Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിസ്ഥിതിലോല പ്രദേശത്തു നിയമങ്ങൾ കാറ്റിൽ പറത്തി റിസോർട്ടു മാഫിയയുടെ വിളയാട്ടം; തിരുനെല്ലിയിൽ അനധികൃതമായി പ്രവർത്തിക്കുന്നതു ഹോം സ്റ്റേകളും വില്ലകളും ആയുർവേദ ആശുപത്രികളും; വിവരാവകാശ നിയമപ്രകാരം ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങൾ

പരിസ്ഥിതിലോല പ്രദേശത്തു നിയമങ്ങൾ കാറ്റിൽ പറത്തി റിസോർട്ടു മാഫിയയുടെ വിളയാട്ടം; തിരുനെല്ലിയിൽ അനധികൃതമായി പ്രവർത്തിക്കുന്നതു ഹോം സ്റ്റേകളും വില്ലകളും ആയുർവേദ ആശുപത്രികളും; വിവരാവകാശ നിയമപ്രകാരം ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: പരിസ്ഥിതി ലോല പ്രദേശമാണെന്നും ദേശീയോദ്യാനവും വന്യജീവി സങ്കേതങ്ങളും, കടുവാ സാങ്കേതങ്ങളും ദ്വീപുകളും ഉൾപെട്ട തന്ത്ര പ്രധാന ആവാസ വ്യവസ്ഥയാണെന്നും കണ്ടെത്തി ആകെയുള്ള രണ്ടു വില്ലേജുകളും ഉൾപ്പെടെ സംരക്ഷിത പ്രദേശമായി പ്രഖാപിക്കപ്പെട്ട കേരള കർണ്ണാടക അതിർത്തിയായ തിരുനെല്ലി പഞ്ചായത്തിൽ രാജ്യത്തെ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി റിസോർട്ട് മാഫിയകൾ ഹോംസ്റ്റേ കളും, സർവ്വീസ്ഡു വില്ലകളും ലോഡ്ജുകളും ആയുർവേദ ആശുപത്രികളും പ്രവർത്തിക്കുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്.

റവന്യൂഭൂമി കയ്യേറിയ ഇത്തരം റിസോർട്ടുകളെ കണ്ടെത്തുകയും വിശദമായ അന്വേഷണം നടത്തി നിലവിലെ നിയമങ്ങൾ അനുസരിച്ച് സത്വര നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രിസിപ്പൽ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. അതീവ പരിസ്ഥിതി ദുർബല പ്രദേശമായ തിരുനെല്ലി, വൈത്തിരി പഞ്ചായത്തിലുൾപ്പുടെ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകളെ സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അന്വേഷണവും നടപടിയുമായി ബന്ധപ്പെട്ട് സർക്കാർതലത്തിൽ തീരുമാനങ്ങളെടുക്കേണ്ടതുണ്ടെങ്കിൽ മാത്രം പ്രസ്തുത റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ലഭ്യമാക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ പരാതിയിലെ വിഷയങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമനയെ നേരിട്ട് അറിയിക്കണമെന്നുമാണ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ജില്ലയിലെ അനധികൃത റിസോർട്ടുകളെ സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നുവന്നിരുന്നത്. തിരുനെല്ലി പഞ്ചായത്തിലെ കുറുവാദ്വീപിന് സമീപത്ത് കബനദിക്കരയിൽ പുറമ്പോക്ക് കയ്യേറിയും മാലിന്യങ്ങൾ പുഴയിലേക്ക് തള്ളിയും അനുമതിയില്ലാതെ ആയൂർവ്വേദ ആശുപത്രി എന്ന വ്യാജേന പ്രവർത്തിക്കുന്ന റിസോർട്ടിനെ സംബന്ധിച്ച് അന്വേഷണം നടത്തി പിഴയിട്ടെങ്കിലും തുടർനടപടികളുണ്ടായില്ല.

റവന്യൂഭൂമി കയ്യേറിയെന്ന പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ കയ്യേറ്റം കണ്ടെത്തിയ റിസോർട്ട് കൂടിയാണിത്. മാത്രമല്ല, വനത്തോട് ചേർന്ന് നടത്തിവരുന്ന പല റിസോർട്ടുകൾക്കും വനംവകുപ്പ് എൻ ഒ സിയില്ലെന്ന കാര്യവും നേരത്തെ വാർത്തയായിരുന്നു. റിസോർട്ട് പരിസരത്ത് ഉപ്പു വിതറി ആനയെ ആകർഷിച്ചും, ടൈഗർ ട്രാക്കിങ് അടക്കമുള്ള അനധികൃത പ്രവൃത്തികൾ നടത്തിയും വന്നിരുന്ന പല റിസോർട്ടുകൾക്കെതിരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പരിസ്ഥിതി ദുർബലപ്രദേശങ്ങളിൽ നിലവിൽ നിരവധി റിസോർട്ടുകളാണ് അനധികൃതമായി പ്രവർത്തിച്ചുവരുന്നത്. വനത്തോട് ചേർന്ന് സഞ്ചാരികളെ ആകർഷിക്കുന്നതിനായി പ്രത്യേക പാക്കേജുകൾ ഉൾപ്പെടുത്തി പ്രവൃത്തിക്കുന്ന പല റിസോർട്ടുകളും നടത്തുന്നത് നഗ്നമായ നിയമലംഘനമാണെന്നതും വസ്തുതയാണ്.

ആകെയുള്ള 9 റിസോർട്ടുകളിൽ എല്ലാ റിസോർട്ടുകളും വന്യജീവി സാങ്കേതത്തിനു സമീപത്താണ് പ്രവർത്തിക്കുന്നത് എന്ന് രേഖകൾ പറയുമ്പോൾ ഇവയിൽ ഒരെണ്ണത്തിനുപോലും വനം വകുപ്പിന്റെ അനുമതിയോ നിരാക്ഷേപ പത്രമോ ഇല്ല എന്നത് വിചിത്രമായ ഒന്നാണ്.

ബഹു: സുപ്രീംകോടതി 2006 ലെ ഗോവ ഫൗണ്ടേഷൻ കേസിൽ (WP (C ) 460/2004) വന്യജീവി സാങ്കേതങ്ങളുടെ 10 കി മീ ചുറ്റളവിൽ നടത്തുന്ന പാരിസ്ഥിതിക അനുമതി ആവശ്യമായുള്ള ഏതു പ്രവർത്തികൾക്കും നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ് ന്റെ സ്റ്റാന്റിങ് കമ്മറ്റിയുടെ അനുമതി വേണമെന്ന വിധി നിലവിലുണ്ട്. കൂടാതെ 2013 ജൂലൈ മാസം 31 നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച F No 1-9/2007-WL -ഐ നമ്പർ ഉത്തരവിൽ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കാത്തതോ, പ്രൊപ്പോസൽ സമർപ്പിക്കാതതോ ആയ വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷിത പ്രദേശങ്ങളുടെയും 10 കി. മീ. ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശമായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട് എന്നാൽ ഈ ഉത്തരവുകലെല്ലാം മറികടന്നാണ് ഇവിടെ മുഴുവൻ റിസോർട്ടുകളും പ്രവർത്തിക്കുന്നത്. ദിവസങ്ങള്ക്ക് മുൻപാണ് അതീവ പാരിസ്ഥിതിക സംരക്ഷിത പ്രദേശമായ 'കുറുവ ദ്വീപിൽ' കബനീ നദിക്കരയിൽ ഒരു പടുകൂറ്റൻ കോണ്ക്രീറ്റ് സൗധം ഉയരുകയും റിസോർട്ടായി പ്രവർത്തിക്കാനും ആരംഭിച്ചത്.

ടൂറിസത്തിന്റെ ഭാഗമായി റിസോർട്ടുകളും, ഹോംസ്റ്റേകളും, സർവ്വീസഡ് വില്ലകളും നടത്തുന്നതിനു നിലവിൽ ഒട്ടേറെ അനുമതികളും ലൈസൻസുകളും ക്ലിയറൻസുകളും, NOC കളും നിർബന്ധമായും ലഭിച്ചിരിക്കേണ്ടതുണ്ട്. താഴെ പറയുന്നവ നിർബന്ധമായും ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിന് അവശ്യ അനുമതികളാണ്.

1. പഞ്ചായത്ത് ലൈസൻസ് (കേരള പ്ലെയ്‌സസ് ഓഫ് പബ്ലിക് റിസോർട്ട് ആക്റ്റ് 1963, ട്രാവാൻകൂർ- കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്റ്റ് , 1955, കേരള പഞ്ചായത്ത് പഞ്ചായത്ത് രാജ് ആക്റ്റും അനുബന്ധ ചട്ടങ്ങളും പ്രകാരം)

2. സംസ്ഥാന ടൂറിസം വകുപ്പിന്റെ ലൈസൻസ്. (ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ, സംസ്ഥാന ടൂറിസം ഡയരക്ട്ടർ, ടൂറിസം വകുപ്പുകളിൽ നിന്നും.)

3. വനം വകുപ്പിന്റെ നിരാക്ഷേപ പത്രം (ബാധകമായ കേസുകളിൽ)

4. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി

5. ക്രമ സമാധാന വിഭാഗത്തിന്റെ അനുമതി.

6. ആരോഗ്യ വകുപ്പിന്റെ അനുമതി.

7. ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെ അനുമതി.

8. VAT രജിസ്‌ട്രേഷൻ നമ്പർ, TIN നമ്പർ

9. Luxuary Tax രജിസ്‌ട്രേഷൻ.

കൂടാതെ സ്വകാര്യ ആയുർവേദ ആശുപത്രികളോ, ആയുർവേദ യോഗ സ്ഥാപനങ്ങളോ നടത്തുന്നതിന് മേൽപ്പറഞ്ഞ അനുമതികൾക്ക് പുറമേ താഴെ സൂചിപ്പിക്കുന്ന അനുമതികൾ കൂടി ആവശ്യമാണ്.

10. ഡ്രഗ് കൺട്രോളറുടെ ലൈസൻസ് (ദി ഡ്രഗ്‌സ് ആണ്ട് കോസ്‌മെറ്റിക്‌സ് ആക്റ്റ് 1940, അനുബന്ധ ചട്ടങ്ങൾ 1945 പ്രകാരം)

11. പഞ്ചായത്ത് ലൈസൻസ് ഡയറക്ടർ ഓഫ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, കേരള സർക്കാറിന്റെ ലൈസൻസ് (ദി ആയുർവേദ ഹെൽത്ത് സെന്റ്റെർസ് (ഇഷ്യു ഓഫ് ലൈസൻസ് ആണ്ട് കണ്ട്രോൾ ആക്റ്റ് 2007 പ്രകാരം)

12.കേരള പഞ്ചായത്ത് രാജ് (രജിസ്‌ട്രേഷൻ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആണ്ട് പ്രൈവറ്റ് പാറ മെഡിക്കൽ ഇൻസ്റ്റിറ്റൂഷൻസ്) റൂൾസ്, 1977പ്രകാരമുള്ള ലൈസൻസ്.

13. എക്‌സൈസ് വകുപ്പിന്റെ ലൈസൻസ്

വൈൽഡ് ലൈഫ് റിസോർട്ട്, പാച്ചിടേം പാലസ്, പെപ്പർ ഗ്രീൻ(1), പെപ്പർ ഗ്രീൻ (2), അഗ്രഹാരം, റിവറയിൻ അഗ്രോ സാംഗ്ചുറി, വയനാട് ഗേറ്റു, ഉദയഗിരി ട്രീറ്റ്‌മെന്റ് സെന്റ്റർ, പഗ് മാർക്ക് റിസോർട്ട് എന്നിവയാണ് തിരുനെല്ലി പഞ്ചായത്തിന്റെ രേഖകളിൽ റിസോർട്ടുകളായി പ്രവർത്തിക്കുന്നത്.

ഇവയിൽ വൈൽഡ് ലൈഫ് റിസോർട്ട് എന്ന സ്ഥാപനം തോൽപെട്ടിയിൽ വയനാട് വൈൽഡ് ലൈഫ് സാങ്കേതത്തോട് മീറ്ററുകൾ മാത്രം അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. വനം വന്യ ജീവി വകുപ്പുകളുടെ അനുമതികൾ ഏതുമില്ലാതെ ബഹു:കേരള ഹൈക്കോടതിയിൽ നിന്നും ലഭിച്ച അനുകൂല വിധിയുടെ ആനുകൂല്യത്തിലാണ് പ്രവർത്തിച്ചു പോരുന്നത്. എന്നാൽ പ്രസ്തുത റിസോർട്ട് ആരംഭിക്കുന്നതിനു മുൻപ് തന്നെ തോൽപെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ മതിയായ പരിസ്ഥിതി ആഘാത പഠനം നടത്താതെ ഇതിനു പ്രവർത്തനാനുമതി നൽകുന്നത് പരിസ്ഥിതിയുടെയും വന്യ ജീവി ആവാസ വ്യവസ്ഥയുടെയും കടുത്ത നാശത്തിനു വഴിവെക്കുമെന്ന് കാണിച്ചു ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിയിരുന്നു. പ്രസ്തുത കേസ് ഇപ്പോൾ ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചിൽ അപ്പീലിലാണ്.

അതീവ പാരിസ്ഥിതിക ദുർബല പ്രദേശമായ കുറുവാ ദ്വീപിലാണ് പെപ്പർ ഗ്രീൻ എന്ന പേരിൽ രണ്ട്‌റിസോർട്ടുകൾ പ്രവർത്തിക്കുന്നത്. വർഷങ്ങളായി കബനീ നദിയുടെ കരയിൽ പ്രവർത്തിച്ചു വന്ന ഈ സ്ഥാപനത്തിന് തൊട്ടടുത്തായി ഏക്കറു കണക്കിന് സ്ഥലത്ത് ഇപ്പോൾ പുതിയൊരു പെപ്പർ ഗ്രീൻ ബ്രീസ് എന്നൊരു റിസോർട്ടും പണിതുയർത്തിയിട്ടുണ്ട്. എന്നാൽ ഈ രണ്ടു സ്ഥാപനങ്ങളും 2012-13 വർഷത്തിലോ 2013-14 വർഷത്തിലോ ലൈസൻസ് എടുത്തിട്ടില്ല എന്ന് മാത്രമല്ല അതിനായുള്ള അപേക്ഷകൾ പോലും നല്കിയിട്ടില്ല എന്നാത് അതീവ ഗൗരവത്തോടുകൂടി കാണേണ്ട വിഷയമാണ്. ഇവയിൽ ഒരെണ്ണം മാസങ്ങൾക്ക് മുൻപാണ് പണികൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ പഞ്ചായത്തിൽ നിന്നോ മറ്റേതെങ്കിലും വകുപ്പുകളിൽ നിന്നോ ആവശ്യമായ അനുമതികളൊന്നും തന്നെ ലഭിച്ചിട്ടില്ലാ എന്ന് മാത്രമല്ല അവയ്ക്കായി അപേക്ഷകൾ പോലും നൽകിയിട്ടില്ല എന്ന് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP