാരണം. അവന്റെ പ്രേതം വല്ലതും മാഷിനെ കീഴടക്കിയിരിക്കുകയാണോ? '

മാഷ് പെട്ടെന്ന് ഓർത്തതു പോലെ ഉരുവിട്ടു. ' ലൂയീ, തന്നെന്നു കാണാൻ വേണ്ടി വന്ന്താ. '

'എന്താ മാഷേ , പ്രത്യേകിച്ച്? '

'ഒരാവശ്യം ഉണ്ടായിരിക്ക്ണു.' ലൂയി മാഷിന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ടു ബീഡി വലിച്ചു കയറ്റി.

മാഷ് തുടർന്നു. 'എനിക്ക് കുറച്ചു കാശിന്റെ ആവശ്യം ഉണ്ടായിര്ന്നു. തേഡ് ഇയറിലെ ആന്റോക്ക് ഒരു ഇരുന്നൂറ് രൂപ കൊടുക്കനുണ്ട്. അവൻ എന്നും വന്ന് ചോദിക്ക്ണു. രണ്ട് മാസായി വാങ്ങിയിട്ട്. ഈ മാസാണേ വീട്ടീന്ന് കാശും അയച്ചു തന്നിട്ടില്ല. അതുണ്ട് ലൂയിയുടെ കയ്യിലുണ്ടെൽ എനിക്കു കുറച്ചു കാശു തര്ണം.'

മാഷിന്റെ ചോദ്യം ദയനീയമായിരുന്നു. ലൂയി എന്തു പറയണമെന്നറിയാതെ അനങ്ങാതെയിരുന്നു. ലൂയി ചിന്തിക്കുകയായിരുന്നു. 'മാഷ് സാധാരണ കടം ചോദിക്കാത്തവനാണ്. അത്രക്ക് അത്യാവശ്യം ഉണ്ടായിട്ടാണു ചോദിച്ചത്. പക്ഷേ എന്റെ കയ്യിൽ ആകെ നൂറ്റമ്പതു രൂപയേ ഉള്ളല്ലോ. അതാണേൽ അവൾക്കും കൊടുക്കണം. അവൾക്കു പോകാൻ നേരം കാശു കൊടുക്കാണ്ടിരുന്നാൽ പറ്റ്‌വോ? '

മാഷ് വീണ്ടും ചോദിച്ചു. ' താനെന്താ ഒന്നും പറയാത്തെ? '

'മാഷേ എന്റെ കയ്യിൽ നൂറ്റമ്പതു രൂപയേയുള്ളു. അതാണേൽ ചരക്കിനു കൊടുക്കണം. മാഷിനു വേണേൽ അടുത്താഴ്ച വീട്ടിൽ പോയിട്ടു വരുമ്പോ കൊണ്ടുവന്നു തരാം.'

'ഇല്ലെങ്കി വേണ്ട ട്ടോ. ഓ അടുത്താഴ്ച വേണംന്നില്ല.' മാഷ് അല്പനേരം എന്തോ ചിന്തിച്ചിരുന്നു.

മാഷ് തുടർന്നു. 'ഞാൻ ഇവിടം വിട്ടു പോവണ്. പഠിക്കാൻ എനിക്കു വയ്യാ. പരീക്ഷക്കു മുമ്പെ പോണംന്നാണെന്റെ ആഗ്രഹം. അടുത്ത ആഴ്ച ആണല്ലോ പരീക്ഷ തുടങ്ങണത്. ഞാനാണേ ഒന്നും വായിച്ചിട്ടു പോലൂല്ല.'

'അതെന്താ മാഷേ, അങ്ങനെ? ഇനീം ഒരു വർഷം കൂടി എഴുതിയെടുത്താ മതിയല്ലോ. അതു കഴിഞ്ഞ് നിർത്തിയാപ്പോരേ? '

'വയ്യ ലൂയി.' മാഷിന്റെ മുഖം ചുവന്നു. കണ്ണുകൾ വളരെ വളരെ ചെറുതായി. 'വയ്യ, മടുത്തു. എല്ലാം എനിക്കു മടുത്തു. ഞാൻ പോവണ്. പഠിത്തം മതി. എന്തൂട്ട് കിട്ടാനാണ് പടിക്കണതെന്നാണ് ഞാനാലോചിക്കണെ. പഠിത്തം കഴിഞ്ഞാലും ജോലി കിട്ടില്ല. എത്ര എഞ്ചിനീയറമ്മാരാ ജോലിയില്ലാണ്ടു നിൽക്കണെ. പിന്നെ ഞാനും അവർക്കൊരു ശല്യമാകാൻ ആഗ്രഹിക്കണില്ല.'

'എങ്ങോട്ടാണ് മാഷ് പോകുന്നെ?'

മാഷ് ദൂരേക്ക് ദൃഷ്ടി പായിച്ചു തുടർന്നു. 'എനിക്കു തന്നെ അറിയില്ല. ലോകം വിശാലാണ്. എവിടെയാണ് മനുഷ്യന് പോകാൻ പറ്റാത്തെ? ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഇന്ത്യയിലെവിടെയും ഞാൻ എന്ന ഇന്ത്യൻ പൗരന് സഞ്ചരിക്കാനുള്ള അവകാശോണ്ട്.' മാഷ് കുലുങ്ങിച്ചിരിച്ചു.

'എവിടേക്കെന്നില്ല, പോവാണ്. ലക്ഷ്യമില്ലാണ്ട്.'

മാഷിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

'എന്താ മാഷേ ഇങ്ങനെയൊക്കെ? മാഷ് ഈ വർഷം പരീക്ഷ എഴുതിയില്ലെങ്കിലും അടുത്ത പ്രാവശ്യം വന്നെഴുതണെ. മാഷ് പോയാൽത്തന്നെ വീട്ടിലേക്കേ പോകാവൂ താനും.'

മാഷിനു ദേഷ്യം തോന്നി. ' തനിക്കറിയ്വോ എന്റെ വീട്ടുകാരെപ്പറ്റി? അവര്‌ടെ വിചാരം ഞാൻ അവര്‌ടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ വേണ്ടി മാത്രം ജീവിക്കാൻ കടപ്പെട്ടവനാണെന്നാ. ന്നെ അതിനു കിട്ടില്ല.' മാഷ് ഗൗരവം പൂണ്ടു.

'എല്ലാ മക്കളെയും മാതാപിതാക്കൾ പഠിപ്പിക്കുന്നതതിനൊക്കെ തന്നെയാ മാഷേ.'

'മക്കൾ. എന്തൂട്ട് മക്കൾ?' മാഷ് ഉറക്കെ സംസാരിക്കാൻ തുടങ്ങി. 'മക്കൾ എന്നു പറയണവരെല്ലാം അവർക്കു വേണ്ടി ചൊരക്ക്‌ണോ? എവിടുത്തെ നിയമാണ്? അവർ മക്കളെ ഉണ്ടാക്കിയതുണ്ടു മാത്രം മക്കക്ക് സ്വതന്ത്രമായി ജീവിക്കാൻ പറ്റില്ലെന്നോ? മക്കൾ എന്നു പറയണതും മറ്റൊരു സ്വതന്ത്ര ജീവനാണ്. അവർക്കും അവരുടെതായ സ്വതന്ത്ര ചിന്താഗതികളും ആഗ്രഹങ്ങളും കാണും. അതിനെ തടുത്തു നിർത്താനും ചങ്ങലക്കിടാനും ഈ വീട്ടുകാർക്കെന്തവകാശം?

എനിക്കാണേൽ കാശയച്ചു തന്നിട്ട് രണ്ടു മാസായി. അവരുടെ ഇഷ്ടത്തിനു ജീവിക്കാൻ വയ്യാങ്കി കാശില്ല പോലും. വേണ്ട. ആർക്കു വേണം അവര്‌ടെ കാശ്? പിള്ളേരെ ഉണ്ടാക്കാങ്കിൽ അവരെ വളർത്തേണ്ടതും സ്വന്തം കാലിൽ നിൽക്കാൻ കരുത്തു നേടണതു വരെ ചെലവിനു കൊടുക്കേണ്ടതും ഈ തന്തയുടെം തള്ളയുടെം ചുമതലയാണ്. അതിനു കഴിയാത്തവർ മക്കളെ ഒണ്ടാക്കി വിടരുത്. എനിക്കു വന്നിരിക്ക്ണു, കഴിഞ്ഞയാഴ്ച രു കത്ത്. എന്റെ ചേട്ടന്റെ. അവനെന്റെ ചേട്ടനാണു പോലും എന്തൂട്ട് ചേട്ടൻ? അവനെന്തവകാശം എനിക്ക് കത്തയക്കാൻ? എന്നെ നിയന്ത്രിക്കാൻ? അവനെപ്പോലെ തന്നെള്ള അവകാശം എനിക്കുല്ലേ. അവന്റെ കത്തു വായിച്ചാൽ തോന്നും അവനാണ് ഇതു വരെയും എനിക്ക് ചെലവിനു തന്നെന്ന്.'

ലൂയി ഒന്നും മിണ്ടിയില്ല. മുറിയിൽ ഉണ്ടായിരുന്ന യുവതി കതകിന്റെ വിടവിൽ കൂടി വാചാലനായ മാഷിനെ നോക്കിക്കൊണ്ടു നിന്നു.

മാഷ് വേഗം പറഞ്ഞു. ' ഓ, അയാം സോറി. ങാ. ഞാനേതാണ്ടൊക്കെ പറയണു. എന്താണെന്ന് എനിക്കുതന്നെ അറീല്ല, കഞ്ചാവിന്റെ വാക്കുകളാണെ.....ട്ടോ, ഞാൻ പോട്ടെ. ലൂയിക്കൊന്നും തോന്ന്ണ്ടാ.'

മാഷ് കഞ്ചാവന്റെ പൊതിയും ബീഡികളും എടുത്തുകൊണ്ട് എഴുന്നേറ്റു. ലൂയി അവിടെത്തന്നെയിരുന്നു. അപ്പോഴും ഒരു കഞ്ചാവിൻ ബീഡി ലൂയിയുടെ ചുണ്ടിൽ എരിയുന്നുണ്ടായിരുന്നു. മാഷിന്റെ ചുണ്ടിൽ മറ്റൊന്നും.

മാഷ് നടക്കുന്നതും നോക്കി ലൂയി ഒരു ദീർഘനിശ്വാസം വിട്ടു. അപ്പോൾ മുറിയിൽ നിന്നുകൊണ്ടു യുവതിയും കതകിനിടയിലൂടെ മാഷ് എന്ന മാഷിനെ കൗതുകപൂർവ്വം നോക്കുണ്ടായിരുന്നു.

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP