Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'എന്റെ പേരു രോഹിത് വെമുല; ഞാനൊരു ദളിതനാണ്': മരിക്കുന്നതിനു മുമ്പ് വീഡിയോ സന്ദേശമായി രോഹിത് പറഞ്ഞ വാക്കുകൾ ഇങ്ങനെ; ദളിതനല്ലെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ റിപ്പോർട്ടു വ്യാജമോ?

'എന്റെ പേരു രോഹിത് വെമുല; ഞാനൊരു ദളിതനാണ്': മരിക്കുന്നതിനു മുമ്പ് വീഡിയോ സന്ദേശമായി രോഹിത് പറഞ്ഞ വാക്കുകൾ ഇങ്ങനെ; ദളിതനല്ലെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ റിപ്പോർട്ടു വ്യാജമോ?

ഹൈദരാബാദ്: 'എന്റെ പേരു രോഹിത് വെമുല. ഞാനൊരു ദളിതനാണ്. ഗുണ്ടൂർ ജില്ലയിൽ നിന്നു വരുന്നു'. ഈ വാക്കുകൾ ഹൈദരാബാദ് സർവകലാശാലയിൽ ദളിതരോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു ജീവനൊടുക്കിയ രോഹിത് വെമുലയുടേതാണ്.

മരിക്കുന്നതിനു മുമ്പു സുഹൃത്തുക്കളുടെ സഹായത്തോടെ ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലാണു താൻ ദളിതനാണെന്നു വ്യക്തമാക്കി രോഹിത് നടത്തുന്ന സംഭാഷണം. ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസങ്ങൾ മുൻപേ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്.

രോഹിത് വെമുല ദളിതനല്ലെന്നു കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം നിയമിച്ച ജസ്റ്റിസ് രൂപൻവാൾ കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. ഇൗ റിപ്പോർട്ടിന്റെ സാധുത ചോദ്യം ചെയ്യുന്നതാണു പുറത്തുവന്ന വീഡിയോ.

''തന്റെ പിതാവൊരു കർഷകനാണ്. അമ്മയാണു ഞങ്ങളെ വളർത്തിയത്. ബയോടെക്‌നോളജി പഠിക്കാനാണ് ഞാനീ സർവകലാശാലയിൽ വന്നത്. എന്നാൽ സമൂഹത്തോടുള്ള പ്രതിബദ്ധതയെ തുടർന്ന് ഞാൻ സോഷ്യൽ സയൻസിലാണ് തുടർപഠനം പൂർത്തിയാക്കിയത്''- രോഹിത് പറയുന്നു.

ഒരു മിനിറ്റ് അൻപത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സംഘപരിവാറിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപിയുടെ നയങ്ങളെ രോഹിത് വിമർശിക്കുന്നുണ്ട്. എബിവിപിക്കാരുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നായിരുന്നു രോഹിതടക്കം അഞ്ച് ദളിത് ഗവേഷക വിദ്യാർത്ഥികളെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പുറത്താക്കിയത്.

''യൂണിവേഴ്‌സിറ്റി ഞങ്ങളെ പുറത്താക്കി, ക്യാംപസിലെവിടെയെങ്കിലും ഞങ്ങൾ പ്രവേശിച്ചാൽ അത് ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നാണ് അവർ പറയുന്നത്''- വെമുല പറഞ്ഞു.

ഹൈദരാബാദ് സർവകലാശാലയിലെ ദളിത് സമരങ്ങളുടെ കേന്ദ്രമായ വെലിവടയിൽ ഇരുന്നാണു രോഹിത് സംസാരിക്കുന്നത്. 2016 ജനുവരി 17-നാണ് രോഹിത് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. ഇതിന് പത്ത് ദിവസം മുൻപാണ് വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് കരുതുന്നത്. രോഹിതിന്റെ സുഹൃത്തും അംബേദ്ക്കർ സ്റ്റുഡൻസ് അസോസിയേഷന്റെ പ്രവർത്തകനുമായ സുണ്ണാങ്കി മുന്നയാണ് മാസങ്ങൾ മുൻപ് ചിത്രീകരിച്ച വീഡിയോ ഇപ്പോൾ പുറത്തു വിട്ടത്.

രോഹിതിന്റെ മരണത്തെ തുടർന്ന് തങ്ങളുടെ ലാപ്പ്‌ടോപ്പടക്കമുള്ള സാധനങ്ങൾ കസ്റ്റഡിയിലെടുത്ത പൊലീസ് അവ ഇപ്പോൾ മാത്രമാണ് തിരിച്ചു തന്നതെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് വീഡിയോ ശ്രദ്ധയിൽപ്പെട്ടെതെന്നും സുണ്ണാങ്കി മുന്ന പറഞ്ഞു. ജസ്റ്റിസ് രൂപൻവാൾ കമ്മീഷൻ റിപ്പോർട്ടിനെതിരെ രോഹിതിന്റെ അമ്മയും സഹോദരനുമടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ രോഹിത് തന്നെ സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP